7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 7, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024

മണ്ണറിഞ്ഞ്, മനസ്സറിഞ്ഞ് ജനനായകൻ

ജയ്‌സണ്‍ ജോസഫ്
മലപ്പുറം
November 2, 2024 10:47 pm

വയനാട് മണ്ഡലം എല്‍ഡി
എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി ഏറനാട്ടെ പര്യടനം ആരംഭിച്ചത് മണ്ഡലത്തിന്റെ അതിര്‍ത്തി കവാടമെന്ന് വിശേഷിപ്പിക്കാവുന്ന നിലമ്പൂര്‍ അമൽ കോളജില്‍ നിന്നാണ്. രാവിലെ തന്നെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ പോർച്ചിൽ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും സ്ഥാനാർത്ഥിയെ വരവേറ്റു. ഇവിടെ നിന്നും ജനങ്ങൾക്കിടയിലേക്കാണ് പോകുന്നതെന്നും നിങ്ങള്‍ നല്‍കിയ ഊര്‍ജമാണ് മുന്നോട്ടുള്ള ഓരോ പടവുകളിലും പ്രതീക്ഷ പകരുന്നതെന്നും സ്ഥാനാര്‍ത്ഥി കുട്ടികളോട് പറഞ്ഞു.
ഇക്കാലമത്രയും ജനങ്ങളോടൊപ്പം തന്നെയായിരുന്നു. സാധാരണക്കാര്‍ നേരിടുന്ന പ്രശ്നങ്ങൾ നന്നായറിയാം. അത് പരിഹരിക്കുന്നതിനായാണ് പൊതുപ്രവര്‍ത്തനരംഗത്തെ അനുഭവസമ്പത്ത് വിനിയോഗിക്കുന്നത്. ഇതിനായി ജനപിന്തുണയും വേണം. പുതിയ തലമുറയുടെ കൈപിടിച്ചാണ് മുന്നോട്ടുപോവുക. സത്യേട്ടന്റെ വാക്കുകളിലെ വെളിച്ചം തിരിച്ചറിഞ്ഞ വിദ്യാർത്ഥികള്‍ കരഘോഷത്തോടെയാണ് അദ്ദേഹത്തെ യാത്രയാക്കിയത്. കോളജ് പ്രിൻസിപ്പൽ ഡോ. കെ പി ബഷീർ, അഡ്മിനിസ്ട്രേറ്റർ കെ കെ നൂറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കാൻ അവസരമൊരുക്കുകയായിരുന്നു.
അനൗൺസ്‌മെന്റ് വാഹനത്തിന്റെ പിന്നാലെ ഏറനാട് മണ്ഡലത്തിന്റെ ഓരോ മേഖലയിലേക്കും യാത്ര തുടങ്ങി. വി പി സുബ്രഹ്മണ്യൻ സ്മാരകത്തിന് സമീപം കർഷകരും തൊഴിലാളികളും പ്രവർത്തകർക്കൊപ്പം തടിച്ചുകൂടിയിരുന്നു. ചേർത്തുപിടിച്ചും കുശലം പറഞ്ഞും സ്ഥാനാര്‍ത്ഥി അവരിലേക്കിറങ്ങി. മൈലാടി പോട്ടി, മണ്ണൂപ്പാടം, അത്തിക്കാട്, ഇരഞ്ഞിമങ്ങാട് തുടങ്ങിയവിടങ്ങളിലെ കുടുംബസദസുകളിൽ വനിതകളും തൊഴിലാളികളും കർഷകരും സ്ഥാനാർത്ഥിയെ കാത്തുനിന്നു. കാർഷികവിളകളുടെ വിലത്തകർച്ച എല്ലായിടത്തും മുഖ്യവിഷയമായി. 

കർ‍ഷകരെ മറന്നുള്ള രാജ്യാന്തര കരാറുകൾക്ക് മുന്നിട്ടിറങ്ങിയ കോൺഗ്രസ് ഭരണകാലവും അതിലേറെ വേഗതയിൽ ആ നയങ്ങള്‍ രൂക്ഷതയോടെ പിന്തുടര്‍ന്ന് കർഷകദ്രോഹം തുടരുന്ന ബിജെപി സർക്കാരിന്റെയും നിലപാട് തുറന്നുകാട്ടി. മലയോര കർഷകരും കര്‍ഷകത്തൊഴിലാളികളും നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിക്കാൻ ജനപ്രതിനിധിയില്ലാത്ത ദുരിതം എല്ലാവരുംപങ്കുവച്ചു.ആറാംകോട് വനിതകൾക്കൊപ്പം ചെറിയകുട്ടികളും എത്തിയിരുന്നു. അവരുടെ പരാതി കാൽപ്പന്ത് കളിക്കാൻ പന്തില്ല എന്നതായിരുന്നു. തെരഞ്ഞെടുപ്പുകാലം കഴിയട്ടെ, പന്തുകള്‍ ഉറപ്പായും എത്തിക്കാമെന്ന് പറഞ്ഞ് കുട്ടികളെ ആശ്വസിപ്പിച്ചു. അതോടെ മുഷ്ടിചുരുട്ടി ലാൽസലാം പറഞ്ഞു ഏറനാട്ടിലെ കുട്ടിസഖാക്കൾ. 

എടവണ്ണ പഞ്ചായത്തിൽ കുണ്ടുതോട് എത്തുമ്പോൾ മഴതോർന്നിരുന്നു. വീണ്ടുമൊരു തെരഞ്ഞെടുപ്പ് വരുത്തിവച്ച വിനയെക്കുറിച്ചായിരുന്നു സ്വാഗതപ്രസംഗകൻ ചൂണ്ടിക്കാട്ടിയത്. രാഹുൽ ഗാന്ധി ഇന്നാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. ഇപ്പോൾ സഹോദരി എത്തിയിരിക്കുന്നു. ഇതിനി കുടുംബമണ്ഡലമായി മാറുമോ എന്നതാണ് സാധാരണക്കാരുടെ ആശങ്ക. അവിടെനിന്ന് സ്ഥാനാർത്ഥി ജനങ്ങളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ച് ചാത്തല്ലൂരിലേക്ക്. ഒതായിലെത്തുമ്പോൾ കരഘോഷങ്ങളും മുദ്രാവാക്യങ്ങളുമായി സ്വീകരണം. ഹാരാർപ്പണത്തിന് പ്രവർത്തകരുടെ തിരക്ക്. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാറിന്റെ സാന്നിധ്യം ജനങ്ങള്‍ക്ക് ആവേശമായി. 

പന്തപ്പള്ളിയും പന്നിപ്പാറയും സ്വീകരണം കഴിഞ്ഞ് തൂവക്കാട് എത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു. കവലയിൽ വന്‍ ജനക്കൂട്ടം. സ്ഥാനാർത്ഥിക്ക് പൂമാലയും പൂച്ചെണ്ടുകളും നല്‍കുന്നതിന്റെ തിരക്ക്. മണ്ണറിഞ്ഞ് വിത്തെറിഞ്ഞ് വിളകൊയ്യുന്നവരെ ചേർത്തുനിർത്തുന്ന ജനനായകന്റെ ഏറനാട് മണ്ഡലത്തിലെ പര്യടനം ഉത്സവം തന്നെയായിരുന്നു. കെ ടി അബ്ദുറഹ്‌മാൻ, കെ ഭാസ്കരൻ, ഇരുമ്പൻ സെയ്തലവി, നിഷീദ് ചാലിയാർ, ജിതേഷ് ചാച്ചപ്പറമ്പൻ, ദിലീപ് മണ്ണൂപ്പാടം, സനിൽ അകംപാടം തുടങ്ങിയവർ സംസാരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.