മലക്കം മറിയുന്ന മാധ്യമ ധര്‍മ്മം

Web Desk
Posted on October 14, 2017, 1:40 am

പൂവറ്റൂര്‍ ബാഹുലേയന്‍

ണാധിപത്യത്തിലധിഷ്ഠിതമായ വിപണതന്ത്രങ്ങള്‍ എല്ലാ മേഖലകളിലും പിടി മുറുക്കുമ്പോള്‍ മാധ്യമങ്ങളും ഇന്ന് ആ ചെളിക്കുണ്ടില്‍പ്പെട്ടിരിക്കുന്നു. പഴകി തേഞ്ഞു പഴഞ്ചനായ പല പദങ്ങളുടേയും കൂട്ടത്തില്‍ സാമൂഹിക പ്രതിബദ്ധതയും മാധ്യമങ്ങള്‍ക്ക് ഇന്ന് ക്ലിഷേയാണ്. എന്തു ത്യാഗം സഹിച്ചും അഴിമതിയും കെടുകാര്യസ്ഥതയുമൊക്കെ തുറന്നു കാട്ടണമെന്ന വീറും വാശിയുമൊക്കെ ആളും തരവും വിപണി മൂല്യവും നോക്കിയാവുന്നത് സ്വാഭാവികം.
സ്വാതന്ത്ര്യ സമരകാലത്ത് പത്രപ്രവര്‍ത്തനത്തിന് ലക്ഷ്യവും ധീരമായ നിലപാടിലുറച്ച പോരാട്ട വീര്യവുമുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം അതിനുമാറ്റം വരികയും നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും വേണ്ടി പുതിയ കാഴ്ചപ്പാടുകളോടുകൂടിയ മത്സരവും വിപണനതന്ത്രങ്ങളും വേണ്ടിവന്നു. കമ്പോളവല്‍കൃത വ്യവസ്ഥയിലാവട്ടെ കൂടുതല്‍ കടുപ്പമേറിയ മത്സരവും സാമൂഹിക നിലനില്‍പ്പിന്റെ കാഴ്ചപ്പാടുകള്‍ക്കതീതമായ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളിലധിഷ്ഠിതവുമായി. ഇന്നാവട്ടെ വിലയ്‌ക്കെടുക്കാവുന്ന ആയുധമായി മാറിയിരിക്കുന്നു മാധ്യമങ്ങള്‍.
വെട്ടിത്തിളങ്ങുന്ന തികവാര്‍ന്ന ചിത്രങ്ങളുടെ ഓഫറുമായി പുതിയ എച്ച് ഡി സെറ്റ്‌ടോപ്പ് ബോക്‌സ് വന്നപ്പോള്‍ ദേശീയ അന്തര്‍ദേശീയ വാര്‍ത്താ ചാനലുകളിലൂടെ ഒന്ന് കടന്നുപോയി. സിഎന്‍എന്‍, ടൈംസ് നൗ തുടങ്ങിയ ചാനലുകളിലെ ചിത്രീകരണങ്ങളും വിവരണങ്ങളും കണ്ടപ്പോള്‍ ഞെട്ടിപ്പോയി. കേരളത്തിലെന്തോ മഹാസംഭവം നടന്നിരിക്കുന്നു; ജീവിക്കാന്‍ ഒട്ടും പറ്റാത്ത ഘോരാന്ധകാരമാണിവിടെ. ചുവപ്പ്, മാര്‍ക്‌സിസ്റ്റ്, ജിഹാദ് ഭീകരതകള്‍ തളം കെട്ടിനില്‍ക്കുന്ന ചുടലക്കളം എന്നീ തരത്തിലുള്ള അവതരണങ്ങള്‍. വര്‍ഗീയത ഉള്ളില്‍ നിറച്ചും നിഷ്പക്ഷതയുടെ ടിഷ്യൂ പേപ്പര്‍ കൊണ്ട് മുഖം തുടച്ച് മലയാളം ചാനലുകളില്‍ പ്രത്യക്ഷപ്പെടാറുള്ള ഒരു ഈശ്വര്‍ അവതാരത്തിന്റേതായ സാക്ഷി വിവരണം കൂടി കേട്ടപ്പോള്‍ തരിച്ചിരുന്നു. ഇതിനിടയില്‍ ഇവിടെയെന്തെങ്കിലും രക്തച്ചൊരിച്ചിലോ കൂട്ടക്കുരുതിയോ നടന്നിട്ടുണ്ടാകുമോ എന്ന സംശയത്തില്‍ മലയാളം ചാനലുകളിലേക്കു വന്നപ്പോള്‍ സാധാരണപോലെ ഉള്ള കാര്യങ്ങള്‍ മാത്രം. വേങ്ങര തെഞ്ഞെടുപ്പ് ചിത്രങ്ങളും കുമ്മനത്തിന്റെ ജനരക്ഷാകാഴ്ചകളുമൊക്കെ. ഇത്തരം പടച്ചുകൂട്ടല്‍’ അജണ്ട നടപ്പാക്കുന്ന വന്‍കിട ചാനലുകള്‍ എന്ത് മാധ്യമധര്‍മ്മമാണ് പുലര്‍ത്തുന്നത്.
നോട്ട് നിരോധിക്കലിന്റെ അഴിമതിയും, പുറത്തറിഞ്ഞതും കണ്ടെത്താത്തതുമായ കള്ളപ്പണത്തിന്റെ കഥകളും കാണാത്ത വന്‍കിട മാധ്യമങ്ങള്‍ വിറ്റുവരവില്‍ ഒരു വര്‍ഷത്തിനിടെ പതിനാറായിരം മടങ്ങ് വര്‍ദ്ധന നേടിയ അമിത്ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിക്കെതിരെയുള്ള ആരോപണത്തെ കാര്യമായി കാണുന്നില്ല. 2015 ല്‍ വെറും 50,000 രൂപ വരുമാനവും 18,728 രൂപ ലാഭവും ഉണ്ടായിരുന്ന കമ്പനിയുടെ വിറ്റുവരവ് 2015–16 ല്‍ 80.5 കോടിയായി ഉയര്‍ന്നതിനെപ്പറ്റി പറഞ്ഞ ദ വയര്‍ എന്ന വെബ് സൈറ്റിന്റെ പ്രവര്‍ത്തകര്‍ക്ക് ഇനി അശാന്തിയുടെ നാളുകള്‍. ഏഴ് കോടി രൂപ മാത്രം വരുമാനം ഉണ്ടായ കെഐഎഫ്എസ് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയില്‍ നിന്നും 15.78 കോടി രൂപയുടെ വായ്പ നല്‍കിയെന്നത് ആരു വിശ്വസിക്കും. ജയ് ഷായുടെ കമ്പനികളുടെ വായ്പകളില്‍ 4000 ശതമാനം വര്‍ധന എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട്. അതായത്, 2013–14 ല്‍ 1.3 കോടി എന്നത് അടുത്ത വര്‍ഷം 53.4 കോടിയായി കുതിച്ചുയര്‍ന്നു. എന്നിട്ട് നഷ്ടത്തിലെ കണക്കില്‍ കമ്പനി പൂട്ടലും. ഇതാണോ മേക്ക് ഇന്‍ ഇന്ത്യ’ മാജിക്. കോടാനുകോടി പാവങ്ങളുടെ ‘അഛെ ദിനു’ കള്‍ അകലെയാക്കി കോടാനുകോടികള്‍ വെളുപ്പിക്കുന്നവരുടെ കോഴക്കഥകള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ ഈ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ക്കാവുമോ?
കേരളത്തിന്റെ പുരോഗതിയേയും പുരോഗമന സംസ്‌കാരത്തേയും താറടിച്ചുകാണിക്കാന്‍ ശ്രമിക്കുന്ന വന്‍കിട മാധ്യമങ്ങള്‍ ഉത്തരേന്ത്യയില്‍ പലയിടത്തും നടക്കുന്ന ദളിത് പീഡനങ്ങള്‍ കണ്ടില്ലായെന്നു നടിക്കുന്നു. രാജസ്ഥാനിലെ അജ്‌മേര്‍ ജില്ലയില്‍ പ്രേതബാധയുടെ പേരില്‍ ഒരു ദളിത് യുവതിയെ പൊള്ളിച്ചും മര്‍ദ്ദിച്ചും കൊന്നത് ലോകത്തെതന്നെ ഞെട്ടിക്കുന്നതാണ്. കൊല്ലുന്നതിന് മുമ്പ് മേലാളന്‍മാര്‍ മറ്റു രണ്ടു കാര്യങ്ങള്‍ കൂടി ചെയ്യിച്ചു. നഗ്നയാക്കി ഗ്രാമത്തെരുവിലൂടെ നടത്തിക്കുകയും മലം തീറ്റിക്കുകയുമായിരുന്നു അത്. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് ഗര്‍ബ നൃത്തം കാണാനെത്തിയ ദളിത് യുവാവിനെ അതി ക്രൂരമായി തല്ലിക്കൊന്നത്. ഗുജറാത്തിലെ ഗാന്ധി നഗറിലാണ് മീശ വച്ചതിന്റെ പേരില്‍ ദളിത് യുവാക്കളെ മേല്‍ജാതിക്കാര്‍ തല്ലിചതച്ചത്. ദളിതന്‍ തൊട്ടാല്‍ അശുദ്ധമാകുമെന്ന് പറഞ്ഞ് ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്നും ദളിതനായ ഗ്രാമമുഖ്യനെ മേല്‍ ജാതിക്കാര്‍ വിലക്കിയതും ഗുജറാത്തിലാണ്. കേരളത്തില്‍ വിഷവിത്തെറിഞ്ഞ് കൊയ്യാന്‍ ശ്രമിക്കുന്നവര്‍ക്കുവേണ്ടി വാര്‍ത്തകള്‍ ചമക്കുന്നവര്‍‘ഇതൊന്നും കാണുന്നില്ലേ?
ദളിതര്‍ക്കെതിരായ അതിക്രമങ്ങളുടെ പട്ടിക ഇതിലൊക്കെ എത്രയോ വലുതാണ്. ലോകമറിയാത്ത കൊടുംപീഡനങ്ങള്‍ ഉത്തരേന്ത്യയില്‍ മിക്കയിടത്തും ഇന്ന് നാട്ടുനടപ്പായിരിക്കുകയാണ്. പുറത്തുവരുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ ഓരോ 18 മിനിറ്റിലും ഒരു ദളിതന്‍ പീഡിപ്പിക്കപ്പെടുന്നു. ഔദ്യോഗിക കണക്കുപ്രകാരം ഇത്തരം കേസുകളില്‍ 5.3 ശതമാനം കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്. പുറത്തറിയുന്നതും അറിയാത്തതുമായ എത്രയോ കേസുകളില്‍ മേല്‍ജാതി ഭ്രാന്തന്മാര്‍ ദളിതരെ കൊന്നു വലിച്ചെറിഞ്ഞ് സസുഖം വാഴുന്നു. കോര്‍പ്പറേറ്റ് ഉടമസ്ഥതയിലുള്ള വന്‍കിട ചാനലുകാര്‍ക്ക് ഇത്തരം വാര്‍ത്തകള്‍ അയിത്തമുള്ളതാവുമല്ലൊ.
ഉത്തര്‍പ്രദേശില്‍ പ്രാണവായു കിട്ടാതെ 72 കുട്ടികള്‍ മരിച്ചപ്പോള്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാനെ പുറത്താക്കിയത് എന്തിന്റെ പേരിലായിരുന്നു? 30 വര്‍ഷം ഇന്ത്യന്‍ പട്ടാളത്തില്‍ ജോലി ചെയ്ത മുഹമ്മദ് അസ്മല്‍ ഹക്ക് എന്ന സൈനികനോട് പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടത് എന്ത് രാജ്യസ്‌നേഹമാണ്? ഹരിയാന ഫരീദാബാദിലെ സോന്‍പെത്ത് ഗ്രാമത്തില്‍ രജപുത്രരുമായി ഉണ്ടായ കലഹത്തെതുടര്‍ന്ന് ദളിതനായ ജിതേന്ദറിന്റെ മൂന്ന് വയസുള്ള വൈഭവും 11 മാസമായ ദിവ്യയും കൊല ചെയ്യപ്പെട്ടത് എന്തിന്? തുടര്‍ന്ന് ജിതേന്ദറിന് എന്ത് സംഭവിച്ചു? ഹരിയാനയിലെ ഭഗാന ഗ്രാമത്തില്‍ നാല് ദളിത് പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത ജാട്ടുകള്‍ക്കെതിരെ എന്ത് നടപടിയെടുത്തു? അവിടെ ജീവിക്കാനാവാതെ 80 ഓളം ദളിത് കുടുംബങ്ങള്‍ ഗ്രാമം വിട്ട് ഡല്‍ഹിയിലേക്ക് രക്ഷപ്പെട്ടത് എന്തുകൊണ്ട്? ദളിത് പെണ്‍കുട്ടിക്ക് നേരെ ഉണ്ടായ പീഡനശ്രമത്തെ ചെറുത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഭൂപ്‌കേരി ഗ്രാമത്തില്‍ നിന്നും മുഴുവന്‍ ദളിത് കുടുംബങ്ങളും ഒഴിഞ്ഞ് പോയത് എന്തുകൊണ്ട്? കടം തിരികെ നല്‍കാനാവാത്തതിനാല്‍ ദളിതന്‍ മകളെ പണയം വയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ ഉസന്ത് ഗ്രാമവാസികള്‍ നാടുവിട്ടു ഓടേണ്ടിവന്നത് എന്തുകൊണ്ട്? ഇതൊക്കെയാണോ കേരളം കണ്ടുപഠിക്കേണ്ടത് എന്ന് കോര്‍പ്പറേറ്റ് ചാനലുകള്‍ ചര്‍ച്ച ചെയ്യുമോ?
പെയ്ഡ് ന്യൂസ്‘എന്നത് മാധ്യമ ലോകത്തെ പുതിയ ധര്‍മമാകുമ്പോള്‍ കൊടുക്കല്‍വാങ്ങല്‍ ശേഷിയുള്ള വന്‍കിടക്കാരനു വേണ്ടിയാവും മാധ്യമ ഉത്തരവാദിത്തമെന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ കാശ്‌കൊടുത്തു വോട്ടുവാങ്ങുന്ന രാഷ്ട്രീയ വൃത്തികേടിനേക്കാള്‍ നികൃഷ്ടമാണിതെന്ന് പറയാതെ വയ്യ. ചമച്ച’ വാര്‍ത്തകള്‍ വിളമ്പി ജനങ്ങളെ വര്‍ഗീയ വിഷം തീറ്റിച്ചും തെറ്റിധരിപ്പിച്ചും വോട്ട് തട്ടുന്ന ധര്‍മപ്രചാരണം ഇന്ത്യ കണ്ടതാണ്. പെയ്ഡ് ന്യൂസിനെതിരെ മാധ്യമലോകത്തുനിന്നുതന്നെ ശക്തമായ വിമര്‍ശനവും ചര്‍ച്ചകളും ദേശവ്യാപകമായി ഉണ്ടായത് തീര്‍ച്ചയായും ആശാവഹമാണ്. നിരന്തരം കള്ള വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ പറ്റിക്കാന്‍ ശ്രമിച്ച മാധ്യമ ഭീകരതക്കെതിരെ ‘ഫെയര്‍‘എന്ന ജനകീയ പ്രസ്ഥാനം സംഘടിച്ച് തിരിച്ചടി നല്‍കി മാധ്യമങ്ങളെ തീരുത്തിച്ച് ക്ഷമ പറയിച്ച അമേരിക്കന്‍ അനുഭവം ഇന്ത്യന്‍ മാധ്യമ ഭീമന്മാര്‍ ഓര്‍ക്കേണ്ടതാണ്.