Web Desk

June 09, 2021, 8:03 pm

നാടൻ തോക്കുമായി വനത്തിൽ പോയ സംഘത്തിലെ രണ്ട് പേർക്ക് വെടിയേറ്റു

Janayugom Online

ഉടുമ്പന്നൂർ: മലയിഞ്ചി വനത്തിൽ നാടൻ തോക്കുമായി പോയ സംഘത്തിലെ രണ്ട് പേർക്ക് വെടിയേറ്റു. വെണ്ണിയാനി സ്വദേശികളായ തടിവെണ്ണിയാനി വീട്ടിൽ ടി കെ മനോജ് (30), പാച്ചുപതിക്കൽ സി ബി മുകേഷ് (32) എന്നിവർക്കാണ് വെടിയേറ്റത്. സംഭവത്തെ തുടർന്ന് പരിക്കേറ്റവർക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. തോക്കും പിടിച്ചെടുത്തു.
മീൻ പിടിക്കാൻ പോയി തിരികെ വരുമ്പോൾ അബദ്ധത്തിൽ തോക്ക് പൊട്ടിയതാണെന്നാണ് ഇവർ പൊലിസിനോട് പറഞ്ഞത്. നായാട്ടിന് വേണ്ടിയാണ് ഇവർ വനത്തിൽ പോയതെന്നാണ് പൊലീസിന്റെ സംശയം.ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടക്കുന്നത്.ഇവർ നാല് ദിവസം മുമ്പ് കാട്ടിലേക്ക് പോയെന്നാണ് പ്രാഥമീക വിവരം. തിരികെ വരും വഴി തോക്കു കൈയിൽ വെച്ചിരുന്നയാൾ തെന്നി വീണു. ഇതോടെ കൈയിലിരുന്ന തോക്ക് പൊട്ടി. അങ്ങനെയാണ് പരിക്കേറ്റതെന്നാണ് മനോജും മുകേഷും പറയുന്നത്. പരിക്കേറ്റവർ ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നു പേരുടെ സഹായത്തോടെ മലയിഞ്ചിയിൽ എത്തുകയായിരുന്നു. തുടർന്ന് ഒരു ജീപ്പിലാണ് ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കോലഞ്ചേരിയിലേക്ക് കൊണ്ടുപോയി. തിരയുടെ ചീള് തെറിച്ച് ഇരുവർക്കും കഴുത്തിനും വയറിനുമേറ്റിരിക്കുന്ന പരിക്ക് ഗുരുതരമല്ല.
ലൈസൻസില്ലാതെ തോക്ക് കൈവശം വെച്ചതിന് അഞ്ച് പേർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന വെണ്ണിയാനി തൈപ്ലാത്തോട്ടത്തിൽ അനി (30), കുരുവിപ്ലാക്കൽ മധു (40), വാദ്യങ്കാവിൽ രതീഷ് (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സംഭവസ്ഥത്ത് എത്തിച്ച് തെളിവെടുത്തു.
കരിമണ്ണൂർ സി ഐ ഷിജിയുടെ,എസ് ഐ ഷംസുദ്ദീൻ,സിപിഒ അനിൽ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. സംഭവം അബദ്ധത്തിൽ ഉണ്ടായതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.കൂടാതെ കാട്ടിൽ മൃഗങ്ങളെ വേട്ടയാടിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇവർ മുമ്പും കാടിനുള്ളിൽ പോയിട്ടുള്ളതായി നാട്ടുകാർ പറയുന്നു.