യൂറോപ്പിലെ ഏറ്റവും വലിയ ആയുധമേളയ്ക്ക് ലണ്ടനില്‍ തുടക്കമായി

Web Desk
Posted on September 09, 2019, 7:09 pm

ലണ്ടന്‍: യൂറോപ്പിലെ ഏറ്റവും വലിയ ആയുധ മേളയ്ക്ക് ലണ്ടനിലെ ഡോക്‌ലാന്‍ഡ്‌സില്‍ തുടക്കമായി. 35,000 പ്രതിനിധികള്‍ മേളയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷ.
വിവാദമായ ഈ വാണിജ്യ മേളയ്‌ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. മേളയ്‌ക്കെതിരെ കഴിഞ്ഞാഴ്ച നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത 116 പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധത്തിനിടയിലും മേളയ്ക്ക് പിന്തുണയുമായി ബ്രിട്ടീഷ് മന്ത്രിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രദര്‍ശന ശാലയ്ക്ക് പുറത്ത് കഴിഞ്ഞ ദിവസവും 200 ലേറെ പ്രതിഷേധക്കാര്‍ ഒത്തുകൂടി. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇവര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇവരുടെ പ്രതിഷേധ പ്രകടനത്തില്‍ സമീപത്തെ റോഡുകളില്‍ കനത്ത ഗതാഗത തടസമുണ്ടായി.

സ്ഥലത്ത് വന്‍ പൊലീസ് സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്. സമരക്കാരെ സഹായിക്കാനും ഗതാഗത തടസമുണ്ടാകാതിരിക്കാനുമാണ് തങ്ങളുടെ ശ്രമമെന്നാണ് പൊലീസ് ഭാഷ്യം. 1700 വിതരണക്കാരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ കാണാനും വാങ്ങാനുമായി സൗദി അറേബ്യ, ഇസ്രയേല്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള 68 പ്രതിനിധികളെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ടെന്ന് രാജ്യാന്തര ട്രേഡ് സെക്രട്ടറി ലി ട്രൗസും പ്രതിരോധ മന്ത്രി ബെന്‍ വാലസും വ്യക്തമാക്കി.
ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ എന്തൊക്കം സംഭവിച്ചാലും നമ്മുടെ പ്രതിരോധ രംഗത്തിന്റെ ഭാവി ഏറെ പ്രകാശമാനമാണെന്ന് ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രതിരോധ മന്ത്രാലയ കയറ്റുമതി തലവന്‍ ഫ്‌ളുയര്‍ തോമസ് പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ ആയുധ വ്യവസായത്തെ യാതൊരുചിന്തയുമില്ലാതെ പിന്താങ്ങുകയാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. മന്ത്രിമാരില്‍ നിന്ന് രാഷ്ട്രീയ പിന്തുണയില്ലാതെ ഇത്തരമൊരു മേള സംഭവിക്കില്ലെന്നും പ്രതിഷേധം നടത്തുന്ന ആന്‍ഡ്രൂ സ്മിത്ത് ചൂണ്ടിക്കാട്ടി.

ബ്രിട്ടനിലെ 50,000 തൊഴിലുകള്‍ ആയുധ കയറ്റുമതി രംഗത്താണ്. രാജ്യത്തെ തൊഴില്‍ ശക്തിയുടെ 0.2ശതമാനം വരുമിത്. കഴിഞ്ഞ വര്‍ഷം 1400 കോടി ഡോളറിന്റെ ആയുധ വില്‍പ്പനയാണ് രാജ്യത്ത് നടന്നത്. ഇതില്‍ 80ശതമാനവും മധ്യപൂര്‍വരാജ്യങ്ങളിലേക്കാണ് പോയത്. മേളയുടെ പ്രധാന ഉപഭോക്താക്കളും ഗള്‍ഫ് രാജ്യങ്ങളാണ്.

പരിപാടിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകര്‍ക്ക് പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിപ്പിച്ചില്ല. ക്ലാരിയോണ്‍ ഇവന്റ്‌സാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് തന്നെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് അവരുടെ വാദം.

പ്രതിരോധ രംഗത്തെ വന്‍കിട കമ്പനികള്‍ ആയുധങ്ങള്‍ വിറ്റു കഴിഞ്ഞാല്‍ തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകുകയാണ് പതിവെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആയുധ നിയന്ത്രണ ഗവേഷകന്‍ പാട്രിക് വില്‍ക്കെന്‍ ആരോപിച്ചു. ഇവ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതില്‍ ഇവര്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ കഴിയില്ല. ഈ വാദം നിയമപരമായും ധാര്‍മികമായും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.