പ്രതിപക്ഷത്തിന്റേത് 100 ദിന അക്രമ പദ്ധതി — കോടിയേരി

Web Desk

തിരുവനന്തപുരം

Posted on September 18, 2020, 10:47 am

പ്രതിപക്ഷത്തിന്റേത് 100 ദിന അക്രമ പദ്ധതിയെന്ന് കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന 100 പദ്ധതിക്ക് ബദലായി നൂറുദിന അക്രമവും കള്ളക്കഥകളുമാണെന്ന് CPM സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയിലെഴുതിയ പ്രതിവാര പംക്തിയിൽ പറഞ്ഞു.

കോൺഗ്രസ് –-ബിജെപി–-മുസ്ലിംലീഗ് പ്രതിപക്ഷം പയറ്റുന്നത്. ഈ വലതുപക്ഷ അവസരവാദ രാഷ്ട്രീയക്കാരുടെ മേച്ചിൽപ്പുറങ്ങളായി ടിവി സ്ക്രീനും പത്രത്താളുകളും “മാ’ മാധ്യമങ്ങളുടെ നേതൃത്വത്തിൽ പാട്ടത്തിന് കൊടുത്തിരിക്കുന്നു. ഇതിലൂടെ വികസനം തടയുക, നാട്ടിൽ അരാജകത്വവും കലാപവും സൃഷ്ടിക്കുക, ക്രമസമാധാനം തകർക്കുക എന്നതെല്ലാമാണ് നടപ്പാക്കുന്നത്. ഇതിലൂടെ എൽഡിഎഫ് സർക്കാരിന്റെ സൽപ്പേര് കോവിഡ് കാലത്ത് ഇല്ലാതാക്കാമെന്ന പ്രതിപക്ഷത്തിന്റെയും അവരുടെ മൂടുതാങ്ങികളായ മാധ്യമങ്ങളുടെയും മോഹം കല്ലിലടിച്ച പൂക്കുലപോലെ ചിതറും. അത് ബോധ്യപ്പെടാൻ അധികകാലം വേണ്ടിവരില്ല.

ഇപ്പോൾ പ്രതിപക്ഷം നടത്തുന്നത് സമരമല്ല സമാരാഭാസമാണ്. തിര ശിലക്ക് പിന്നിൽ കുപ്രസിദ്ധ വിമോചന സമര ശക്തി കളേക്കാൾ വലിയ ശക്തികളാണുള്ളത്.

കെ ടി ജലീലിനും എൽഡിഎഫ് സർക്കാരിനുമെതിരെ നടത്തുന്ന ഖുർആൻവിരുദ്ധ യുഡിഎഫ്–- ബിജെപി പ്രക്ഷോഭം ഗതികിട്ടാപ്രേതമായി ഒടുങ്ങുമെന്നത് നിസ്തർക്കം. സ്വർണക്കടത്തിന്റെ പേര് പറഞ്ഞ് എൽഡിഎഫ് സർക്കാരിനെതിരെ നടത്തുന്ന അരാജകസമരത്തിന്റെ അർഥശൂന്യത കേരളീയർ മനസ്സിലാക്കുന്നുണ്ട്. ഖുർആനെ അപഹസിക്കുന്ന പ്രക്ഷോഭത്തെ എൽഡിഎഫ് എതിർക്കുന്നത് ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാൻ പാടില്ല എന്നതുകൊണ്ടാണ്. ഖുർആനോടും ബൈബിളിനോടും ഭഗവത് ഗീതയോടും കമ്യൂണിസ്റ്റുകാർക്ക് ഒരേ സമീപനമാണ്. മുഖ്യമന്ത്രിയായിരിക്കെ നായനാർ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വത്തിക്കാനിൽ കണ്ടപ്പോൾ സമ്മാനിച്ചത് ഭഗവത് ഗീതയാണ്. ആ കൂടിക്കാഴ്ചയിൽ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനുമുണ്ടായിരുന്നു. കമ്യൂണിസ്റ്റായ നായനാർ പോപ്പിന് ഗീത സമ്മാനിച്ചത് വലിയ വിവാദമാക്കാൻ നോക്കിയിരുന്നു. എന്നാൽ, ഗീതയും ബൈബിളും ഖുർആനുമൊക്കെ ഓരോ കാലഘട്ടത്തിലെ വിലപ്പെട്ട സംഭാവനകളാണെന്നും ഇന്ത്യയിൽനിന്ന് വത്തിക്കാനിലെത്തിയ താൻ പോപ്പിന് ഗീത നൽകിയതിൽ അപാകമില്ലെന്നും നായനാർ മറുപടി നൽകി.

You may also like this video