February 5, 2023 Sunday

കൊറോണയും പൊതു ആരോഗ്യമേഖലയും

രമേശ് ബാബു
മാറ്റൊലി
April 24, 2020 5:35 am

കൊറോണ കാലം ഓരോ ദിവസവും ഓര്‍മ്മിപ്പിക്കുന്നത് ‘ആരോഗ്യമാണ് സമ്പത്ത്’ എന്ന ആ പഴയ ചൊല്ലാണ്. പഴഞ്ചൊല്ലുകളില്‍ പതിരില്ലെന്നാണല്ലോ. ആരോഗ്യം ഇല്ലാത്തതോ അല്ലെങ്കില്‍ ആരോഗ്യത്തിന് ഹാനിവരുമെന്നോ ഉള്ള അവസ്ഥ മനുഷ്യജീവിതത്തില്‍ ഒരു സന്തോഷവും നിറയ്ക്കില്ലെന്ന് അകലപാലന നിയമങ്ങളില്‍ കുടുങ്ങിയിരിക്കുന്ന നമ്മള്‍ വീണ്ടും മനസിലാക്കിക്കൊണ്ടിരിക്കുന്നു. ഒരു വ്യക്തി ആരോഗ്യവാനായിരിക്കുമ്പോള്‍ അയാള്‍ക്ക് അല്ലെങ്കില്‍ അവൾക്ക് ചുറ്റും തിരിയുന്ന ലോകവും വര്‍ണാഭമായിരിക്കും. നടപ്പിലും എടുപ്പിലും പ്രസരിപ്പിക്കുന്ന ഊര്‍ജ്ജം അവനോ,അവളോ ഇടപെടുന്ന സമസ്ത മേഖലകളെയും ചലനാത്മകവും ചൈതന്യമുള്ളതുമാക്കും.ഇത് കുടുംബത്തിലും സാമൂഹ്യബന്ധങ്ങളിലും പ്രതിഫലിക്കും.ഇത്തരം പ്രതിഫലനങ്ങളുടെ ആകെത്തുകയാണ് ആരോഗ്യമുള്ള സമൂഹത്തിന്റെയും രാജ്യത്തിന്റെയും നിലനില്പിനെ ശക്തമാക്കുന്നത്. വ്യക്ത്യധിഷ്ഠിതമെന്ന് കരുതുന്ന ആരോഗ്യം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സാമൂഹ്യ വിഷയം കൂടിയാണെന്ന് കൊറോണകാലം സൂചിപ്പിക്കുന്നു. വ്യക്തിയുടെ രോഗപ്രതിരോധ ശക്തി തന്നെയാണ് സമൂഹത്തിന്റെയും ശക്തി. ഇതൊരു സ്വകാര്യമായ വിഷയമേ അല്ല. ആരോഗ്യവും അതിന്റെ പരിരക്ഷയും ഒരു സ്വകാര്യ വിഷയമാണെന്നും അത് സമ്പത്തില്‍ അധിഷ്ഠിതമാണെന്നുമുള്ള ധാരണകളെയാണ് കൊറോണ വൈറസ് വ്യാപനം അട്ടിമറിച്ചിരിക്കുന്നത്.

സാമൂഹിക അവബോധമില്ലാത്ത ആരോഗ്യപരിരക്ഷാ സംവിധാനങ്ങള്‍ക്ക് സേവനമനോഭാവം കാണുകയില്ലെന്നും അത് ധനത്തിന്റെ ക്രയവിക്രയം സാധ്യമാക്കുന്ന വെറും കച്ചവടം മാത്രമായിരിക്കുമെന്നും കൊറോണ പഠിപ്പിക്കുന്നു. സ്വകാര്യ മേഖലയ്ക്ക് അമിത പ്രാധാന്യം കല്‍പ്പിക്കപ്പെട്ടിട്ടുള്ള അമേരിക്ക, ഇറ്റലി, സ്പെയിന്‍, യുകെ തുടങ്ങിയ രാഷ്ട്രങ്ങള്‍ കൊറോണ വ്യാപനത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയും ജനങ്ങള്‍ മരിച്ചുവീഴുകയും ഭരണകൂടം നിസ്സഹായതയിലാവുകയും ചെയ്യുന്നത് സ്വകാര്യ മേഖലയുടെ ആധിക്യം കൊണ്ടുമാത്രമാണെന്ന് കാണാം. രോഗബാധയേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുവാനോ, സംശയമുള്ളവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനോ, ക്വാറന്റൈന്‍ ചെയ്യാനോ പര്യാപ്തമായ പൊതുസംവിധാനങ്ങള്‍ സര്‍ക്കാരിന്റെ അധീനതയില്‍ അവിടെ ഇല്ലെന്നാണ് ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ലോകോത്തരമായ അവിടത്തെ ആശുപത്രികളെല്ലാം തന്നെ സ്വകാര്യ മേഖലയിലാണ്. അവര്‍ നല്‍കുന്ന ചികിത്സകള്‍ പണം കൊടുത്താല്‍ മാത്രം ലഭ്യമാകുന്നവയാണ്. പൊതുജന ആരോഗ്യ സംരക്ഷണമോ, പരിപാലനമോ അവരുടെ ബാധ്യതയല്ല. അമേരിക്കയില്‍ കോവിഡ് 19 ടെസ്റ്റ് ലാബില്‍ നടത്തണമെങ്കില്‍ പോലും ഇന്ത്യന്‍ രൂപ 85,000 ത്തിലേറെ ചെലവുവരുമത്രേ! രണ്ട് ദിവസം ആശുപത്രിയില്‍ കിടക്കേണ്ടിവന്നാല്‍ പ്രവാസിയാണെങ്കില്‍ അയാള്‍ വഴിയാധാരമാകും. വഴിയില്‍ കഴിയാന്‍ മുതലാളിത്ത രാഷ്ട്രങ്ങളില്‍ വഴിയമ്പലങ്ങള്‍പോലും ലഭ്യമല്ലെന്നും ഓര്‍ക്കണം. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളം പോലുള്ള സംസ്ഥാനം കൊറോണ വ്യാപനത്തെ ചെറുത്തുനിര്‍ത്തുന്നത് ഇവിടുത്തെ പൊതുജന ആരോഗ്യ സംവിധാനത്തിന്റെ കരുത്തും സാന്നിധ്യവുംകൊണ്ടു മാത്രമാണ്.

ലോകം മുഴുവന്‍ സംസ്ഥാനത്തിന്റെ രോഗപ്രതിരോധ കെട്ടുറപ്പിനെ പ്രശംസിക്കുന്നു. സമ്പന്നരുടെ രോഗാവസ്ഥയില്‍ മാത്രം താല്‍പര്യമുള്ള നാട്ടിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ ഇപ്പോള്‍ ചിത്രത്തിലേ കാണാനില്ല. ലോക്ഡൗണ്‍ മൂലം നമ്മുടെ നാട്ടില്‍ കുടുങ്ങിപ്പോവുകയും രോഗബാധയ്ക്ക് ചികിത്സ തേടുകയും ചെയ്ത വിദേശികള്‍ പോലും കേരളത്തിന്റെ പൊതുആരോഗ്യ പരിരക്ഷാ സംവിധാനങ്ങളില്‍ അത്ഭുതം പ്രകടിപ്പിച്ചത് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. കോവിഡ് 19 വ്യാപനം ചില പൊതുമേഖലകള്‍ ശക്തമാക്കേണ്ടുന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ആരോഗ്യ മേഖലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് അനുവദിച്ചിട്ടില്ല. മുന്‍ഭരണകാലത്ത് അംഗീകരിച്ചിട്ടുള്ള വ്യവസ്ഥകളില്‍ നിന്നുമാത്രമാണ് ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനം. ജിഡിപി(മൊത്ത ആഭ്യന്തര ഉല്പാദനം) യുടെ 1.1 ശതമാനം മാത്രമേ ഈ നീക്കിയിരിപ്പ് വരികയുള്ളു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് ജനസംഖ്യാനുപാതികമല്ല. അധികാരം നിലനിര്‍ത്താന്‍ വിദ്വേഷവും അതിര്‍ത്തി സംഘര്‍ഷങ്ങളും സജീവമായി നിലനിര്‍ത്തി കോടികള്‍ മുടിക്കുമ്പോള്‍ രാജ്യരക്ഷയെന്നത് പൗരന്റെ ആരോഗ്യത്തിലാണെന്ന് ഭരണനേതൃത്വങ്ങള്‍ മനസിലാക്കേണ്ടിയിരിക്കുന്നു. കൊറോണ വൈറസ് ചൈന കുടത്തില്‍ സൂക്ഷിച്ചിരുന്ന ജൈവായുധമാണോ, കുടം പൊട്ടി പുറത്തുചാടിയതാണോ, വന്യജീവിയുടെ വയറ്റിൽ പിറന്നതാണോ എന്നതൊക്കെ വരും കാലങ്ങള്‍ തെളിയിക്കേണ്ട കാര്യങ്ങളാണ്. കൊറോണ ഒരു ജൈവായുധമാണെങ്കില്‍ തന്നെ അതിന്റെ വ്യാപനം എല്ലാ കണ്ടുപിടിത്തങ്ങളെയും നിഷ്ക്രിയമാക്കുമെന്നും പ്രതിരോധിക്കാന്‍ പൊതുആരോഗ്യ പ്രതിരോധ സംവിധാനങ്ങള്‍ കൊണ്ടേ കഴിയൂവെന്നും ലോകത്തിന് ഇന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. പൊതുജന ആരോഗ്യ സംവിധാനങ്ങള്‍ ശക്തമായിരിക്കുന്നതിനാലാണ് ലോകം ഇന്ന് കേരളത്തെ ഉറ്റുനോക്കുന്നതും. കൊറോണ വിതറുന്ന ദുരിതങ്ങളെ അതിജീവിച്ചുകഴിയുമ്പോള്‍ യുക്തിയാല്‍ ഭരിക്കപ്പെടുന്ന രാഷ്ട്രനേതാക്കള്‍ പൊതുജന ആരോഗ്യ സംരക്ഷണമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കുകയും തുക വകയിരുത്തുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

ജിഡിപിയില്‍ നിന്ന് ഏഴ് ശതമാനം സാമൂഹ്യ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവയ്ക്കുമ്പോള്‍ രോഗശുശ്രൂഷയ്ക്ക് ജിഎന്‍പിയിൽ (മൊത്ത ദേശീയ ഉല്പാദനം) നിന്ന് 80 ശതമാനം ചെലവഴിക്കേണ്ടിവരില്ല. ഗ്രാമീണ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും താലൂക്ക് തല ആശുപത്രികളെയും കൂടുതല്‍ ശക്തമാക്കി ജനപങ്കാളിത്തത്തോടെയുള്ള ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ക്കായിരിക്കണം അതിജീവനകാലം മുതല്‍ ശ്രദ്ധ നല്‍കേണ്ടത് എന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു. കൊറോണ വൈറസ് പോലുള്ള സൂക്ഷ്മാണുക്കള്‍ ഇപ്പോള്‍ ഒടുങ്ങിയാലും ശക്തമായി തിരിച്ചെത്താനുള്ള സാധ്യതകളാണ് ശാസ്ത്രലോകം പ്രവചിക്കുന്നത്. ആരോഗ്യ പരിരക്ഷ, ശുചിത്വം, മിതവ്യയം, യുക്തിചിന്തകള്‍ ഒക്കെ ശീലമാക്കുകയേ മനുഷ്യന് മാര്‍ഗമുള്ളു. പ്രകൃതിയുടെ നിലനില്‍പ്പിനെപോലും തകിടം മറിക്കുന്ന തരത്തില്‍ പെറ്റുപെരുകുന്ന മനുഷ്യകുലത്തിനോടാണ് സാമൂഹ്യഅകലം പാലിക്കാന്‍ കൊറോണ കാലം ആവശ്യപ്പെടുന്നത്. ഭൂമിയിലെ ജനബാഹുല്യവും വാസയോഗ്യമായ സ്ഥലത്തിന്റെ ലഭ്യതയും പരിഗണിച്ചാൽ പലയിടത്തും ഇത് അസാധ്യമാണ്. മുംബൈയിലെ ധാരാവി പോലുള്ള ചേരികളിൽ ജനങ്ങൾ എന്ത് ചെയ്യും? പൊതുജനാരോഗ്യം, രോഗപ്രതിരോധം, ശുചിത്വം എന്നിവ ഭരണകൂടത്തിന്റെ കൂടി ഉത്തരവാദിത്തം ആകേണ്ടതുപോലെ ജനസംഖ്യാ നിയന്ത്രണവും അജണ്ടയാക്കേണ്ടിയിരിക്കുന്നു. ഇരുളില്‍ രൂപാന്തരം കൊള്ളുന്ന അദൃശ്യ സൂക്ഷ്മാണുക്കള്‍ ഇനിയും ആവിര്‍ഭവിച്ചാല്‍ സാമൂഹ്യ അകലം പാലിക്കണമെങ്കിലും, വ്യക്തികളുടെ മൂല്യം വര്‍ധിക്കണമെങ്കിലും എണ്ണത്തില്‍ കുറഞ്ഞേപറ്റൂ.

മാറ്റൊലി

ലോകം നമിക്കുന്ന പൊതുആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ കേരളത്തിലുള്ളപ്പോള്‍ പുരോഗമനസിംഹങ്ങള്‍ മുതലാളിത്തരാഷ്ട്രങ്ങളില്‍ ചികിത്സ തേടുന്നതിന്റെ പ്രത്യയശാസ്ത്രം എന്തായിരിക്കും?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.