കുട്ടികള്‍ പഠിപ്പിക്കും വലിയോര്‍ പഠിക്കട്ടെ

Web Desk
Posted on October 06, 2019, 9:50 am

അന്ന

എന്തുകൊണ്ടാണ് കാട്ടുപോത്തുകള്‍ കൊന്നുതള്ളപ്പെടുകയും കാട്ടുകുതിരകള്‍ മെരുക്കപ്പെടുകയും ചെയ്യുന്നതെന്നോ, ഉള്‍കാടുകള്‍ പോലും മനുഷ്യരുടെ കടുത്ത ഗന്ധം കൊണ്ട് നിറയുന്നതെന്നോ, കണ്ടുകണ്ടിരിക്കുന്ന മലകളെ ഞങ്ങള്‍ക്ക് സംസാരിക്കുന്ന കമ്പികള്‍ കാരണം കാണാനാവത്തതെന്നോ ഞങ്ങള്‍ക്കിനിയും മനസിലാവുന്നില്ല.
എവിടെ പൊന്തക്കാടുകള്‍? പൊയ്ക്കഴിഞ്ഞു.
കഴുകന്‍മാരെവിടെ? അവയും പൊയ്ക്കഴിഞ്ഞു.
ഇത് ജീവിക്കലിന്റെ അന്ത്യമാണ്, അതിജീവനത്തിന്റെ തുടക്കവും ഒന്നരനൂറ്റാണ്ടിലധികമായി സിയാറ്റില്‍മൂപ്പന്‍ ഇത് പറഞ്ഞിട്ട്.
വാഷിംഗ്ടണിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തെ ഭൂവിഭാഗങ്ങള്‍ അവിടത്തെ കുടിയേറ്റക്കാരായ ഇന്ത്യന്‍വംശജരില്‍ നിന്ന് കൈക്കലാക്കാനായി പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ പിയേഴ്‌സ് സ്വന്തം ഗവര്‍ണറെ അങ്ങോട്ടയക്കുന്നു. ഗവര്‍ണറുടെ ഇംഗിതവും കച്ചവടമനസും തിരിച്ചറിഞ്ഞ മൂപ്പന്‍ ഒരു കൈ ഗവര്‍ണറുടെ ശിരസില്‍ വെച്ചും മറുകൈ ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും നടത്തിയ വൈകാരികപ്രഭാഷണത്തിന്റെ ഒരു തുള്ളിയാണിത്, നിസ്സഹായതയുടെയും ചെറുത്തുനില്പിന്റെയും പ്രകൃതിയെക്കുറിച്ചുള്ള ആകുലതകളുടെയും ആതുരമായ വാക്കുകള്‍!
കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കില്‍ വെച്ച് ഐക്യരാഷ്ട്രസഭയുടെ 2019ലെ കാലാവസ്ഥാ ഉച്ചകോടി നടന്നു. ഉച്ചകോടിയിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രേത്യേക സെഷനില്‍ ഒരു ‘കുട്ടിപ്രസംഗം‘ഉണ്ടായിരുന്നു. മനസില്‍ തീകോരിയിടുന്ന സംഭാഷണം. അളന്നുമുറിച്ച വാചകങ്ങള്‍, അടക്കിനിര്‍ത്താന്‍ കഴിയാതെ പോയ വേദന! അതവള്‍ക്കുവേണ്ടിയോ അവളുടെ കുടുംബത്തിന് വേണ്ടിയോ അവളുടെ നാടിനുവേണ്ടിയോ പോലുമായിരുന്നില്ല. ഈ ലോകത്തിനും വരാനിരിക്കുന്ന മനുഷ്യരാശിക്കും വേണ്ടിയായിരുന്നു. സ്വീഡനില്‍ നിന്നെത്തിയ ഗ്രെറ്റ തുന്‍ബര്‍ഗ് എന്ന പതിനാറുകാരിയുടെ ‘ലോകത്തെ പിടിച്ചുകുലുക്കിയ പത്തുമിനിറ്റ് പ്രഭാഷണം നിങ്ങള്‍ ചെയ്യുന്നത് തീര്‍ത്തും തെറ്റാണ്. സ്‌കൂളിലിരിക്കേണ്ട എനിക്കിപ്പോള്‍ ഇവിടെ നില്‍ക്കേണ്ടി വരുന്നു. എന്നിട്ടും ഞങ്ങള്‍ കുട്ടികളിലാണ് പ്രതീക്ഷയെന്ന് നിങ്ങളെപോലുള്ളവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. എങ്ങനെ നിങ്ങള്‍ക്കിത് പറയാനാവുന്നു? നിങ്ങളുടെ പൊളിവാക്കുകള്‍ എന്റെ സ്വപ്നവും ബാല്യവുമാണ് കവര്‍ന്നത്. മനുഷ്യര്‍ മഹാദുരിതത്തിലാണ്. മരിച്ചുമണ്ണടിയുകയാണവര്‍. ആവാസവ്യവസ്ഥ തകര്‍ന്നുതരിപ്പണമാവുന്നു. വിനാശത്തിന്റെ വക്കിലായിട്ടും നിങ്ങള്‍ വികസനത്തെക്കുറിച്ചും വളര്‍ച്ചെക്കുറിച്ചും വാതോരാതെ പറഞ്ഞുകൊണ്ടേയിരിക്കുന്നു, ഈ കെട്ടുകഥകള്‍ മെനഞ്ഞുപറയാന്‍ നിആരാണ് നിങ്ങള്‍ക്ക് ധൈര്യം നല്‍കുന്നത്? ചാട്ടുളി പോലെയാണ് ഗ്രെ്‌റയുടെ വാക്കുകള്‍ ലോകനേതാക്കളുടെ നെഞ്ചിലൂടെ പാഞ്ഞത്. വയസിലെ സിയാറ്റില്‍മൂപ്പന്റെ പ്രഭാഷണത്തിനും 16 വയസുകാരി ഗ്രേറ്റയുടെ പ്രസംഗത്തിനും ഒന്നരനൂറ്റാണ്ടിന്റെ വ്യത്യാസമുണ്ട്. അമേരിക്കയും ലോകവും ലോകക്രമവും മാറി. മിസിസിപ്പിയിലൂടെ ഒരുപാട് വെള്ളമൊഴുകിപ്പോയി. എങ്കിലും ഇരുവരുടെയും വാക്കുകള്‍ വിരല്‍ചൂണ്ടുന്നത് ദുരമൂത്ത മനുഷ്യന്റെ പ്രകൃതിക്ക് മേലേയുള്ള താണ്ഡവത്തിന് നേര്‍ക്കുതന്നെ.
ആഗോളതാപനം കുറച്ചുകൊണ്ടുവരുന്നതിലേക്കായി പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഒപ്പുവെച്ച ഉടമ്പടികള്‍ കാറ്റില്‍ പറത്തിയ ലോകനേതാക്കളെയാണ് ഗ്രേറ്റ മുള്‍മുനയില്‍ നിര്‍ത്തിയത്. ഉച്ചകോടികള്‍ക്ക് ഒരു കുറവുമില്ലാതിരുന്നിട്ടും ഭൂമിയുടെ ചൂട് എന്തേ കുറയാത്തത്, എന്നതായിരുന്നു ഗ്രെറ്റയുടെ പരിഹാസം. ഉച്ചകോടിയില്‍ ഒട്ടും പതര്‍ച്ചയില്ലാതെ മുന കൂര്‍പ്പിച്ച വാക്കുകള്‍ കൊണ്ടവള്‍ ഭരണാധികാരികളെ തൊലിയുരിക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ ചുവന്നുതുടുത്ത് നിറഞ്ഞ് കവിഞ്ഞ് വിടര്‍ന്ന രംഗങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നവമീഡിയയിലൂടെ ലോകം ഏറ്റെടുക്കുകയായിരുന്നു.
എന്റെ തലമുറ നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. ഇതിനുമാറ്റമുണ്ടായേ മതിയാകൂ. ” എന്ന് ഗ്രേറ്റയുടെ പ്രഭാഷണത്തോട് പ്രതികരിച്ചത് യു. എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് ആണ്. പല നേതാക്കളും പ്രസംഗത്തെ എന്ന പോലെ ആ കൊച്ചുമിടുക്കിയുടെ പ്രഭാഷണത്തിന്റെ ഉള്ളടക്കത്തെയും വാനോളം പുകഴ്ത്തി. എന്നാല്‍ സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം അവളോടുള്ള പുച്ഛവും പരിഹാസവും നിറഞ്ഞതായിരുന്നു. ഭൂമിയുടെ ചൂട് അനിയന്ത്രിതമായി കൂടുന്നതില്‍ മറ്റേതു രാജ്യത്തേക്കാളും കൂടുതല്‍ ഉത്തരവാദിത്വമുള്ളത് അമേരിക്കക്കാണെന്ന് സുവ്യക്തമായി തെളിഞ്ഞിട്ടും അതൊക്കെ ദരിദ്രരായ മൂന്നാംലോകരാജ്യങ്ങളുടെ (ട്രംപിനെ ‘ലോകനാഥ’നാക്കിയ മോദി ഭരിക്കുന്ന ഇന്ത്യയുള്‍പ്പടെ) ചുമലില്‍ ഇതേ ട്രംപ് കെട്ടിവെച്ചിട്ട് അധികകാലമായിട്ടില്ല. ഇന്നും ആ നിലപാടില്‍ ട്രംപിന് മാറ്റവുമില്ല. അതിന്റെ ദുരിതഫലങ്ങള്‍ ഇന്ന് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയുമാണ്. എന്നിട്ടും ട്രംപിന്റെ ഫോക്കസ് അവളുടെ പ്രഭാഷണത്തിന്റെ ഉള്ളടക്കമായിരുന്നില്ല, അവള്‍ തന്നയായിരുന്നു!
ട്രംപെന്നല്ല, ആരൊക്കെയെന്തൊക്കെ പറഞ്ഞാലും പരിഹസിച്ചാലും ഗ്രേറ്റയ്ക്ക് ഇതല്ലാതെ മറ്റൊന്ന് ചെയ്യാനോ പറയാനോ ആവില്ല. . കാരണം അവള്‍ക്ക് പ്രകൃതിയെന്നാല്‍ അവളുടെ മനസിന്റെ പ്രകൃതമാണ്. മനസിന് പുറത്തുള്ള ഒന്നെയല്ല അത്. എപ്പോഴും സങ്കടപ്പെട്ടും വിഷാദിച്ചും കഴിഞ്ഞ കുട്ടിയായിരുന്നു ഗ്രേറ്റ. ചില സമയങ്ങളില്‍ അത് മാനസികപ്രശ്‌നങ്ങളിലേക്ക് വരെ നീളുകയും ഡോക്റ്റര്‍മാരുടെ സഹായം തേടേണ്ടിവരുകയും ചെയ്തു. 2011 ല്‍ സ്വന്തം സങ്കടത്തിന്റെ കാരണം അവള്‍ തിരിച്ചറിഞ്ഞു.

 ഗ്രെറ്റ തുന്‍ബെര്‍ഗ്  

ഭൂമി നേരിടുന്ന ആഗേളതാപനവും കാലാവസ്ഥാവ്യതിയാനവുമാണ് എന്നെ നിരന്തരം വിഷമിപ്പിക്കുന്നത്’ എന്ന അവളുടെ വാക്കുകള്‍ കേട്ട ഡോക്ടര്‍ക്ക് ചിരിയാണ് വന്നത്. ഒരു വെറും മിമിക്രി പോലെയാണ് അച്ഛനും അമ്മയും അധ്യാപകരും കൂട്ടുകാരും അത് കേട്ടത്. പക്ഷെ ഗ്രെറ്റയ്ക്കറിയാമായിരുന്നു കാലമാണ് തന്റെ അവസ്ഥയ്ക്ക് ഉത്തരവാദിയെന്ന്. ‘കാലാവസ്ഥ’ യുടെ വ്യതിയാനമാണ് തന്റെ അവസ്ഥയുടെ ഹേതുവെന്ന്. കാലാവസ്ഥാവ്യതിയാനങ്ങളെയും അതിന്റെ ദൂഷ്യങ്ങളെയും കുറിച്ചുള്ള ആഴമുള്ള പഠനം കൊച്ചുക്ലാസില്‍ തന്നെ ഗ്രേറ്റ നടത്തി. നിരവധി ക്ലാസുകള്‍. കൊച്ചുകൊച്ചുപ്രഭാഷണങ്ങള്‍. എന്നിട്ടും ലോകം അഭിമുഖീകരിക്കാനിരിക്കുന്ന വന്‍ദുരന്തങ്ങള്‍ അവളുടെ മനസിനെ വേട്ടയാടിക്കൊണ്ടിരുന്നു. ആര്‍ക്കും പിടികിട്ടാത്ത പ്രകൃതിപോലെയൊരു കുട്ടിമനസ്സ്!’
പലര്‍ക്കും ഭ്രാന്തെന്ന് തോന്നിയെങ്കിലും അവള്‍ പോരാടാന്‍ തന്നെയുറച്ചു. വെള്ളിയാഴ്ചകളില്‍ സ്‌കൂളില്‍ നിന്ന് അവധിയെടുത്ത് സ്വീഡിഷ് പാര്‍ലെനന്റിനു മുന്നില്‍ ഒറ്റയാള്‍ സമരം നടത്തി. ‘ഫ്രൈഡേ ഫോര്‍ ഹ്യൂമന്‍’ എന്ന പേരിട്ട് ലോകം അതേറ്റുവാങ്ങി. ഗ്രേറ്റ തുന്‍ബെര്‍ഗ് ലോകത്തിനു സ്വന്തമായി.
സ്വന്തം മാതാപിതാക്കളെ ആഗോളതാപനദുരിതങ്ങള്‍ക്കെതിരായി അണിനിരത്തിക്കൊണ്ടാണ് ഗ്രേറ്റ പരിസ്ഥിതി ആക്റ്റിവിസതിന്റെ ബാലപാഠങ്ങള്‍ പ്രയോഗിക്കുന്നത്. . കാര്‍ബണ്‍ വാതകം അധികം പുറത്തുവിടുന്നതുകൊണ്ട് മാതാപിതാക്കളോട് പെട്രോള്‍ ഡീസല്‍ വാഹനങ്ങളുപേക്ഷിക്കാന്‍ അവള്‍ ആവശ്യപ്പെട്ടു. ഏവിയേഷന്‍ ഫ്യുവല്‍ കൂടുതല്‍ കാര്‍ബണ്‍ പുറത്തേക്ക് വിടുമെന്ന് പറഞ്ഞുകൊണ്ട് മാതാപിതാക്കളുടെ വിമാനയാത്രകള്‍ എല്ലാം അവള്‍ മുടക്കി. ഇന്നവളും കുടുംബവും ഏത് രാജ്യത്ത് പോകുന്നതും കാര്‍ബണ്‍ എമിഷന്‍ കുറഞ്ഞ യാനങ്ങളിലാണ്. കാലാവസ്ഥാ ഉച്ചകോടിക്ക് വന്നതുപോലും14 ദിവസം യാത്ര ചെയ്ത് പായ്ചങ്ങാടത്തിലായിരുന്നു!
നീതിക്കുവേണ്ടിയുള്ള ഒടുങ്ങാത്ത പോരാട്ടത്തിലാണവള്‍. അവള്‍ നീതി ആവശ്യപ്പെടുന്നത് ‘കാലാവസ്ഥ’ യ്ക്ക് വേണ്ടിയാണെന്നു മാത്രം. ന്യൂയോര്‍ക്കിലേക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അവളുടെ ചങ്ങാടത്തിലെ പായയില്‍ വലിയക്ഷരത്തിലെഴുതിയിരുന്നത് Unite For Sci­ence (ശാസ്ത്രത്തിനായി ഒന്നാകുക)എന്നായിരുന്നു. ശാസ്ത്രത്തിനു വേണ്ടിയും ശാസ്ത്രത്താലും ഒന്നിക്കാമെന്ന കൊച്ചുമിടുക്കിയുടെ ആഹ്വാനം. ടൈംസ് മാസിക കവര്‍ ചിത്രമാക്കിക്കൊണ്ടാണ് ഗ്രെറ്റയെ അടുത്ത തലമുറയുടെ നേതാവായി വാഴ്ത്തിയത്. സമരങ്ങള്‍ക്കും ബോധവല്‍കരണങ്ങള്‍ക്കും ആക്റ്റിവിസത്തിനുമായി ഒരു വര്‍ഷത്തേക്ക് സ്‌കൂളില്‍ നിന്ന് ലീവ് എടുത്തിരിക്കുകയാണ് ഗ്രേറ്റ. ‘ഇല്ലാത്ത ഭാവിക്കായി ഞങ്ങളെന്തിന് പഠിക്കണം? ’ എന്നാണവളുടെ ചോദ്യം. സ്‌കൂളില്‍ പോകണമെന്ന് നിര്‍ബന്ധം പിടിച്ചതിന്റെ പേരില്‍ വെടിയുണ്ടയേറ്റുവാങ്ങേണ്ടിവന്ന മലാലയും സ്‌കൂള്‍ ഉപേക്ഷിക്കുന്നതിന്റെ പേരില്‍ ചര്‍ച്ചയാവുന്ന ഗ്രെറ്റയും തമ്മിലുള്ള ദൂരം സ്‌കൂളിന്റെ ‘ഉടമ’ കളായ വലിയവരാണ് അളന്നുതിട്ടപ്പെടുത്തേണ്ടത്. ഗ്രെറ്റ തുന്‍ബെര്‍ഗ് പഠിപ്പിക്കുകയാണ്, അച്ഛനമ്മമാരെ, അധ്യാപകരെ, സുഹൃത്തുക്കളെ, ലോകനേതാക്കളെയൊക്കെയും കൊച്ചുമിടുക്കിയും കൂട്ടുകാരും നവയുക്തി കൊണ്ട് ചിന്തിപ്പിക്കുകയാണ്. സാദാ പരീക്ഷക്ക് പോലും അരയില്‍ ഉറുക്കുംനൂലും ജപിച്ചുകെട്ടി വലം കൈയില്‍ പൂജിച്ച പേനയും ഇടംകൈയില്‍ കൊന്തയുമേന്തി ഇഴഞ്ഞുനീങ്ങുന്ന കുട്ടികളുടെയും അവരെ ഇഴയിപ്പിക്കുന്ന രക്ഷാകര്‍ത്താക്കളുടെയും നാട്ടില്‍ ഒരുപക്ഷേ ഗ്രേറ്റ ചര്‍ച്ചയാവാന്‍ ഇനിയും കാലമെടുത്തേക്കാം. കാരണം അവള്‍ പ്രകൃതിയെക്കുറിച്ചും സ്‌ക്കൂളിനെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചുമൊക്കെയുള്ള വലിയവരുടെ ധാരണകളെ തകിടംമറിച്ചു തുടങ്ങിയിരിക്കുന്നു. എത്രവലിയവരായാലും അവരെ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു. അവര്‍ പഠിപ്പിക്കട്ടെ, വലിയവര്‍ പഠിച്ചും തുടങ്ങട്ടെ!.

സിയാറ്റില്‍ മൂപ്പന്‍