July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

ഗോഡ്സെയുടെ ദേശഭക്തിയും സംഘപരിവാരത്തിന്റ ഇരട്ടമുഖവും

Janayugom Webdesk
December 8, 2019

ടി കെ സുധീഷ്

ഭോപ്പാലിൽ നിന്നുള്ള ബിജെപിയുടെ ലോകസഭാംഗം പ്രഗ്യാസിങ്ങ് ഗാന്ധിഘാതകൻ ഗോഡ്സെയെ വാഴ്ത്തി വീണ്ടും രംഗത്തുവന്നിരിക്കുകയാണ്. എസ്‌പിജി ഭേദഗതി ബില്ലിന്മേൽ 27-ാം തിയ്യതി ലോകസഭയിൽ നടന്ന ചർച്ചയ്ക്കിടെയാണ് അവർ ഗോഡ്സെയെ രാജ്യസ്നേഹിയായി വാഴ്ത്തിയിരിക്കുന്നത്. ശക്തമായ പ്രതിപക്ഷവിമർശനത്തിന്റെ പശ്ചാത്തലത്തിൽ വിവാദപരാമർശം സഭാരേഖയിൽനിന്നും നീക്കം ചെയ്യുമെന്ന് സ്പീക്കർ ഓംബിർള ഉറപ്പുനൽകിയിട്ടുണ്ട്. എന്നുമാത്രമല്ല, ദേശീയ മാദ്ധ്യമങ്ങളിൽ വിവാദപരാമർശം ചർച്ചയായതോടെ നാണക്കേടിൽ നിന്നും തലയൂരുന്നതിന് തത്ക്കാലം അവർക്കെതിരെ എന്തെങ്കിലും നടപടിയെടുത്തേ തീരുവെന്ന സ്ഥിതി വന്നിരിക്കുകയാണ്. ഇതെഴുതുന്ന സന്ദർഭത്തിൽ പ്രതിരോധമന്ത്രാലയത്തിന്റെ ഉപദേശകസമിതിയിൽനിന്നും ഈ തീവ്രവാദിനേതാവിനെ നീക്കം ചെയ്ത് മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ബിജെപി നേതൃത്വം.

വിവാദ മാലേഗാവ് സ്ഫോടനക്കേസിൽ ഉൾപ്പെട്ട പ്രഗ്യാസിങ്ങ് ഇതാദ്യമായിട്ടല്ല ഗാന്ധിജിയെ ഇകഴ്ത്തിയും ഗോഡ്സെയെ പുകഴ്ത്തിയും പ്രസ്താവന നടത്തുന്നത്. ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് വേളയിൽ അവർ നടത്തിയ ഗോഡ്സെ പ്രേമം വിവാദമായിരുന്നു. നരേന്ദ്രമോദി മുഖം രക്ഷിക്കാൻ തത്ക്കാലം തള്ളിപ്പറഞ്ഞെങ്കിലും അവർ അവരുടെ നിലപാടിൽ മാറ്റം വരുത്താത്തതിന്റെ തെളിവാണ് ലോകസഭയിലെ ആവർത്തനത്തിലൂടെ കാണുന്നത്. പ്രഗ്യാസിങ്ങിനെ പിന്തുണച്ച് അന്നും നിരവധി നേതാക്കൾ രഹസ്യമായും പരസ്യമായും രംഗത്തുവന്നിരുന്നു. പ്രഹ്ളാദ്ജോഷിയെപ്പോലുള്ള തീവ്രവാദനേതാക്കൾ അവരെ പിന്തുണച്ചവരിൽപ്പെടുന്നു. മാലേഗാവ് ബോംബ് സ്ഫോടനകേസിൽ ഇവർക്കെതിരെ ചുമത്തിയിരുന്ന ദേശദ്രോഹപരമായ വകുപ്പുകൾ ദേശീയഅന്വേഷണഏജൻസി പിൻവലിച്ചതിനെ തുടർന്ന് ബോംബെ ഹൈക്കോടതി നൽകിയ ജാമ്യത്തിലാണ് അവർ പുറത്തിറങ്ങിയത്.

തീവ്രവാദ സ്വഭാവമുള്ള കേസിൽ പെട്ട ഒരാളെ സ്ഥാനാർത്ഥിയാക്കിയ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ നടപടി കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വലിയതോതിലുള്ള വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇപ്പോഴും അവർക്കെതിരെ യുഎപിഎ കേസുകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ മോദി ഗവൺമെന്റ് അധികാരത്തിലേറി ഈയിടെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ പുനഃസംഘടിക്കപ്പെട്ട പാർലമെന്ററി ഉപദേശകസമിതിയിൽ അവരെ അംഗമാക്കി ദേശസ്നേഹത്തിന്റെ പൊള്ളത്തരം എന്താണെന്ന് തുറന്നുകാട്ടിയിരിക്കുകയാണ്. പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ട നയപരവും തന്ത്രപ്രധാനവുമായ വിഷയങ്ങളിൽ ഉപദേശം നൽകുന്നതിനുള്ള ഒരു സമിതിയാണിത്. രാജ്നാഥ്സിങ്ങ് ചെയർമാനും ഫറൂഖ് അബ്ദുള്ളയും ശരത് പവാറും പോലെ ഉന്നതനേതാക്കൾ അംഗങ്ങളായിട്ടുള്ള സമിതിയിൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ട തീവ്രവാദകേസുകളിൽ പ്രതിചേർക്കപ്പെട്ട, ദേശദ്രോഹത്തിന്റെ കരിനിഴലിൽപ്പെട്ട ഒരാളെ അംഗമാക്കിയത് നാടിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.

പ്രഗ്യാസിങ്ങിന്റെ പ്രസ്താവന സാങ്കേതികമായി സഭാരേഖയിൽനിന്നും നീക്കം ചെയ്യുന്നുണ്ടെങ്കിലും ബി. ജെ. പിയും സംഘപരിവാറും ഗൂഢമായി അംഗീകരിച്ചിട്ടുള്ള നിലപാടാണ് പ്രഗ്യാസിങ്ങ് പരസ്യമായി പറയുന്നത്. പ്രഗ്യാസിങ്ങ് ഇക്കാര്യത്തിൽ പുലർത്തുന്ന സത്യസന്ധതയെ അംഗീകരിക്കാതെ നിർവാഹമില്ല. ഗോഡ്സെയും തന്റെ നിലപാടിൽ, തൂക്കിക്കൊല്ലന്നതുവരെയും ഉറച്ചുനിന്നയാളായിരുന്നു. എന്നാൽ മിക്കവാറും സംഘപരിവാർ നേതാക്കൾ മറ്റേതൊരു ഫാസിസ്റ്റ് നേതാക്കളെയുംപോലെ ഇരട്ട വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിൽ വൈദഗ്ദ്ധ്യം കാണിക്കുന്നവരാണ്. ആ ഒരു മിടുക്ക് പ്രഗ്യാസിങ്ങിനും ഗോഡ്സെയ്ക്കും ഇല്ലെന്നുവേണം കരുതാൻ. ഗാന്ധിജിയെ ഇന്ത്യയുടെ ദേശീയ ചിന്താമണ്ഡലത്തിൽനിന്നും പുറത്താക്കാൻ എളുപ്പമല്ലായെന്നുള്ള തിരിച്ചറിവുള്ളതുകൊണ്ടാണ് സംഘപരിവാരശക്തികൾ ഇപ്പോൾ പത്തിമടക്കിയിരിക്കുന്നത്.

തങ്ങളുടെ പ്രത്യയശാസ്ത്രത്തിന് കൂടുതൽ സ്വീകാര്യത കൈവരുന്ന ഒരു സാമൂഹ്യാന്തരീക്ഷത്തിൽ ഗാന്ധിജിയെ ചവറ്റുകുട്ടയിലെറിയാൻ അവർ അമാന്തം കാണിക്കില്ല. പതുക്കെ പതുക്കെ ഗാന്ധിഘാതകരെ വെള്ള പൂശിയെടുക്കുന്നതിന് അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഗാന്ധിയെ മാറ്റി തൽസ്ഥാനത്ത് സവർക്കറെ പ്രതിഷ്ഠിക്കാൻ ശ്രമമാരംഭിച്ചിട്ട് കാലം ഏറെയായി. ഗാന്ധിജിയെ വെടിവെച്ചുകൊന്ന കേസിലെ ഏഴാംപ്രതിയായ സവർക്കറുടെ പേരിലാണ് ആന്തമാനിലെ പോർട്ട്ബ്ലെയർ വിമാനത്താവളം ഇന്നറിയപ്പെടുന്നത്. വാജ്പേയ് സർക്കാരാണ് സവർക്കറുടെ നാമകരണം നടത്തിയത്. പാർലിമെന്റിലെ സെന്റർഹാളിൽ ഗാന്ധിജിക്ക് അഭിമുഖമായി ഗാന്ധിവധത്തിലെ പ്രതിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്യപ്പെട്ടുകഴിഞ്ഞു. ഗാന്ധിഘാതകർ വലിയ എതിർപ്പൊന്നുമില്ലാതെ പാർലിമെന്റിനകത്തേയ്ക്ക് കയറിപ്പറ്റിക്കഴിഞ്ഞിരിക്കുകയാണ്. എന്നുമാത്രമല്ല പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരതരത്ന നൽകണമെന്ന ആവശ്യം സംഘപരിവാർ ഉന്നയിച്ചുകഴിഞ്ഞു.

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് വേളയിൽ അവരുടെ പ്രകടനപത്രികയിലൂടെ ഈ ആവശ്യം ഉന്നയിച്ചത് പത്രങ്ങളുടെ പ്രധാനവാർത്തയായിരുന്നു. ഇരട്ട വ്യക്തിത്വത്തിന്റെ ഉത്തമ ഉദാഹരണമാണ് വീരസവർക്കർ എന്ന വിനായക്ദാമോദരസവർക്കർ. സ്വന്തം പേരിനോട് “വീര’ എന്നു ചേർത്ത സവർക്കരുടെ ജീവിതം ഉടനീളം ഒത്തുതീർപ്പുകളുടെയും ഭീരുത്വത്തിന്റെയും നാണംകെട്ട കഥകൾ നിറഞ്ഞതാണ്. ക്ലാസിക്കൽ ഫാസിസ്റ്റായ ഹിറ്റ്ലർ ഇരട്ടവ്യക്തിത്വം തന്മയത്വത്തോടെ പ്രദർശിപ്പിച്ചിരുന്നയാളായിരുന്നു. ഓഷ്വിറ്റ്സിലെ കോൺസൻട്രേഷൻ ക്യാമ്പിൽ അറുപത്ലക്ഷം ജൂതരെ കൊന്നു തള്ളുമ്പോൾ അതിൽ പകുതിയിലേറെ കുട്ടികളും സ്ത്രീകളുമായിരുന്നു. അവരോട് ഒരുതരത്തിലുമുള്ള ദയാവായ്പും കാണിക്കരുതെന്ന് കൂട്ടക്കുരുതിക്ക് നേതൃത്വം നൽകിയ അഡോൾഫ്ഐക്മാനോട് നിർദ്ദേശം നൽകിയിരുന്നു. കാരണം ജൂതരെ വേരോടെ പിഴുതെറിയുന്നതിനും കുഞ്ഞുങ്ങളെ ബാക്കിവെയ്ക്കാൻ പാടില്ലല്ലോ.

എന്നാൽ പൊതുവേദികളിൽ കുട്ടികളോട് വലിയ സ്നേഹം കാണിക്കുന്ന ഹിറ്റ്ലറുടെ ഇരട്ടമുഖം ജർമ്മൻകാർ തിരിച്ചറിഞ്ഞത് വൈകിയായിരുന്നു. സവർക്കർക്കെതിരെ വധശിക്ഷ ആരോപിക്കപ്പെട്ട മൂന്നുകേസുകളിലും അദ്ദേഹം സ്വയം തോക്കെടുത്തിട്ടില്ല. അദ്ദേഹത്തിന്റെ ചട്ടുകങ്ങളായി മറ്റുള്ളവർ പ്രവർത്തിക്കുകയായിരുന്നു. ലണ്ടനിലെ ഇന്ത്യാ ഓഫീസിൽവെച്ച് കേണൽ വില്യംകഴ്സൺവൈലിയെ വെടിവെച്ചുകൊന്നത് സവർക്കറുടെ ശിഷ്യൻ മദൻലാൽ ദിൻഗ്രയാണ്. ഈ കേസിൽ തെളിവില്ലാത്തതിനാൽ സവർക്കർ രക്ഷപ്പെട്ടു. നാസിക് ജില്ലാ മജിസ്ട്രേറ്റ് എ എം ടി ജാക്സണെ കൊന്ന കേസിൽ സവർക്കറെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്തുവെങ്കിലും അദ്ദേഹം ഇന്ത്യയിലേയ്ക്കുള്ള യാത്രയിൽ എസ് എസ് മോറിയ എന്ന കപ്പലിൽ നിന്നും ചാടി രക്ഷപ്പെട്ടു.

എന്നാൽ പിന്നീട് അറസ്റ്റുചെയ്യപ്പെട്ട സവർക്കറെ ആന്തമാനിലെ സെല്ലുലാർ ജയിലിൽ അടച്ചു. ബ്രിട്ടീഷ് അധികാരികളോട് തുടർച്ചയായി നടത്തിയ മാപ്പപേക്ഷയ്ക്കു ശേഷം ജയിൽമോചിതനായ അദ്ദേഹം രത്നഗിരി ജില്ലയിലാണ് താമസിച്ചത്. സവർക്കറുടെ ഹിന്ദുത്വപ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടനായ ഗോഡ്സെ സവർക്കറുടെ അന്ധനായ അനുയായി ആയിരുന്നു. ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന് വിഘാതം സൃഷ്ടിക്കുന്ന ഗാന്ധിജിയെ വകവരുത്താൻ തയ്യാറായ ഗോഡ്സെയുടെ പിന്നിലെ പ്രേരകശക്തി സവർക്കറാണ്. ഗാന്ധിജി ജീവിച്ചിരിക്കുന്ന ഇന്ത്യയിൽ തങ്ങളുടെ ഹിന്ദുത്വപദ്ധതി വിജയിക്കില്ലെന്ന് അവർ മനസ്സിലാക്കിയിരുന്നു. ഗാന്ധി കൊല്ലപ്പെട്ട, ഗോഡ്സെയുടെ അവസാന ഉദ്യമത്തിന് മുൻപ് സവർക്കറുടെ അനുഗ്രഹം വാങ്ങുന്നതിന് അദ്ദേഹത്തിന്റെ ബോംബെയിലെ ശിവാജി പാർക്കിനടുത്തുള്ള വീട്ടിൽ പോയതിന്റെ ദൃക്സാക്ഷി അനുഭവം ഈ കേസിൽ മാപ്പുസാക്ഷിയായി മാറിയ ബാഡ്ജെ കോടതിയിൽ തെളിവായി നൽകിയിട്ടുണ്ട്.

1948 ജനുവരി 17-ാം തിയ്യതി നടന്ന ആ കൂടിക്കാഴ്ചയിൽ സവർക്കർ ഗോഡ്സെയ്ക്കും ആപ്തെയ്ക്കും ‘വിജയിച്ച് തിരിച്ചുവരൂ’ എന്ന ആശംസയാണ് നേരുന്നത്. ഗാന്ധി വധക്കേസിൽ ഏഴാം പ്രതിയാക്കപ്പെട്ട സവർക്കർ മതിയായ തെളിവില്ലാത്തതിനാലാണ് ശിക്ഷയിൽനിന്ന് ഒഴിവാക്കപ്പെട്ടത്. ഇതിൽ ഏറ്റവും കൗതുകകരമായ കാര്യം ഈ കേസിന്റെ വിചാരണവേളയിൽ സവർക്കർ ഗോഡ്സെയെ ബോധപൂർവ്വം അവഗണിച്ചു. തികഞ്ഞ അപരിചിതത്വം നടിച്ചു. ഇത് ഗോഡ്സെയെ അങ്ങേയറ്റം ദുഃഖിപ്പിച്ചിരുന്നു. ഗോപാൽഗോഡ്സെയുടെ അഭിഭാഷകനായിരുന്ന പി എൻ ഇനാംദാർ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. (ഏ ജി നുറാനി). പ്രധാനമന്ത്രി നരേന്ദ്രമോദിയും ഹിപ്പോക്രസിയുടെയും ഇരട്ടവ്യക്തിത്വത്തിന്റെയും ഉത്തമ ഉദാഹരണമാണെന്ന് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രകടനങ്ങൾ പരിശോധിച്ചാൽ ബോദ്ധ്യപ്പെടും. മഹാരാഷ്ട്രയിലെ രാഷ്ട്രീയനാടകത്തിൽ സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട് നാണംകെട്ട് നിൽക്കുന്ന സന്ദർഭത്തിൽപ്പോലും മോദി ഭരണഘടനയെ പിടിച്ച് ആണയിടുന്ന കാഴ്ച ലോകസഭയിൽ കൗതുകകരമായ കാഴ്ചയായിരുന്നു.

ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ കേന്ദ്രഗവൺമെന്റ് സ്വീകരിക്കുന്ന ആത്മാർത്ഥത കണ്ട് ഭരണഘടനാശില്പി അംബേദ്കർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ അങ്ങേയറ്റം സന്തോഷിച്ചേനെയെന്ന് മോദി ഭരണഘടനാദിനത്തിൽ തട്ടിവിട്ടത് നാം ഞെട്ടലോടെയാണ് ശ്രവിച്ചത്. കാപട്യത്തിന്റെ ഉത്തുംഗശൃംഗത്തിൽ കയറിയ മോദിയെ കണ്ട് ക്ലാസിക് ഫാസിസ്റ്റ് നേതാക്കൾ പോലും നാണിച്ചുപോകും. തീർച്ചയായും സ്വന്തം നിലപാട് തുറന്നുപറയാൻ ആർജ്ജവം കാണിച്ച പ്രഗ്യാസിങ്ങും ഗോഡ്സെയും ഹിന്ദുത്വ പ്രത്യയശാസ്ത്ര നേതാക്കളുടെ കാപട്യത്തിന് മുന്നിൽ ഒന്നുമല്ലായെന്നുള്ളതാണ് ശരിയായ വസ്തുത. പ്രഗ്യാസിങ്ങിനെതിരെ ഒരു ലഘു നടപടി സ്വീകരിച്ച് ബിജെപി തത്കാലം മുഖം രക്ഷിച്ചെങ്കിലും ഗോഡ്സെയ്ക്ക് സാമൂഹ്യമായ സ്വീകാര്യത കൈവരുന്ന സാഹചര്യത്തിന് വേണ്ടി കാത്തിരിക്കുകയാണ്. അതുവരേയ്ക്കും ബിജെപിയും അതിന്റെ ബുദ്ധിയുള്ള നേതാക്കളും ഈ ഇരട്ട മുഖം പ്രദർശിപ്പിച്ചുകൊണ്ടിരിക്കും. പക്ഷെ പ്രഗ്യാ സിങ്ങിന് അത് വേണ്ടത്ര മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.