കുങ്കിച്ചിറ പൈതൃക മ്യൂസിയം അവസാന ഘട്ടത്തിലേക്ക്

Web Desk
Posted on December 07, 2018, 2:33 pm
മാനന്തവാടി:മ്യൂസിയം വകുപ്പിന് കീഴില്‍ മാനന്തവാടി നിയോജക മണ്ഡലത്തിലെ  കുങ്കിച്ചിറയില്‍  നിര്‍മ്മിച്ച് വരുന്ന കുങ്കിച്ചിറ പൈതൃക മ്യൂസിയം അവസാന ഘട്ടത്തിലേക്ക്. നിലവില്‍ മ്യൂസിയത്തിന്റെ  95% ജോലികളും പൂര്‍ത്തിയായതായി മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിയമസഭയില്‍ പറഞ്ഞു.  മ്യൂസിയത്തിലേക്ക്  ലഭ്യമായ വസ്തുക്കള്‍ സജ്ജീകരിക്കുന്നതിനായി നോഡല്‍ ഏജന്‍സിയായ കേരള ചരിത്ര പൈതൃക മ്യൂസിയത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മ്യൂസിയത്തിന് മുന്നിലെ  ചിറ നവീകരണം നടത്തി കുങ്കിയമ്മയുടെ പ്രതീകാത്മകമായ പ്രതിമ ചിറയില്‍ സ്ഥാപിച്ചിട്ടുണ്ട്.
    മ്യൂസിയത്തിന്റെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്ന ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാന്‍ ആധുനിക രീതിയിലുള്ള ശുചീകരണ മുറികള്‍ സ്ഥാപിച്ചിട്ടുണ്ട്.കെ.എസ്.ഇ.ബി മുഖേനെ വൈദ്യുതി ലഭ്യമാകുന്നതിനായി ട്രാന്‍സ്‌ഫോര്‍മര്‍, ജനറേറ്റര്‍ എന്നിവയും ഇവിടെ സ്ഥാപിച്ചു. മ്യൂസിയത്തിന്റെ ചുറ്റുമതിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.ചിറയുടെ സംരക്ഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തികളുടേയും നടപ്പാതകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകിരിച്ച് വരുന്നുണ്ട്.നിലവില്‍ ഒരു സൂപ്പറ്‌വൈസറി ഉദ്യോഗസ്ഥന്‍, നാല് ഗാര്‍ഡനര്‍മാര്‍, ഒരു സ്വീപ്പര്‍ എന്നിവരടക്കം 6 ജീവനക്കാരാണ് ഇവിടെയുള്ളത്.
    മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ പ്രീ-ഫാബ് ലിമിറ്റഡും, ചിറയുടെ നവീകരണം സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ഹാബിറ്റാറ്റ് ലിമിറ്റഡുമാണ്് ഏറ്റെടുത്തിട്ടുള്ളത്. എല്ലാ ജോലികളും പൂര്‍ത്തികരിച്ച് 2019–20 സാമ്പത്തീക വര്‍ഷം പൊതുജനങ്ങള്‍ക്ക് മ്യൂസിയം തുറന്നു കൊടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു പറഞ്ഞു.