ന്യൂയോർക്ക്: നാസയിലെ ശാസ്ത്രജ്ഞർ ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടെത്തിയതായി റിപ്പോർട്ട്. ഇവിടെ ദ്രവരൂപത്തിൽ ജലമുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
നാസയിലെ ഗവേഷകനായ ജോഷ് ഷീൽഡറും അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായ എമിലി ഗിൽബെർട്ട്, ടോം ബാർക്ലെ, എലിസ ക്വിന്റാന എന്നിവരാണ് ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടെത്തിയെന്ന അവകാശവാദമുയർത്തിയിരിക്കുന്നത്. ഇത് ഭൂമിയോട് ഏറ്റവും അടുത്തായാണ് സ്ഥിതി ചെയ്യുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പുതിയ ഗ്രഹത്തിന്റെ അന്തരീക്ഷം ജെയിംസ് വെബ് സ്പെയ്സ് ടെലിസ്കോപ് വഴിയോ ഭൂമിയില്‍ സ്ഥാപിച്ച വലിയ ദൂരദർശനി വഴിയോ നിരീക്ഷിക്കാനാകും.
സൂര്യനെക്കാൾ ചെറിയ നക്ഷത്രമാണ് ഈ ഗ്രഹത്തിന്റെ കേന്ദ്രം. സൂര്യന്റെ നാൽപ്പത് ശതമാനത്തോളം വലുപ്പവും 50ൽ ഒന്ന് മാത്രം തിളക്കവുമേ ഈ നക്ഷത്രത്തിനുള്ളൂ. ഭൂമിയിൽ നിന്ന് നൂറ് പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. ഡൊറാഡോ എന്ന നക്ഷത്ര സമൂഹത്തിൽ പെട്ടതാണിത്. ഭൂമിയുടെ ദക്ഷിണാർദ്ധത്തിൽ നിന്ന് മാത്രമേ ഇത് ദൃശ്യമാകൂ.
ടെസ് ദൗത്യമാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്. 2018 ഏപ്രിൽ മുതൽ ടെസ് 1,500 ഗ്രഹങ്ങളെയാണ് കണ്ടെത്തിയത്. പലതും ഭൂമിയുടെ ഇരട്ടി വലിപ്പമുള്ളവയാണ്. പത്ത് ദിവസം മാത്രമാണ് ഇവയുടെ ഭ്രമണ പരിധി.
ദ്രാവകരൂപത്തിൽ തന്നെ വെള്ളമുള്ളതിനാൽ ജനവാസം സാധ്യമാകുമെന്ന സൂചനയുണ്ട്. ഭൂമിയിലേതിന് സമാനമായ വാതക സാന്നിധ്യവുമുണ്ടെന്നാണ് സൂചന.