മധ്യപ്രദേശിലേയ്ക്ക് യാത്രയ്ക്ക് ഒരുങ്ങി അതിഥി തൊഴിലാളികള്‍

Web Desk

നെടുങ്കണ്ടം

Posted on May 30, 2020, 2:55 pm

സ്വദേശത്തേയ്ക്ക് മടങ്ങുവാന്‍ അനുമതി ലഭിച്ചവരും അല്ലാത്തവരുമായ അതിഥി തൊഴിലാളികള്‍ നെടുങ്കണ്ടം ഉടുമ്പന്‍ചോല താലൂക്ക് ഓഫീസിന് മുമ്പില്‍ എത്തിയത് വന്‍ ജനകുട്ടത്തിന് കാരണമായി. കോവിഡ് 19 നോടനുബന്ധിച്ച് കേരളത്തില്‍ വന്ന് ജോലി ചെയ്യുന്നവരെ തിരികെ സ്വദേശത്ത് എത്തിക്കുവാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ സൗകര്യം ഒരുക്കിയിരുന്നു. ഇന്നലെ രാത്രി 11 മണിയ്ക്ക് അതിഥി തൊഴിലാളികളേയും വഹിച്ചുകൊണ്ട് ഗ്വാളിയാറിലേയ്ക്ക് എറണാകുളം നോര്‍ത്തില്‍ നിന്നും ഒരു തീവണ്ടി പുറപ്പെട്ടിരുന്നു. ഉടുമ്പന്‍ചോല താലൂക്കിലുള്ള 261 അതിഥി തൊഴിലാളികള്‍ക്കാണ് ജില്ലാ ഭരണകൂടം യാത്രയ്ക്ക് അനുമതി നല്‍കിയത്.

എന്നാല്‍ യാത്രചെയ്യുവാന്‍ അനുമതി കിട്ടിയവര്‍ക്ക് പുറമെ അനുമതി ലഭിക്കാത്തവരും എത്തിയതോടെ താലൂക്ക് ഓഫീസ് മുമ്പില്‍ അതിഥിദേശ തൊഴിലാളികളുടെ തിങ്ങികൂടലിന് കാരണമായി. നെടുങ്കണ്ടം പൊലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. സ്ത്രികളും കുട്ടികളും അടങ്ങുന്ന അഞ്ഞൂറില്പരം ആളുകളാണ് രാവിലെ 11 മണിയോടെ നെടുങ്കണ്ടത്ത് എത്തിയത്. ജില്ലാ ഭരണകൂടം നല്‍കിയ ലിസ്റ്റ്പ്രകാരം ആളുകളെ വിളിക്കുകയും അവര്‍ക്ക് യാത്രചെയ്യുവാനുള്ള എല്ലാ സൗകര്യങ്ങളും താലൂക്ക് അധികൃതര്‍ ഒരുക്കി. ബാക്കിയുള്ളവരെ അവരവര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളിലേയ്ക്ക് അയക്കുകയും ചെയ്തു.ഉടുമ്പന്‍ചോല താലൂക്കിലെ 18 വില്ലേജുകളില്‍ കഴിയുന്ന മധ്യപ്രദേശില്‍ നിന്നും വന്ന അതിഥി തൊഴിലാളികളോട് സ്വദേശത്തേയ്ക്ക് മടക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സമീപത്തെ വില്ലേജ് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നേരത്തെ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതിന്‍പ്രകാരം വിവിധ വില്ലേജുകളില്‍ താലൂക്കിലെ 460 പരം അതിഥി തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മുഴുവന്‍ ആളുകളും എത്തിയിരുന്നില്ല. ലിസ്റ്റില്‍ ഒരു കുടുംബത്തിലെ കുറച്ച് ആളുകള്‍ക്ക് മാത്രം ലി്സ്റ്റില്‍ ഇടംപടിച്ചിരുന്നു. ഇതില്‍ ബാക്കിയുള്ള കുടുംബാംഗങ്ങളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി യാത്രചെയ്യുവാന്‍ റവന്യു വകുപ്പ് അവസരം ഒരുക്കി. ഒന്‍പത് കെഎസ്ആര്‍ടിസി ബസുകളിലായി നെടുങ്കണ്ടത്ത് നിന്നും എറണാകുളം നോര്‍ത്ത് റെയില്‍വേ സറ്റേഷനില്‍ ആളുകളെ എത്തിച്ചു. ഇവര്‍ക്ക് ഉച്ചഭക്ഷണം നല്‍കുകയും ഭക്ഷണ കിറ്റും ഒരോരുത്തര്‍ക്കും വിതരണം ചെയ്തതായി ഉടുമ്പന്‍ചോല താലൂക്ക് തഹസീല്‍ദാര്‍ നിജു കുര്യന്‍ പറഞ്ഞു.

Eng­lish sum­ma­ry; guest work­ers ready to trav­el to Mad­hya Pradesh

you may also like this video;