പിഎം കിസാൻ പദ്ധതി: തമിഴ്‌നാട്ടിൽ 101 പേർ അറസ്റ്റിൽ

Web Desk

ചെന്നൈ

Posted on October 17, 2020, 10:09 pm

പ്രധാൻമന്ത്രി കിസാൻ പദ്ധതിയിൽ തമിഴ്‌നാട്ടിൽ നടന്ന വൻ അഴിമതിയുമായി ബന്ധപ്പെട്ട് ഇതുവരെ 101 പേരെ അറസ്റ്റ് ചെയ്തതായി സിബിസിഐഡി. ഇതിൽ ഉദ്യോഗസ്ഥരും ഇടനിലക്കാരുമുണ്ട്.

105 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ടെന്നും 100 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്നും അധികൃതർ അറിയിച്ചു. 110 കോടിയിലധികം രൂപയുടെ ക്രമക്കേട് നടത്തിയതായാണ് കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനത്ത് കിസാൻ പദ്ധതിയിൽ പുതുതായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം ഓഗസ്റ്റിൽ വൻതോതിൽ കൂടിയിരുന്നു. ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഓൺലൈൻ സംവിധാനം ദുരുപയോഗം ചെയ്ത് അനർഹരായ ഒട്ടേറെപ്പേരെ പട്ടികയിൽ തിരുകികയറ്റിയതായി കണ്ടെത്തിയത്.

സർക്കാർ ഉദ്യോഗസ്ഥർ ലോഗിൻ ഐഡിയും പാസ്വേഡും ഇടനിലക്കാർക്കു നൽകി കൂടുതൽ ആളുകളെ പട്ടികയിൽ ഉൾപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. വില്ലുപുരം, ഗൂഡല്ലൂർ, തിരുവണ്ണാമലൈ, വെല്ലൂർ, റാണിപേട്ട്, സേലം, ധർമപുരി, കൃഷ്ണഗിരി, ചെങ്കൽപേട്ട് ജില്ലകളിലാണ് തട്ടിപ്പ് കൂടുതലും നടന്നത്. ഇതിന് കൂട്ടുനിന്നവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. അനധികൃത ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിച്ച മുഴുവൻ പണവും അവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ഒരു മാസത്തിനുള്ളിൽ വീണ്ടെടുക്കുമെന്ന് സർക്കാർ അറിയിച്ചു.

you may also like this video