തദ്ദേശ തെരഞ്ഞെടുപ്പ്: മൊബൈൽ ആപ്പുകളും ഒരുങ്ങി

Web Desk
Posted on November 20, 2020, 12:19 am

കോഴിക്കോട്: കോവിഡ് കാലത്ത് പരമ്പരാഗത തെരഞ്ഞെടുപ്പ് പ്രചരണ രീതികൾ മാറുമ്പോൾ വോട്ടർ പട്ടിക ഡിജിറ്റലായി വിലയിരുത്താനും പോളിങ് സ്ലിപ് വാട്സ് ആപ്പ് വഴി അയച്ചുകൊടുക്കാനും വോട്ടർമാരുടെ പ്രതികരണങ്ങൾ മാർക്ക് ചെയ്തുവെക്കാനും വിജയവും പരാജയവുമെല്ലാം കണക്കുകൂട്ടാനുമെല്ലാമായി ആപ്പുകളും ഒരുങ്ങി. സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും എതിരാളികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് അവരെ നേരിടാനുള്ള മാർഗങ്ങൾ തയ്യാറാക്കാൻ ആപ്പുകൾ ഉപയോഗപ്പെടും. വണ്ടൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐ ബിൽ സോഫ്റ്റ്‌വെയർ കമ്പനിയും ഫറോക്കിൽ പ്രവർത്തിക്കുന്ന ഡോട്ട്നെറ്റ് ഡിജിറ്റലും ചേർന്നാണ് ഇലക്ഷൻ മാസ്റ്റർ എന്ന ആപ്പ് വികസിപ്പിച്ചെടുത്തത്. ഈ ആപ്പ് ഉപയോഗിച്ച് സ്ഥാനാർത്ഥികൾക്ക് അവരുടെ പോളിങ് ബൂത്ത്, വോട്ടർ സ്ക്രോൾ നമ്പർ എന്നിവ അറിയാനാകും. കോവിഡ് മാനദണ്ഡം പാലിച്ച് പോളിങ്ങ് സ്ലിപ് വാട്സ് ആപ്പ് വഴി അയച്ചുകൊടുക്കാനും കഴിയും. സ്ഥാനാർത്ഥികൾക്ക്, അവർ എത്ര വോട്ടർമാര നേരിൽ കണ്ടു എന്നും എത്ര കാണാൻ ബാക്കിയുണ്ടെന്നും അവരുടെ ഫോണിൽ തന്നെ കാണാൻ സാധിക്കും. അവരുടെ പ്രതികരണങ്ങൾ മാർക്ക് ചെയ്തു വെക്കുവാനും പിന്തുണയ്ക്കുന്ന ആളാണോ എന്ന് മനസ്സിലാക്കാനും സാധിക്കുമെന്ന് ആപ്പ് വികസിപ്പിച്ച ഫാസിൽ ടി, പി കെ പ്രമോദ് കുമാർ എന്നിവർ പറഞ്ഞു.

പോളിങ്ങ് നടക്കുന്ന ദിവസം പോളിങ്ങ് ഏജന്റിന് പോൾ ചെയ്ത വോട്ടും അനുകൂല വോട്ടും മാർക്ക് ചെയ്യാം. ഇതിന്റെയെല്ലാം വിശദവിവരം സ്ഥാനാർത്ഥിക്ക് അനുവദിക്കുന്ന യൂസർ ഐഡി ഉപയോഗിച്ച് കാണാനുമാകും. ആപ്പ് ഉപയോഗിക്കുന്നതിന് ഇന്റർനെറ്റ് ആവശ്യമില്ല. വിവരങ്ങൾ സ്ഥാനാർത്ഥിയുടെ ആപ്പിലേക്ക് ലഭിക്കും. ആപ്പുമായി വീടുകളിലേക്ക് പോകുന്ന സമയത്ത് തങ്ങളുടെ വാർഡിലെ അല്ലെങ്കിൽ ഡിവിഷനിലെ വോട്ടറുടെ പേരോ, പിതാവിന്റെ പേരോ, അഡ്രസോ, വീട്ടുനമ്പറോ, ക്രമനമ്പറോ ഉപയോഗിച്ച് സെർച്ച് ചെയ്യുവാൻ കഴിയും. ഒരു സ്ഥാനാർത്ഥിക്ക് അദ്ദേഹത്തിന്റെ വാർഡിലെ വോട്ടർമാരുടെ വിവരങ്ങൾ മാത്രമായിരിക്കും ലഭ്യമാകുക.

വോട്ടർപട്ടിക പരിശോധിച്ച് കണക്ക് തയ്യാറാക്കേണ്ട ആവശ്യമില്ലെന്നും ഒറ്റക്ലിക്കിൽ വിവരങ്ങളെല്ലാം ലഭ്യമാകുമെന്നുമുള്ള പ്രചരണവുമായാണ് കോഴിക്കോട് സൈബർ പാർക്കിലെ അർബക്സ് ഡിജിറ്റൽ വോളിറ്റീവ് എന്ന ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ നിന്നും മറ്റ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ ചേർത്താണ് ആപ്പിൽ വോട്ടർ പട്ടിക ചേർത്തിരിക്കുന്നത്. വോട്ടറെക്കുറിച്ച് പഠിക്കാനും ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കാനും ഇതിലൂടെ സാധിക്കും. വോട്ടർ അനുകൂലിയാണോ അല്ലയോ എന്ന വിവരമെല്ലാം ശേഖരിച്ച് ആപ്പിൽ സൂക്ഷിക്കാം. ബൂത്ത്, വാർഡ്, പഞ്ചായത്ത് തലത്തിൽ വോട്ടർ പട്ടികയിലെ വിവരങ്ങളും പട്ടികയായി ഇതിൽ ലഭിക്കും. പ്രവർത്തനങ്ങൾ വിലയിരുത്താനും ക്രോഡീകരിച്ച വിവരങ്ങളെല്ലാം ശേഖരിച്ചുവെക്കാനും സന്ദേശങ്ങൾ കൈമാറാനും സംവിധാനമുണ്ട്. പോളിങ്ങ് ഏജന്റുകൾ നൽകുന്ന നമ്പറുകൾ പരിശോധിച്ച് പുറത്തുള്ള പ്രവർത്തകർ കണക്കുകൂട്ടിയാണ് പോളിങ്ങ് ശതമാനവും വോട്ട് ചെയ്യാത്തവരുടെ വിവരങ്ങളും എടുത്തിരുന്നത്. എന്നാൽ ഇതെല്ലാം ആപ്പ് പെട്ടന്ന് ചെയ്തുതരും.