Monday
18 Feb 2019

മാറുമറയ്ക്കല്‍ സമരനായികയെ ഓര്‍ക്കുമ്പോള്‍

By: Web Desk | Friday 19 January 2018 5:03 PM IST

വേലൂര്‍ മണിമലര്‍കാവ് മാറുമറയ്ക്കല്‍ സമരനായിക ജാനകി ഓര്‍മ്മയായി. നെല്ലിക്കല്‍ കുഞ്ഞ് ചാപ്പന്‍ മകള്‍ ജാനകിക്ക് ജീവിതം സമരം തന്നെയായിരുന്നു. 20-ാം വയസില്‍ ആരംഭിച്ച ജീവിതസമരത്തിന് 85-ാം വയസില്‍ ജനുവരി 13നാണ് തിരശീലവീണത്. വേലൂരിനേയും പരിസര പ്രദേശത്തേയും പിടിച്ചുകുലുക്കിയ മാറുമറയ്ക്കല്‍ സമരത്തിന് നെടുനായകത്വം വഹിച്ചവരില്‍ അവശേഷിച്ച രണ്ടുപേരില്‍ ഒരാളായിരുന്നു ജാനകി. മറ്റൊരാള്‍ വെള്ളറോട്ടില്‍ മീനാക്ഷി. രണ്ടുപേരും ഒരേ കുടുംബ പശ്ചാത്തലമുള്ളവര്‍. അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകരും ദരിദ്രരുമായ മാതാപിതാക്കളുടെ മക്കള്‍. വളരെ ചെറുപ്പത്തില്‍തന്നെ ജന്മികളുടെ കൃഷിയിടങ്ങളില്‍ തൊഴിലെടുത്തവര്‍. പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്തവര്‍. അവരാണീ സമരത്തിന്റെ പോരാളികളായി വേളത്ത് ലക്ഷ്മിക്കുട്ടിയോടൊന്നിച്ച് അങ്കത്തിനിറങ്ങിയത്.
പതിനെട്ട് ദേശങ്ങളുടെ കേന്ദ്രമായ മണിമലര്‍ക്കാവ് ക്ഷേത്രത്തില്‍ അവര്‍ണര്‍ താലമെടുക്കാനോ വസ്ത്രം ധരിച്ചുകൊണ്ട് ക്ഷേത്രത്തില്‍ പ്രവേശിക്കാനോ സവര്‍ണര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാനോ പാടില്ലെന്ന പ്രാകൃത നിയമത്തെയാണ് ഇവര്‍ തകര്‍ത്തെറിയാന്‍ ശ്രമിച്ചത്. ക്ഷേത്രോത്സവത്തോട് ബന്ധപ്പെട്ട താലപ്പൊലിക്കിടയിലാണ് ഈ സമരം അരങ്ങേറുന്നത്.
കുംഭത്തിലെ അശ്വതിനാള്‍ മുതല്‍ കാര്‍ത്തിക വരെ നീളുന്ന ആഘോഷമാണ് തൃശൂര്‍ വേലൂര്‍ മണിമലര്‍ക്കാവിലെ ഭരണി കുതിരവേല. വിവിധ ജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ആളുകള്‍ കുതിരകളെ ക്ഷേത്രവളപ്പില്‍ കൊണ്ടുവയ്ക്കും. അവര്‍ണര്‍ തീണ്ടിയ ഈ കുതിരകളെ ശുദ്ധിവരുത്തി നായന്മാര്‍ ക്ഷേത്ര പറമ്പിലേയ്ക്ക് കയറ്റിവയ്ക്കും. ദേശത്തെ ജാതിവിഭാഗങ്ങള്‍ കൊണ്ടുവരുന്ന കെട്ടിയാടപ്പെട്ട ദൈവങ്ങളും അനുഷ്ഠാന കലകളും തങ്ങള്‍ക്ക് സവര്‍ണര്‍ അനുവദിച്ചുകൊടുത്ത ക്ഷേത്രമതിലിന് പുറത്തെ ഒരു ചുവട്ടില്‍ തോറ്റം ചൊല്ലി പിരിയുന്നതോടെ പൊതുവായ ആഘോഷങ്ങള്‍ സമാപിക്കും. അതിനുശേഷമാണ് സവര്‍ണരുടേത് മാത്രമായ അരിത്താലം ആരംഭിക്കുന്നത്. അതില്‍ പങ്കെടുക്കുന്നതിന് അവര്‍ണ സ്ത്രീകള്‍ക്ക് അനുവാദമില്ല. പങ്കെടുക്കാവുന്ന സവര്‍ണ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനും അനുവാദമില്ലായിരുന്നു.
”പൂക്കളും പൂജാദ്രവ്യങ്ങളും, പാതി തേങ്ങാമുറിയും കത്തിച്ചുവെച്ച ചെരാതും കവുങ്ങിന്‍ പൂക്കുലയും നിറച്ചുവച്ച തളികയെടുത്ത് നായര്‍ – നമ്പ്യാര്‍ യുവതികള്‍ നിരന്നുനില്‍ക്കും. ചെണ്ടമേളത്തിനനുസരിച്ച് വാളും ചിലമ്പും ഇളക്കി, അഴിച്ചിട്ട മുടിയില്‍ തലോടി, ചുവന്ന പട്ടില്‍ ചിലമ്പുകൊണ്ട് പതുക്കെതട്ടി ശബ്ദമുണ്ടാക്കി വെളിച്ചപ്പാട് ദേവിയായി ഇടയ്ക്കിടെ ഉറഞ്ഞുതുള്ളും. ചെരാതില്‍ നിറഞ്ഞുകത്തുന്ന മഞ്ഞവെളിച്ചത്തില്‍ റൗക്ക അഴിച്ചുവച്ച് മാറിടങ്ങള്‍ നഗ്നമാക്കിയ യുവതികള്‍ ചെണ്ടമേളത്തിനൊപ്പം നടന്നുനീങ്ങും. നഗ്നമായ മുലകള്‍ കാണുന്നതിന് ആണുങ്ങള്‍ തിക്കിതിരക്കി നില്‍ക്കും. ആയിരങ്ങളുടെ തുറിച്ചുനോട്ടങ്ങള്‍ക്ക് മുമ്പില്‍ സ്ത്രീകള്‍ അപമാനംകൊണ്ട് തലതാഴ്ത്തി നില്‍ക്കും. മേല്‍ജാതിയിലെ ജന്മിമാരും പ്രമാണിമാരും ഉറക്കെ ചിരിച്ചുകൊണ്ട് വെടി പറയും. വിദൂരദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ ഈ കാഴ്ച കാണാന്‍ വരും. അയിത്തം പാലിക്കുന്ന ജാതികള്‍ ആചാരപ്രകാരമുള്ള അകലം പാലിച്ചുകൊണ്ട് ഇരുവിഭാഗത്തിലുമുള്ള ആണുങ്ങള്‍ നിരന്നുനില്‍ക്കും. പുലയരിലും പറയരിലുംപെട്ടവര്‍ വേലിക്കുപുറത്തുനിന്ന് മേല്‍ജാതി യുവതികളെ കൊതിയോടെ നോക്കിനില്‍ക്കും. മണിമലര്‍ക്കാവ് വേലയെന്നാല്‍ ആണുങ്ങള്‍ക്ക് ഈ കാഴ്ചയായിരുന്നു പ്രധാനം. ഭരണിനാളില്‍ സന്ധ്യക്ക് തുടങ്ങി അര്‍ദ്ധരാത്രിയോടെ അവസാനിക്കുന്ന അരിപറയ്ക്കാണ് ആളുകള്‍ കൂടുക. ഈശ്വരവിശ്വാസത്തിന്റെ മറവില്‍ പെണ്ണുങ്ങളുടെ വസ്ത്രമുരിയിച്ച് അത് ആസ്വദിച്ചുനില്‍ക്കുന്ന സവര്‍ണ അശ്ലീലതയ്‌ക്കെതിരെയായിരുന്നു വേലൂരിലെ സ്ത്രീകളുടെ പോരാട്ടം. മേല്‍ജാതി സ്ത്രീകള്‍ക്കല്ലാതെ പങ്കെടുക്കാന്‍ അനുവാദമില്ലാതിരുന്ന അരിത്താലത്തില്‍ മാറിടം പ്രദര്‍ശിപ്പിച്ചുനടക്കുന്ന സ്ത്രീകള്‍ക്കിടയിലൂടെ വേളത്ത് ലക്ഷ്മിക്കുട്ടിയും നെല്ലിക്കല്‍ ജാനകിയും നയിച്ച ഇരുപതോളം അവര്‍ണ സ്ത്രീകള്‍ ബ്ലൗസ് ധരിച്ച് താലവുമെടുത്തുകൊണ്ട് നീങ്ങിയതോടെ നായര്‍ നമ്പ്യാര്‍ സ്ത്രീകള്‍ അകന്നുമാറി. വെളിച്ചപ്പാട് രാവുണ്ണിനായര്‍ കോപംകൊണ്ട് ജ്വലിച്ചു. ദേവിയായി നിന്ന് ശാപവാക്കുകള്‍ ചൊരിഞ്ഞ അദ്ദേഹം നാടാകെ വസൂരി (ചിക്കന്‍പോക്‌സ്) വിതറുമെന്ന് ആക്രോശിച്ച് സ്വന്തം തല വെട്ടിപൊളിച്ച് ഉള്ളംകയ്യില്‍ നെല്ലുവച്ച് വസൂരിയെന്ന ഭാവത്തില്‍ വിതറാന്‍ ഒരുങ്ങിയപ്പോള്‍ അപ്പാടെ വിതറേണ്ടതില്ല എന്റെ കൈയില്‍ തന്നോളുവെന്ന് പറഞ്ഞു മുന്നോട്ടുവന്ന സിപിഐ നേതാക്കളായിരുന്ന എ എസ് എന്‍ നമ്പീശന്‍, കെ എസ് ശങ്കരന്‍ തുടങ്ങിയവരെപ്പോലുള്ള യുവാക്കളുടെ ഇടപെടല്‍ സവര്‍ണരുടെ നേതൃത്വമുള്ള നായര്‍ പ്രമാണിമാരെ പ്രകോപിതരാക്കി. കത്തിച്ചുപിടിച്ച പന്തങ്ങളും കവുങ്ങിന്‍ തണ്ടുകളുമായി അവര്‍ സംഘട്ടനത്തിനൊരുങ്ങി. അതുവരെ പതിവില്ലാത്തവിധം പ്രദേശം സംഘര്‍ഷാവസ്ഥയിലായി. സംഘട്ടനത്തിന് തയ്യാറെടുത്ത നായര്‍ പ്രമാണിമാരെ കൈകാര്യം ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് വോളന്റിയര്‍മാരുടെ നിരയും തയ്യാറെടുത്തു. ഇതിനിടയ്ക്ക് നായര്‍ – നമ്പ്യാര്‍ സ്ത്രീകള്‍ നടയ്ക്കലേയ്ക്ക് ഓടി താലം ചൊരിഞ്ഞതാടെ ജാനകിയും സഹപ്രവര്‍ത്തകരും നടയ്ക്കല്‍ പറചൊരിഞ്ഞു. ദൈവഹിതമെന്ന പേരില്‍ അതുവരെ അനുഷ്ഠിച്ചിരുന്ന സവര്‍ണ മൂല്യബോധത്തെയാണ് അന്ന് ആ സ്ത്രീകള്‍ പൊളിച്ചെഴുതിയത്. ഇനിമേല്‍ മാറുമറയ്ക്കാതെ അരിത്താലം നടത്താന്‍ കഴിയില്ലെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപനം മണിമലര്‍ക്കാവിലും സമീപ പ്രദേശങ്ങളിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നടപ്പിലാവുകയായിരുന്നു. പക്ഷേ എന്നിട്ടും അവര്‍ണര്‍ അരിത്താലത്തില്‍ പങ്കെടുത്തുതുടങ്ങിയത് 2015ല്‍ മാത്രമാണ്.

വൈകുണ്ഠസ്വാമിയും അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും മുന്നോട്ട് കൊണ്ടുപോയ നവോത്ഥാന ശ്രമങ്ങളുടെ ഭാഗമായിരുന്നു മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം. ആധുനിക കേരളത്തെ രൂപപ്പെടുത്തിയ നവോത്ഥാന സമരങ്ങളില്‍ അപ്രധാനമാക്കപ്പെടുകയോ വിസ്മരിക്കപ്പെടുകയോ ചെയ്യപ്പെട്ട ഒന്നാണ് മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം. സവര്‍ണരെ കാണുമ്പോള്‍ മാറിടം വിവസ്ത്രമാക്കണമെന്ന ജന്മിത്വ-സവര്‍ണമാടമ്പിത്തരത്തിനും വിശ്വാസ സംഹിതയ്ക്കുമെതിരെ സ്ത്രീകളുടെ ചെറുത്തുനില്‍പ്പായിരുന്നു അത്. ക്ഷേത്ര പ്രവേശനത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും വേണ്ടി നടന്ന ദളിത് പിന്നോക്ക വിഭാഗങ്ങളുടെ സമരങ്ങളില്‍ ഒന്ന് മാത്രമല്ല മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം. ജാതി കേന്ദ്രീകൃതമായ സമൂഹത്തില്‍ സ്ത്രീകളെ അടിമകളായും ഉപകരണങ്ങളായും കണ്ടിരുന്ന സാമൂഹ്യാവസ്ഥയ്‌ക്കെതിരെ കേരളത്തില്‍ നടന്ന സ്ത്രീ വിമോചന പോരാട്ടങ്ങളില്‍ അപൂര്‍വമായ സമരങ്ങളില്‍ ഒന്നാണിത്. ജാതി – ജന്മിത്വത്തിനും സവര്‍ണ മേല്‍ക്കൊയ്മയ്ക്കും അതിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ക്കുമെതിരെ വിപുലമായ പ്രചരണത്തിനൊടുവില്‍ 1956 ലാണീ സമരം നടക്കുന്നത്. 1954ല്‍ വേലൂര്‍ കേന്ദ്രീകരിച്ച് വാഴാനി ഡാമില്‍ നിന്ന് വരുന്ന കനാല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തൊഴില്‍ സമരമാണ് സ്ത്രീകള്‍ നേതൃത്വമായുള്ള ഈ സമരത്തിന് അവരെ കരുത്തുള്ളവരാക്കി മാറ്റിയത്. അറുപതോളം സ്ത്രീകളാണ് അന്ന് ജയില്‍വാസമനുഭവിച്ചത്. അതില്‍ പങ്കെടുത്ത മുഴുവന്‍ സ്ത്രീ നേതൃത്വവും ഈ സമരത്തിലും പങ്കെടുത്തു. വേളത്ത് ലക്ഷ്മിക്കുട്ടി, കെ സി കാളികുട്ടി, കെ കെ കുറുമ്പ, അത്താണിക്കല്‍ ജാനകി, അത്താണിക്കല്‍ കമലു, വേളത്ത് വള്ളിയമ്മു, വെള്ളറോട്ടില്‍ മീനാക്ഷി, ഞാലില്‍ അമ്മു, നെല്ലിക്കല്‍ ജാനകി എന്നിവരാണ് മാറുമറയ്ക്കല്‍ സമരത്തിന് നേതൃത്വം നല്‍കിയത്. പോരാളികളില്‍ ധീരയായിരുന്ന നെല്ലിക്കല്‍ ജാനകിയാണ് വിടവാങ്ങിയിരിക്കുന്നത്.

കടപ്പാട്: കെ വി രാജേഷ്‌