Web Desk

July 23, 2021, 9:32 pm

കോടികൾ വിലയുള്ള ആംബർ ഗ്രിസുമായി മൂന്നാറിൽ 5 പേർ പിടിയിൽ

Janayugom Online

മൂന്നാർ: കോടികൾ വിലമതിക്കുന്ന ആംബർഗ്രിസുമായി 5 പേർ പിടിയിലായി.
തിമിംഗലം ഛര്‍ദ്ദിക്കുന്ന അവശിഷ്ടത്തിന്റെ പേരാണ് ആംബര്‍ഗ്രിസ്. ഇരുണ്ടനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. സൗന്ദര്യനിര്‍മ്മാണ വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കും തമിഴ്‌നാട്ടിൽ നിന്നും മൂന്നാറിലെത്തിച്ച് കൈമാറ്റം ചെയ്യുന്നതിനിടയിലാണ് പ്രതികളെ വനപാലകർ പിടികൂടിയത്. തമിഴ്‌നാട് ദിന്ധുക്കൽ ജില്ല വത്തല ഗുണ്ട് സ്വദേശിയായ മുരുകൻ, രവികമാർ തേനി ജില്ല വംശനാട് സ്വദേശിയായ വേൽമുരുകൻ, പെരിയകുളം സ്വദേശി സേതു, മൂന്നാർ സെവൻമല എസ്റ്റേറ്റ് സ്വദേശിയായ സേതു എന്നിവരാണ് പിടിയിലായത്.
പഴയ മൂന്നാറിലെ ഒരു സ്വകാര്യ റിസോർട്ടിലെത്തിച്ച് കൈമാറുന്നതിനിടയിലാണ് വനപാലകർ ഇവരെ പിടികൂടിയത്. വനം വകുപ്പിലെ ഇന്റലിജൻസ് വിഭാഗത്തിന് കിട്ടിയ രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മൂന്നാർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസി കീഴിലുള്ള പെട്ടിമുടി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മൂന്നാർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഹരീന്ദ്രനാഥ് ആണ് റെയ്ഡിന് നേതൃത്വം നൽകിയത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാവൂ എന്ന് റെയിഞ്ച് ഓഫീസർ പറഞ്ഞു. ആഴ്ചകൾക്ക് മുമ്പ് തൃശൂരും മൂന്നംഗ സംഘം ആംബർ ഗ്രീസുമായി വനം വിജിലന്‍സിന്റെ പിടിയിലായിരുന്നു. ആംബർ ഗ്രീസുമായി പിടിയിലായ സംസ്ഥാനത്തെ ആദ്യത്തെ സംഭവമായിരുന്നു ഇത്.