Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

June 15, 2021, 4:00 am

‘തുറന്ന രാഷ്ട്രങ്ങള്‍’:‍ ഇന്ത്യയുടെ നിലപാട് തികഞ്ഞ വിരോധാഭാസം

Janayugom Online

ജി ഏഴ് രാഷ്ട്ര ഉച്ചകോടി അംഗീകരിച്ച ‘തുറന്ന രാഷ്ട്രങ്ങള്‍’ (ഓപ്പണ്‍ സൊസെെറ്റീസ്) പ്രസ്താവനയില്‍ ഒപ്പുവച്ച 11 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. ജി ഏഴ് അംഗരാഷ്ട്രങ്ങള്‍ക്ക് പുറമെ ക്ഷണിക്കപ്പെട്ട ഇന്ത്യ, ദക്ഷിണകൊറിയ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് രാഷ്ട്രീയപ്രാധാന്യമുള്ള പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്. ‘പൗര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സംഘടിക്കാനും സമ്മേളിക്കാനുമുള്ള സ്വാതന്ത്ര്യം, മത‑വിശ്വാസ സ്വാതന്ത്ര്യം, വര്‍ണ വിവേചനമടക്കം എല്ലാത്തരം വിവേചനങ്ങള്‍ക്കും അറുതിവരുത്തല്‍’ എന്നിവകളിലൂടെ ആഗോളതലത്തില്‍ തുറന്ന സമൂഹങ്ങളെ ശക്തിപ്പെടുത്തുകയാണ് പ്രസ്താവന ലക്ഷ്യംവയ്ക്കുന്നത്. സാമൂഹിക ഉള്‍ക്കൊള്ളല്‍, രാഷ്ട്രീയ അവകാശങ്ങള്‍അടക്കം പൗരാവകാശങ്ങള്‍ പൂര്‍ണമായി ആസ്വദിക്കാനുള്ള അവകാശം, പൗരന്മാര്‍ക്ക് നേരിട്ടും ഡിജിറ്റലായും രാഷ്ട്രീയ വ്യവഹാരത്തില്‍ പങ്കാളികളാവാനുള്ള സ്വാതന്ത്ര്യം എന്നിവ പ്രസ്താവന അടിവരയിടുന്നു. പൗരന്മാര്‍ക്ക് ഇന്റര്‍നെറ്റ് അടക്കമുള്ള മാധ്യമങ്ങള്‍ സുതാര്യമായും തടസം കൂടാതെയും രാഷ്ട്രീയലക്ഷ്യത്തോടെ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും പ്രസ്താവന ഊന്നിപ്പറയുന്നു. രാഷ്ട്രീയ അഭിപ്രായങ്ങള്‍ക്കായി നവമാധ്യമങ്ങള്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ മൗലിക പ്രാധാന്യമാണ് പ്രസ്താവന ആവര്‍ത്തിച്ച് ഉറപ്പിക്കുന്നത്. തുറന്ന രാഷ്ട്രങ്ങളെപ്പറ്റിയുള്ള പ്രസ്താവന അംഗീകരിച്ച ജി ഏഴ് ഉച്ചകോടിയിലെ വിപുലീകൃത സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോഡി ആണെന്നത് കൗതുകകരവും തികഞ്ഞ വിരോധാഭാസവുമായേ കാണാനാവൂ. ഇന്ത്യയില്‍ നടക്കുന്ന പൗരാവകാശധ്വംസനങ്ങള്‍, മനുഷ്യാവകാശലംഘനങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നാക്രമണം, ദളിതര്‍ക്കും ആദിവാസികള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അക്രമങ്ങളും വിവേചനവും ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും അപലപിക്കപ്പെടുകയും ചെയ്യുന്ന കാലയളവില്‍ തന്നെയാണ് ‘തുറന്ന രാഷ്ട്രങ്ങളെ‘പ്പറ്റിയുള്ള ചര്‍ച്ചയും പ്രസ്താവനയും ജി ഏഴില്‍ നടന്നത്. അത് ആ പ്രസ്താവനയുടെ ഉദ്ദേശലക്ഷ്യങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.

തുറന്ന രാഷ്ട്രങ്ങള്‍ എന്ന പ്രസ്താവന സമകാലിക ലോകത്ത് നവമാധ്യമങ്ങളുടെയും ഇന്റര്‍നെറ്റ് അടക്കം സാങ്കേതിക‑അടിസ്ഥാനഘടനയുടെയും പ്രാധാന്യം ഊന്നിപ്പറയുന്നു. ആ പ്രസ്താവന അംഗീകരിച്ച സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ മോഡിയുടെ ഇന്ത്യയാണ് ലോകത്ത് ഏറ്റവുമധികം തവണ ഇന്റര്‍നെറ്റ് സ്വന്തം പൗരന്മാര്‍ക്ക് നിഷേധിച്ചതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2020ല്‍ ലോകത്ത് ഇന്റര്‍നെറ്റ് അടച്ചുപൂട്ടിയ 155 സംഭവങ്ങളില്‍ 109ഉം ഇന്ത്യയിലായിരുന്നുവെന്ന് ഡിജിറ്റല്‍ അവകാശങ്ങള്‍ വിശകലനം ചെയ്യുന്ന ‘അക്സസ് നൗ’ എന്ന സംഘടന വെളിപ്പെടുത്തുന്നു. ഭീകരവാദവും ആഭ്യന്തരകലാപങ്ങളും കൊടികുത്തിവാഴുന്ന യെമന്‍, എത്യോപ്യ എന്നീ രാജ്യങ്ങളാണ് ആഗോളതലത്തില്‍ ഇക്കാര്യത്തില്‍ വിദൂര രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉള്ളത്. 2019ല്‍ ഇന്റര്‍നെറ്റ് അടച്ചുപൂട്ടിയ 213 സംഭവങ്ങളില്‍ 155ഉം ഇന്ത്യയിലായിരുന്നു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ആശയവിനിമയത്തെയും സംഘടിത പ്രതിഷേധത്തെയും തകര്‍ക്കാന്‍ ജമ്മു-കശ്മീരിലും ഇപ്പോള്‍ ലക്ഷദ്വീപിലും, ഡല്‍ഹി വര്‍ഗീയ കലാപകാലത്ത് രാഷ്ട്രതലസ്ഥാനത്തും മോഡി സര്‍ക്കാര്‍ ഇത് യഥേഷ്ടം പ്രയോഗിച്ചിരുന്നു. ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരെ കിരാത യുഎപിഎ നിയമം ഉപയോഗിച്ച് തുറുങ്കിലടയ്ക്കുന്നത് രാജ്യത്ത് പതിവ് സംഭവമായി മാറിയിരിക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങി ആയിരങ്ങളാണ് മോഡിയുടെ പൗരാവകാശ ധ്വംസനങ്ങളുടെ ഇരകളായി ജയിലുകളില്‍ നരകയാതന അനുഭവിക്കുന്നത്. മതന്യൂനപക്ഷങ്ങള്‍ക്ക് എതിരെ വിവേചനപരമായ നിയമനിര്‍മ്മാണം, പൊലീസിനെയും അന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ചുള്ള പീഡനങ്ങള്‍, ദളിതര്‍ക്കും ആദിവാസികള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ഭരണകൂട പിന്തുണയോടെയുള്ള അതിക്രമങ്ങള്‍ എന്നിവ ഇന്ത്യയില്‍ പൗരാവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും അര്‍ത്ഥശൂന്യവും പരിഹാസ്യവുമാക്കി മാറ്റിയിരിക്കുന്നു.

മേല്‍പറഞ്ഞ പശ്ചാത്തലത്തില്‍ വേണം ജി ഏഴ് ഉച്ചകോടി അംഗീകരിച്ച തുറന്ന രാഷ്ട്രങ്ങള്‍ പ്രസ്താവന വിലയിരുത്തപ്പെടാന്‍. പ്രസ്താവനയില്‍ ഒപ്പുവച്ച രാജ്യങ്ങള്‍ക്ക് മോഡി ഭരണത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ജനാധിപത്യ, മനുഷ്യാവകാശ, പൗരാവകാശ ലംഘനങ്ങളെപ്പറ്റി വ്യക്തമായ ബോധ്യമുണ്ട്. എന്നാല്‍ യുഎസ് അടക്കം സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യയെ ഒപ്പം നിര്‍ത്തേണ്ടത് അവരുടെ ആവശ്യമാണ്. ജനാധിപത്യ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും ശക്തിപ്പെടുത്തുക എന്നതിലുപരി ലോകത്തെ മറ്റൊരു ശീതയുദ്ധാന്തരീക്ഷത്തിലേക്ക് നയിക്കുന്നതില്‍ ഇന്ത്യയുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ‘തുറന്ന രാഷ്ട്രങ്ങള്‍ പ്രസ്താവന’ ചെയ്യുന്നത്.