രമേശ് ബാബു

February 13, 2020, 5:15 am

ബജറ്റ് എന്ന വിഴുപ്പുഭാണ്ഡം

Janayugom Online

നിയുക്തമായിരിക്കുന്ന ചുമതലയെക്കുറിച്ച് സംസാരിക്കാന്‍ ബാധ്യസ്ഥനായ വ്യക്തിക്ക് ഉത്തരവാദിത്ത നിര്‍വഹണം എങ്ങനെയാണ് സാക്ഷാത്കരിക്കാന്‍ പോകുന്നതെന്നതിനെക്കുറിച്ച് വ്യക്തമായ ആശയങ്ങളോ കാഴ്ചപ്പാടോ ഉള്ളില്‍ ഇല്ലെങ്കില്‍ വാതോരാതെ അതുമിതും പറഞ്ഞുകൊണ്ടിരിക്കും. ഇതിന് ഉത്തമ ഉദാഹരണമാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നീണ്ട ബജറ്റ് പ്രസംഗം. എന്നും പത്രം വായിക്കുന്ന ഒരു സാധാരണക്കാരന്റെ സാമ്പത്തികശാസ്ത്ര അവബോധം പോലും ധനമന്ത്രിക്കസേരയില്‍ ഇരിക്കുന്ന അവരുടെ ബജറ്റ് പ്രസംഗത്തിനില്ലായിരുന്നുവെന്നത് പരിതാപകരമാണ്.

സ്വാതന്ത്ര്യം കിട്ടി മുക്കാല്‍ നൂറ്റാണ്ട് തികയാന്‍ പോകുമ്പോഴും നിരക്ഷരത അന്‍പത് ശതമാനത്തില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രത്തിലെ സാധുജനങ്ങളില്‍ വര്‍ഗീയതയുടെ ഉന്‍മാദം വളര്‍ത്തിയും വംശമഹിമയുടെ പൊലിമ ഉയര്‍ത്തിയും കുറെക്കാലം കൂടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അധികാരത്തിലേറാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ആധുനിക രാഷ്ട്രസങ്കല്പങ്ങളില്‍ ഒരു രാഷ്ട്രത്തിന്റെ വളര്‍ച്ചയും നിലനില്‍പ്പും നിശ്ചയിക്കുന്നത് സാമ്പത്തികനയങ്ങളുടെ പ്രായോഗികതയിലൂടെയും അതിന്റെ നിര്‍വഹണത്തിലൂടെയുമാണ്. സാമ്പത്തിക ശാസ്ത്രത്തെ വര്‍ഗീയവികാരംകൊണ്ടോ വംശാവലിയുടെ മേന്‍മകൊണ്ടോ ചലനാത്മകമാക്കാന്‍ കഴിയില്ല.

ഒരു ദേശത്തിന്റെ സാമൂഹ്യ, സാംസ്കാരിക, അവസ്ഥകളും വിഭവസ്രോതസുകളും വരവ് ചെലവും ആവശ്യകതകളും പ്രതീക്ഷകളും എല്ലാം വസ്തുതാപരമായി പഠിച്ച് ദീര്‍ഘവീക്ഷണത്തോടെ മാത്രമേ സാമ്പത്തികനയം അവലംബിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയൂ. ഡോ.മന്‍മോഹന്‍സിംഗിന്റെ കാല്പനിക സാമ്പത്തിക സിദ്ധാന്തങ്ങളുടെ ആവിഷ്കാരങ്ങളിലൂടെ കടന്നുപോയ രാജ്യം അനുഭവിക്കേണ്ടിവന്ന കെടുതികള്‍ പരിഹാരമില്ലാതെ തുടരുമ്പോഴാണ് സാധാരണക്കാരുടെയും ദരിദ്രരുടെയും ജീവിതത്തെക്കുറിച്ച് ഒരു ചിന്തയുമില്ലാതെ വീണ്ടും കോര്‍പ്പറേറ്റ് പ്രീണനം മാത്രം വിളമ്പുന്ന ബജറ്റുമായി കേന്ദ്രസര്‍ക്കാര്‍ എത്തിയിരിക്കുന്നത്. നരേന്ദ്രമോഡിയുടെ ആദ്യ അഞ്ച് വര്‍ഷ ഭരണകാലത്ത് നടപ്പിലാക്കിയ നോട്ട് നിരോധനവും ആലോചനയില്ലാതെ കൊണ്ടുവന്ന ചരക്ക് സേവനനികുതിയും രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ചെറിയ ആഘാതമല്ല സൃഷ്ടിച്ചതെന്ന് അനുദിന ജീവിതപ്രാരാബ്ധങ്ങള്‍ തന്നെ വ്യക്തമാക്കിതരുന്നുണ്ട്. തീവ്രവാദികളുടെ കളളനോട്ട് അച്ചടിയും കള്ളപ്പണവും നികുതിവെട്ടിപ്പും തടയാനുമാണ് രണ്ടും കൊണ്ടുവന്നതെന്നായിരുന്നു ഭാഷ്യം.

സര്‍ക്കാര്‍ പ്രസില്‍ അച്ചടിക്കുന്നതിനേക്കാള്‍ മികച്ച കള്ളനോട്ടുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെ 2000 രൂപയുടെ നോട്ട് അച്ചടി നിര്‍ത്തിവച്ചിരിക്കുകയാണ്. തീവ്രവാദികളെയും വെല്ലുന്ന തട്ടിപ്പ് വീരന്‍മാരായ ലളിത് മോഡിയും വിജയ്‌മല്യയും നീരവ് മോഡിയും മെഹുല്‍ ചോക്സിയും ഒക്കെ ഒരു കുഴപ്പവുമില്ലാതെ വിദേശത്ത് കഴിയുന്നു. ജിഎസ്‌ടി കാരണം പെെസ തികയുമോ എന്ന ഭയത്താൽ ഒരു സാദാ ഹോട്ടലില്‍ നിന്ന് വടയും ചായയും കഴിക്കാൻ പോലും ആധിയാണ്.ഇന്ത്യ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വളര്‍ച്ചാമുരടിപ്പിനും തൊഴിലില്ലായ്മയ്ക്കും പ്രധാനകാരണം നോട്ട് നിരോധനവും അമിതമായ ജിഎസ്‌ടിയും മാത്രമാണ്. സര്‍ക്കാര്‍ പറയുന്നത് സാമ്പത്തിക മന്ദത ചാക്രികമാണെന്നും അത് അധികം വെെകാതെ സാധാരണ നിലയിലാകുമെന്നുമാണ്. കലത്തില്‍ അരിയില്ലാതെ വെറുതെ വെള്ളം തിളപ്പിച്ചാല്‍ അത് കഞ്ഞിയാകുമോ? നരേന്ദ്രമോഡിയുടെ രണ്ടാം വരവിലാണ് സാമ്പത്തികരംഗത്തെ വളര്‍ച്ചാമുരടിപ്പ് കൂടുതല്‍ പ്രകടമാകുന്നത്. വാഹനനിര്‍മ്മാണ മേഖലയുള്‍പ്പെടെ എല്ലാ നിര്‍മ്മാണ മേഖലയിലും മുരടിപ്പ് തുടരുകയാണ്.

ഉപഭോഗമേഖലയിലെ ഇടിവ് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന ബിസ്ക്കറ്റ് നിര്‍മ്മാണത്തെപോലും ബാധിച്ചു എന്നു പറയുമ്പോള്‍ ജനങ്ങളുടെ വരുമാനമില്ലായ്മ എത്ര ഭീകരമാണെന്ന് മനസിലാകും. വിറ്റഴിക്കൽ പണത്തെ മൂലധനമാക്കി ധനാവശ്യത്തെ പരിഹരിക്കാനാണ് ബജറ്റ് മുന്നോട്ട് വയ്ക്കുന്ന മറ്റൊരു ആശയം. എയര്‍ ഇന്ത്യയും ബിപിസിഎല്ലും കച്ചവടത്തിന് വച്ചിട്ട് നാളേറെയായി. ഇപ്പോള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന എല്‍ഐസിയേയും വില്പനയ്ക്ക് വയ്ക്കുകയാണ്. റയില്‍വേ സ്വകാര്യവല്‍ക്കരിച്ചുതുടങ്ങി. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇങ്ങനെ വിറ്റഴിക്കപ്പെടുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലില്ലായ്മക്കും തൊഴില്‍ സുരക്ഷിതമില്ലായ്മയ്ക്കും ബദല്‍ എന്തെന്ന് നിര്‍മ്മലാ സീതാരാമന്‍ പറയുന്നില്ല. എയര്‍ ഇന്ത്യയെ കയ്യൊഴിയുമ്പോള്‍ സ്വന്തമായി വിമാന സംവിധാനമില്ലാത്ത ആദ്യ രാജ്യമാകുകയാണ് ഇന്ത്യ. ഇന്ത്യയുടെ നഗര തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനവും ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനവുമാണെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനെെസേഷന്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.

തൊഴിലില്ലായ്മയുടെ ഭീകരാവസ്ഥ മനസിലാക്കിയ സര്‍ക്കാര്‍ രണ്ട് വര്‍ഷമായി തൊഴിലില്ലായ്മ നിരക്ക് പുറത്തുവിടുന്നേയില്ല. നാട്ടില്‍ തൊഴിലെടുത്തു ജീവിക്കുന്നവരെ ഇനി പിഴിയാന്‍ കഴിയാത്തതിനാലാവണം ജീവനോപാധി തേടി വിദേശങ്ങളിലെത്തി പണിയെടുക്കുന്ന പ്രവാസികളുടെ പണത്തിന്‍മേല്‍ നികുതി ചുമത്താനുള്ള നീക്കം. ഇത് പ്രവാസം അവസാനിപ്പിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുമെന്നും തൊഴിലില്ലായ്മ വര്‍ധിപ്പിക്കുമെന്നും വിദേശ നാണ്യശേഖരത്തില്‍ കുറവുണ്ടാക്കുകയും ചെയ്യുമെന്നത് സാമ്പത്തിക വിദഗ്ധന്‍ പറയാതെ തന്നെ ആര്‍ക്കും മനസിലാക്കാന്‍ കഴിയും. സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് സാമ്പത്തികരംഗത്തെ കരകയറ്റാനുള്ള ഒരു ഉത്തേജക നടപടികളും മുന്നോട്ടുവയ്ക്കാന്‍ ബജറ്റിനായിട്ടില്ല. ആഭ്യന്തര ഉല്പാദനത്തെ ത്വരിതപ്പെടുത്താനുള്ള ‍ പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ കഴിവില്ലാത്ത, ഉത്തേജന മാര്‍ഗങ്ങളില്ലാത്ത ഒരു ബജറ്റ് അവതരിപ്പിച്ചിട്ട് എന്ത് പ്രയോജനം? വളര്‍ച്ചാമുരടിപ്പിന് കാരണക്കാരായവര്‍ അത് ഏറ്റുപറഞ്ഞ് തുറന്ന മനസോടെ പരിഹാരമാര്‍ഗങ്ങള്‍ തേടുകയാണ് വേണ്ടത്. കോര്‍പ്പറേറ്റുകള്‍ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയെ പിന്തുണയ്ക്കുന്നുണ്ടാവാം. നികുതി ഇളവുകള്‍ നല്‍കുന്നതിലൂടെ കോര്‍പ്പറേറ്റുകള്‍ തടിച്ചുകൊഴുക്കുക മാത്രമേ ചെയ്യൂ. അല്ലാതെ ഇളവുകള്‍ നിക്ഷേപത്തിന് വഴിവയ്ക്കുമെന്നും തൊഴില്‍സാധ്യതകള്‍ കൂട്ടും എന്നൊക്കെയുള്ളത് മിഥ്യാധാരണകള്‍ മാത്രമാണ്.

ഇന്ത്യ ‘സ്റ്റാഗ്ഫ്ലേഷന്‍’ (ഉല്പാദനം വര്‍ധിക്കാതെ നാണയപ്പെരുപ്പമുണ്ടാകുന്ന അവസ്ഥ) എന്ന സാമ്പത്തിക അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന് ആരുടെയും മൂടുതാങ്ങികളല്ലാത്ത സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ അവസ്ഥ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാക്കുകയും തൊഴിലില്ലായ്മ കൂട്ടുകയും ചെയ്യുന്നതോടൊപ്പം വില ഉയര്‍ത്തുകയും ചെയ്യും. ചാണക്യന്റെ അര്‍ത്ഥശാസ്ത്രം മുതല്‍ ഗാന്ധിയന്‍ ഇക്കണോമിക്സ് വരെയുള്ള തനത് സാമ്പത്തികദര്‍ശനം കെെമുതലായുള്ള രാഷ്ട്രമാണ് ഇന്ത്യ. അതിന് പിന്‍തുടര്‍ച്ച സൃഷ്ടിക്കാന്‍ പോലും ദേശീയത വിറ്റ് അധികാരം സ്വന്തമാക്കുന്നവര്‍ക്ക് കഴിയുന്നില്ലെന്നത് ദയനീയമാണ്. രാജ്യം അതിരൂക്ഷമായ പ്രതിസന്ധികള്‍ നേരിടുന്ന സമയത്ത് കുരുടന്‍ ആനയെ കണ്ടതുപോലെ നീണ്ട പ്രസ്താവങ്ങൾ നടത്തിയിട്ട് എന്ത് കാര്യം. വിത്തുകുത്തി തിന്നാല്‍ വിത്തുപോലും ശേഷിക്കാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ് രാജ്യമെന്ന് കണക്കുകളും സൂചിപ്പിക്കുന്നു.

മാറ്റൊലി

ബജറ്റ് ഫയല്‍ കൊണ്ടുവരാന്‍ തോല്‍പ്പെട്ടി ഒഴിവാക്കി തുണിക്കെട്ടാക്കിയത് നന്നായി. ഒടുവില്‍ തുണികൊണ്ട് തലമൂടാമല്ലോ?