പട്ടിബിരിയാണിയുടെ ടൂറിസ്റ്റ് ഗുട്ടന്‍സ്!

Web Desk
Posted on October 04, 2017, 1:31 am

ഹാരാഷ്ട്രയാണല്ലോ നമ്മുടെ സാമ്പത്തികതലസ്ഥാനം. നാടുവാഴുന്ന ബിജെപി നോട്ട് റദ്ദാക്കി കളിക്കുന്ന റിസര്‍വ് ബാങ്കിന്റെ ആസ്ഥാനം. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ചക്രവര്‍ത്തികളുടെ തമ്പും അമ്പെയ്ത്തുമെല്ലാം ഇവിടെ നിന്നു തന്നെ. ഈയടുത്തകാലത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ അവകാശപ്പെട്ടത് സംസ്ഥാനത്തെ ടൂറിസത്തിന്റെ തലസ്ഥാനമായ ഔറംഗാബാദ് വിനോദസഞ്ചാരികളുടെ പ്രവാഹത്തില്‍ സര്‍വകാല റിക്കാര്‍ഡ് സ്ഥാപിച്ചിരിക്കുന്നുവെന്നായിരുന്നു. എന്നാല്‍ പുതിയ പ്രതിഭാസത്തിന്റെ മൂലഹേതുമാത്രം ബിജെപി സര്‍ക്കാര്‍ പുറത്തുവിട്ടില്ല. ഔറംഗാബാദിലെ വിനോദസഞ്ചാര വിസ്‌ഫോടനത്തിന്റെ മാതൃക മഹാരാഷ്ട്രയാകെ വ്യാപിപ്പിക്കുമെന്ന് കാടടച്ചുള്ള ഒരഭിപ്രായം മാത്രം സര്‍ക്കാരിന്റേതായി പുറത്തുവന്നു.
ഈ വിനോദസഞ്ചാര വികസനത്തിന് മാലോകര്‍ പല കാരണങ്ങള്‍ പറഞ്ഞുപരത്തി. ലോകപൈതൃക പട്ടികയിലുള്ള അജന്ത‑എല്ലോറ ഗുഹകള്‍ കാണാനെത്തുന്നവരുടെ സംഖ്യാബാഹുല്യമാണ് ഒരു കാരണമെന്ന് ഒരു കൂട്ടര്‍. 1610ല്‍ നാടുവാഴിയായിരുന്ന മുര്‍താസാ നൈസാമിന്റെ പ്രധാനമന്ത്രിയായിരുന്ന മാലിക് അംബര്‍ പണിത ‘കവാടങ്ങളുടെ നഗരം’ എന്നറിയപ്പെടുന്ന ദൗലത്താബാദിനെ പിന്നീട് അറംഗസീബ് ഔറംഗബാദായി പേരുമാറ്റിയപ്പോള്‍ ഉണ്ടായ ‘ചന്ദ്രശാലാശതങ്ങളും ചാരുതരഹര്‍മ്യങ്ങളും ചന്ദ്രികാചര്‍ച്ചിതമാം പ്രാകാരങ്ങളും’ ആണ് ടൂറിസ്റ്റ് പ്രളയത്തിന് കാരണമെന്ന് മറ്റൊരു കൂട്ടര്‍. കൈലാസ് ചന്ദ്രശിവ ക്ഷേത്രമുള്ളതിനാല്‍ ഔറംഗബാദിന്റെ മുസ്‌ലിം പേരുമാറ്റി മോഡിനഗര്‍ എന്നാക്കാന്‍ പോകുന്നതിന് മുമ്പ് സ്ഥലമൊന്നു കണ്ടുകളയാമെന്നു കരുതി എത്തുന്ന വിനോദസഞ്ചാരികള്‍ സൃഷ്ടിക്കുന്ന സംഖ്യാപെരുപ്പമാണിതെന്ന് വേറൊരു കൂട്ടര്‍.
ആകെ ഔറംഗബാദ് ഒരു ടൂറിസം ഗവേഷണ ശാലയാകുന്നതിനിടയില്‍ ദേ വരുന്നു ആ ടൂറിസം വിസ്‌ഫോടന ഗുട്ടന്‍സ്! ഗോമാംസനിരോധനം വന്നതോടെ ഔറംഗബാദില്‍ പട്ടിയിറച്ചി ഇഷ്ടഭോജ്യമായി കഴിഞ്ഞിരിക്കുന്നുവെന്നാണ് ആ വെളിപ്പെടുത്തല്‍. ഇന്ത്യയിലെ മുപ്പത്തിനാലാമത്തെ ഈ നഗരത്തിലെ ജനപ്രിയ വിഭവം പട്ടിബിരിയാണി! ഇക്കാര്യം കണ്ടെത്തിയതാകട്ടെ ലോകപ്രശസ്ത ശുനകസംരക്ഷകയായ കേന്ദ്ര ബിജെപി മന്ത്രി മനേകാഗാന്ധിയും. സംഗതി സ്ഥിരീകരിക്കണമല്ലോ. മനേക ഒരു പെണ്‍ സിഐഡിയെ നിയോഗിച്ചു; മഹാരാഷ്ട്രാ ജന്തുസംരക്ഷണസമിതി ബോര്‍ഡ് അംഗമായ ഒരു പെണ്ണുംപിള്ളയെ. സംഭവം ശരി തന്നെ. പട്ടിബിരിയാണി, പട്ടിയിറച്ചി ഉലത്തിയത്, ചോപ്‌സ് കീപ്‌സ് മുതല്‍ ശുനകവാല്‍ സൂപ്പും പട്ടിനാക്ക് റോസ്റ്റും വരെ! പട്ടിയെ തൊട്ടാല്‍ തൊട്ടവനെ തട്ടും എന്ന് യുദ്ധ പ്രഖ്യാപനം നടത്തി വാണരുളുന്ന മനേകയ്ക്ക് ‘ജന്തുസ്‌നേഹി ബോര്‍ഡിണി’ റിപ്പോര്‍ട്ടും നല്‍കി; മഹാരാഷ്ട്രയില്‍ തെരുവുനായ്ക്കളുടെ എണ്ണം ആശങ്കാജനകമായി കുറയുന്നുവെന്ന്! ചാവാലിപ്പട്ടികളെല്ലാം തീന്‍മേശകളിലെത്തിയാല്‍ അതിനല്ലേ വഴിയുള്ളു.
ഇതൊക്കെ കേട്ടപ്പോള്‍ തോന്നിപ്പോയി നമ്മുടെ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ഭാഗ്യനക്ഷത്രം ഉദിച്ചുകഴിഞ്ഞെന്ന്. കാര്‍ഷിക സമ്പദ്‌വ്യവസ്ഥ, വ്യാവസായിക സമ്പദ്‌വ്യവസ്ഥ, വിനോദസഞ്ചാര സമ്പദ്‌വ്യവസ്ഥ എന്നൊക്കെ പറയുന്നതുപോലെ ആഫ്രിക്കന്‍ രാജ്യമായ സോമാലിയ ജീവിച്ചുപോകുന്നത് ഒട്ടകസമ്പദ്‌വ്യവസ്ഥയിലാണ്. ഒട്ടകമാംസം, ഒട്ടകപ്പാല്‍ തുടങ്ങി ഒട്ടകപ്പറ്റങ്ങളെ വരെ കയറ്റുമതി ചെയ്യുന്ന രാജ്യം. നമ്മുടെ കേരളത്തെ ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’ എന്നു പറയുന്നതുപോലെ ‘കാമല്‍സ് ഓണ്‍ കണ്‍ട്രി‘യാണ്. നമുക്കാണെങ്കില്‍ ഭൂമി മലയാളത്തിന് ‘ഡോഗ്‌സ് ഓണ്‍ കണ്‍ട്രി’ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. സ്വാമിമാരുടെ ലിംഗം മുറിച്ചെറിഞ്ഞാല്‍ ആര്‍ത്തിയോടെ അകത്താക്കാനെത്തുന്ന പട്ടിക്കൂട്ടങ്ങളുടെ സ്വന്തം നാട്!
ഇതിനെല്ലാമിടയില്‍ വി എം സുധീരന്‍ ഒരു ദൈവദൂതനെപോലെയാണ് ഡോ. തോമസ് ഐസക്കിനു മുന്നില്‍ അവതരിച്ചിരിക്കുന്നത്. കേരളത്തില്‍ ടൂറിസ്റ്റുകള്‍ കുറയുന്നത് സര്‍ക്കാര്‍ പറയുന്നതുപോലെ മദ്യം കിട്ടാത്തതുകൊണ്ടല്ല. നേരേമറിച്ച് തെരുവുനായ ശല്യം പെരുകിയതുകൊണ്ടാണെന്നാണ് സുധീരന്റെ വെളിപാട്. മന്ത്രി തോമസ് ഐസക്കിന് സുധീരം ഒരു ‘ക്ലൂ’ തന്നില്ലേ. ഇതില്‍ പിടിച്ചുകയറി മഹാരാഷ്ട്രാ സര്‍ക്കാരുമായി ഉടനടി ഒരു ചര്‍ച്ച നടത്തണം. കേരളത്തിലെ തെരുവുനായ്ക്കളെ മുഴുവന്‍ പിടികൂടി മഹാരാഷ്ട്രയിലെത്തിക്കാന്‍ ഒരു കരാര്‍ ഒപ്പിടണം. പട്ടിയുടെ തൂക്കമനുസരിച്ച് തരാതരം പോലെ വിലയിടാം. കടം വാങ്ങാതെ, കടപ്പത്രം ഇറക്കാതെ, ട്രഷറി പൂട്ടാതെ അഷ്‌ടൈശ്വര്യ സമൃദ്ധമായ ഒരു കേരളം കെട്ടിപ്പടുക്കാം; ശുനകസമ്പദ്‌വ്യവസ്ഥയിലൂടെ! ഒരു ഐഡിയ ഇട്ടുതന്ന സുധീര മനസേ നന്ദി, നല്ല നമസ്‌കാരം എന്നു ചൊല്ലാം.
മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രത്തേയും സൗന്ദര്യശാസ്ത്രത്തേയും നെഞ്ചകം ചേര്‍ത്തുപിടിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ എം എ ബേബിയെ ഈ സൈദ്ധാന്തിക സ്‌നേഹം കൊണ്ടാകാം അദ്ദേഹത്തെ ‘കുണ്ടറ കാസ്റ്റ്രോ’ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നത്. എന്തു പറഞ്ഞാലും അതിലൊരു മാര്‍ക്‌സിയന്‍ ടച്ചുണ്ടാകും. ഈയടുത്ത ദിവസം കൊച്ചിയില്‍ നടന്ന ദക്ഷിണേഷ്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ സമ്മേളനത്തിന് പാകിസ്ഥാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിസ നിഷേധിച്ചു. പാക് ക്രിക്കറ്റ് ടീം ഇന്ത്യയില്‍ വരട്ടെ, ഗായകരും കലാകാരന്മാരും കലാകാരികളും വരട്ടെ. ആ സമന്വയത്തിന് നമുക്ക് ചുവുപ്പുപരവതാനി വിരിക്കാം. പക്ഷേ ബേബി ഒരു കാര്യം കൂടി പറഞ്ഞുകളഞ്ഞു. പാകിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരും ഇന്ത്യയിലേയ്ക്ക് ഒഴുകട്ടെയെന്ന്. ആ നിര്‍ദേശം അല്‍പം കടന്ന കയ്യായിപോയി എന്ന് ബേബിയുടെ സുഹൃത്തായ ദേവികയ്ക്ക് അഭിപ്രായമുണ്ട്.
പാകിസ്ഥാനില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരുടെ ഒഴുക്കുപോട്ടെ. ഒരു തുള്ളി മതി കൊല നടക്കാന്‍. ‘നഞ്ചെന്തിന് നന്നാഴി’ എന്നു പറയുമ്പോലെ ശശിതരൂരും പാക് മാധ്യമപ്രവര്‍ത്തകയായ മെഹര്‍തരാറും തമ്മില്‍ മൊട്ടിട്ട പ്രണയകഥയില്‍ നിന്നു പൊട്ടിമുളച്ച ദുരന്തത്തില്‍ തരൂരിന്റെ ഏറ്റവും ഒടുവിലത്തെ പത്‌നി ദുരൂഹസാഹചര്യത്തില്‍ കൊല ചെയ്യപ്പെട്ട കാര്യം ബേബി മറന്നു പോയതാകാം. ഇല്ലെങ്കില്‍ തരൂര്‍-തരാര്‍ ബന്ധം പോലെ ഒരു മാധ്യമസംഗമത്തിന് അദ്ദേഹം വാദിക്കില്ലായിരുന്നു. വാദിച്ചു വാദിച്ച് ഇത്തരം കാര്യങ്ങളില്‍ പുലിവാലുപിടിക്കരുതേ എന്റെ പൊന്നു കുണ്ടറ കാസ്റ്റ്രോ!
യെമനില്‍ അല്‍ഹൂതി ഭീകരര്‍ ഒന്നരവര്‍ഷം ബന്ദിയാക്കിയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ മാതൃഭൂമിയില്‍ കാല്‍കുത്തിയപ്പോള്‍ ബിജെപി പിന്നെയും അദ്ദേഹത്തെ ബന്ദിയാക്കിയതു കഷ്ടമായിപോയി. കണ്ണന്താനം മന്ത്രിയെ വിമാനത്താവളത്തില്‍ അയച്ചാണ് ടോമച്ചനെ വീണ്ടും ബന്ദിയാക്കിയത്. തുടര്‍ന്ന് മോഡിക്കും സുഷമാസ്വരാജിനും മുന്നില്‍ ഹാജരാക്കിയ ശേഷം മാത്രമാണ് വിട്ടയച്ചത്. ഇതിന് മോഡി എത്ര മോചനദ്രവ്യം വാങ്ങിയെന്ന് അറിയാനിരിക്കുന്നതേയുള്ളു. എന്തായാലും വത്തിക്കാനും ഒരു കുഞ്ഞുരാജ്യമായ ഒമാനും ചേര്‍ന്ന് സാധിച്ചെടുത്ത ടോമച്ചന്റെ മോചനത്തില്‍ പങ്കുപറ്റാന്‍ കേന്ദ്രം നടത്തിയ നാണംകെട്ട കളികള്‍ കര്‍ത്താവായ യേശുമിശിഹാ തമ്പുരാന്‍ പോലും പൊറുക്കില്ല.
നമുക്ക് ഈ അന്വേഷണ കമ്മിഷന്‍ തമാശകളങ്ങു മതിയാക്കിയാലോ. ഗാന്ധിജിയെ വെടിവച്ചുകൊന്നതു മുതല്‍ സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം വരെ അന്വേഷിക്കാന്‍ കമ്മിഷനുകളുടെ പെരുമഴ പെയ്യിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ പുരാരേഖകളായി എന്നതൊഴിച്ച് ഒന്നും സംഭവിച്ചില്ല. കേരളത്തിലാണെങ്കില്‍ ഇതുവരെ കാക്കത്തൊള്ളായിരം കമ്മിഷനുകളുണ്ടായി. കേരള സര്‍വകലാശാലയുടെ മാര്‍ക്ക് തട്ടിപ്പ് കേസു വന്നപ്പേള്‍ എം പി മേനോന്‍ കമ്മിഷനെ നിയോഗിച്ചു. അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കാതലായ ശുപാര്‍ശകളില്‍ ഒന്നുപോലും നടപ്പാക്കിയില്ല. പണ്ട് എക്‌സൈസ് മന്ത്രിയായിരുന്ന എന്‍ ശ്രീനിവാസന്‍ എക്‌സൈസ് വകുപ്പില്‍ നടത്തിയ അഴിമതികള്‍ ശരിയെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയെങ്കിലും അഴിമതി ആരോപണം ഉന്നയിച്ചവരുടെ സര്‍ക്കാര്‍ തന്നെ പ്രായാധിക്യം മൂലം ശ്രീനിവാസനെ ശിക്ഷിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ബസ് ദുരന്തങ്ങള്‍, ബോട്ട് ദുരന്തങ്ങള്‍ എന്നിവയുണ്ടാകുമ്പോഴെല്ലാം കമ്മിഷനുകളെ നിയമിച്ചു. റിപ്പോര്‍ട്ടുകളും വന്നു. ഒരു ശുപാര്‍ശയും നടപ്പായില്ല. ആകാശവാണിയിലെ സ്ഥിരം നിലയവിദ്വാന്മാരെപോലെ ചിലര്‍ സ്ഥിരം കമ്മിഷനുകളായിരുന്നു. ഉദാഹരണം എത്രയെത്ര പ്രഹ്ലാദന്‍ കമ്മിഷനുകള്‍.
ഏറ്റവും ഒടുവില്‍ സോളാര്‍ കമ്മിഷന്‍. സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് നടത്തിയ സോളാര്‍ തട്ടിപ്പിലെ തുക മൊത്തം ഏഴ് കോടി രൂപ. പക്ഷേ ഇതന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന് ചെലവായത് ഒന്നരക്കോടി രൂപ. ആറ് മാസത്തേയ്ക്ക് നിയമിച്ച കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് നാല് വര്‍ഷമെടുത്ത്. അടുത്തൂണ്‍ പറ്റിയവരെ കുടിയിരുത്തി ഖജനാവ് ചോര്‍ത്തിക്കൊടുക്കുന്ന ഒരു സംവിധാനമായി മാറുന്ന കമ്മിഷനുകള്‍. കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിനും മറിച്ചൊരു ഗതിയുണ്ടാവാന്‍ തരമില്ല. ഇനി ഒരു മാര്‍ഗം കൂടി ആലോചിക്കാം. കേരളത്തിലെ ഇതുവരെയുള്ള അന്വേഷണ കമ്മിഷനുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിഷന്‍ ആയാലോ. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കല്‍പാന്തകാലത്തോളം സമയം നല്‍കിയാല്‍ മതി.