കടലില്‍ കുടുങ്ങിയ ബോട്ട് രക്ഷിച്ചതിനു പിന്നാലെ നിരോധനം ലംഘിച്ചതിന് പിഴ

Web Desk
Posted on June 12, 2019, 5:47 pm

കാസര്‍കോട്:
കടലില്‍ കുടുങ്ങിയ ബോട്ട് ഫിഷറീസ് വകുപ്പ് രക്ഷിച്ചതിനു പിന്നാലെ ട്രോളിംഗ് നിരോധനം ലംഘിച്ച് മീന്‍ പിടിക്കാനിറങ്ങിയതിന് 2.5 ലക്ഷം രൂപ പിഴയിട്ടു. ബോട്ടുടമയും സ്രാങ്കുമായ തമിഴ്‌നാട് സ്വദേശി തദ്ദേവൂസിനാണ് പിഴയിട്ടത്. ഇതുസംബന്ധിച്ച് നോട്ടീസ് കൈമാറിയതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. ട്രോളിംഗ് നിരോധനം ലംഘിച്ചതിനും ബോട്ടിന് മീന്‍പിടിക്കാനുള്ള ലൈസന്‍സ് ഇല്ലാത്തതിനുമാണിത്.

കഴിഞ്ഞ ദിവസമാണ് ബോട്ടിന്റെ എഞ്ചിന്‍ തകരാറിലായി കുമ്ബള ഭാഗത്ത് കുടുങ്ങിയത്. ഗുജറാത്തിലേക്ക് മീന്‍പിടിക്കാന്‍ പോയി കൊച്ചിയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് തീരദേശ പോലീസെത്തിയാണ് ബോട്ടും അതിലെ ജീവനക്കാരെയും തളങ്കര തുറമുഖത്തെത്തിച്ചത്. തുടര്‍ന്ന് വിവരം ഫിഷറീസ് വകുപ്പിനെ അറിയിച്ച് ബോട്ട് അവര്‍ക്ക് കൈമാറുകയായിരുന്നു.

ബോട്ടിലുണ്ടായിരുന്ന 400 കിലോ മീന്‍ 40,000 രൂപയ്ക്ക് ലേലത്തില്‍ വിറ്റതായി ഫിഷറീസ് വകുപ്പ് അറിയിച്ചു.