Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
പി എ വാസുദേവൻ

കാഴ്ച

October 17, 2020, 4:00 am

‘കേരളാനുഭവ’ത്തിന്റെ പുതിയ പാഠങ്ങൾ

Janayugom Online

ന്ദർഭങ്ങളാണ്, പഴയ പലതിലും കൂടുതൽ അർത്ഥവത്തായ പുതുമ കണ്ടെത്തുന്നത്. കോവിഡ്-19 ഊഹിക്കാനാവാത്ത വിനാശമാണ് സൃഷ്ടിച്ചതെന്നാലും ഓരോ ഘട്ടത്തിലും നാം പുതിയ സത്യങ്ങൾ ഈ അനുഭവങ്ങളിൽ നിന്നു കണ്ടെത്തുന്നുണ്ട്. പുതിയ പലതിനും അംഗീകാരം നൽകി ആദരിക്കാനും അത് കാരണമാവുന്നു. അതിന്റെ ഒരുദാഹരണമാണ് ലോക ഭക്ഷ്യ പദ്ധതിക്ക് (വേൾഡ് ഫുഡ് പ്രോഗ്രാം) ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നല്കാനുള്ള തീരുമാനം. ഇതൊരു സർക്കാർ പദ്ധതിയല്ല. യുഎന്നിന്റെ മേൽനോട്ടത്തിലുള്ള ഒരു മാനുഷിക ലക്ഷ്യമുള്ള സംഘടനയാണ്. വിശപ്പില്ലാത്ത ലോകമെന്ന ലക്ഷ്യമാണതിന്റേത്.

ലോക ഭക്ഷ്യ പ്രോഗ്രാമിനെക്കുറിച്ചല്ല ഇതിൽ ഉദ്ദേശിക്കുന്നത്. സർക്കാരിനും സ്റ്റേറ്റിനുമപ്പുറത്ത് സന്നദ്ധ‑മൈക്രോതല സംവിധാനങ്ങളിലൂടെ മനുഷ്യന്റെ അത്യാവശ്യങ്ങൾ സാധിക്കാനും വികസനം നിറവേറ്റാനും സാധിക്കും എന്നതിന്റെ ഒരു തെളിവാണിത്. കോവിഡ്-19 കഠിനകാലമാണ്. ഇത് പലപ്രശ്നങ്ങളുമെന്നപോലെ വിശപ്പും അഭിമുഖീകരിക്കുന്നു. പങ്കാളിത്ത സംസ്കാരത്തിന്റെ താഴ്ത്തല സംവിധാനങ്ങളിലൂടെ നമുക്ക് ഈ പ്രശ്നം ഫലവത്തായി നേരിടാനാവുമെന്നതിന് കേരളം ഒരാഗോള മാതൃകയാണ്. കോവിഡിന്റെ ദുരിതമാസങ്ങളിൽ ഏറ്റവും പ്രധാനമായി ശ്രദ്ധിച്ചത് അടച്ചുപൂട്ടൽ കാലത്തെ ഭക്ഷ്യവിതരണമായിരുന്നു. വളരെ ശ്രദ്ധാപൂർവം അതു നിറവേറ്റി എന്നത് ശ്ലാഘനീയമായിരുന്നു. ആരോഗ്യ പ്രവർത്തനത്തെ പോലെതന്നെ പ്രാധാന്യമർഹിക്കുന്നതാണിത്. പ്രത്യേകിച്ച് 85 ശതമാനം വരുന്ന അനിശ്ചിത വരുമാനക്കാരായ ഗ്രാമീണരുള്ളപ്പോൾ പ്രധാന പ്രശ്നം ഭക്ഷണം തന്നെയാണ്. പഞ്ചായത്തുതലംവരെയുള്ള ഒരു ഭരണ ശൃംഖലയ്ക്കേ ഇത് ഉറപ്പുവരുത്താനാവൂ. സ്റ്റേറ്റ് സർക്കാരും പഞ്ചായത്തുകളും ചേർന്നുള്ള ഒരേ താളത്തിലുള്ള പ്രവർത്തനമാണ് നാം ഈ കാലത്ത് കണ്ടത്. ഇതിൽ ആരോഗ്യ വകുപ്പിനെ നാം ഒരുപാട് അഭിനന്ദിച്ചപ്പോൾ മറന്നുപോയത് പൊതുവിതരണ പ്രവർത്തനങ്ങളും താഴ്ത്തല പങ്കാളിത്ത പ്രവർത്തനങ്ങളുമായിരുന്നു.

കേരളം ഈ കഠിനകാലത്തിലൂടെ മുന്നോട്ടുപോയത് സർക്കാരും ജനങ്ങളും ഒന്നിച്ചു മുന്നോട്ടുപോയതുകൊണ്ടായിരുന്നു. പങ്കാളിത്ത ജനാധിപത്യത്തിന്റെ മേന്മ പരീക്ഷിച്ച് വിജയിക്കാനായതാണ് ഈ കാലഘട്ടം തന്ന പാഠം. ഏറിയ കാലമായി പഞ്ചായത്തുകൾ വരെയുള്ള താഴ്ത്തല പങ്കാളിത്തം തന്ത്രപരമായ ഘട്ടങ്ങളിൽ പരീക്ഷിക്കപ്പെട്ടിരുന്നില്ല. കോവിഡ്-19 കാലം അതാണ് പരീക്ഷിച്ചത്. കോവിഡ് വ്യാപനം തുടരുന്ന ഈ ഘട്ടത്തിൽ സ്റ്റേറ്റും സമൂഹവും ചേരുന്ന തീവ്രമായ പങ്കാളിത്ത ജനാധിപത്യം ഇനിയും പരീക്ഷിക്കപ്പെട്ടേക്കും. സ്റ്റേറ്റിന്റെ മാത്രം മേൽനോട്ടത്തിനു വിട്ടാൽ പലതും നടക്കില്ല. പഞ്ചായത്തുകളെ എത്രമാത്രം സജീവമാക്കാമെന്നതാണ് പ്രധാനം. അതിനുള്ള അധികാരവും വസ്തുവഹകളും അവയ്ക്ക് ലഭിക്കുകയും വേണം. വരാൻ പോകുന്ന പ്രാദേശിക ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുമ്പ് ഇതൊക്കെ ഒന്നുകൂടി പുനർനിർവചിക്കേണ്ടതുണ്ട്.

കോവിഡ്-19 കേരളത്തിൽ ഒരു കണ്ടെത്തൽ സാധിച്ചത് പ്രതിരോധ‑വിതരണ പദ്ധതികളുടെ വികേന്ദ്രീകരണവും പ്രായോഗിക കാര്യക്ഷമതയിലുമായിരുന്നു. സ്റ്റേറ്റിന്റെയും അല്ലാതെയുള്ള മാനുഷിക ബൗദ്ധിക‑ശാരീരിക ശേഷിയെ എങ്ങനെ ഒരു ലക്ഷ്യത്തിലേക്ക് ഫോക്കസ് ചെയ്യാമെന്ന ഒരുതരം ജനാധിപത്യ പരീക്ഷണമായിരുന്നു നമ്മുടെ മുന്നിൽ അഥവാ അങ്ങനെയാണ് നാമതിനെ കണ്ടത്. അതല്ലാതിരുന്നതാണ് മറ്റ് സംസ്ഥാനങ്ങളുടെ പരാജയവും. അവസാനത്തെ ഔൺസ് മാനുഷിക‑സംവിധാനശേഷിവരെ ഏകാഗ്രമായി ലക്ഷ്യോന്മുഖമാക്കലാണ് ജനാധിപത്യത്തിന്റെ പരീക്ഷണം. ഇക്കാര്യത്തിൽ നമ്മെ സഹായിച്ചത് കേരളത്തിലെ സാക്ഷരതയും ലിംഗസമത്വവുമാണ്. ശക്തമായൊരു അവബോധത്തിന്റെ ‘ബഫർ’ അത് നമുക്കായി ഒരുക്കി നിർത്തി. രാഷ്ട്രീയ ആവശ്യത്തെയും സാമൂഹിക യാഥാർത്ഥ്യത്തെയും ഒപ്പിച്ചുനിർത്താൻ അതാവശ്യമായിരുന്നു. മേൽപ്പറഞ്ഞ രണ്ട് ആവശ്യങ്ങളെ കർമ്മമണ്ഡലത്തിൽ ലോക്കൽ സ്വയംഭരണവുമായി സംയോജിപ്പിക്കാൻ 1996–97 ജനകീയാസൂത്രണ പദ്ധതി വൻസഹായമായിരുന്നു. കാലഘട്ടത്തിനനുസരിച്ചാണല്ലോ ഓരോന്നിന്റെയും പ്രസക്തി പരീക്ഷിക്കപ്പെടുന്നത്. ക്ഷേമരാഷ്ട്രമെന്ന മൂല സങ്കല്പമായിരുന്നു എന്നും നമ്മുടെ രാഷ്ട്രീയ അജണ്ടയുടെ കാതൽ.

ഒരു പ്രത്യേക സർക്കാരിന്റെ മാത്രം അവകാശമാണിതെന്നു പറയുന്നില്ല. ഒരിക്കൽ ഇതംഗീകരിച്ചതോടെ ആർക്കും പിൻവാങ്ങാനാവാത്ത തരത്തിൽ അത് ഭരണത്തിന്റെ ചട്ടക്കൂടായിക്കഴിഞ്ഞിരുന്നു. വിദ്യാഭ്യാസം, ഭരണവികേന്ദ്രീകരണം, പൊതു ആരോഗ്യം, പൊതു സമൂഹമായുള്ള നിരന്തര സമ്പർക്കമെന്നിവ ശക്തിപ്പെട്ടതാണ്. പ്രതികൂല ഘട്ടങ്ങളിൽ കേരളത്തിനു തുണയായത്. കുടുംബശ്രീ, സെൽഫ് ഹെൽപ്പ് ഗ്രൂപ്പ് തുടങ്ങിയ എല്ലാ സന്ദർഭങ്ങളിലും സർക്കാർ തീരുമാനങ്ങൾ താഴ്ത്തട്ടോളം എത്തുന്നതിൽ സഹായിക്കുകയും ചെയ്തു. കോവിഡ് കാലത്തെ ആരോഗ്യ പ്രവർത്തകരുടെ നിസ്തുലമായ സേവനവും മറക്കാവുന്നതല്ല.

നാം നടത്തിയത് സമഗ്രമായ ഒരു വികേന്ദ്രീകൃത പ്രവർത്തനമായിരുന്നു. ഇത്തരം ഘട്ടങ്ങളിൽ ആദ്യം തകരുന്നത് ഉപജീവനത്തിനുള്ള ‘പ്രാപ്തി’ (ക്യാപ്പബിലിറ്റി) ആണ്. നിത്യ ജീവിതം നിലനിർത്താനാവശ്യമായ പൊതുവിതരണത്തിന്റെ ശേഷിയും പ്രശംസാവഹമായി നടത്തിയത് പരാമർശിക്കപ്പെടാതെ പോവരുത്. വേണ്ടത്ര പൊതുവേദികളിൽ അത് പരാമർശിതമായില്ലെന്ന ഒരു തോന്നൽ പലർക്കുമുണ്ട്. എല്ലാം കഴിയുമ്പോഴും വിശപ്പെന്ന ഏറ്റവും ക്രൂരമായ സത്യമാണ് ആദ്യപരിഗണനയിൽ വരേണ്ടത്. അത് കാര്യമാത്രമാക്കാൻ ഏറ്റവും തഴ്ത്തലത്തിലുള്ള പങ്കാളിത്ത ജനാധിപത്യ പ്രക്രിയയും ആവശ്യമാണ്. വലിയൊരു വിഭാഗം കാഷ്വൽ തൊഴിലാളികൾക്ക് യാതൊരു സംരക്ഷണവും കേന്ദ്ര സർക്കാർ നല്കാതെ അവർ ദയനീയമായൊരു ‘മഹാപ്രസ്ഥാന’മായി കിലോമീറ്ററുകൾ താണ്ടി ദൂരസംസ്ഥാനങ്ങളിലേക്കു പോയ കാഴ്ച നാം കണ്ടതാണ്. വിഭജന കാലത്തെ അഭയാർത്ഥികളെ ഓർമ്മിപ്പിക്കുന്ന ആ പലായനം, അതിന്റെ നാണക്കേട് കേന്ദ്രത്തിന് ഒഴിവാക്കാമായിരുന്നില്ലേ. അവർ തെണ്ടികളായിരുന്നില്ല. പലസ്ഥലത്തും പണിയെടുത്ത് ഉല്പാദനം വർധിപ്പിച്ച തൊഴിൽ ശക്തിയായിരുന്നില്ലേ. കേരളം ഇത്തരം ദുരിതങ്ങൾ ഒഴിവാക്കിയത് പഞ്ചായത്തുതലം മുതലുള്ള പരിപാടികളിലൂടെയായിരുന്നു. ന്യായവില ഷോപ്പുകളിലൂടെയുള്ള ഭക്ഷണക്കിറ്റുകളും കമ്മ്യൂണിറ്റി കിച്ചണുകളും വലിയ ദുരിതങ്ങളാണ് ഒഴിവാക്കിയത്. പഞ്ചായത്തുകൾക്ക് നല്കിയ അധിക അധികാരവും അത് അവർ ഉത്തരവാദിത്തത്തോടെ നിറവേറ്റിയതും ശരിയായ ജനാധിപത്യ പങ്കാളിത്ത പരീക്ഷണമായിരുന്നു.

കേന്ദ്ര സർക്കാർ കോവിഡ് പ്രവർത്തനം അമിതമായി സെൻട്രലൈസ് ചെയ്തതും ഇതൊരു എക്സിക്യൂട്ടീവ് നടപടിയായി കണ്ടതുമാണ് തകരാറാക്കിയത്. അസംഘടിത മേഖലയിലെ ലക്ഷങ്ങൾ വരുന്ന തൊഴിലാളികളെ അനാഥത്വത്തിലേക്ക് വലിച്ചെറിഞ്ഞു. അവരോട് പൗരന്മാരോടു കാട്ടേണ്ട ഉത്തരവാദിത്തം നിറവേറ്റിയതുമില്ല. അതായത് ജനാധിപത്യം മേൽത്തട്ടും കീഴ്ത്തട്ടും ഒന്നിച്ചു പോരാട്ട പ്രക്രിയയായാലേ ഇത്തരം സന്ദർഭങ്ങളെ നേരിടാനാവൂ. കോവിഡ് കാലം ഒരു ജനാധിപത്യ പരീക്ഷണം കൂടിയാവുന്നത് അങ്ങനെയാണ്. ഭരണവും ജനങ്ങളും സന്നദ്ധ സംഘടനകളും വ്യാപകമായ സമൂഹവും ഒന്നിച്ചു ചേരണം. പങ്കാളിത്തത്തിന്റെ ശേഷിയിൽ പ്രശ്നങ്ങൾ ഗുരുതരമാവാതെ തീർക്കാനാവും.