Friday
19 Apr 2019

ചാതുര്‍വര്‍ണ്യ വ്യവസ്ഥക്ക് മരണമണിചാതുര്‍വര്‍ണ്യ വ്യവസ്ഥക്ക് മരണമണി

By: Web Desk | Wednesday 11 October 2017 1:16 AM IST


പ്രൊഫ.ആദിനാട് ഗോപി

നമ്മുടെ വാര്‍ത്താമാധ്യമ (മധ്യമ)ങ്ങളില്‍ വായനക്കാരനും വീക്ഷണക്കാരനും സന്തോഷിക്കാനുള്ള വിവരങ്ങള്‍ അപൂര്‍വ്വമായേ ഉണ്ടാകാറുള്ളൂ. അത്തരം ഒരു അപൂര്‍വ്വത സംഭവിച്ചിരിക്കുന്നു. ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള കൊരട്ടിയിലെ പട്ടികജാതിക്കാരന്‍ യദുകൃഷ്ണന്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ഒരു ക്ഷേത്രത്തില്‍ മുഖ്യശാന്തിക്കാരന്‍ ആയിരിക്കുന്നു. ദേവസ്വംബോര്‍ഡിന്റെ ശാന്തിതിരഞ്ഞെടുപ്പില്‍ നാലാം റാങ്ക് യദുകൃഷ്ണന്‍ നേടി, ആ പദവി ഉറപ്പിച്ചു. ആ പദവി കിട്ടാന്‍ ഉള്ള ഒരു കാരണം ഈ യുവാവ് എം എ സംസ്‌കൃത ബിരുദപഠനം നടത്തുന്നയാളാണ്. ഇത് ഒരു മാറ്റത്തിന്റെ ശംഖനാദം ആകണമേ എന്നാണ് നമ്മുടെ, ഇന്ത്യയിലെ ഉത്പതിഷ്ണുക്കളുടെ ആഗ്രഹം. ആരുടെയും ദേഹത്തെ പൂണൂല്‍ തിരയേണ്ടല്ലോ. അത് ചോറ്റുചരടാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഊട്ടുപുരയിലെ മുന്‍ഗണനാക്രമത്തിന്റെ പൊട്ടാത്ത അടയാളം, യദുകൃഷ്ണന്‍ അത് പൊട്ടിച്ചെറിഞ്ഞിരിക്കുന്നു. ”ഞങ്ങളെപ്പൊക്കുക കൂരിരുട്ടിന്‍ കോട്ട- യെങ്ങും ചവിട്ടി നിരത്തുവാനും തങ്ങളില്‍ കൈകോര്‍ത്തു മോക്ഷസുഖാബ്ധിയില്‍മുങ്ങിക്കുളിച്ചു പുളയ്ക്കുവാനും” – ഈ പ്രാര്‍ത്ഥന സഫലം.മേലില്‍ ഇങ്ങനെ ആര്‍ക്കും പ്രാര്‍ത്ഥിക്കേണ്ടിവരില്ലെന്നാണ് 6-ദളിതര്‍ ഉള്‍പ്പെടെ 36 അബ്രാഹ്മണരുടെ നിയമനവാര്‍ത്ത നല്‍കുന്ന സന്ദേശം.ബ്രാഹ്മണ്യമെന്ന ശാപം ഭാരതത്തിന്റെ തലയില്‍ എങ്ങനെ തെറിച്ചു വീണു? ചരിത്രം കണ്ണടച്ചുകളഞ്ഞനാളുകളിലേക്ക് നമുക്കൊന്നു തിരിച്ചു പോകാം. സംസ്‌കൃതത്തില്‍ ‘ജ്ഞാനം’ എന്നര്‍ത്ഥമുള്ള വിദ് ധാതുവില്‍ നിന്നുണ്ടായതാണ് വേദം എന്ന പദം. അറിവ് എന്ന അര്‍ത്ഥമേ അതിനുള്ളൂ. അത് ചീത്തതാണോ? കണ്ടാലറിഞ്ഞില്ലെങ്കില്‍ കൊണ്ടാലറിയേണ്ടിവരില്ലേ. പഠിപ്പ് എല്ലാവരുടെയും മൗലികാവകാശമാണെന്ന് വേദത്തിന്റെ പദനിഷ്പത്തിയില്‍ നിന്ന് മനസ്സിലാക്കാമെന്നിരിക്കെ പഠിച്ചറിയാന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ വേലികെട്ടണോ? വേദത്തിന് രണ്ടു വശങ്ങളുണ്ട് ഒന്ന് ആദ്ധ്യാത്മികം, പിന്നത്തേത് ലൗകികം. പുരാണകഥാ നിഘണ്ടുകാരന്‍ ക്രിസ്ത്യാനിയായി കരുതപ്പെടുന്ന വെട്ടം മാണി പറയുന്നത് വേദത്തിന്റെ നേരേ കാണുന്ന അര്‍ത്ഥം ‘ഭൗതികം’ ആണ് എന്നാണ്. അതില്‍ ഈ നഞ്ച് ആര് ഒഴിപ്പിച്ചു? സംഗീതപാഠങ്ങളുടെ നല്ലൊരു ഗ്രന്ഥമാണ് സാമവേദം. അതെല്ലാം ബ്രാഹ്മണന്‍ എന്തിന് തന്റെ തലയില്‍ ചുമന്നു? പഠിക്കാനും അറിയാനും ഉള്ള അവകാശത്തെ തന്റെ സ്വന്തമാക്കാന്‍ ബ്രാഹ്മണന്‍ എന്തിന് മുതിര്‍ന്നു?ബ്രാഹ്മണന് പല പേരുകള്‍ ഉണ്ട് ഭൂസുരന്‍, അഗ്രജന്മാവ്, ദ്വിജാതി, ഭൂ ദേവന്‍, ബാഡവന്‍, വിപ്രന്‍ ഇവയാണ് ആ പേരുകള്‍. ഇവയില്‍ ബ്രാഹ്മണന് ഇടിവ് പറ്റിയത് ദ്വിജന്‍ എന്ന പേരു മൂലമാണ്. മുട്ടയിടുന്നവയ്‌ക്കെല്ലാം രണ്ടു ജന്മങ്ങള്‍ ഉണ്ട്. ബ്രാഹ്മണന് മുട്ടയിടാന്‍ കഴിയില്ലല്ലോ. അതിനു പകരം പൂണൂല്‍ ആകട്ടെ എന്ന് ഏതോ മിടുക്കന്‍ ബ്രാഹ്മണന്‍ തീര്‍ച്ചയാക്കി. ഈ പൂണൂലാണ് (പൂണ്‍-നൂല്‍-പൂണ്‍+ണൂല്‍-പൂണ്ണൂല്‍-പൂണൂല്‍) ബ്രാഹ്മണനെ ചീത്തയാക്കിയത്. ചാതുര്‍വര്‍ണ്ണ്യം മയാസൃഷ്ടം ഗുണകര്‍മ്മവിഭാഗശ:ഗുണം അതായത് യോഗ്യത (ക്വാളിറ്റി), ചെയ്യുന്ന തൊഴില്‍ ഇവയനുസരിച്ചുണ്ടായ നാലുവര്‍ണ്ണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ബ്രാഹ്മണന്‍, നിറം നോക്കിയാലും മുന്നില്‍ ബ്രാഹ്മണനാണ് സ്ഥാനം. ഭഗവദ്ഗീതയിലെ ഒരു പദം പോലും ചുരണ്ടിമാറ്റി ആരും വ്യാഖ്യാനിക്കേണ്ടതില്ല.ഗീതാ ശ്ലോകങ്ങള്‍ ”പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ.”എന്ന മട്ടാണ്. മഷിയിട്ടുനോക്കിയാലും ഒരു തെറ്റും ഭഗവദ്ഗീതയില്‍ ഉണ്ടാവില്ല. പുരാണങ്ങളിലെ വ്യാഖ്യാനങ്ങളാണ് ചാതുര്‍വര്‍ണ്ണ്യം മയാസൃഷ്ടം എന്നു തുടങ്ങുന്ന ശ്ലോകാര്‍ദ്ധത്തെ കുഴപ്പത്തിലാക്കിയത്. എല്ലാവരും കൂടി എന്നും എവിടെയും എല്ലാം ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ രാജ്യപാലനം ശരിയാകുമോ? യോഗ്യതയനുസരിച്ച് ഓരോ സമൂഹത്തെ ഓരോരോ കര്‍മ്മങ്ങള്‍ക്ക് നിയോഗിക്കുന്നു. വൈദ്യുതിജീവനക്കാരനായ ഒരു ഉന്നതോദ്യോഗസ്ഥനെ അയാള്‍ക്ക് പരിചയമില്ലാത്ത ഏലായില്‍ കാളയോടൊപ്പം മണ്ണ് ഉഴുതുമറിക്കാന്‍ നിയോഗിക്കുമോ? പ്രസവം ആണുങ്ങളുടെ പ്രകൃതിധര്‍മ്മമല്ലല്ലോ. ചാതുര്‍വര്‍ണ്ണ്യവിഭജനത്തെക്കുറിച്ചും അങ്ങനെ വിചാരിച്ചാല്‍ മതി. ഐഎഫ്എസ് (ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, ഇന്ത്യന്‍ ഫോറസ്റ്റ്രി സര്‍വീസ്) ഐഎഎസ്, ഐപിഎസ് മുതല്‍ തൂപ്പു ജോലിക്കാര്‍ വരെയുള്ളവരെ സര്‍ക്കാര്‍ നിയമിക്കുന്നത് യോഗ്യതകളുടെ അടിസ്ഥാനത്തിലാണ്. ക്ഷത്രിയന്റെ ധര്‍മ്മം പ്രധാനമായി പ്രജാപരിപാലനവും, ദാനം, വേദാദ്ധ്യയനം വിഷയ വിരക്തി ഇവയാണ്. വിഷയവിരക്തിയെന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ക്ഷത്രിയനും ഒടുവില്‍ നിസ്സംഗനായി വാനപ്രസ്ഥമോ സന്ന്യാസമോ സ്വീകരിക്കണമെന്നായിരിക്കും. അടുത്ത് താഴത്തെ വിഭാഗം വൈശ്യസമൂഹം ആണ്. കച്ചവടം, കൃഷി ഇവ പ്രധാനജീവനോപാധിയാക്കിയവരാണിവര്‍. കൂടാതെ പശുപരിപാലനവും ഇവരുടെ തൊഴിലായിരുന്നു. ഇന്നും ഈ വിഭാഗവും ലോകത്തെല്ലായിടവും ഉണ്ടല്ലോ. ചാതുര്‍വര്‍ണ്ണ്യത്തിലെ കീഴറ്റത്തുള്ള സമൂഹം ശൂദ്രരുടേതാണ്. ജ്ഞാനമില്ലാതെ ഖേദിക്കുന്നവന്‍ എന്നാണ് (അതായത് പഠിക്കാന്‍ അനുവദിക്കപ്പെടാത്തവന്‍) ആ വാക്കിന്റെ അര്‍ത്ഥം. സത്ത്വവിശുദ്ധിയും സ്‌നേഹവും തേജസ്സും  ഉത്തമ ജാതിയിലെന്നപോലെ അന്ത്യജന്മാരിലും കാണുമല്ലോയങ്ങേ- യ്‌ക്കെന്തേയിവര്‍ തമ്മില്‍ ഭേദമുള്ളൂ?ദുരവസ്ഥയിലെ സാവിത്രി അന്തര്‍ജ്ജനത്തിന്റെ ഈ വാക്കുകള്‍ കുറിക്കു കൊള്ളുന്നതാണ്. (മൂന്നാം വരിയില്‍ എന്തോ വ്യത്യാസം ഉണ്ട് മാറ്റം സ്വന്തം) പറച്ചിപെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടുപേരും വിഭിന്നജാതിയില്‍പ്പെട്ടവരാണെന്ന് പ്രസിദ്ധം. പക്ഷേ ഗര്‍ഭപാത്രത്തിനകത്ത് ജാതിഭേദം ഉണ്ടായിരുന്നില്ല എന്നല്ലേ ആ പന്തിരുകുലത്തില്‍ നിന്ന് മനസ്സിലാക്കുന്നത്? ബ്രാഹ്മണന്‍ മുതല്‍ 12 ജാതി ശിശുക്കളെയും ഓരോരുത്തര്‍ എടുത്തുവളര്‍ത്തി. ആരും ജാതിയേതെന്ന് അന്വേഷിച്ചില്ല. അവരാരെല്ലാമെന്ന് വ്യക്തമാക്കുന്ന ഒരു പദ്യം ഉണ്ട്. മേഴത്തോളഗ്നിഹോത്രീ, രജക,നുളിയന്നൂര്‍ത്തച്ചനും പിന്നെ വള്ളോന്‍,വായില്ലാക്കുന്നിലപ്പന്‍, വടുതലമരുവും നായര്‍, കാരയ്ക്കല്‍ മാതാചെമ്മേകേളുപ്പുകൂറ്റന്‍, പെരിയതിരുവരക്കത്തെഴും പാണനാരും നേരേനാരായണഭ്രാന്തനുമുടനകവൂര്‍  ചാത്തനും പാക്കനാരും.ബ്രാഹ്മണനെക്കുറിച്ച് ആരെല്ലാമോ ഒക്കെച്ചേര്‍ന്നോ ഒറ്റയ്ക്കായോ എടുത്ത ഒരു മുന്‍വിധിയാണ് ബ്രാഹ്മണന്‍ എന്ന വാക്കിനെ ചീത്തയാക്കിയത്. അതിലൂടെ ഒരു സമുദായത്തെയും. ഈ വിശ്വത്തിനാകെ നന്മചെയ്യുന്നതിനു വേണ്ടി ബ്രഹ്മജ്ഞാനസ്വരൂപമായ ബ്രഹ്മത്തില്‍ത്തന്നെ സ്ഥിതിചെയ്തുകൊണ്ട്, വേണ്ടാത്ത എല്ലാ വിശ്വാസങ്ങളെയും ആ ജ്ഞാനാഗ്നികൊണ്ട് എരിച്ച് ചാമ്പലാക്കിയിട്ട് വിധ്യനുസാരം കര്‍മ്മങ്ങള്‍ ചെയ്യുന്നവനാരോ അവനാണ് ബ്രാഹ്മണന്‍. ഈ ബ്രാഹ്മണനാണോ ഊട്ടുപുരയിലെ ബ്രാഹ്മണന്‍? ഈ ബ്രാഹ്മണനാണോ വഴിയിലൂടെ നടന്നുപോകുമ്പോള്‍ കീഴാളനെ മുമ്പേനടത്തി ‘ഹോയ് ഹോയ്!’ എന്നലറി കീഴ്ജാതിക്കാരായ ഒരു കൂട്ടരെക്കണ്ട് അവരെ വഴിമാറ്റിനിര്‍ത്തുന്നത്? നായര്‍ തറവാടുകളില്‍ നിന്നും മറ്റും തരം പോലെ വേളിയും സംബന്ധവും കൂടുന്നത്? അക്ഷരം പഠിക്കാതിരിക്കാന്‍ ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കുന്നത്? ബ്രാഹ്മണനെ സംബന്ധിച്ച അപരാധം മുഴുവന്‍ ഉണ്ടാക്കിയത് അയാളുടെ പൂണൂലാണ്. പൂണൂല്‍ ശരീരത്തില്‍ കെട്ടിയിടുന്ന ഉപനയനം എന്ന വാക്കിന്റെ അര്‍ത്ഥത്തെക്കുറിച്ചുണ്ടായ തെറ്റിദ്ധാരണ. വിദ്യാഭ്യാസത്തിനായി ബ്രാഹ്മണ ബാലനെ ഗുരുവിന്റെ അടുത്തേക്ക് കൊണ്ടു പോകുക എന്നാണ് ആ ‘ഉപനയന’ ത്തിന് അര്‍ത്ഥം. പഠിക്കാന്‍ പോകുന്നത് തെറ്റാണോ? അതിന് പൂണുനൂല്‍ എന്തിന്? പത്തു മൂവായിരം വിദ്യാര്‍ത്ഥികള്‍ വീതം പഠിക്കുന്ന വിദ്യാലയങ്ങള്‍ ഇന്ന് ഇന്ത്യയിലെവിടെയും ഉണ്ട്. സ്‌കൂളും കോളജുമറിയാന്‍ ഒരു വേള വിദ്യാര്‍ത്ഥിക്ക് ഉടുപ്പിനു മേല്‍ ഏതെങ്കിലും ഒരടയാളത്തിന്റെ ആവശ്യം വരാം. അന്യവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ശബ്ദമുണ്ടാക്കാന്‍ വന്നാല്‍ അറിയേണ്ടേ? പണ്ട് അങ്ങനെ ഉണ്ടായിരുന്നോ?   അതാണ് പൂണുനൂലാണ് കുഴപ്പക്കാരനായത് എന്ന് പുരോഗാമികള്‍ പറയുന്നത്. നല്ല നമ്പൂതിരിമാരില്‍ത്തന്നെ അങ്ങനെ പറഞ്ഞ പലരുമുണ്ട്. സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെ പ്രസ്താവന ഇങ്ങനെയാണ്. കൊടിയദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍ തലകുനിയ്ക്കാത്ത ശീലമെന്‍ യൗവനം വഴിമുടക്കുന്നമാമൂല്‍ത്തലകളെ പിഴുതെടുക്കുന്ന ശീലമെന്‍ യൗവനം മഹാകവി ഉള്ളൂര്‍ മതരഹസ്യം പ്രഖ്യാപിച്ചത് ഇപ്രകാരമാണ്.- ആത്മാവിലാത്മാവിരിപ്പതുകാണുവിന്‍! ആത്മാവാലാത്മാവുയര്‍ത്തീടുവിന്‍! അന്യമെന്തുള്ളൂ മതരഹസ്യം?ആശാന്‍ ശ്രീനാരായണ ഗുരുവിന്റെ കളരിയില്‍ പഠിച്ച വത്സലശിഷ്യന്‍ ആയുത കൊണ്ടാണ് ദുരവസ്ഥയും ചണ്ഡാലഭിഷുകിയും രചിച്ചത്. അവ കൂടാതെ പലേടത്തും പ്രകരണൗചിത്യം നോക്കി ആശാന്‍ ജാതിവ്യവസ്ഥയെ എതിര്‍ത്തിട്ടുണ്ട്. ഉണരിനുണരിനുള്ളിലാത്മശക്തി പ്രണയമെഴുംസഹജാതരേ, ത്വരിപ്പിന്‍! രണപടഹമടിച്ചൂജാതിരക്ഷ- സ്സണവൊരിടങ്ങളിലെത്തിനിന്നെതിര്‍പ്പിന്‍!ജാതിമാമൂലകള്‍ക്കെതിരായ തീക്ഷണമായ ഒരാഹ്വാനമാണിത്. പള്ളത്തുരാമന്‍ എന്ന കവിയുടേത് ഒരാശംസയാണ്. നാനാജാതിമതങ്ങളും ഒരേ നാരില്‍ കോര്‍ത്ത  സൂനാമലമാലപോലെ കാലം കാണട്ടെ! പണ്ഡിറ്റ് കെ പി കറുപ്പന്‍ ജ്ഞാനം കൊണ്ടല്ലാതെ ബ്രാഹ്മണത്വം മാനവന്മാര്‍ക്കുലഭിക്കയില്ല; ജ്ഞാനിക്കു ജാതിയും തീണ്ടലുമില്ലല്ലോ ആനന്ദമേയുള്ളൂ യോഗപ്പെണ്ണേ! ബ്രഹ്മ- ദ്ധ്യാനം തന്നേയുള്ളൂ ജ്ഞാനപ്പെണ്ണേ! അനേകം വര്‍ഷങ്ങളിലെ കേരള ജീവിതത്തെയും മതജാതികളെയും അവ ഉണ്ടാക്കിയ കെടുതികളെയും കുറിച്ച് അവധാനതയോടെ പഠിച്ചിട്ടുളള, ഇന്ന് ജീവിച്ചിരിക്കുന്ന കവികളില്‍ പലതുകൊണ്ടും വരേണ്യനായ അക്കിത്തം ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥകളുടെ അന്ത:സാരശൂന്യതയെക്കുറിച്ചുള്ള ശാന്തഗംഭീരമായ വാക്കുകള്‍ ആരും കേള്‍ക്കാതെ പോകരുത്. കിറുക്കല്ലേ യഥാര്‍ത്ഥത്തില്‍ ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥകള്‍ സംസ്‌കാരംഭാസങ്ങളല്ലീ ഷോഡശക്രിയയത്രയും എല്ലാ ജന്തുക്കളും ദൈവ- ദൃഷ്ടിയില്‍ തുല്യമല്ലയോ? ഊരിത്തരൂപൂണൂലില്‍ മത്തി കോര്‍ക്കട്ടെയിന്നു ഞാന്‍.ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥകളുടെ അത്യാചാരങ്ങളോടുള്ള ഈ കടന്നാക്രമണത്തിന് മഷിപുരട്ടാന്‍ അക്കിത്തം അച്യുതന്‍ നമ്പൂതിരിക്കേ കഴിയൂ.ഒരു പീഡ എറുമ്പിനും വരുത്തരുതെന്നുള്ള അനുകമ്പയോടുകൂടി, എന്നും എല്ലാവര്‍ക്കും അന്നവസ്ത്രാദികിട്ടണമെന്ന പ്രാര്‍ത്ഥനയോടൂ കൂടി, ദൈവത്തിന്റെ ആഴമേറിയ മനസ്സാം ആഴിയില്‍ എല്ലാവരും ആണ്ട് വാഴണമെന്ന് പ്രാര്‍ത്ഥിച്ച വിശ്വമാനവികതയുടെ വക്താവും പ്രയോക്താവുമായ ശ്രീനാരായണ ഗുരുസ്വാമികളുടെ മധുഭണീതി ജാതിവ്യത്യാസത്തെക്കുറിച്ചുള്ള സമഗ്രപ്രസ്താവനയാണ്. ‘സ്വാമി ഉപദേശിക്കുന്നു.’1. മനുഷ്യനാണം മനുഷ്യത്വം ജാതിര്‍ഗോത്വം ഗവാം യഥാ ന ബ്രാഹ്മണാദിരസൈ്യവം ഹാ! തത്ത്വം വേത്തി കോപിന2. ഒരു ജാതി, ഒരുമതം, ഒരു ദൈവം മനുഷ്യന്. ഒരു യോനിയൊരാകാരമൊരുഭേദവുമില്ലതില്‍3. ഒരുജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി നരജാതിയിതോര്‍ക്കുമ്പോള്‍ ഒരു ജാതിയിലുള്ളതാം4. നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നുവിപ്രനും പറയന്‍താനുമെന്തുള്ള- തന്തരം നരജാതിയില്‍?5. പറച്ചിയില്‍ നിന്നുപണ്ടു പരാശരമഹാമുനി പിറന്നു; മറ സൂത്രിച്ച- മുനി കൈവര്‍ത്തകന്യയില്‍ ഇല്ല, ജാതിയിലൊന്നുണ്ടോ വല്ലതും ഭേദമോര്‍ക്കുകില്‍. ചൊല്ലേറും വ്യക്തിഭാഗത്തില്‍- അല്ലേ ഭേദമിരുന്നീടൂ?
ഈ പഞ്ചോപദേശങ്ങളും ഒരു ചിമിഴില്‍ വജ്രരത്‌നം പോലെ നിറഞ്ഞിരിക്കുന്ന ഒരു നിര്‍ദ്ദേശം കൂടി ശ്രീനാരായണഗുരുസ്വാമികള്‍ ലോകത്തിനു സമ്മാനിച്ചിട്ടുണ്ട്. ‘വസുധൈവകുടുംബകം’ എന്ന എന്നാളത്തെയും ലോകസന്ദേശമാണ് സ്വാമികളുടെ ആ ജാതി നിര്‍വ്വചനം. അതിനെ വ്യാഖ്യാനിക്കാനല്ലാതെ, അതിലുപരി പോകാന്‍ ഒരു മനീഷിക്കും സാദ്ധ്യമല്ല.”പുണര്‍ന്നുപെറുമെല്ലാമൊരു ഇനമാം”ഇപ്പോള്‍ ഒരു ക്ഷേത്രത്തിലെ മുഖ്യശാന്തിക്കാരനാകാന്‍ പോകുന്ന കൊരട്ടിയിലെ (ഇരിങ്ങാലക്കുട) യദുകൃഷ്ണന് എതിരേ ഉയര്‍ന്ന, ഉയര്‍ന്നേക്കാവുന്ന വാളുകള്‍ക്കൊന്നും ഈ വാക്കുകളുടെ സമസ്വച്ഛ ശാന്തത കാണുകയില്ല.

Related News