പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശിലെ ബിജ്നോറില് നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ 48 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഡിസംബര്‍ 20ന് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പൊലീസുകാര്‍ക്കെതിരെ ജനക്കൂട്ടം വെടിയുതിര്‍ത്തു എന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പില്‍ രണ്ടുപേര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. അറസ്റ്റിലായ 48 പേര് നല്കിയ ജാമ്യ ഹര്‍ജി പരിഗണിച്ച കോടതി പ്രതിഷേധക്കാര്‍ പൊലീസിനു നേരെ വെടിവെച്ചതിന് തെളിവില്ലെന്ന് വ്യക്തമാക്കി.
കോടതിക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ ഉപയോഗിച്ച ആയുധമോ മറ്റ് തെളിവുകളോ ഹാജരാക്കാന്‍ പൊലീസിനോ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനോ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കടകള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവ പ്രതിഷേധക്കാര്‍ തകര്‍ത്തുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
13 പൊലീസുകാര്‍ക്ക് ഗുരുതര പരിക്കുകളുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ പറയുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ ചികിത്സ രേഖകളില്‍ പൊലീസുകാര്‍ക്ക് സാരമായ പരിക്ക് മാത്രമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു. കോടതി പൊലീസിനോട് ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി നല്കാന് കഴിഞ്ഞില്ല. തുടര്‍ന്ന് അപേക്ഷ സമര്‍പ്പിച്ച 48 പേര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. കലാപം സൃഷ്ടിക്കല്‍, അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 83 പേരെയാണ് ബിജ്നോറില് നിന്ന് അറസ്റ്റു ചെയ്തിരുന്നത്.
English Summary: UP: Court grants bail to 48 CAA protesters
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.