അജിത് കൊളാടി

വാക്ക്

October 24, 2020, 4:30 am

ജനാധിപത്യവും രാഷ്ട്രീയപാർട്ടികളും

Janayugom Online

രണ്ടു നല്ല വാക്കുകൾ രാഷ്ട്രീയക്കാരെക്കുറിച്ച് വളരെ പേർ പറയുന്നില്ല. എന്തു സംഭവിച്ചാലും കുറ്റം രാഷ്ട്രീയക്കാർക്കാണ്. രാഷ്ട്രീയക്കാരെ ശപിക്കാത്തവർ വിരളമാണ്. ഇങ്ങനെ സർവരാലും പഴിക്കപ്പെടാനും ശപിക്കപ്പെടാനും സമൂഹത്തിലെ എല്ലാ പാപഭാരങ്ങളും പേറാനും ഈ രാഷ്ട്രീയക്കാർ എന്തു മഹാ അപരാധമാണ് ചെയ്തത്. അതേസമയം എല്ലാവർക്കും രാഷ്ട്രീയക്കാരെ വേണംതാനും.

ഗുണദോഷ വിചിന്തനം നടത്തുന്നത് എപ്പോഴും താരതമ്യത്തിന്റെ അടിസ്ഥാനത്തിലാകുമല്ലോ. പലപ്പോഴും നാം അവരെ താരതമ്യപ്പെടുത്തുന്നത് നമ്മുടെ സങ്കൽപത്തിലുള്ള ആദർശ രാഷ്ടീയക്കാരുമായിട്ടാണ്. രാഷ്ട്രീയക്കാർ സമസ്ത ഗുണ സമ്പന്നന്മാരും സർവദോഷ വിമുക്തരുമായ മാതൃകാപുരുഷനോ സ്ത്രീയോ ആകണമെന്നാണ് നമ്മുടെ സങ്കല്പം. അങ്ങനെ ആകാത്തവരെ ശപിക്കുന്നു. പക്ഷെ, ഇപ്പോൾ അത്തരത്തിലുള്ള സങ്കല്പം ഇല്ല.

സമസ്ത പ്രലോഭനങ്ങളും വീട്ടുപടിക്കൽ അവസരം പാർത്തു നിൽക്കുന്ന ഇന്നത്തെ രാഷ്ട്രീയക്കാരനെ, യാതൊന്നും ആശിക്കാനില്ലാതിരുന്ന കാലത്തെ രാഷ്ട്രീയക്കാരോട് തുലനം ചെയ്യുന്നത് അശാസ്ത്രീയമാണെന്നു തന്നെയല്ല പ്രത്യക്ഷത്തിൽ തന്നെ അസംബന്ധവുമാണ്. ഭൗതിക പരിതസ്ഥിതികൾ സമൂഹത്തിൽ ഉളവാക്കിയ വൻ മാറ്റങ്ങൾക്ക് രാഷ്ട്രീയക്കാർ മാത്രം വിധേയരായിക്കൂടാ എന്ന ശാഠ്യബുദ്ധിയാണ് ഈ താരതമ്യ പ്രക്രിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.

കഴിഞ്ഞ അഞ്ചു നൂറ്റാണ്ടിലെ മാറ്റത്തെ കവച്ചുവയ്ക്കുന്നതായിരുന്നു തൊട്ടുമുന്നിലുള്ള അൻപതു വർഷത്തെ മാറ്റങ്ങൾ. ഇന്നത്തെ തലമുറയിലെ അൻപതിനു മീതെ ഉള്ളവർ രണ്ടു വ്യത്യസ്ത ലോകത്തിൽ ജീവിക്കാൻ ഭാഗ്യമോ നിർഭാഗ്യമോ ഉണ്ടായവരാണ്. പണ്ട് ഓരോരുത്തരുടെയും മോഹങ്ങൾക്ക് അതിർവരമ്പുകൾ ഉണ്ടായിരുന്നു. ഇന്ന് അതില്ല. ഇന്ന് എന്തും നേടാം, ഏതു പദവിയിലും എത്താം, ധനവും പ്രമാണിത്തവും ഒരുപോലെ സമാർജ്ജിക്കാം. പ്രലോഭനങ്ങളുടെ സമസ്ത വാതിലുകളും തുറന്നുവച്ച ഇക്കാലത്ത് എന്തുവെട്ടി പിടിച്ചാലും പലർക്കും മതിവരുന്നില്ല.

പൗരന്റെ മറ്റേതു കർമ്മമണ്ഡലത്തേക്കാളും എത്രയോ കൂടുതൽ പേർ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് രാഷ്ട്രീയരംഗത്താണല്ലോ. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരായി അനേക ലക്ഷം പേർ തെരഞ്ഞെടുപ്പു കാലങ്ങളിൽ പ്രവർത്തിക്കുന്നു. ലക്ഷക്കണക്കിന് പ്രവർത്തകർ വെയിലും മഴയും സഹിച്ച് അഹോരാത്രം അധ്വാനിക്കുന്നത് സ്വന്തമായി ഒന്നും നേടാനല്ല. തങ്ങളുടെ പാർട്ടി സ്ഥാനാർത്ഥികളുടെ വിജയത്തിലോ, ദുഃഖത്തിലോ അവസാനം പങ്കുചേരാം എന്നു മാത്രം. രാഷ്ട്രീയ പാർട്ടികളുടെ ഇടനിലക്കാരിലും മേലേക്കിടയിലുള്ളവരിലും പലപ്പോഴും അപചയങ്ങൾ സംഭവിക്കാറുണ്ട്. രാഷ്ട്രീയക്കാരെ അപവദിക്കുമ്പോൾ പലരും ലക്ഷ്യമാക്കുന്നത് അത്തരക്കാരെയാണ്.

രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യത്തിന്റെ മൂലശിലകളാണ്. അവരില്ലാതെ ജനാധിപത്യം ഉണ്ടാകില്ല. ജനാധിപത്യത്തിലെ ഭദ്രതയ്ക്കും സംരക്ഷണത്തിനുമുള്ള ഗ്യാരന്റികളാണ് രാഷ്ട്രീയ പാർട്ടികൾ. പാർട്ടികൾ ദുർബലമാകുമ്പോൾ ഏകാധിപത്യം രംഗപ്രവേശം ചെയ്യും. ഇന്ത്യയടക്കം ലോകത്തിലെ പല രാജ്യങ്ങളും ഏകാധിപത്യത്തിന്റെ പാതയിലേക്കു നീങ്ങുന്നത് ഈ കാലത്ത് കാണാം.

ജനാധിപത്യവ്യവസ്ഥയിൽ ശാസ്ത്രജ്ഞനും മന്ദബുദ്ധിക്കും വിവരമുള്ളവനും വിവരദോഷിക്കും മര്യാദക്കാരനും കള്ളനുമെല്ലാം ഓരോ വോട്ടാണ് രേഖപ്പെടുത്താനുള്ളത്. ഈ വോട്ടിലൂടെ അധികാരത്തിൽ എത്തുന്നവരിൽ പലരും കേവലം സാധാരണക്കാരായിരിക്കും. അതുകൊണ്ടു തന്നെ ബാലറ്റിലൂടെ പ്ലാറ്റോയുടെ “പണ്ഡിത രാജൻ” ( ഫിലോസഫർ കിംഗ്) അധികാരത്തിലെത്തുന്ന സംഭവ്യതയുമില്ല.

ഭരണത്തിനും ഭരണപാടവത്തിനും നിശ്ചയദാർഢ്യവും പരിചയസമ്പത്തും ജനങ്ങളോടുള്ള പ്രതിബദ്ധതയും അവശ്യം ആവശ്യമാണ്. പക്ഷെ വിശേഷസിദ്ധികൾ ഉള്ളവരും ദീർഘദർശിത്വം ഉള്ളവരും അധികാരത്തിലെത്തുന്നത് വിരളമാണ്. ജനാധിപത്യ സംവിധാനത്തെ പ്രായേണ ലോകം ഉൾക്കൊള്ളുന്നത് ഏറ്റവും ഉദാത്തമായ ഭരണ സംവിധാനമാണ് എന്ന വിശ്വാസം കൊണ്ടാകാൻ സാധ്യതയില്ല. തമ്മിൽ ഭേദമായ ഈ വ്യവസ്ഥയെ ആകാവുന്നത്ര ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുക മാത്രമാണ് ജനാധിപത്യ പ്രേമികൾക്ക് ചെയ്യാനുള്ളത്.

ഇന്ന് സത്യത്തിന്റെ ശബ്ദം ഒറ്റപ്പെട്ടതാണ്, ക്ഷീണിതവുമാണ്. എങ്കിലും അത് കേൾപ്പിച്ചേ തീരു എന്ന പ്രതിബദ്ധതയാണ് മനുഷ്യന് വേണ്ടത്. പക്ഷെ അത് ചെയ്യാൻ കെല്പുള്ള മനുഷ്യർ വിരളം. കലാപകോലാഹലങ്ങൾക്കിടയിൽ അയാളുടെ ശബ്ദം ഒറ്റപ്പെട്ടതും പതിഞ്ഞതും ആയിരിക്കാം. എന്നാലും സത്യം പറഞ്ഞേതീരു എന്ന ദൃഢവിശ്വാസമുള്ള മനുഷ്യർ വേണം, അവരാണ് ജനാധിപത്യത്തെ സജീവമാക്കുക.

നാനാവിധ വാദമുഖങ്ങൾ ഉന്നയിച്ചുകൊണ്ട് നമുക്ക് ലോകം മുഴുവൻ കലാപം അഴിച്ചു വിടാം. പലരുടെയും പതിവു സമ്പ്രദായവും അതു തന്നെയാണല്ലോ. തർക്കങ്ങളിലും തർക്കത്തരങ്ങളിലും പരദൂഷണങ്ങളിലും ഏർപ്പെട്ടു വിദ്വേഷം തീർക്കാം. അതല്ല വേണ്ടത്. ജനാധിപത്യത്തിന് മുന്നേറ്റം വേണമെങ്കിൽ എല്ലാവരും അതിൽ അണിചേരേണ്ടത് ചരിത്രപരമായ ആവശ്യമാണ്. ധർമ്മബോധമുള്ളവർ, സത്യവും മൂല്യവും ഉയർത്തി പിടിക്കുന്നവർ, രാഷട്രീയ രംഗത്ത് പ്രവേശിക്കുവാൻ മടിക്കുമ്പോൾ തീരെ ഗുണങ്ങളില്ലാത്തവർ രംഗം കൈയ്യടക്കും. അധികാരവും സമ്പത്തും ലാഭവും മനുഷ്യവിരുദ്ധതയും മാത്രമായിരിക്കും അത്തരക്കാരുടെ ലക്ഷ്യം. നിരന്തരം രാജ്യത്ത് അപ്പോൾ ആപത്ത് സംഭവിച്ചുകൊണ്ടിരിക്കും. ഇപ്പോൾ ലോകം കാണുന്നത് അതാണ്.

നമ്മൾ ഇന്ന് ജീവിക്കുന്നത് സമൂഹമായിട്ടല്ല. നമ്മൾ ഒരു ആൾക്കൂട്ടമായി മാറി. ആൾക്കൂട്ടവും സമൂഹവും വെവ്വേറെയാണ്. സമൂഹത്തിന് ചില ഉത്തരവാദിത്വങ്ങൾ ഉണ്ട്. സമൂഹത്തിന്റെ കൂട്ടായ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടണം. അവിടെ ഭേദബുദ്ധി അരുത്. ഒന്നായി കാണണം. ഓരോരുത്തരും വ്യക്തിത്വം നിലനിർത്തുകയും വേണം. അതാകണം സമൂഹവും വ്യക്തിയും തമ്മിലുള്ള ബന്ധം. ജനാധിപത്യം അതിലൂടെ സർഗാത്മകമാകും.

ചിന്തിക്കാനുളള സ്വാതന്ത്ര്യം, എഴുതാനുള്ള സ്വാതന്ത്ര്യം, അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം, ആവിഷ്കാരസ്വാതന്ത്ര്യം, വ്യത്യസ്തത പുലർത്താനുള്ള സ്വാതന്ത്ര്യം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം, സഹജീവികളെ സ്നേഹിക്കാനുള്ള സ്വാതന്ത്ര്യം, സാഹോദര്യം പുലർത്താനുള്ള സ്വാതന്ത്ര്യം, മനുഷ്യനെ മനുഷ്യനായി കാണാനുള്ള സ്വാതന്ത്ര്യം, ഇതൊക്കെ ജനാധിപത്യത്തിന്റെ ചൈതന്യമാണ്. അനീതിക്കും അധർമ്മത്തിനും ഏകാധിപത്യത്തിനും ഫാസിസത്തിനും എതിരായ നിരന്തര പോരാട്ടം, അത് ജനാധിപത്യത്തെ ബലപ്പെടുത്തുന്നു.

ജനാധിപത്യ വ്യവസ്ഥയെ മുന്നോട്ടു കൊണ്ടുപോകണം. രാഷ്ട്രത്തിലെ ദളിതരേയും ന്യൂനപക്ഷങ്ങളെയും അടിച്ചമർത്തുന്നു, അകറ്റി നിർത്തുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ, അതിശക്തമായ ജനാധിപത്യ പോരാട്ടം ആണ് ആവശ്യം. സംഘപരിവാർ ഉയർത്തുന്ന ഹിന്ദുത്വം അല്ല, യഥാർത്ഥ ഹിന്ദുധർമ്മം. പട്ടിണിയുടെയും ദുരിതജീവിതത്തിന്റെയും മനുഷ്യനെ ജാതിയുടെ പേരിൽ വിഭജിക്കുന്ന എല്ലാ രൂപങ്ങളെയും തകർത്തുകളയാനുള്ള ശക്തി മർത്യകരങ്ങൾക്കുണ്ട്. എന്നിട്ടും മനുഷ്യൻ, മനുഷ്യന് സുഖവും സമാധാനവും ഭരണകൂടത്തിൽ നിന്നല്ല, ദൈവകരങ്ങളിൽ നിന്നാണ് വരുന്നതെന്ന വിശ്വാസം ഇന്നും ഭൂഗോളത്തിന്റെ പ്രധാന പ്രശ്നമായി അവശേഷിക്കുന്നു. ഈ വിശ്വാസം ഭരണകൂടങ്ങൾ ദുരുപയോഗപ്പെടുത്തുന്നു. ഇതിനൊക്കെ എതിരെ ജനകീയ മുന്നേറ്റമാണ് ഇന്നത്തെ മാർഗം ആകേണ്ടത്. സ്വാതന്ത്ര്യബോധം നിലനിർത്താൻ ജനാധിപത്യത്തിനു കഴിയും. ജനങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളുടെ തെറ്റുകൾ വിമർശിക്കാം. ജനങ്ങൾ ക്രിയാത്മക വിമർശനങ്ങളിലൂടെ പാർട്ടികളെ ശുദ്ധീകരിക്കണം. അല്ലാതെ നിരന്തരം പഴിക്കുകയല്ല വേണ്ടത്. സർവ മേഖലയിലുള്ള ജനങ്ങളും രാഷ്ടീയ പാർട്ടികളോടുള്ള മാനസികമായ അയിത്തം ഉപേക്ഷിച്ച്, അവരുമായി ചേർന്നു നിൽക്കണം എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഫാസിസം ആധിപത്യം സ്ഥാപിക്കുകയാണ്. സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുന്നു. കർഷകന്റെ ജീവിതം തകർന്ന് തരിപ്പണമായി. അംബാനിമാർ ആകാശംമുട്ടെ വളരുന്നു. ദാരിദ്ര്യം പെരുകുന്നു. ഇത്തരം അവസ്ഥക്കെതിരെ ജനകോടികളുടെ അചഞ്ചലമായ പോരാട്ടം ആണ് ആവശ്യം.

മനുഷ്യന്റെ ആത്മാർത്ഥതയിലൂടെ, അർപ്പിക്കുന്ന ഊർജ്ജത്തിലൂടെ, വിശ്വാസത്തിലൂടെ, സമൂഹത്തെ പ്രകാശപൂരിതമാക്കാം. മാനവികതയെ കുറിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതാണ് ജനാധിപത്യം. സ്വാർത്ഥതയും അസഹിഷ്ണുതയും കൈമുതലാക്കാനാണ് ഫാസിസം പറയുന്നത്. അത് എല്ലാം നശിപ്പിക്കും

രാജ്യം ആവശ്യപ്പെടുന്നത് മുന്നേറ്റമാണ്, ജനാധിപത്യവും സ്വാതന്ത്ര്യവും നിലനിർത്താൻ. രാഷ്ട്രീയ പാർട്ടികൾക്ക് അതിൽ നിർണായകമായ പങ്കുവഹിക്കാനുണ്ട്. രാജ്യം ആവശ്യപ്പെടുന്നത് സൗഹാർദ്ദമാണ്. സമാധാനമാണ്. സുരക്ഷിതത്വമാണ്. സഹിഷ്ണുതയാണ്. അതാണ് ജനങ്ങൾ ജനാധിപത്യത്തിൽ നേടേണ്ടത്, നിലനിർത്തേണ്ടത്. രാഷ്ട്രീയ പാർട്ടികളെ സുശക്തവും സുദൃഢവും സംശുദ്ധവും ആക്കുകയാണ് ജനാധിപത്യത്തിന്റെ യോഗക്ഷേമത്തിനായി ചെയ്യാനുള്ളത്.