August 12, 2022 Friday

പങ്കജാക്ഷിയമ്മ: ഒരേ ഒരാൾ മാത്രം

ജയ്സൺ ജോസഫ്
January 28, 2020 8:45 pm

ഏഴിലംപാലത്തടിയിൽ കൊത്തിയെടുത്ത കളിപ്പാവകൾ ഏകാഗ്രതയും ക്ഷമയും ചേർത്ത് മേൽച്ചുണ്ടിൽ ഉറപ്പിച്ച് നോക്കുവിദ്യ പാവക്കളിയെ നാടിനുനൽകിയ മൂഴിയ്ക്കൽ എംഎസ് പങ്കജാക്ഷിയമ്മയ്ക്ക് രാജ്യം ചാർത്തി പത്മശ്രീ പുരസ്കാരം. മേൽച്ചുണ്ടിന് മുകളിലായി രണ്ടടി നീളമുള്ള തണ്ടിൽ പാവകളെ നിയന്ത്രിച്ച് നിറുത്തി പാട്ടിനും തുടിതാളത്തിനുമൊപ്പം ശരീരം മെല്ലെ ചലിപ്പിച്ച് ചെയ്യുന്നതാണ് പാരമ്പര്യകലാരൂപമായ നോക്കുവിദ്യ പാവക്കളി. പാവയുടെ ചലനങ്ങൾ ചരടുകൾ കൊണ്ടു നിയന്ത്രിയ്ക്കും. നല്ല ശ്രദ്ധവേണം. ചെറിയ ഒരു ഈച്ചയനക്കം പോലും കളിയെ തടസ്സപ്പെടുത്താം. പ്രധാനമായും മഹാഭാരതത്തിൽ നിന്നുള്ള കഥകൾ ചെയ്യുന്ന നോക്കുവിദ്യയിൽ രണ്ടു തിരിയിട്ട നിലവിളക്ക് എടുത്ത് കളി തുടങ്ങും. പിന്നീട്, പാവക്കൂത്തിന്റെ അംഗചലനങ്ങളോടെ കഥ അവതരിപ്പിക്കും. ഒരു മണിക്കൂറാണ് പാവകളിയുടെ സമയം.

വേലപ്പണിക്കർ വിഭാഗത്തിന്റെ പാരമ്പര്യ കലാരൂപമായ ഓണംതുള്ളലിന്റെ ഭാഗമായിരുന്നു പഴയകാലത്തു പാവകളി. ഓണക്കാലങ്ങളിലായിരുന്നു വീടുകൾ തോറും എത്തി ഈ കലാരൂപം അവതരിപ്പിച്ചിരുന്നത്. ഓണം തുള്ളലിൽ നിന്ന് പാവകളിയെ അടർത്തിയെടുത്ത് നോക്കു വിദ്യാ പാവകളി എന്നു പേരിട്ടത് കൂടിയാട്ടം കലാകാരൻ വേണുജിയാണ്. നോക്കുവിദ്യ പാവക്കളി വശ്യമായി സദസ്സുകൾക്ക് പകർന്ന കോട്ടയം ഉഴവൂർ മോനിപ്പള്ളി ഗ്രാമത്തിലെ എൺപത്തിമൂന്നുകാരിയായ പങ്കജാക്ഷിയമ്മയെ പത്മശ്രീപുരസ്കാരം തേടിയെത്തുമ്പോൾ അംഗീകരിക്കപ്പെടുന്നത് നാടിന്റെ ഈ തനത് സംസ്കാരമാണ്.

അച്ഛന്റെ ഇച്ഛയ്ക്കൊത്ത് ഓണംതുള്ളൽ കലാകാരിയാകാൻ നാലാം ക്ലാസ്സിൽ പഠനം നിർത്തി. പഠിയ്ക്കാൻ ഏറെ ഇഷ്ടമായിരുന്നെങ്കിലും അച്ഛൻ ഉരുളികുന്നം ശങ്കരന്റെ ആഗ്രഹമായിരുന്നു മൂത്തമകൾക്ക് എല്ലാം. പതിനൊന്നാം വയസിൽ തന്നെ നോക്കുവിദ്യപാവക്കൂത്ത് പഠിച്ച പങ്കജാക്ഷിയമ്മ വിവാഹശേഷം, ഭർത്താവ് എഴുതി നൽകിയ പാട്ടുകൾ ഈണമിട്ടാണ് ഇത് അവതരിപ്പിച്ചിരുന്നത്. ആറുവർഷം മുമ്പു വരെ പങ്കജാക്ഷിയമ്മ സജീവമായി രംഗത്തുണ്ടായിരുന്നു. ഡൽഹിയിലും ഉഡുപ്പിയിലും ബാംഗ്ലൂരിലും മാത്രമല്ല പാരീസിലും പങ്കജാക്ഷിയമ്മയുടെ പാവകളി കാണുന്നതിന് ആളുകളെത്തി.

ഒരു കൈയ്യിൽ കുന്നിക്കുരുവും നെന്മണികളും മറുകൈയ്യിൽ അമ്മാനക്കായും വായുവിൽ പാവക്കളിക്കൊപ്പം പറത്തിയ അമ്മാനാട്ടവും ചക്രംകറക്കലും പങ്കജാക്ഷിയമ്മയുടെ മാസ്റ്റർപീസുകളായിരുന്നു,. ആയുർവേദവും നാട്ടുവൈദ്യവും സ്വായത്തമാക്കിയിരുന്നു പങ്കജാക്ഷിയമ്മ. ഏഴിലംപാലത്തടിയിൽ പാവകൾ ഉണ്ടാക്കിയിരുന്നത് പങ്കജാക്ഷിയമ്മയുടെ ഭർത്താവ് ശിവരാമപ്പണിക്കരായിരുന്നു. പാലത്തടിയ്ക്കു കനം കുറവാണ് എന്നതാണ് പാവനിർമ്മാണത്തിന് ഉപയോഗിയ്ക്കാൻ വഴിയായത്.

60 വർഷം മുമ്പ് നിർമ്മിച്ച 25 പാവകളിൽ ഇപ്പോൾ ശേഷിയ്ക്കുന്നത് 12 എണ്ണമാണ്. ഫോക്‌ലോർ അക്കാദമിയുടെ ഫെലോഷിപ്പ് നേടിയ പങ്കജാക്ഷിയമ്മ ഓർമ്മക്കുറവും, ആരോഗ്യപ്രശ്നങ്ങളും മൂലം സജീവ വേദികളിൽ നിന്നു മാറിയപ്പോൾ മുത്തശ്ശിയുടെ ശിക്ഷണത്തിൽ നോക്കുവിദ്യ പാവകളി പഠിച്ച ചെറുമകൾ കെ എസ് രഞ്ജിനി വേദികൾ കീഴടക്കിതുടങ്ങി. നാലാം ക്ലാസ്സു മുതൽ നോക്കുവിദ്യാ പാവകളി അവതരിപ്പിക്കുന്ന രഞ്ജിനി 11 വർഷമായി ഈ മേഖലയിലുണ്ട്. ഉഴവൂർ സെന്റ് സ്റ്റീഫൻസ് ബികോം രണ്ടാം വർഷ വിദ്യാർഥിയാണ്.

മകൾ എം. എസ്. രാധാമണി, കൊച്ചുമകൻ രഞ്ജിത്ത്, കൊച്ചുമകൾ രഞ്ജിനി എന്നിവർക്കു ഒപ്പമാണ് താമസം. രാധാമണി കൂലിപ്പണിചെയ്തു കിട്ടുന്ന വരുമാനമാണ് ഈ കുടുംബത്തിന്റെ പ്രധാന ആശ്രയം. രഞ്ജിത്തിനും ചെറിയ ജോലിയുണ്ട് മുത്തശ്ശിയുടെ ശിക്ഷണത്തിൽ നിന്നു നോക്കുവിദ്യ പാവകളി പഠിച്ച രഞ്ജിനി വിവിധ സ്ഥലങ്ങളിൽ അവതരണത്തിനു പോകുന്നുണ്ട്. അതിൽ നിന്നു ലഭിക്കുന്ന വരുമാനവും ചെറുതാണ്. പടി കടന്നെത്തിയ പത്മശ്രീ പുതിയൊരു ലോകം തുറക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. പുരസ്കാരത്തിന് അഭിന്ദനമറിയിച്ച് നാട് എത്തുമ്പോൾ നന്ദി പറയുന്ന വാക്കുകൾക്ക് വ്യക്തതയില്ലെങ്കിലും, പങ്കജാക്ഷിയമ്മക്ക് കാര്യങ്ങളെല്ലാം നന്നേ ബോധ്യപ്പെടുന്നുമുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.