ക്രിക്കറ്റ് വിദേശ കളി; ഐപിഎല്‍ സീസണില്‍ പതഞ്ജലി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് രാംദേവ്

Web Desk
Posted on March 15, 2018, 10:27 pm

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് രാംദേവ്. ക്രിക്കറ്റ് വിദേശ കളിയാണെന്നും അതിനാല്‍ പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ പരസ്യം ക്രിക്കറ്റ് കളിയുടെ സമയത്ത് പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നുമാണ് തങ്ങളുടെ നിലപാടെന്ന് പതഞ്ജലി ചീഫ് എക്‌സിക്യൂട്ടിവ് ബാലകൃഷ്ണ പറഞ്ഞു.
ഐപിഎല്‍ സ്‌പോര്‍ട്‌സിനെ ഉപഭോക്തൃവല്‍ക്കരിക്കുകയാണെന്നും ബഹുരാഷ്ട്ര കുത്തക കമ്പനികളാണ് ഇത് സ്‌പോണ്‍സര്‍ ചെയ്യുന്നതെന്നും ബാലകൃഷ്ണ പറഞ്ഞു. ‘ഇന്ത്യന്‍ കായിക ഇനങ്ങളായ ഗുസ്തി, കബഡി എന്നിവയ്ക്ക് മാത്രമാണ് പതഞ്ജലി പരസ്യം നല്‍കുക’. ലോകത്ത് ഏറ്റവും ലാഭകരമായ കായിക ടൂര്‍ണ്ണമെന്റുകളിലൊന്നാണ് ഐപിഎല്‍. പതഞ്ജലി അവരുടെ പരസ്യത്തിന് വേണ്ടി മാത്രം ഒരു വര്‍ഷം മാറ്റിവച്ചിട്ടുള്ള തുക 5,70,600 കോടി രൂപയാണ്. ഡിജിറ്റല്‍ ആന്‍ഡ് സോഷ്യല്‍ മീഡിയയുടെ സഹായത്തോടെയാണ് പതഞ്ജലി പ്രചരണം നടത്തുന്നത്. കഴിഞ്ഞ വര്‍ഷാരംഭത്തില്‍ നടന്ന ഗുസ്തി ലീഗിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പതഞ്ജലി ഏറ്റെടുത്തിരുന്നു. രണ്ടു വര്‍ഷം മുന്‍പത്തെ കബഡി ലോകകപ്പും പതഞ്ജലി ഏറ്റെടുത്തിരുന്നു.