Web Desk

November 20, 2020, 12:22 am

പോസ്റ്റുമാസ്റ്റർ ജനറൽ ഓഫീസിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി

Janayugom Online

കോഴിക്കോട്: ജി ഡി എസ് ജീവനക്കാരെ സിവിൽ സർവന്റ് ആയി അംഗീകരിക്കുക, കമലേഷ്ചന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ അനുകൂല ശുപാർശകൾ പൂർണ്ണമായും നടപ്പാക്കുക, തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യാ ഗ്രാമീൺ ഡാക് സേവക് യൂണിയന്റെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് പോസ്റ്റുമാസ്റ്റർ ജനറൽ ഓഫീസിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി. ഗ്രാമീണ തപാൽ ജീവനക്കാരുടെ സേവന,വേതന വ്യവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാർ 2015ൽ റിട്ടേഡ് പോസ്റ്റൽ ബോർഡ് അംഗമായ കമലേഷ് ചന്ദ്ര എന്ന ഏകാങ്ക കമ്മീഷനെ നിയമിക്കുകയും ആ കമ്മീഷൻ 2016 നവംമ്പറിൽ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. എന്നാൽ കമ്മീഷൻ റിപ്പോർട്ട് കേന്ദ്ര ഗവൺമെന്റ്റ് നടപ്പാക്കാതിരുന്നപ്പോൾ ഓൾ ഇന്ത്യാ ഗ്രാമീൺ ഡാക് സേവക് യൂണിയന്റെ നേതൃത്വത്തിൽ നിരന്തരം പ്രക്ഷോഭം നടത്തിയതിന്റെ ഫലമായി റിപ്പോർട്ട് നടപ്പാക്കിയതായി ഗവൺമെന്റ് പ്രഖ്യാപനം നടത്തി. എന്നാൽ കമലേഷ് ചന്ദ്ര കമ്മിറ്റി നിർദ്ദേശിച്ച ചുരുക്കം ചില നിർദ്ദേശങ്ങൾ മാത്രം നടപ്പിലാക്കുകയും പ്രധാന അനുകൂല ശുപാർശകൾ ഒന്നും തന്നെ നടപ്പിലാക്കാതിരിക്കുകയുമാണ് കേന്ദ്ര ഗവൺമെന്റ് ചെയ്തത്. തുടർന്ന് നിരവധി പ്രക്ഷോങ്ങൾ സംഘടിപ്പിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. നവംബർ 26 ന് നടക്കുന്ന ദേശീയ പണിമുടക്കിൽ രാജ്യത്തെ ഗ്രാമീണ തപാൽ ജീവനക്കാരും അണിചേരുന്നുണ്ട്. സമരത്തിന്റെ ഭാഗമായി കോഴിക്കോട് പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിന് മുന്നിൽ നടന്ന സായാഹ്ന ധർണ്ണ എ ഐ ജി ഡി എസ് യു സർക്കിൾ പ്രസിഡന്റ് എം ടി സുരേഷ് ഉദ്ഘാടനം ചെയ്തു. ഡിവിഷണൽ വൈസ് പ്രസിഡന്റ് ബിന്ദു കെ സി അധ്യക്ഷത വഹിച്ചു. ടി പി ജോയി, പി സുകുമാരൻ ഒറ്റപ്പാലം, സാവിത്രി മഞ്ചേരി, എം കറുപ്പൻ, കെ കറുപ്പൻ, ശ്രീധരൻ കെ, സുരേഷ് സി വി തുടങ്ങിയവർ സംസാരിച്ചു.