പി ദിനേശൻ

March 09, 2021, 6:02 am

ഔഷധ നിർമ്മാണത്തിൽ നിന്ന് പൊതുമേഖലയെ പുറത്താക്കുമ്പോൾ

Janayugom Online

ഔഷധ ഉല്പാദന ഗവേഷണ മേഖല പൂർണമായും സ്വകാര്യവല്ക്കരിക്കാനുള്ള നരേന്ദ്ര മോഡി ഗവൺമെന്റിന്റെ തീരുമാനം രാജ്യത്തിന്റെ ആ­രോഗ്യ സാമൂഹ്യ സുരക്ഷാമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഗുണമേന്മയുള്ള നിരവധി മരുന്നുകൾക്കൊപ്പം ആരോഗ്യ സംരക്ഷണത്തിനും കുടുംബാസൂത്രണ മാർഗ്ഗത്തിനും സഹായിക്കുന്ന അനേകം ഉല്പന്നങ്ങളാണ് പൊതുമേഖലയിലെ മരുന്ന് കമ്പനികളിൽ നിന്ന് സൗജന്യമായും നാമമാത്രമായ വിലയിലും പൊതുജനങ്ങൾക്ക് ലഭിച്ചിരുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ ഇല്ലാതാകുന്നതോടെ സ്വകാര്യ കമ്പനികൾ ഉല്പാദിപ്പിക്കുന്ന ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ പോലും ഉയർന്ന വിലയ്ക്ക് വാങ്ങുവാൻ ജനങ്ങൾ നിർബന്ധിതരാകും.

ഇന്ത്യൻ ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസും രാജസ്ഥാൻ ഡ്രഗ്സ് ആന്റ് ഫാ­ർമസ്യൂട്ടിക്കൽസും അടച്ചുപൂട്ടാനും ഹിന്ദുസ്ഥാ­ൻ ആന്റിബയോട്ടിക്സ്, ബംഗാൾ കെമിക്കൽസ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്, കർണാടക ആന്റിബയോട്ടിക്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് എന്നിവ സ്വകാര്യവല്ക്കരിക്കുവാനുമാണ് കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നത്. സർക്കാർ ആശുപത്രികളിലൂടെ മാത്രം സൗജന്യമായി വിതരണം ചെയ്യപ്പെടുന്ന മലേറിയ രോഗത്തിനുള്ള മരുന്നുകളും അതിസാരവും ഛർദ്ദിയും അമിതമാകുമ്പോൾ ജീവൻ രക്ഷിക്കാൻ നൽകുന്ന ഒആർഎസും പ്ലേഗ് പോലെയുള്ള മാരക പകർച്ചവ്യാധികൾക്കുള്ള പ്രത്യൗഷധങ്ങളും ടൈഫോയ്ഡ്, ക്ഷയരോഗം തുടങ്ങി ചികിത്സിച്ച് ഭേദമാക്കാൻ പ്രയാസമുള്ള സിഒപിഡി വിഭാഗത്തിൽപ്പെടുന്ന നിരവധി രോഗങ്ങൾക്കുള്ള മരുന്നുകളുമാണ് അടച്ചു പൂട്ടപ്പെടുന്ന പൊതുമേഖലാ കമ്പനികളിൽ പ്രധാനമായും ഉല്പാദിപ്പിക്കുന്നത്. ഇതോടൊപ്പം തന്നെ തീരെ ചെലവു കുറഞ്ഞതും സുരക്ഷിതവും ലളിതവുമായ ഗർഭനിരോധന മാർഗങ്ങളിൽപെട്ട മാലാഡി പോലെയുള്ളവയും ഇവിടെ ഉല്പാദിപ്പിച്ച് രാജ്യത്താകമാനം വിതരണം ചെയ്യപ്പെടുന്നു. വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുന്ന ഔ­ഷധങ്ങൾ നിർമ്മിക്കുന്നതിൽ നിന്നു സ്വകാര്യ മരുന്നു കമ്പനികൾ പിന്മാറുമ്പോൾ അത്തരം മരുന്നുകൾ വൻതോതിൽ നിർമ്മിച്ച്, സ്വകാര്യ കമ്പനികൾക്ക് കൃത്രിമ ക്ഷാമം സൃഷ്ടിക്കാനുള്ള അവസരം നിഷേധിച്ച് പൊതു സമൂഹത്തെ സംരക്ഷിക്കുന്നത് പൊതുമേഖലാ കമ്പനികളായിരുന്നു.

പൊതുമേഖലയെ ഔഷധ നിർമ്മാണത്തിൽ നിന്നും പിൻവലിക്കുന്നതിന് യുക്തിസഹമായ ഒരു കാരണം പോലും പറയാൻ കേന്ദ്ര ഗവൺമെന്റിന് കഴിഞ്ഞിട്ടില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട രൂക്ഷമായ ഔഷധക്ഷാമത്തിനുള്ള പരിഹാരമായാണ് ഔ­ഷധ നിർമ്മാണ രംഗത്ത് പൊതുമേഖലാ സംരംഭങ്ങൾ പിറവിയെടുത്തത്. ഇതിലേക്ക് നയിച്ചതാകട്ടെ 1974ൽ രൂപീകൃതമായ ഹാത്തി കമ്മിഷനും. പാർലമെന്റംഗമായും വിവിധ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയായും ഗവർണറായും നാഷണൽ ലോയേഴ്സ് ഫോറം ചെയർമാനായും പിടിഐ ഡയറക്ടറായും ഒക്കെ പ്രവർത്തിച്ച ജയ് സുഖ്‍ലാൽ ഹാത്തി ചെയർമാനായ 15 അംഗ കമ്മിഷനിൽ കേരളത്തിലെ കോൺഗ്രസ് നേതാവ് സി എം സ്റ്റീഫനും അംഗമായിരുന്നു.

ആറ് പാർലമെന്റംഗങ്ങളും വിഷയ വിദഗ്ധരും കേന്ദ്ര ഗവൺമെന്റിലെ പ്രഗത്ഭരായ ഉദ്യോഗസ്ഥരും അടങ്ങിയ സമിതി ഒരു വർഷത്തിലേറെ സമയമെടുത്ത് നിരവധി ആശുപത്രികൾ സന്ദർശിച്ചും പൊതുജന സമ്പർക്കത്തിലൂടെ വിപുലമായ പഠനങ്ങൾ നടത്തിയും വിദേശ രാജ്യങ്ങളിലെ ഔഷധ നിർമ്മാണ വിദഗ്ധരുമായി കൂടിക്കാഴ്ചകളിലേർപ്പെട്ടും രാജ്യത്തിനകത്തും പുറത്തുമുള്ള അസംഖ്യം ഡോക്ടർമാരുമായി സംഭാഷണങ്ങളിലേർപ്പെട്ടുമാണ് അതിന്റെ റിപ്പോർട്ട് തയ്യാറാക്കിയത്. ആ റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങളിലൊന്നായിരുന്നു പൊതു മേഖലയിലെ ഔഷധ നിർമ്മാണം. സമഗ്രമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ പൊതുജനാരോഗ്യവും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്താൻ സ്ഥാപിതമായ സംരക്ഷണ കവചത്തെയാണ് ഒരു തരത്തിലുമുള്ള കൂടിയാലോചനകളോ ചർച്ചകളോ ഇല്ലാതെ തകർത്തെറിയാൻ കേന്ദ്ര ഗവൺമെന്റ് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. പൊതുമേഖലാ ഔഷധ കമ്പനികൾ ഉന്മൂലനം ചെയ്യപ്പെട്ടാൽ അതിന്റെ പ്രത്യാഘാതം ഇന്ത്യയിൽ മാത്രം ഒതുങ്ങി നിൽക്കുകയില്ല.

താങ്ങാനാകുന്ന വിലയിൽ ഗുണമേന്മയുള്ള ഔഷധങ്ങൾക്കായി ഇന്ത്യയെ ആശ്രയിക്കുന്ന നിരവധി വികസ്വര രാജ്യങ്ങളിലെ സാധാരണക്കാരെ ദാരിദ്ര്യത്തിലേക്കും അവികസിത രാജ്യങ്ങളിലെ പട്ടിണിക്കോലങ്ങളെ മരണത്തിലേക്കും എത്തിക്കുന്നതായിരിക്കും പുതിയ വികസന പാതകൾ വെട്ടിത്തുറന്നുവെന്നവകാശപ്പെടുന്ന കേന്ദ്ര ഗവൺമെന്റിന്റെ വികലമായ ഔഷധ നയം. ഇന്ത്യയിൽ പുതിയ തരം മരുന്നുകളുടെ പരീക്ഷണം നടത്തുവാനും മനുഷ്യനിൽ ഉപയോഗിക്കാനുള്ള അനുമതി കൊടുക്കുവാനും കൂടി അധികാരമുള്ള ഗവേഷണ സ്ഥാപനമാണ് അടച്ചുപൂട്ടുന്നതെന്നറിയുമ്പോഴാണ് നയംമാറ്റത്തിനു പിന്നിലെ യഥാർത്ഥ കാരണങ്ങളും അത് വരുത്തുന്ന വിപത്തിന്റെ ആഴവും കൂടുതൽ വ്യക്തമാകുന്നത്.