Monday
18 Feb 2019

കുടിപ്പള്ളിക്കൂടം ആശാന്മാരെ സംരക്ഷിക്കണം

By: Web Desk | Sunday 11 June 2017 4:45 AM IST

മലയാളഭാഷാ പഠനം ഒന്നാം ക്ലാസ്‌ മുതൽ പത്താം ക്ലാസ്‌ വരെ നിർബന്ധമാക്കിക്കൊണ്ട്‌ നിയമനിർമാണം നടത്തുകയും മാതൃഭാഷാ വികസനത്തിനുവേണ്ട പദ്ധതികൾ ആവിഷ്ക്കരിക്കുകയും ചെയ്യുന്ന സർക്കാർ മലയാള ഭാഷാ സേവകരായ കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്‌) ആശാന്മാരെ തീരെ അവഗണിച്ചിരിക്കുകയാണ്‌. പുരാതനകാലം മുതൽ മലയാളഭാഷയുടെ അടിത്തറയും അക്ഷരജ്ഞാനവും ആവശ്യമായ അറിവുകളും പിഞ്ചുകുഞ്ഞുങ്ങൾക്ക്‌ നൽകിവരുന്നവരാണ്‌ കുടിപ്പള്ളിക്കൂടം ആശാന്മാർ. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അടുക്കും ചിട്ടയും രൂപപ്പെടുത്തുന്നതിൽ പ്രമുഖസ്ഥാനവും പ്രഥമസ്ഥാനവും ഉള്ള ആശാന്മാരുടെ സ്ഥിതി വളരെ പരിതാപകരമാണ്‌. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ്‌ ആശാന്മാർ ഏറെയുളളത്‌. അക്ഷരമാലകളും പ്രാഥമിക ഗണിതവും ക്രമപ്രകാരം അഭ്യസിപ്പിക്കുകയും അനുസരണശീലവും ഗുരുത്വവും ശുചിത്വവും സാമാന്യവിജ്ഞാനവും കുടിപ്പള്ളിക്കൂടങ്ങൾ വഴി വിദ്യാർത്ഥികൾക്ക്‌ പകർന്നു നൽകുകയും ചെയ്യുന്ന കുടിപ്പള്ളിക്കൂടം ആശാന്മാരുടെ ആവലാതി സർക്കാരും ഭാഷാ സ്നേഹികളും ശ്രദ്ധിക്കേണ്ടതാണ്‌. ആശാന്മാർ നിരന്തരം നടത്തിയ സമരങ്ങളുടെ പശ്ചാത്തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും 2012 ഡിസംബർ മുതൽ പ്രതിമാസം 500 രൂപ ഗ്രാന്റായി ലഭിച്ചുകൊണ്ടിരിക്കുകയാണ്‌. ഈ തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ യുഡിഎഫ്‌ സർക്കാരിനും എൽഡിഎഫ്‌ സർക്കാരിനും നിരവധിതവണ നിവേദനങ്ങൾ നൽകുകയും സെക്രട്ടറിയേറ്റ്‌ പടിക്കൽ സത്യഗ്രഹസമരം നടത്തുകയും ചെയ്തെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല. ഗ്രാന്ത്തന്നെ തദ്ദേശസ്ഥാപനങ്ങളുടെ തനത്‌ ഫണ്ടിൽ നിന്നാണ്‌ നൽകി വരുന്നത്‌. അതുകൊണ്ടുതന്നെ വരുമാനമില്ലാത്ത പല പഞ്ചായത്തുകളിൽ നിന്നും ഇത്‌ ലഭിക്കാറുമില്ല. ആയതിനാൽ ഗ്രാന്റ്‌ തുക പ്രതിമാസം 2000 രൂപയാക്കി വർധിപ്പിച്ച്‌ സർക്കാർ തന്നെ നേരിട്ടു നൽകി മാതൃഭാഷാ സേവനം നടത്തുന്ന നിലത്തെഴുത്ത്‌ ആശാന്മാരെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം.

ചവറ സുരേന്ദ്രൻപിള്ള
രക്ഷാധികാരി, കേരള കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്‌) ആശാൻ അസോസിയേഷൻ