ഓഹരി വിൽപ്പന, ആർസിഇപി കരാർ: സംഘപരിവാർ കലഹം രൂക്ഷം

Web Desk
Posted on October 21, 2019, 8:59 am

ബേബി ആലുവ 

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പന, ആർസിഇപി കരാർ തുടങ്ങിയ പ്രശ്നങ്ങളെച്ചൊല്ലി സംഘപരിവാറിൽ കലഹം മൂർഛിക്കുന്നു. ആർഎസ്എസ്, സ്വദേശി ജാഗരൺ മഞ്ച്, ബിഎംഎസ് തുടങ്ങിയവ ഒരു വശത്തും ബി ജെ പി മറുവശത്തുമായാണ് അങ്കം കുറിച്ചിട്ടുള്ളത്. 10 ദിവസത്തെ ദേശവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുകൊണ്ടാണ് സ്വദേശി ജാഗരൺ മഞ്ച് (എസ് ജെഎം) മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി ) കരാറിനെതിരെ രംഗത്തുവന്നിട്ടുള്ളത്. വാണിജ്യ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരാണ് കരാറിനു വേണ്ടി അമിത താത്പര്യമെടുക്കുന്നതെന്നും ഇവരെ നിയന്ത്രിച്ചു നിർത്താൻ സർക്കാർ കർശന നടപടി സ്വീകരിക്കുന്നില്ലെന്നുമാണ് എസ് ജെ എമ്മിന്റെ കുറ്റപ്പെടുത്തൽ. കരാറിൽ ഒപ്പിടേണ്ടതില്ലെന്ന് നേരത്തേ തീരുമാനിച്ച സർക്കാരിനെ ആ നിലപാടിൽ നിന്നു മാറാൻ സമ്മർദ്ദം ചെലുത്തുന്നത് വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണെന്നാണ് എസ് ജെഎം വിമർശിക്കുന്നത്. കരാറിൽ നിന്നു പിന്മാറുന്നെന്ന് കേന്ദ്രം വ്യക്തമാക്കുന്നതു വരെ പ്രക്ഷോഭരംഗത്ത് ഉറച്ചു നിൽക്കുമെന്നും കരാർ ഇന്ത്യയുടെ പ്രാദേശിക വ്യവസായത്തെ തകർക്കുമെന്നുമാണ് എസ് ജെഎം ദേശീയ കോകൺവീനർ അശ്വിനി മഹാജന്റെ പക്ഷം.

സ്വദേശി നിലപാടുകൾ മറന്ന് അടിയന്തര പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ വളഞ്ഞ വഴികൾ സ്വീകരിച്ചാൽ അത് നാശത്തിലേക്കു നയിക്കുമെന്നുമായിരുന്നു, ആർസിഇപി കരാറിനെ വിമർശിച്ച് വിജയദശമി ദിനത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നൽകിയ സന്ദേശത്തിൽ വ്യക്തമാക്കിയത്. ആർഎസ്എസ് തലവന്റെ പിന്തുണ കൂടിയായതോടെയാണ് സംഘപരിവാർ സംഘടനകളുടെ സ്വരത്തിന് മൂർച്ച കൂടിത്തുടങ്ങിയത്. ഓഹരി വിറ്റഴിക്കൽ, ബാങ്ക് ലയനം ആർ സി ബി കരാർ തുടങ്ങിയവയിലൊക്കെ മോഡി സർക്കാരിനെതിരെ പരസ്യ നിലപാടാണ് ബിഎംഎസിനുള്ളത്. നേരത്തേ, ഇഎസ്ഐ പ്രകാരമുള്ള ചികിത്സാനുകൂല്യങ്ങൾ ലഭിക്കുന്നതിന് തൊഴിലുടമയും തൊഴിലാളിയും അടയ്ക്കേണ്ട മാസ വിഹിതത്തിൽ കുറവ് വരുത്താൻ കേന്ദ്രം തീരുമാനിച്ചതിനെതിരെ ‘ജാഗരൺ അഭിയാൻ’ എന്ന പേരിൽ പ്രതിഷേധവാരാചരണവും ബിഎംഎസ് സംഘടിപ്പിച്ചിരുന്നു. വനനിയമവുമായി ബന്ധപ്പെട്ട് മറ്റൊരു സംഘി സംഘടനയായ വനവാസി കല്യാൺ ആശ്രമും കേന്ദ്രത്തിനെതിരെ എതിർപ്പുയർത്തിയിരുന്നു. എല്ലാ വ്യാപാരക്കരാറുകളും കൊടുക്കലും വാങ്ങലുമാണെന്നും സാമ്പത്തിക പരിഗണനകൾക്കപ്പുറം രാഷ്ട്രീയപരവും തന്ത്രപരവുമായ വിഷയങ്ങൾ ഇവയിൽ ഉൾപ്പെടാറുണ്ടെന്നും ആർ സി ഇ പിയിലും ഇത് പ്രധാനമാണെന്നുമാണെന്നും സംഘപരിവാറിലുള്ള എല്ലാവരും കരാറിനെ എതിർക്കുന്നവരാണെന്ന് കരുതരുതെന്നുമാണ് ബിജെപി വക്താവ് ഗോപാൽ കൃഷൻ അഗർവാളിന്റെ വാദം. കരാർ എല്ലാ രാജ്യങ്ങളുടെയും താത്പര്യം സംരക്ഷിക്കപ്പെടുന്നതാണെന്നാണ് വിമർശകർക്കുള്ള വാണിജ്യ മന്ത്രി പീയൂഷ് ഗോയേലിന്റെ മറുപടി.

വാജ്പേയ് സർക്കാരിന്റെ കാലത്ത് വിദേശ മുതൽമുടക്ക് അടക്കമുള്ള ഉദാരവത്കരണ നടപടികളുടെ പേരിൽ സർക്കാരുമായി ഏറ്റുമുട്ടലുണ്ടായിട്ടുണ്ടെങ്കിലും, സ്വദേശി അനുഭാവമുള്ളവർ നേതൃനിരയിലുണ്ടായിരുന്നെന്നും ഇന്ന് സ്ഥിതി അതല്ലെന്നുമാണ് സംഘപരിവാറിനുള്ളിലെ വിലയിരുത്തൽ. അക്കാലത്ത് സർക്കാരിനും പാർട്ടിക്കും മേൽസംഘപരിവാറിന് സ്വാധീനമുണ്ടായിരുന്നെന്നും ഇപ്പോൾ അതില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. നിതി ആയോഗിന്റെയും മന്ത്രാലയ ഉദ്യോഗസ്ഥരുടെയും ഭരണമാണ് നടക്കുന്നതെന്നും അക്കാരണത്താൽ സാമ്പത്തിക മാന്ദ്യം നേരിടാനുള്ള നടപടികൾ ഫലപ്രദമാകുന്നില്ലെന്നുമുള്ള ആക്ഷേപം ഭുവനേശ്വറിൽ നടന്ന ആർ എസ് എസ് നേതൃയോഗത്തിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് വഴിവച്ചുവെന്നുമാണ് റിപ്പോർട്ടുകൾ.