കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രണ്ട് ദിവസത്തെ സന്ദർശനത്തിനെതിരെ ഇടതുപാർട്ടികളും ഇടതു വിദ്യാർഥി യുവജന സംഘടനകളും വൻ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തെ തുടർന്ന് നരേന്ദ്രമോഡി റോഡ് യാത്ര ഒഴിവാക്കി. ഹെലികോപ്ടറിലാണ് വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേയ്ക്ക് സഞ്ചരിച്ചത്. ഇടതുപാർട്ടികളുടെ നേതൃത്വത്തിൽ വിമാനത്താവളത്തിന് ഒന്നര കിലോമീറ്റർ മുതൽ പ്രവർത്തകർ ഒത്തുകൂടി. നഗരത്തിൽ എഐഎസ്എഫ്, എസ്‌എഫ്‌ഐ, എഐഎസഎ തുടങ്ങി ഇടതുപക്ഷങ്ങളിലെ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധമൊരുക്കി. വിവേചനപരമായ സിഎഎ, എൻആർസി, എൻപിആർ എന്നിവയെ എതിർത്തും പ്രമുഖ സർവ്വകലാശാലകളായ ജെഎൻയു, ജാമിയ, എഎംയു എന്നിവയിൽ നടക്കുന്ന ഭരണകൂട അതിക്രമങ്ങൾക്കും സംഘപരിവാറിന്റെ സംഘടിത ആക്രമണത്തിനുമെതിരെയായിരുന്നു വിദ്യാർഥികൾ മോഡിയുടെ സന്ദർശന ദിവസം പ്രതിഷേധിച്ചത്.
മോഡി തിരിച്ചുപോകുക എന്ന മുദ്രാവാക്യങ്ങൾ കൊൽക്കത്ത മുഴുവൻ മുഴങ്ങി. ഒപ്പം ആസ,ാദി മുദ്രാവാക്യങ്ങളും പ്രകടമ്പനംകൊണ്ടു. കറുത്ത പതാകകൾക്കൊപ്പം കറുത്ത ബലൂണുകളും അന്തരീക്ഷത്തിൽ ഉയർന്നുപാറി. മോഡി തിരിച്ചുപോകുക, സിഎഎ പിൻവലിക്കുക എന്നിവ ആലേഖനം ചെയ്ത പ്ലക്കാർഡുകളും പ്രതിഷേധത്തിൽ ഉയർത്തിപ്പിടിച്ചു. ജാദവ്പൂർ യൂണിവേഴ്‌സിറ്റി, ഗോൾപാർക്ക്, കോളജ് സ്ട്രീറ്റ്, ഹാതിബഗൻ, എസ്‌പ്ലാനേഡ് എന്നിവിടങ്ങളിലെല്ലാം പ്രതിഷേധവുമായി ഇടതു പ്രവർത്തകരും വിദ്യാർഥികളും പ്ലക്കാർഡുകളുമായി ഫാസിസത്തിനെതിരെ ഒത്തുകൂടി.
ഇന്ന് മോഡി തിരിച്ചുപോകുന്നതുവരെ നഗരത്തിൽ പ്രതിഷേധം തുടരുന്നതിനാണ് വിദ്യാർഥികളുടെ തീരുമാനം.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് പാർട്ടികളുടെ പ്രതിഷേധവുമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.