രാജ്യത്ത് തന്നെ ആദ്യമായി കേരളത്തിൽ കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കർഷക ക്ഷേമനിധി ബോർഡ് നിലവിൽ വന്നു. കേന്ദ്രസർക്കാർ കർഷക വിരുദ്ധനയങ്ങളുമായി മുന്നോട്ട് പോകുമ്പോൾ കൃഷിയെയും കർഷകനെയും നിലനിർത്താനും വീണ്ടെടുക്കാനുമുള്ള മാതൃകാ പദ്ധതിയിലൂടെ അഭിമാനകരമായ ചരിത്രനേട്ടം കുറിക്കുകയാണ് സംസ്ഥാന സർക്കാർ.
കർഷക ക്ഷേമ വകുപ്പ് മന്ത്രി വി എസ് സുനിൽകുമാറാണ് വാർത്താസമ്മേളനത്തിൽ ക്ഷേമനിധി ബോർഡ് നിലവിൽ വന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പ്രവർത്തന ചട്ടങ്ങൾ അടുത്ത മന്ത്രിസഭാ യോഗം അംഗീകരിക്കുന്നതോടെ പൂർണമായും ബോർഡ് ആരംഭിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം നിറവേറുന്നതോടെ കാർഷിക മേഖലയിൽ സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും പൂർത്തിയാകുകയാണ്.
കാർഷിക സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. പി രാജേന്ദ്രൻ ബോർഡ് ചെയർമാനായും, അംഗങ്ങളായി കാർഷികോല്പാദന കമ്മിഷണർ, കൃഷിവകുപ്പ് സെക്രട്ടറി, കാർഷിക വികസന കർഷകക്ഷേമവകുപ്പ് ഡയറക്ടർ, മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ, ധനകാര്യവകുപ്പിലെയും നിയമവകുപ്പിലെയും ജോയിന്റ് സെക്രട്ടറി പദവിയിൽ താഴെയല്ലാത്ത ഓരോ ഉദ്യോഗസ്ഥർ, വിഎഫ്പിസികെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കാർഷിക സർവകലാശാല റിട്ടയേർഡ് പ്രൊഫ. ഡോ. പി ഇന്ദിരാദേവി എന്നിവർ അംഗങ്ങളായുമുള്ള ബോർഡിനാണ് ഇന്നലെ മന്ത്രിസഭ അംഗീകാരം നൽകിയത്. ബോർഡിന്റെ മെമ്പർ സെക്രട്ടറിയുടെ പൂർണ അധിക ചുമതല മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ് ഡയറക്ടർ സുബ്രഹ്മണ്യന് നൽകും. ഇവരെക്കൂടാതെ 14 കർഷക പ്രതിനിധികളും ബോർഡിന്റെ ഭാഗമായിരിക്കും.
ബോർഡിന്റെ ക്ഷേമനിധി പദ്ധതിയിൽ അംഗത്വം ലഭിക്കുന്നതിന് ഓരോ കർഷകനും നൂറു രൂപ രജിസ്ട്രേഷൻ ഫീസായി നൽകണം. രജിസ്ട്രേഷൻ ഫീസ് ബാങ്കിൽ അടച്ച ചെലാൻ സഹിതമോ 100 രൂപ വില മതിക്കുന്ന കേരള കർഷക ക്ഷേമനിധി സ്റ്റാമ്പ് പതിച്ചോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷ നൽകുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. അംഗമാകുന്നവർ മാസംതോറും അംശാദായം അടയ്ക്കണം. ആറ് മാസത്തെയോ ഒരു വർഷത്തെയോ തുക ഒന്നിച്ച് അടയ്ക്കുവാനും സൗകര്യമുണ്ട്. അംശാദായം ഓൺലൈനായും അടയ്ക്കാം. കുറഞ്ഞത് 100 രൂപയാണ് മാസം തോറും അംശാദായമായി അടയ്ക്കേണ്ടത്. 250 രൂപ വരെയുളള അംശാദായത്തിന് തുല്യമായ വിഹിതം സർക്കാർ കൂടി നിധിയിലേയ്ക്ക് അടയ്ക്കുന്നതായിരിക്കും. അതിനുമുകളിൽ എത്ര തുക വേണമെങ്കിലും കർഷകന് അംശാദായമായി അടയ്ക്കാം.
ക്ഷേമനിധിയിൽ അംഗത്വത്തിനുള്ള മാനദണ്ഡങ്ങൾ
18 നും 55 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
മൂന്ന് വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവന മാർഗമായിരിക്കണംഅഞ്ച് സെന്റ് മുതൽ 15 ഏക്കർ വരെ കൈവശം ഉള്ളവർ. ഭൂമി പാട്ടത്തിനെടുത്തവരും അർഹർ.
മറ്റു ക്ഷേമനിധികളിൽ അംഗമാകാൻ പാടില്ല
വാർഷിക വരുമാന പരിധി അഞ്ച് ലക്ഷം
ഉദ്യാനം, ഔഷധ കൃഷി, നഴ്സറി, വിളകളും ഇടവിളകളും, ഫലവൃക്ഷങ്ങൾ, പച്ചക്കറി, പുല്ല്, തീറ്റപ്പുല്ല് തുടങ്ങിയ കൃഷിക്കാർക്കും മത്സ്യം, അലങ്കാര മത്സ്യം, ചിപ്പി, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, കാട, ആട്, മുയൽ, കന്നുകാലി, പന്നി വളർത്തൽ തുടങ്ങിയവയിൽ ഏർപ്പെടുന്നവർക്കും ബോർഡിൽ അംഗത്വം ലഭിക്കും.
ക്ഷേമനിധി ആനുകൂല്യങ്ങൾ
അഞ്ച് വർഷത്തിൽ കുറയാതെ അംശാദായം അടയ്ക്കുകയും ക്ഷേമനിധിയിൽ കുടിശികയില്ലാതെ അംഗമായി തുടരുകയും 60 വയസ് പൂർത്തിയാക്കുകയും ചെയ്ത കർഷകർക്ക് ഒടുക്കിയ അംശാദായത്തിന് ആനുപാതികമായി പെൻഷൻ ലഭിക്കുന്നതാണ്
കർഷക പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് തുടർന്ന് ക്ഷേമനിധിയിൽ നിന്നും പെൻഷൻ ലഭിക്കും
കുടുംബ പെൻഷൻ: കുറഞ്ഞത് അഞ്ച് വർഷം അംശാദായം കുടിശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിനാവും ഈ പെൻഷൻ ലഭിക്കുക
അനാരോഗ്യ ആനുകൂല്യം: പെൻഷൻ തീയതിക്കു മുമ്പു തന്നെ അനാരോഗ്യം കാരണം കാർഷികവൃത്തിയിൽ തുടരാൻ കഴിയാത്തവർക്ക് 60 വയസുവരെ പ്രതിമാസം ഒരു പെൻഷൻ നൽകും. അതിനുശേഷം സാധാരണ പെൻഷനും ലഭിക്കും
അവശതാ ആനുകൂല്യം: രോഗം മൂലമോ അപകടം മൂലമോ ശാരീരിക അവശതയുണ്ടാകുന്നവർക്ക് ഈ ആനുകൂല്യം നൽകും
ചികിത്സാ സഹായം: ബോർഡ് തീരുമാനിക്കുന്ന ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയിൽ അംഗങ്ങൾ ചേരേണ്ടതാണ്. ബോർഡ് നിശ്ചയിക്കുന്ന ഇൻഷുറൻസ് പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കുവാൻ അർഹതയില്ലാത്ത സാഹചര്യത്തിൽ അത്തരം അംഗങ്ങൾക്ക് പ്രത്യേക സഹായധനം നൽകും
വിവാഹ‑പ്രസവാനുകൂല്യം: ക്ഷേമനിധിയിൽ അംഗങ്ങളാകുന്ന വനിതകളുടെയും, അംഗങ്ങളുടെ പെൺമക്കളുടെയും വിവാഹത്തിനും ആനുകൂല്യം നൽകും. അംഗങ്ങളായ വനിതകളുടെ പ്രസവത്തിന് രണ്ട് തവണ പ്രസവാനുകൂല്യ ധനസഹായം നൽകും.
വിദ്യാഭ്യാസ ധനസഹായം: ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് അംഗീകൃത സർവകലാശാലകളിലെ പഠനത്തിന് ആനുകൂല്യം നൽകും
മരണാനന്തര ആനുകൂല്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.