14 July 2024, Sunday
KSFE Galaxy Chits

Related news

April 3, 2024
January 14, 2024
January 13, 2024
November 13, 2023
November 6, 2023
October 12, 2023
September 3, 2023
August 27, 2023
August 22, 2023
August 21, 2023

പുതുപ്പള്ളിയില്‍ മത്സരരംഗത്ത് ഏഴ് പേര്‍; കേരളത്തിൽ ബിഎസ്എൻഎൽ പൂർണമായും 4ജിയിലേക്ക് മാറുന്നു

Janayugom Webdesk
August 21, 2023 9:42 pm

1. ചന്ദ്രയാന്‍-മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്നതിന്‍റെ തല്‍സമയ സംപ്രേഷണം പ്രിയദര്‍ശിനി പ്ലാനിറ്റേറിയത്തില്‍ ഒരുക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് ഓഗസ്റ്റ് 23ന് ബുധനാഴ്‌ച വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയാണ് പരിപാടി. 6.04ന് ലൂണാര്‍ ലാന്‍ഡിംഗിന്‍റെ ദൃശ്യങ്ങള്‍ വലിയ സ്‌ക്രീനില്‍ കാണാൻ ലഭിക്കുന്ന അസുലഭാവസരമായിരിക്കും ഇതെന്ന് മന്ത്രി പറഞ്ഞു.

2. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിൽ 7 പേർ മത്സര രംഗത്ത്. സമയപരിധി അവസാനിച്ചിട്ടും ആരും നാമനിർദേശ പത്രിക പിൻവലിച്ചിരുന്നില്ല. ചാണ്ടി ഉമ്മൻ, ജെയ്ക് സി തോമസ്, ജി. ലിജിൻലാൽ, ലൂക്ക് തോമസ്, പി. കെ. ദേവദാസ്, സന്തോഷ് ജോസഫ്, ഷാജി എന്നിവരാണ് മത്സര രംഗത്തുള്ളത്. നാല് അംഗീകൃത രാഷ്ട്രീയപാർട്ടികൾക്ക് അവരുടെ ചിഹ്നവും മൂന്നു സ്വതന്ത്ര സ്ഥാനാർഥികൾക്ക് വരണാധികാരി അനുവദിച്ച ചിഹ്നങ്ങളുമാണ് നൽകിയിരിക്കുന്നത്.

3. ഐസ്ആര്‍ഒ പരീക്ഷയില്‍ നടന്ന തട്ടിപ്പിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷകള്‍ റദ്ദാക്കി. പുതിയ പരീക്ഷ തീയതി പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് വി എസ് എസ് സി അറിയിച്ചു. അതേസമയം, ഐഎസ്ആര്‍ഒ പരീക്ഷ തട്ടിപ്പില്‍ പൊലീസ് പ്രത്യക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സൈബര്‍ സെല്ലിനാണ് അന്വേഷണ ചുമതല.പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ്എസ്സി പരീക്ഷ കണ്‍ട്രോളര്‍ക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കത്തു നല്‍കും.

4. കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളത്തിന് ധനവകുപ്പ് പണം അനുവദിക്കുമെന്ന് മന്ത്രി ആന്റണി രാജു. ധനവകുപ്പ് പണം അനുവദിച്ചാൽ ഉടൻ ശമ്പളം നൽകുമെന്നും, പണം സമയ ബന്ധിതമായി അനുവദിക്കാത്തത് സാമ്പത്തിക പ്രതിസന്ധി കാരണമാണെന്നും മന്ത്രി വ്യക്തമാക്കി. പരമാവധി സഹായം നൽകുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി ഓണം അലവൻസിന്റെ കാര്യത്തിൽ മാനേജ്മെന്റ് – യൂണിയൻ ചർച്ചയാൽ പരിഹാരമാകുമെന്നും കൂട്ടിച്ചേർത്തു.

5. കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നതിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് കോടതി പറഞ്ഞു. ഇപ്പോഴെങ്കിലും ശമ്പളം കൊടുത്താൽ മാത്രമേ ഓണം ആഘോഷിക്കാനാവൂ. ശമ്പളം പണമായിതന്നെ കൊടുക്കണം. കൂപ്പൺ വിതരണം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. 

6. കേരളത്തിൽ ബിഎസ്എൻഎൽ പൂർണമായും 4ജിയിലേക്ക് മാറുന്നു. ഡിസംബർ മാസത്തോടെ കമ്മിഷൻ ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. പഞ്ചാബിൽ 4ജി യാഥാർത്ഥ്യമായ സാഹചര്യത്തിലാണ് കേരളത്തിലും ബിഎസ്എൻഎൽ ഇതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. സ്വകാര്യ മൊബൈൽ സേവനദാതാക്കൾ 5ജി വേഗത്തിലേക്ക് ചുവടുമാറുമ്പോഴാണ് ബിഎസ്എൻഎൽ 4ജിയിലേക്ക് കാലെടുത്തുവയ്ക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ മേഖലയിലാണ് 4ജി ലഭ്യമാകുക. ഇതിനായി 796 പുതിയ 4ജി ടവർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 

7. ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് 2020 ലാണ് പതിനാലുകാരിയായ പെണ്‍കുട്ടിയുടെ രക്ഷിതാവിന്റെ സ്ഥാനം പിതാവിന്റെ സുഹൃത്തും ദില്ലി ചൈല്‍ഡ് ഡവലപ്പ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടറുമായപ്രമോദയ് ഖാഖ ഏറ്റെടുത്തത്.

8. കാവേരി നദിയില്‍ നിന്ന് ഓഗസ്റ്റ് മാസത്തില്‍ തമിഴ്നാടിന് ജലം അനുവദിക്കുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിന് ഉടൻ തന്നെ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ രോഹതഗി, അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അമിത് ആനന്ദ് തിവാരി എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അടിയന്തരമായി ബെഞ്ച് രൂപീകരിക്കാൻ തീരുമാനമായത്. കാവേരി നദി മാനേജ്മെന്റ് അതോറിട്ടി(സിഡബ്ല്യുഎംഎ) നിര്‍ദേശമനുസരിച്ച് ഓഗസ്റ്റ് മാസത്തെ ജലം അനുവദിക്കുന്നതിന് ബെഞ്ച് രൂപീകരിക്കണമെന്നതായിരുന്നു ഹര്‍ജി.

9. ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഹിലരി ഞായറാഴ്ച വടക്കുപടിഞ്ഞാറൻ മെക്സിക്കോയിൽ ആഞ്ഞടിച്ചു. മെക്‌സിക്കോയിലെ ബജ കലിഫോർണിയ പെനിൻസുലയുടെ വടക്കു ഭാഗത്ത് കരതൊട്ട ഹിലരി, മണിക്കൂറിൽ 65 മൈൽ (100 കിലോമീറ്റർ) വേഗതയിലാണ് വീശിയടിച്ചതെന്ന് യുഎസ് നാഷനൽ ഹറിക്കേൻ സെന്റർ അറിയിച്ചു. വടക്കുപടിഞ്ഞാറൻ മെക്സിക്കോയിൽ ശക്തമായ കാറ്റിലും മഴയിലും ഒരു മരണം റിപ്പോർട്ടു ചെയ്തു. കാർ ഒഴുക്കിൽപ്പെട്ടാണ് ഒരാൾ മരിച്ചത്. 

10. കാനഡയില്‍ ഞായറാഴ്ച വൈകിയും കാട്ടുതീ പലപ്രദേശങ്ങളിലേക്കും വ്യാപിച്ചു. ഗ്രീസിന്റെ അത്ര വലിപ്പം വരുന്ന പ്രദേശമാണ് കാട്ടുതീ അഭിമുഖീകരിച്ചത്. നാല് മരണങ്ങള്‍ ഇതുവരെ രേഖപ്പെടുത്തി. ആയിരത്തിലധികം കാട്ടുതീ സംഭവങ്ങളാണ് രാജ്യത്തുണ്ടായിരിക്കുന്നത് . ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ യെല്ലോനൈഫെന്ന നഗരത്തില്‍ 30,000 ഓളം വീടുകള്‍ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു.

TOP NEWS

July 14, 2024
July 14, 2024
July 13, 2024
July 13, 2024
July 13, 2024
July 13, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.