പിടിച്ചുനില്‍ക്കാനാവാതെ അടിയന്തര പ്രമേയം പിന്‍വലിച്ചു

Web Desk
Posted on May 28, 2019, 11:04 pm

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ ഉയര്‍ത്താനായുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണ പദ്ധതികള്‍ക്ക് തടസം നില്‍ക്കുന്നത് പ്രതിപക്ഷമാണെന്ന് നിയമസഭയില്‍ സര്‍ക്കാര്‍. ആര് എതിര്‍ത്താലും മസാല ബോണ്ടുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും തീര്‍ത്തും സുതാര്യമായ കിഫ്ബി മസാല ബോണ്ടിന്റെ രേഖകള്‍ ആര്‍ക്കും പരിശോധിക്കാമെന്നും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് നിയമസഭയെ അറിയിച്ചു. മസാല ബോണ്ടിലെ വ്യവസ്ഥകള്‍ ദുരൂഹമാണെന്നും സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ധനമന്ത്രി രേഖകള്‍ സഹിതമാണ് മറുപടി നല്‍കിയത്. മസാല ബോണ്ടില്‍ ദുരൂഹത ആരോപിച്ച് കെ എസ് ശബരിനാഥന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ പിടിച്ചു നില്‍ക്കാനാകാതെ പ്രമേയം പ്രതിപക്ഷം പിന്‍വലിച്ചു.
നവലിബറല്‍ സാമ്പത്തിക കാഴ്ചപ്പാടുകള്‍ക്കുള്ള ബദലാണ് കിഫ്ബി മസാല ബോണ്ടിലൂടെ കേരളം മുന്നോട്ടുവയ്ക്കുന്നത്. ഇതുവഴി സ്വരൂപിക്കുന്ന പണം കുത്തകകള്‍ക്ക് കൈമാറുന്ന പിപിപി വികസന മാതൃകയല്ല കേരളം സ്വീകരിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളോ പ്രത്യേകോദ്ദ്യേശ സ്ഥാപനങ്ങളോ ആണ് പദ്ധതി ഏറ്റെടുക്കുന്നത്. കേരളത്തില്‍ ടോള്‍ പോലെയുള്ള വരുമാന ദായക പദ്ധതികള്‍ ഇനി സാധ്യമല്ല. ഈ സാഹചര്യത്തില്‍ ആരോഗ്യവും വിദ്യാഭ്യാസവും ഗതാഗതവും അടിസ്ഥാന വികസനവും അടക്കമുള്ള മേഖലയില്‍ നിക്ഷേപത്തിന് എടുക്കുന്ന വായ്പയുടെയും അതിന്റെ പലിശയുടെയും തിരിച്ചടവിന് കൃത്യമായ മാര്‍ഗം ഉറപ്പാക്കേണ്ടതുണ്ട്. കിഫ്ബി വഴി നടത്തുന്ന നിക്ഷേപത്തിന് ആവശ്യമായ വായ്പയുടെയും പലിശയുടേയും തിരിച്ചടവിന് വ്യക്തമായ മാര്‍ഗം നിയമസഭ പാസാക്കിയ നിയമം വഴിതന്നെ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായുള്ള തീരുമാനത്തില്‍ ഭരണ–പ്രതിപക്ഷ വ്യത്യാസമുണ്ടായിട്ടില്ല.

കിഫ്ബി പദ്ധതികള്‍ നടപ്പാക്കണമെന്ന കാര്യത്തില്‍ ഒരാള്‍ക്കും എതിര്‍പ്പില്ല. സ്വകാര്യ നിക്ഷേപത്തെ ആകര്‍ഷിക്കാന്‍ ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമാണ് ഒരുങ്ങുന്നത്. ഇതിനായുണ്ടാകുന്ന കടത്തിന്റെ വര്‍ധന വരുമാന വളര്‍ച്ചയ്ക്ക് ആനുപാതികമായിരിക്കും. സുസ്ഥിരമായ വികസന കാഴ്ചപ്പാടാണ് പദ്ധതിയില്‍ മുന്നോട്ടുവയ്ക്കുന്നത്. കിഫ്ബിയുടെ ആസ്തി ബാധ്യതാ പരിപാലന പരിപാടി അന്താരാഷ്ട്ര അംഗീകാരമുള്ള വിദഗ്ധ വ്യക്തിത്വങ്ങള്‍ അടങ്ങിയ ഫണ്ട് ട്രസ്റ്റി ആന്റ് അഡൈ്വസറി കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. മസാല ബോണ്ടിന് നല്‍കേണ്ട 9.723 ശതമാനം പലിശ നിരക്ക് ന്യായമായ പലിശ നിരക്കാണെന്നും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കിഫ്ബി വായ്പകളെല്ലാം ഇതേ നിരക്കിലാകില്ല. കെഎസ്എഫ്ഇയില്‍ നിന്ന് ലഭിക്കുന്ന ഒരു മാസം കാലാവധിയിലുള്ള പണത്തിന് 3.5 ശതമാനമാണ് പലിശ. ഇത് എല്ലാ മാസവും വരവും പോക്കുമുള്ള പണമാണ്. കെഎസ്എഫ്ഇ വഴിയുള്ള ഉയര്‍ന്ന കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് എട്ടു ശതമാനമാണ് പലിശ. ഡോളര്‍ ബോണ്ടിനും ഡയസ് പൊറ ബോണ്ടിനും ചിലപ്പോള്‍ വളരെ കുറഞ്ഞ പലിശ നല്‍കിയാലും മതി. പണ ഉപകരണങ്ങളുടെ പലിശ അതാതുകാലത്തെ സ്ഥിതിഗതികളെ ആശ്രയിച്ചാണ് തീരുമാനിക്കപ്പെടുന്നത്. കിഫ്ബി വായ്പകള്‍ക്ക് ഒമ്പത് ശതമാനം പലിശ നിരക്ക് നിശ്ചയിച്ചാണ് ആസ്തി ബാധ്യത പൊരുത്തം നടത്തിയിട്ടുള്ളത്.
സംസ്ഥാന വികസനത്തിന് പണം ലഭ്യമാക്കാനുള്ള എല്ലാ മാര്‍ഗങ്ങളും മുടക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം ഇപ്പോള്‍ നടത്തുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് നിലവിലുള്ളത്. ഗള്‍ഫില്‍നിന്നുള്ള പണത്തിന്റെ വരവ് കുറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പന കുറയുന്നതും മാന്ദ്യത്തിന്റെ രൂക്ഷതയാണ് വ്യക്തമാക്കുന്നത്. സര്‍ക്കാരിന് കടമെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ധന ഉത്തരവാദിത്ത നിയമത്തിന്റെ മറപറ്റി കേന്ദ്ര സര്‍ക്കാര്‍ തടയുകയും ചെയ്യുന്നു. ബജറ്റിനുള്ളില്‍നിന്ന് മതിയായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള വരുമാനശേഷിയും സംസ്ഥാനത്തിനില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും ഉപയോഗിച്ചാണ് സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ധനസമാഹരണം നടത്തേണ്ടത്. കാര്യങ്ങള്‍ മനസിലാക്കാതെ, അനാവശ്യ ആക്ഷേപങ്ങള്‍ ഉന്നയിച്ച് ഇതിന് തടയിടുകയാണ് പ്രതിപക്ഷമെന്നും ധനമന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ മുല്ലക്കര രത്‌നാകരന്‍, എ എന്‍ ഷംസീര്‍, അനൂപ് ജേക്കബ്, എം സ്വരാജ്, മോന്‍സ് ജോസഫ്, ഡോ. എം കെ മുനീര്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്തു.