പൊട്ടനൗക്കര്‍ സുബൈദയായ കഥ

Web Desk
Posted on June 09, 2019, 9:52 am

പ്രതീഷ് ഒ

പ്രായമായിട്ടും ബുദ്ധി വളരാത്ത കുട്ടി. അതാണ് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പൊട്ടനൗക്കര്‍.
‘അയിനി പുത്തി’ കൊറഞ്ഞത് പൊട്ടത്തിയായ അന്റെ ബയറ്റി കെടന്നത് കൊണ്ടല്ലേ മോനേ…’
ഉമ്മയുടെ വയറ്റില്‍ അവസാനം പിറന്ന പൊട്ടനൗക്കറിന് ബുദ്ധിയും സാമര്‍ത്ഥ്യവും കുറഞ്ഞത് അവസാനം വടിച്ചിട്ട മോനായത് കൊണ്ടാണെന്നാണ് ഉമ്മയുടെ കണ്ടെത്തല്‍.…
അതൊരു സത്യ പ്രസ്താവനയായിരുന്നു വെന്ന് കാലം തെളിയിച്ചു. ഉമ്മയുടെ ആരോഗ്യവും ആഭരണങ്ങളും തീര്‍ന്നപ്പോള്‍ ബുദ്ധിയുള്ള മൂത്ത മക്കളെല്ലാം ഉമ്മയെ വിട്ട് ബീബിമാരുടെ കൈ പിടിച്ച് തറവാട്ട് പടിയിറങ്ങി പോയി..’ (അലാമി)
എല്ലായിടത്തു നിന്നും പുറത്താക്കപ്പെട്ടവന്റെ സ്‌നേഹരാഹിത്യത്തിന്റെ പച്ച ജീവതമാണ്, എഴുത്താണ്, പൊട്ടനൗക്കറെ സുബൈദയാക്കിയത്. ആറാം ക്ലാസില്‍ സ്‌കൂളില്‍ നിന്നും പുറത്തായി. ദേശം വിട്ടു. സ്‌കൂളില്‍ നിന്നും പുറത്തായപ്പോള്‍ കാക്കയെ പായിക്കുന്ന പണിക്ക് നിന്നു. ആരുമില്ലാത്ത നേരത്ത് അവരുടെ കളിക്കൂട്ടുകാരനായി. അതോടെ അവിടെ നിന്നും പുറത്തായി. ആടിനെ മേയ്ക്കുന്ന പണിക്കു പോയി. ഒപ്പം മേഞ്ഞപ്പോള്‍ ആടുകളും അവയുടെ വഴിക്ക് പോയി. അങ്ങനെ അവിടെ നിന്നും. പ്രേമിക്കാന്‍ പിന്നാലെ പോയ പെണ്‍കുട്ടികളും മനസ്സില്‍ നിന്നും പുറത്താക്കി. പിന്നീട് പ്രവാസ ജീവിതത്തിന്റെ ആരംഭം.
പ്രവാസമാണ്,യാത്രയാണ്, അനുഭവമാണ് എഴുത്തുകാരനെ സൃഷ്ടിക്കുന്നത്. അതിന്റെ നേര്‍സാക്ഷ്യമാണ് സുബൈദ. ഉമ്മ സുബൈദയ്ക്ക് ഇന്നും ഒരു നൊമ്പരമായിരുന്നു. ഉമ്മയുടെ അലിക്കത്തുകള്‍ ഊരിയെടുത്തപ്പോള്‍ കാതുകളിലെ ബാക്കിയായ ദ്വാരങ്ങളില്‍ കറുത്ത നൂല് കോര്‍ത്തിട്ടു. ചെവിയിലെ ദ്വാരങ്ങള്‍ അലിക്കത്ത് കൊണ്ട് നിറയ്ക്കുക എന്നത് സുബൈദയുടെ നഷ്ട സ്വപ്‌നങ്ങളായിരുന്നു.


”സ്വര്‍ണ്ണവള ഊരിവിറ്റ ഉമ്മയുടെ മെലിഞ്ഞ കൈ പേറ്റിച്ചി കൈ പോലെയായെന്ന് വണ്ണാത്തി ലക്ഷ്മിയമ്മയാണ് പറഞ്ഞത്. കഴുത്തിലേത് വിറ്റപ്പോള്‍ ഉമ്മ പുരോന്‍ ചത്ത പെണ്ണിനേപ്പോലെയായെന്ന് പാറു അമ്മ. ഉപ്പ ഉണ്ടായിരുന്ന കാലം. അന്ന് ഉമ്മ രാജാത്തിയെപ്പോലെയായിരുന്നു വത്രെ.’ (മടക്ക യാത്രകള്‍ )
അനുഭവങ്ങളുടെ പൊള്ളല്‍ വായനക്കാരനിലേക്ക് പകര്‍ത്തിയ സുബൈദയുടെ കൃതികള്‍ നിസ്സഹായന്റെ നിലവിളികളായിരുന്നു. ഒരു പ്രവാസി ജീവതത്തിന്റെ തീഷ്ണമായ അനുഭവങ്ങള്‍ ‘ആടുജീവിത’ത്തിന് മുമ്പ് അനുവാചകരിലേക്ക് എത്തിച്ചത് സുബൈദയുടെ ‘ജയിലനുഭവങ്ങള്‍’ എന്ന ചെറിയ കൃതിയിലൂടെയാണ്. അതാണ് സുബൈദ. അബൂക്കയുടെ എഴുത്തിലെ വാക്കുകള്‍ പോലും കരയിപ്പിക്കും ‚അത്രയ്ക്ക് തീഷ്ണമാണ് അദ്ദേഹത്തിന്റെ അനുഭവങ്ങള്‍. ഏതൊരു കലാകാരനും തന്റെ ജീവിതാവസ്ഥയുമായി കലഹിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന് സുബൈദ എന്ന എഴുത്തുകാരന്‍ കാട്ടിത്തരുന്നു. സംഘര്‍ഷഭരിതമായ ജീവിതത്തെ ഇത്ര പ്രസാദാത്മകമായി നോക്കിക്കണ്ട മനുഷ്യനും വേറെയില്ല. ഒരു പച്ച മനുഷ്യന്‍ അതാണ് ‘അബൂക്ക’. കാസര്‍കോട്ടെ സുഹൃത്തുക്കള്‍ സുബൈദയെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നത് അബൂക്ക എന്നാണ്. പത്രപ്രവര്‍ത്തകനെക്കാള്‍ ഉപരി നല്ല എഴുത്തുകാരനാണ് അദ്ദേഹം. വേശ്യയെ സ്‌നേഹിച്ചതു പോലാണ് പ്രാദേശിക പത്രപ്രവര്‍ത്തകരുടെ അവസ്ഥയെന്ന് അദ്ദേഹം ഒരിക്കല്‍ സൗഹൃദ സംഭാഷണത്തിനിടയില്‍ പറഞ്ഞിട്ടുണ്ട്. വളരെ സത്യമാണതെന്ന് എന്നും ഓര്‍ക്കാറുണ്ട്. ചുട്ടു നീറുന്ന അനുഭവങ്ങളും പരന്ന വായനയുമാണ് ബഷീര്‍ എന്ന എഴുത്തുകാരനെ വളര്‍ത്തിയത്. ബഷീറിന്റെ അനുഭവങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടി കലര്‍ത്തി അവതരിപ്പിച്ചപ്പോള്‍ സുബൈദ കലഹിക്കുന്ന വാക്കുകളിലൂടെയാണ് അനുവാചകരോട് സംവദിക്കുന്നത്. വടക്കേ മലബാറിലെ നാട്ടുഭാഷയുടെ ഒതുക്കത്തോടെയുള്ള അവതരണം അദ്ദേഹത്തിന്റെ കഥകള്‍ക്ക് ജീവനേകി. പത്ര പ്രവര്‍ത്തകന്‍, ഒരു നല്ല ചിത്രകാരന്‍ തുടങ്ങി ഒട്ടനവധി മേഖലകളില്‍ തിളങ്ങിയ വ്യക്തിത്വമാണ് സുബൈദ.
ദാരിദ്ര്യം, രതി, പ്രണയം, എന്നിവ സുബൈദയുടെ എഴുത്തുകളില്‍ പ്രകടമായി കാണാം.ഇത് അദ്ദേഹത്തിന്റെ എഴുത്തിന് സൗന്ദര്യം നല്‍കുന്നു.
‘അന്നു വൈകീട്ട് അവള്‍ അറയില്‍ വന്നു. അന്നും ഉപ്പും മുളകും ചേര്‍ന്ന സ്വാദു തന്നു.’(അലാമി) രതിയുടെ അനുഭവം സുബൈദയുടെ കഥകളില്‍ പ്രകടമായി കാണാം.
‘അരിപ്പുട്ട് രമാദേവിയുടെ വെളത്ത് കൊഴുത്ത തുടയില്‍ തുമ്പപ്പൂ വായി. അങ്ങനെ ഞാന്‍ ആണായി.’ പ്രണയവും, രതിയും നല്ല കയ്യൊതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. സ്‌നേഹരാഹിത്യത്തിന്റെ ബാല്യ യൗവനമാണ് അദ്ദേഹത്തിന്റെ പ്രണയം. അതൊരു ഭ്രാന്തമായ ആവേശം കൂടിയാണ്.
1947 മെയ് 18ന് കാസര്‍കോട് ജില്ലയിലെ നീലേശ്വരത്ത് അണ്ടോളി പൂമാടത്ത് അബ്ദുറഹ്മാന്‍ പുതിയ പാട്ടില്ലത്ത് കൈച്ചുമ്മയുടെയും ഏഴാമത്തെ സന്താനമായി ജനനം. 1961ല്‍ ആറാം തരത്തില്‍ പഠിക്കുമ്പോള്‍ നാടുവിട്ടു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും, യു.എ.ഇ, അബൂമൂഡ, യൂറോപ്പ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ബറാക്ക 1 എന്ന കപ്പലില്‍ ജോലി ചെയ്തു.1978ല്‍ യൂറോപ്പില്‍ നിന്നും തിരിച്ചു വന്ന് ഗള്‍ഫിലേക്ക് മടങ്ങി. 1982ല്‍ ഏപ്രില്‍ 22 അല്‍ ഐനിലെ ഭൂഗര്‍ഭ ജയിലില്‍ തടവിലടക്കപ്പെട്ടു. നാല് മാസത്തോളം ഇവിടെ കഴിഞ്ഞു. ഈ ഓര്‍മ്മ വെച്ച് എഴുതിയ ആത്മകഥാംശമുള്ള നോവലൈറ്റാണ് ‘ജയിലനുഭവങ്ങള്‍’. ചന്ദ്രിക ദിനപത്രത്തില്‍ സബ് എഡിറ്റര്‍, മാധ്യമം പത്രത്തില്‍ എറണാകുളം ബ്യൂറോ സബ് എഡിറ്റര്‍, ജീവരാഗം മാസികയുടെ പത്രാധിപര്‍, ഗള്‍ഫ് മലയാളം ന്യൂസിലെ കാസര്‍ക്കോട് ലേഖകന്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്ത അബൂക്ക ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. വാര്‍ധക്യസഹചമായ അസുഖം അദ്ദേഹത്തെ സാരമായി ബാധിച്ചിട്ടുണ്ട്.