May 28, 2023 Sunday

ബ്രെക്സിറ്റ്: യൂറോപ്യൻ യൂണിയൻ പൗരൻമാർ സ്വഭാവികമായും നാടുകടത്തപ്പെടുമെന്ന വാദം തള്ളി

Janayugom Webdesk
January 17, 2020 8:14 pm

ലണ്ടൻ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരൻമാരെ നാടുകടത്തില്ലെന്ന് ആവർത്തിച്ച് ബ്രിട്ടൻ. ഇക്കാര്യം യൂറോപ്യൻ പാർലമെന്റിനെ ബ്രിട്ടൻ അറിയിച്ചിട്ടുണ്ടെന്ന് ബ്രെക്സിറ്റ് കോ-ഓർഡിനേറ്റർ വ്യക്തമാക്കി. താമസ രേഖകൾക്ക് അപേക്ഷിക്കാത്തവരെ നാടുകടത്തുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ഗുയ് വെർഹോഫ്സ്റ്റാഡ്റ്റ്.
ബെക്സിറ്റ് സെക്രട്ടറി സ്റ്റീവ് ബർക്ലെയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യൂണിയനിൽ നിന്ന് പിൻമാറിയ ശേഷം ബ്രിട്ടനിൽ താമസിക്കുന്ന യൂറോപ്യൻ പൗരൻമാരെക്കുറിച്ച് താൻ ധാരാളം ആശങ്കകൾ ഉയർത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഇവർക്ക് താമസ രേഖകൾ ഹാജരാക്കാനുള്ള സമയപരിധി അവസാനിച്ചാലും ഇവരെ തിരികെ അയക്കില്ല. രേഖകൾ ഹാജരാക്കാൻ വൈകുന്നതിന്റെ കാരണം ബോധിപ്പിച്ചാൽ മതിയാകും. 2019 മാർച്ച് അവസാനം തന്നെ യൂറോപ്യൻ യൂണിയൻ പൗര‍ൻമാർക്ക് താമസരേഖകൾക്ക് അപേക്ഷിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. യൂണിയനിൽ നിന്ന് പിൻമാറി ആറ് മാസം കൂടി ഇത് തുടരും. അതായത് 2021 ജൂൺ മുപ്പതിനകം രേഖകൾ നേടിയെടുത്താൽ മതിയാകും.
ധാരാളം തെറ്റിദ്ധാരണകൾ പരന്നിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയം പിന്നീട് പ്രസ്താവനയും പുറത്തിറക്കി. 2020 അവസാനത്തോടെ പ്രത്യേകപദവിക്ക് അപേക്ഷിക്കാത്തവരുടെ ഭാവി ആശങ്കാജനകമായിരിക്കുമെന്ന ആഭ്യന്തരമന്ത്രി ബ്രാൻഡൻ ലൂയിസിന്റെ പ്രസ്താവനയാണ് ആശങ്കകൾക്ക് ഇടയാക്കിയിരിക്കുന്നത്. അദ്ദേഹം ഒരു ജർമൻ വർത്തമാപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇങ്ങനെ അഭിപ്രായം ഉയർത്തിയത്. 25 ലക്ഷം പേർക്ക് ഇതിനകം പ്രത്യേക പദവി നൽകിയതായും ചർച്ചയ്ക്ക് ശേഷം ബാർക്ലെ പറഞ്ഞു. രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും ആരോഗ്യസേവനം അടക്കമുള്ള ആനുകൂല്യങ്ങൾക്കും ഇവർക്ക് അവസരമുണ്ടാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.