Janayugom Online
raksakkallu

രക്ഷക്കല്ല്. അകവും പുറവും’

Web Desk
Posted on January 27, 2019, 7:47 am

വി വി കുമാര്‍

മലയാള നാടകരചനയിലും രംഗാവതരണത്തിലും പുതുവഴികള്‍ തേടിത്തുടങ്ങിയ എഴുപതുകളിലാണ് നരേന്ദ്രപ്രസാദ് നാടകരംഗത്തേക്ക് കടന്നുവരുന്നത്. കാവാലം നാരായണപ്പണിക്കരുടെയും ജി ശങ്കരപ്പിള്ളയുടെയും നാടകാവതരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, എന്നാല്‍ അവയിലെ അംശങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയാതെയുള്ള ഒരു നാടകാവതരണ രീതി രൂപപ്പെടുത്താനുള്ള ശ്രമമാണ് ‘നാട്യഗൃഹം’ എന്ന തന്റെ നാടകസംഘത്തിലൂടെ അദ്ദേഹം നടത്തിയത്. ആധുനിക മനുഷ്യന്‍ നേരിടുന്ന വ്യര്‍ത്ഥതാബോധവും സ്വത്വപ്രതിസന്ധിയും ആത്മാന്വേഷണങ്ങളും നരേന്ദ്രപ്രസാദിന്റെ നാടക പ്രപഞ്ചത്തിലുണ്ട്.
തന്റെ നാടകങ്ങളില്‍ വ്യത്യസ്തമായ രംഗാവതരണരീതിയാണ് നരേന്ദ്രപ്രസാദ് സ്വീകരിച്ചത്. ഇന്ത്യയിലെമ്പാടും വിവിധ സ്റ്റേജുകളില്‍ അവതരിപ്പിച്ച് കേരള സംഗീതനാടക അക്കാദമി അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ വാങ്ങുക്കൂട്ടിയ നാടകങ്ങളായ ‘സൗപര്‍ണ്ണികയും’ ’ ഇര ‘യും തമ്മില്‍ ഉള്ള വിഷയ വൈവിധ്യവും അവതരണ വൈവിധ്യവും തന്നെ ഉദാഹരണങ്ങളായെടുക്കാം. ഒരു പ്രത്യേകശൈലി മാത്രമായി നരേന്ദപ്രസാദ് പിന്തുടര്‍ന്നില്ല. ഒരു നാടകത്തില്‍ത്തന്നെ യഥാതഥവും ശൈലീകൃതവുമായ രീതികള്‍ അദ്ദേഹം പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. അതിന് അദ്ദേഹത്തിന് നാട്യഗൃഹം എന്ന തന്റെ സംഘത്തിലെ പ്രതിഭാധനരായ ഒരു പറ്റം നടന്മാരുടെ സഹകരണം ഉണ്ടായി എന്നതും എടുത്തുപറയണം.
നരേന്ദ്രപ്രസാദ് അനുസ്മരണത്തോടനുബന്ധിച്ചും പിന്നീട് തിരുവനന്തപുരം രംഗപ്രഭാത് നാടകോത്സവത്തിലും അവതരിപ്പിച്ച ’ രക്ഷക്കല്ല് ’ എന്ന നരേന്ദ്രപ്രസാദ് രചിച്ച നാടകം മിത്തും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന് മനുഷ്യമനസ്സിലേക്കുള്ള ഒരന്വേഷണമാണ്. നരേന്ദ്രപ്രസാദിന്റെ നാടകപ്രവര്‍ത്തനത്തുടക്കം മുതല്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുകയും സൗപര്‍ണ്ണിക, വെള്ളിയാഴ്ച എന്നിവയുള്‍പ്പെടെയുള്ള നാടകങ്ങളില്‍ പ്രധാന വേഷം അഭിനയിക്കുകയും ചെയ്ത എം കെ ഗോപാലകൃഷണനാണ് ‘രക്ഷക്കല്ല് ’ സംവിധാനം ചെയ്തത്.

പെണ്ണിന് സ്വാഭാവികമായി അവകാശപ്പെട്ട സ്‌നേഹത്തെ രക്ഷിച്ചു നിര്‍ത്താന്‍ കെല്പുള്ള രക്ഷക്കല്ല് എന്ന ഒരു മിത്തിനെ മെനഞ്ഞെടുത്ത്, അതിലൂടെ ശാരദ എന്ന പെണ്‍കുട്ടിയുടെ ജീവിതം പറയുകയാണ് നാടകം. തനി നാട്ടിന്‍പുറത്തുകാരിയായ ശാരദ തന്റെ വിവാഹത്തലേന്ന് അമ്മൂമ്മയെ കാണാന്‍ വരുന്നിടത്താണ് നാടകം ആരംഭിക്കുന്നത്. അമ്മൂമ്മ, വിവാഹിതയാകാന്‍ പോകുന്ന തന്റെ കൊച്ചുമകള്‍ക്ക് ഒരു രക്ഷക്കല്ല് സമ്മാനിക്കുന്നു. ഭര്‍ത്താവുമൊത്ത് സ്‌നേഹം പങ്കുവെയ്ക്കുന്ന മനോഹര മുഹൂര്‍ത്തത്തില്‍ അയാളറിയാതെ അത് ദേഹത്തു തൊടണം. അങ്ങനെ തൊട്ടാല്‍ ഭര്‍ത്താവിന്റെ സ്‌നേഹം എന്നെന്നും നിലനില്‍ക്കും. പക്ഷേ ശാരദ രക്ഷക്കല്ലിനെ കാര്യമായെടുത്തില്ല. യൗവ്വനതീഷ്ണമായ കാമത്തെ അവള്‍ സ്‌നേഹമായി തെറ്റിദ്ധരിച്ചു. മധുവിധു നാളുകള്‍ കടന്നുപോകെ ഭര്‍ത്താവിലെ കച്ചവട താല്‍പ്പര്യങ്ങള്‍ പുറത്തുവന്നു. അയാള്‍ സ്‌നേഹിക്കുന്നത് അങ്ങാടിയിലെ ഉയരുന്ന വില നിലവാരത്തെയാണ്. കുന്നുകൂടുന്ന പണമെണ്ണുമ്പോഴാണ് അയാള്‍ രതിമൂര്‍ച്ഛ അനുഭവിക്കുന്നത്. മെല്ലെമെല്ലെ സ്‌നേഹരാഹിത്യം മനസ്സിലാക്കുന്ന ശാരദ, തന്റെ മകള്‍ക്ക് പ്രേമലേഖനം കൊടുക്കുന്ന കുട്ടിയെ രക്ഷക്കല്ലു തൊട്ട് തന്റെ സ്‌നേഹഭാജനമാക്കാന്‍ ശ്രമിക്കുകയും അതൊരു ദുരന്തമായി മാറുകയും ചെയ്യുന്നതാണ് രക്ഷക്കല്ലിന്റെ പ്രമേയം.

ഒരു നാടോടിക്കഥ പറയുന്ന താളത്തിലാണ് സംവിധായകന്‍ രക്ഷക്കല്ല് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒറ്റ വായനയില്‍ ദുര്‍ബലമെന്നു തോന്നാവുന്ന ഒരു നാടകം. പുതിയ വ്യാഖ്യാനത്തിന്റെയും രംഗാവതരണത്തിന്റെയും മികവുകൊണ്ട് കാവ്യാത്മകമായി അവതരിപ്പിക്കാന്‍ സംവിധായകനു കഴിഞ്ഞു. മിത്തും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന ‘രക്ഷക്കല്ലി ‘ല്‍ സ്ത്രീമനസ്സിലെ കാവ്യാത്മക ലോകത്തിലെ പുരുഷനും അങ്ങാടിയിലെ വിലനിലവാരത്തില്‍ ആനന്ദം കൊള്ളുന്ന പുരുഷനും ഉണ്ട്. തികച്ചും സാധാരണവും യഥാതഥവും എന്നു തോന്നിപ്പിക്കുന്ന മട്ടില്‍ തുടങ്ങുന്ന നാടകത്തെ ക്രിയാംശങ്ങളുടെ സചേതനമായ കൂടിക്കുഴയ്ക്കലിലൂടെ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ചേരുവയില്‍ സൗന്ദര്യത്തിന്റെ മറ്റൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ സംവിധായകനു കഴിഞ്ഞിരിക്കുന്നു. നാടക ഗാത്രത്തിന് അനുഗുണമായി വെളിച്ചത്തിന്റെ വിന്യാസവും സംഗീതവും.
അമ്മൂമ്മയായി രംഗത്തുവരുന്ന ലീലാപ്പണിക്കര്‍, നരേന്ദ്രപ്രസാദിന്റെ ആദ്യ നാടകാവതരണം മുതല്‍ ഏതാണ്ട് എല്ലാ നാടകങ്ങളിലും പ്രധാനവേഷം ചെയ്ത നടിയാണ്. പ്രത്യേകിച്ച് എണ്‍പതുകളില്‍ പ്രേക്ഷക പ്രശംസ നേടിയ ‘സൗപര്‍ണ്ണിക ‘യിലെ യക്ഷി. ‘രക്ഷക്കല്ലി‘ല്‍ ഭാവഗാംഭീര്യം കൊണ്ടും മിതത്വം കൊണ്ടും അത്ഭുതമുണര്‍ത്തുന്ന അഭിനയമാണ് ലീലാപണിക്കരുടേത്. വിവാഹിതയാകാന്‍ പോകുന്ന ചെറുമകള്‍ സ്‌നേഹം നിലനിര്‍ത്താന്‍ എങ്ങനെയാണ് പുരുഷനെ എന്നെന്നും കൊതിപ്പിക്കേണ്ടത് എന്നു ചോദിക്കുമ്പോള്‍ ശ്രൃംഗാരച്ചുവയോടെ ചിരിക്കുന്ന അമ്മൂമ്മയും, രക്ഷക്കല്ലുകളില്ലാതെങ്ങനെ കൊച്ചുമോളെങ്ങനെ ജീവിക്കും എന്ന് വ്യാകുലപ്പെടുന്ന അമ്മൂമ്മയും. അഭിനയത്തിന്റെ വ്യത്യസ്ത തലങ്ങളാണ് ചെറുചെറു രംഗങ്ങളിലൂടെ ലീലാപ്പണിക്കര്‍ കാണിച്ചുതരുന്നത്. സ്‌നേഹവും സ്‌നേഹരാഹിത്യവും ഏകാന്തതയും നിറഞ്ഞ ഒരു പെണ്‍കുട്ടിയുടെ മാനസിക ഭാവങ്ങള്‍ മാളു എസ്.ലാല്‍ ഭംഗിയാക്കി. ശാരദയുടെ ഭര്‍ത്താവായി വരുന്ന ജിഷ്ണുവും കുട്ടികളായ സൂര്യനാരായണനും അഷ്ടമിയും മിതത്വമാര്‍ന്ന അഭിനയ ശൈലികൊണ്ട് ശ്രദ്ധേയരായി.

അറിഞ്ഞോ അറിയാതെയോ നാടകത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. ഒരു പക്ഷേ, പുനരവതരണങ്ങളില്‍ അതിലേക്ക് ശ്രദ്ധിക്കാന്‍ സാധിച്ചാല്‍ നാടക പ്രമേയത്തോടുള്ള പ്രേക്ഷകരുടെ സംശയങ്ങള്‍ ദൂരീകരിക്കപ്പെട്ടേക്കാം. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും പ്രശംസിക്കപ്പെടാനുമുള്ള ഒരു സ്ത്രീയുടെ ആഗ്രഹം, അതു കിട്ടാതെവരുമ്പോള്‍ അവളിലുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍. ഒരു വ്യക്തിക്ക് തന്റെ പ്രേമത്തിന് ഒരു ബഹിര്‍ഗ്ഗമന മാര്‍ഗ്ഗം കൂടിയേ തീരൂ. അതു ജീവനുള്ളതോ അല്ലാത്തതോ, സമൂര്‍ത്തമോ അമൂര്‍ത്തമോ ആയ വസ്തു ആകാം. അതുതന്നെയല്ലേ മകളുടെ കൊച്ചുകൂട്ടുകാരനില്‍ അനുരക്തയാവാന്‍ ശാരദയെ പ്രേരിപ്പിച്ചത്. സ്ത്രീയുടെ സൗന്ദര്യബോധം, ആത്മാഭിമാനം, പ്രേമാഭിവാഞ്ച, സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും വേണ്ടി സര്‍വ്വസ്വവും ത്യജിക്കാനുള്ള മാനസികാവസ്ഥ എന്ന മനഃശാസ്ത്ര പ്രക്രിയ അബോധതലത്തില്‍ ശാരദയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തന്റെ ജീവിതത്തോടുള്ള അതൃപ്തിയും ഏകാന്തതയും അവളെ മറ്റൊരു മാനസിക ഭാവത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. ഒരുപക്ഷേ നരേന്ദപ്രസാദെന്ന തുറന്ന വായനക്കാരന്റെ, ശക്തനായ നിരൂപകന്റെ മനസ്സില്‍ കടന്നുകൂടിയ ഇത്തരമൊരു മന:ശാസ്ത്ര ചിന്തയില്‍ നിന്ന് പിറവിയെടുത്തതാകാം ’ രക്ഷക്കല്ല് ’ എന്ന നാടകം. അതുകൊണ്ടുതന്നെ ശാരദ നേരിടുന്ന തിരസ്‌കാരവും ഏകാന്തതയും ഒന്നുകൂടി പൊലിപ്പിച്ചെടുത്തെങ്കില്‍ നാടകം മറ്റൊരു തലത്തില്‍ എത്തിപ്പെടുമെന്നുതോന്നി. എങ്കിലും, നരേന്ദ്രപ്രസാദ് രംഗാവതരണം നടത്താതെ മാറ്റിവച്ചുപോയ നാടകത്തെ കാവ്യാത്മകമായി പ്രേക്ഷകമനസ്സിലേക്കു പകരാന്‍ സംവിധായകനായ എന്‍.കെ. ഗോപാലകൃഷ്ണന് കഴിഞ്ഞു എന്നത് എടുത്തു പറയണം.