ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

Web Desk
Posted on January 12, 2019, 10:00 pm

കൊട്ടാരക്കര: പൂയപ്പള്ളി മരുതമൺപള്ളിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കളെ പുലർച്ചെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓയൂർ വെളിനല്ലൂർ അൽഅമീൻ മൻസിലിൽ ഹയറുന്നിസയുടെ മകൻ അൽഅമീൻ (21), സുഹൃത്ത് ശ്രീക്കുട്ടൻ (23) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറോടെ വയലിൽ ജോലിക്കെത്തിയവരാണ് മൃതദേഹങ്ങൾ കണ്ടത്.
അർധരാത്രിയോടെ അപകടം നടന്നതായിട്ടാണ് നിഗമനം. പൾസർ 200ന്‍റെ പുതിയ ബൈക്കിലാണ് ഇരുവരുമെത്തിയത്. മരുതമൺപള്ളി ജ്യോതി കശുവണ്ടി ഫാക്ടറിക്ക് സമീപത്തായുള്ള ടെലിഫോൺ പോസ്റ്റിൽ ബൈക്ക് ഇടിക്കുകയും ഇരുവരും സമീപത്തെ വയലിലേക്ക് തെറിച്ചുവീഴുകയുമായിരുന്നുവെന്ന് കരുതുന്നു. സമീപത്തെ വീട്ടുകാർ ശബ്ദം കേട്ടിരുന്നെങ്കിലും കാര്യമായെടുത്തിരുന്നില്ല. പുലർച്ചെ രണ്ട് യുവാക്കളുടെ മൃതദേഹം വയലിൽ കണ്ടെത്തിയപ്പോഴാണ് നാട്ടുകാരും വിവരം അറിയുന്നത്.
മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അൽഅമീന്‍റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബൈക്കാണ് അപകടത്തിൽപ്പെട്ടത്. പൂയപ്പള്ളി പൊലീസ് കേസെടുത്തു.