മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് ലിവർപൂൾ കുതിപ്പ്

Web Desk
Posted on November 12, 2019, 12:49 pm

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ലിവര്‍പൂളിന് ജയം. ലിവര്‍പൂളിന്റെ മൈതാനമായ ആൻഫീൽഡിൽ നടന്ന മത്സരത്തില്‍ 3–1 നാണ് ടീം ജയിച്ചുകയറിയത്.
ജയത്തോടെ പ്രീമിയര്‍ ലീഗില്‍ മറ്റു ടീമുകളേക്കാള്‍ 8 പോയിന്റ് ലീഡ് നേടാന്‍ ലിവര്‍പൂളിന് കഴിഞ്ഞു. 12 കളികളില്‍നിന്നും ലിവര്‍പൂളിന് 34 പോയിന്റുള്ളപ്പോള്‍ 26 പോയന്റുവീതമുള്ള ലെസ്റ്റര്‍ സിറ്റിയും ചെല്‍സിയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. 25 പോയിന്റുമായി സിറ്റി നാലാം സ്ഥാനത്താണ്.
കളിയുടെ ആറാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി ലിവര്‍പൂള്‍ സ്വന്തം തട്ടകത്തില്‍ കരുത്തറിയിച്ചു. ബോക്‌സിനു പുറത്തു നിന്നുള്ള സൂപ്പര്‍ ഷോട്ടിലൂടെ ഫാബിഞ്ഞോയായിരുന്നു സിറ്റിയുടെ വല കുലുക്കിയത്. ബോക്‌സിന് പുറത്ത് വെച്ച് ലിവര്‍പൂള്‍ സീസണില്‍ നേടുന്ന ഒമ്പതാമത്തെ ഗോൾ കൂടിയായിരുന്നു ഫാബീഞ്ഞോയുടെ ലോംഗ് റേഞ്ചര്‍.
13-ാം മിനിറ്റില്‍ മുഹമ്മദ് സാലയിലൂടെ രണ്ടാം ഗോള്‍ കൂടി നേടിയതോടെ സിറ്റി കടുത്ത സമ്മർദ്ദത്തിലായി. തുടരെ ആക്രണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും സിറ്റിക്ക് ഗോള്‍ തിരിച്ചടിക്കാനായില്ല. 51-ാം മിനിറ്റില്‍ സാദിയോ മാനെ മൂന്നാംഗോള്‍കൂടി നേടിയതോടെ ലിവര്‍പൂള്‍ ജയം ഉറപ്പിച്ചു. 78-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയാണ് സിറ്റിയുടെ ആശ്വാസഗോള്‍ കണ്ടെത്തിയത്.
പെനാല്‍റ്റി ബോക്‌സില്‍വെച്ച് അലെക്‌സാണ്ടര്‍ അര്‍ണോള്‍ഡിന്റെ കൈയ്യില്‍ രണ്ടുതവണ പന്ത് തട്ടിയിട്ടും സിറ്റിക്ക് അര്‍ഹിച്ച പെനാല്‍റ്റി റഫറി നല്‍കിയില്ല. ഇതിനിടെ സിറ്റിയുടെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തേക്ക് പോവുകയും ചെയ്തു. ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായ 13-ാം മത്സരത്തിലാണ് ലിവര്‍പൂള്‍ ജയിച്ചുകയറുന്നത്.
ലീഗിലെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ജയം കണ്ടെത്തി. ബ്രൈറ്റനെ 3–1 എന്ന നിലയിലാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. യൂറോപ ലീഗില്‍ പാര്‍ട്ടിസന്‍ ബെല്‍ഗ്രേഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ യുണൈറ്റഡ് മികച്ച പ്രകടനം ആവർത്തിച്ചു.
ആന്‍ഡ്രിയാസ് പെരേര(17) മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്(66) എന്നിവരുടെ ഗോളിനൊപ്പം ഡാവി പ്രോപ്പറുടെ(19) സെല്‍ഫ് ഗോളും യുണൈറ്റഡിന് നേട്ടമായി. ലെവിസ് ഡങ്ക്(64) ബ്രൈറ്റനുവേണ്ടി ഒരു ഗോള്‍ മടക്കി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 16 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് കയറി.
വോള്‍വസ് ആസ്റ്റണ്‍ വില്ലയെ 2–1 എന്ന സ്‌കോറിനും തോല്‍പ്പിച്ചു. റൂബന്‍ നെവെസിന്റെ ഗോളില്‍ ആദ്യപകുതയില്‍ 1–0ന് ലീഡെടുത്ത വോള്‍വ്‌സ് എണ്‍പത്തിനാലാം മിനുട്ടില്‍ ജിമിനെസിന്റെ ഗോളില്‍ ജയം ഉറപ്പിച്ചു. അവസാന മിനുട്ടില്‍ ട്രെസഗെയിലുടെ ഒരു ഗോള്‍ മടക്കി ആസ്റ്റന്‍വില്ല പരാജയഭാരം കുറച്ചു. വോള്‍വ്‌സ് 16 പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് നില മെച്ചപ്പെടുത്തി.