ഞാനുറങ്ങുമ്പോള്‍

Web Desk
Posted on February 17, 2019, 10:00 am

ജയശങ്കര്‍ എ എസ് അറയ്ക്കല്‍

കടല്‍ക്കരയില്‍ ഇരിക്കുകയായിരുന്നു
നാമപ്പോള്‍
ഓരോ തിരയും തീരത്തണഞ്ഞ്
പൊട്ടിച്ചിതറുന്നതും
തിരികെ മടങ്ങുന്നതും നീ മാത്രം കണ്ടില്ല
എല്ലാ തിരകള്‍ക്കും ഒരേ ഭാഷയെന്ന്
മണല്‍ക്കൊട്ടാരങ്ങള്‍ കെട്ടുന്നതിനിടയില്‍
നീ പതറിപ്പറഞ്ഞത് പകുതിയും കാറ്റെടുത്തു.
സ്വപ്‌നങ്ങളെക്കുറിച്ച്
പൂര്‍ത്തിയാക്കേണ്ട മോഹങ്ങളെക്കുറിച്ച്
ഉന്മാദത്തോടെ പറഞ്ഞ എന്റെ വാക്കുകളെ
നിശ്ശബ്ദമായി നീ കേള്‍ക്കുന്നുണ്ടാവും.
ജനാലകളില്ലാത്ത, വാതിലുകളില്ലാത്ത
മണല്‍ക്കൊട്ടാരം പൂര്‍ത്തിയാക്കി
നീ ആര്‍ത്ത് ചിരിച്ചു.
കടല്‍ത്തിരകളിലൂടെ ചക്രവാളത്തിലേക്ക്
കാഴ്ച്ചയെത്തിക്കുകയായിരുന്നു
ഞാനപ്പോള്‍.
നിന്റെ ചിരിയിലൊളിപ്പിച്ച
ചതിക്കുഴികളെ തിരിച്ചറിയാന്‍
നിന്നോടുള്ള പ്രണയം
അത്രമേല്‍ അശക്തനാക്കിയിരുന്നു.
ഓരോ രാത്രിയിലും പകലുകളിലും
നീയണിഞ്ഞിരുന്ന കുപ്പായങ്ങളില്‍
തിരിച്ചറിയാനാവാത്ത ലേപനത്തിന്റെ ഗന്ധം
ഉടല്‍ക്കയങ്ങളിലെ ചുഴിച്ചുറ്റുകളില്‍
ഒളിപ്പിച്ച് വെച്ച് നീ ഉറക്കം നടിച്ചു.
ചതിക്കപ്പെട്ട് തുടങ്ങിയെന്ന തിരിച്ചറിവിലും
നിന്നോടുള്ള പ്രണയം
അത്രമേല്‍ നിശ്ശബ്ദനാക്കിയിരുന്നു.
ഉറങ്ങിപ്പോയിരുന്നു ഞാനപ്പോള്‍.
പകലുകളില്‍ പരിഹാസം കൊണ്ട്
നീ ചുണ്ടുകളെ തുടുപ്പിച്ചപ്പോള്‍
രാത്രികള്‍ വാക്കുകളെ, ഉടല്‍ത്തണുപ്പിനെ
മറന്നുതുടങ്ങിയിരുന്നു.
എല്ലാ നുണകളിലും
നീ വിജയിച്ചുകൊണ്ടേയിരുന്നു.
ഓരോ നുണകളിലും നീ വിരിച്ചിടുന്ന
അമ്പരപ്പിക്കുന്ന നിറച്ചാര്‍ത്തുകള്‍
പകലുകള്‍ കടന്ന് രാത്രിയാകുന്നു
രാത്രികള്‍ ഒറ്റുകാരെ
ഓര്‍മ്മപ്പെടുത്തിക്കൊണ്ട്
നിഴലുകളെ മാത്രം മോചിപ്പിക്കുന്നു
ഉറക്കം നടിക്കുകയാണ്
ഞാനപ്പോള്‍.