June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

റവന്യൂ ജീവനക്കാർ പണിമുടക്കുന്നതെന്തിന് ?

By Janayugom Webdesk
February 16, 2020

കേരളത്തിന്റെ വളർച്ചയിൽ റവന്യൂ വകുപ്പ് നിർണ്ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ഭൂമി പതിവ്, ഭൂമി ഏറ്റെടുക്കൽ, സർക്കാർ ഭൂമി സംരക്ഷണം, ഭൂനികുതി പിരിവ്, റവന്യൂ റിക്കവറി, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, തെരഞ്ഞെടുപ്പ്, സെൻസസ് ജോലികൾ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട് വൈവിധ്യപൂർണമായ പ്രവർത്തനങ്ങളാണ് വകുപ്പ് നിർവ്വഹിക്കുന്നത്.

1992- മുതൽ ‘റവന്യൂ വകുപ്പ് പുനഃസംഘടന’ എന്ന മുദ്യാവാക്യമുയർത്തി കെആർഡിഎസ്എ ആരംഭിച്ച നിരവധി പ്രക്ഷോഭ സമരങ്ങളുടെ ഫലമായി, 1998‑ൽ അന്നത്തെ റവന്യൂ വകുപ്പ് മന്ത്രി കെ ഇ ഇസ്മായിൽ റവന്യൂ വകുപ്പ് പുനഃസംഘടന പ്രാവർത്തികമാക്കിയത് വകുപ്പിന്റെ നിര്‍ണ്ണായക വഴിത്തിരിവിന് നിദാനമായി. കേരളത്തിലെ റവന്യൂ ബോർഡ് നിർത്തലാക്കൽ ആക്ട് നടപ്പിലാക്കിയതും ഇതേ കാലഘട്ടത്തിലായിരുന്നു. എന്നാൽ 2001‑ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ വകുപ്പിലെ കാര്യങ്ങൾ കീഴ്മേൽ മറിച്ചു. ഡെപ്യൂട്ടി തഹസീൽദാർമാരെ നേരിട്ട് നിയമിക്കാനും വിഎഫ്എ, ഒ എ പ്രൊമോഷൻ കുറയ്ക്കുവാനും ഈ സർക്കാർ തീരുമാനമെടുത്തു. മാത്രമല്ല, 2002 ജനുവരി 16ലെ കിരാതമായ സർക്കാർ ഉത്തരവിനെതുടർന്ന് വകുപ്പിലെ 876 തസ്തികകൾ വെട്ടിക്കുറച്ചു. ഇതിനെതിരെ സംഘടന നടത്തിയ ഉജ്ജ്വലമായ സമരത്തെ തുടർന്ന് ഡെ­പ്യൂട്ടി തഹസിൽദാർമാരെ നേരിട്ട് നിയമിക്കാനുള്ള തീരുമാനം പിൻവലിച്ചു. 2006 ൽ അധികാരത്തിൽ വന്ന എൽഡിഎഫ് മന്ത്രിസഭയിലെ റവന്യൂ വകുപ്പ് മന്ത്രി കെ പി രാജേന്ദ്രൻ ആദ്യ ഉത്തരവിലൂടെ തന്നെ വകുപ്പിലെ താഴ്ന്ന വിഭാഗം ജീവനക്കാരുടെ പ്രമോഷൻ ക്വാട്ട 15 ശതമാനമായി വർധിപ്പിക്കുകയും നിർത്തലാക്കിയ തസ്തികകൾ പുനഃസ്ഥാപിക്കുകയും പുതിയവ സൃഷ്ടിക്കുകയും ചെയ്തു. 100 ലധികം ഗ്രൂപ്പ് വില്ലേജുകൾ വിഭജിച്ചു പ്രത്യേക വില്ലേജുകൾ ആരംഭിച്ചു.

എന്നാല്‍ 2011 ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ വകുപ്പിലെ താഴ്ന്ന വിഭാഗം ജീവനക്കാരുടെ പ്രമോഷൻ ക്വാട്ട 10 ശതമാനമായി കുറവ് വരുത്തി. ഡെപ്യൂട്ടി കളക്ടർമാരുടെ നേരിട്ടുള്ള നിയമനതോത് വർധിപ്പിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രമോഷനും സ്ഥലം മാറ്റങ്ങളും നടത്തി. റീസർവ്വേ നടപടികൾ നിർത്തിവച്ചു. ഭൂമി സംബന്ധമായ റെക്കോഡുകളുടെ പരിപാലനം ഇല്ലാതാക്കി. വില്ലേജ് ഓഫീസർ പദവി അപ്ഗ്രേഡ് ചെയ്യണമെന്ന ശമ്പളകമ്മീഷൻ ശു­പാർശ കണ്ടില്ലെന്നു നടിക്കുകയും ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളെ നിരാകരിക്കുകയും ചെയ്തു. അഴിമതി, കെടുകാര്യസ്ഥത എന്നിവയിൽ നിന്നുമുള്ള മോചനമായിരുന്നു 2016 ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ. കുത്തഴിഞ്ഞുകിടന്ന റവന്യൂ ഭരണത്തെ ശരിയായ ദിശയിലെത്തിക്കുക എന്നതായിരുന്നു റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ ഏറ്റെടുത്ത പ്രധാന ദൗത്യം. വകുപ്പിനെ അടിമുടി ശുദ്ധീകരിക്കുന്നതിനും ഓ­ഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യയിലൂടെ ഡിജിറ്റലൈസേഷൻ പൂർത്തീകരിക്കുന്നതിനും സ്വീകരിച്ച നടപടികളും സംസ്ഥാനത്ത് പുതിയതായി ആറ് റവന്യൂ ഡിവിഷണൽ ഓഫീസുകളും രണ്ട് താലൂക്കുകളും ആരംഭിച്ചതും ഇതിന്റെ പ്രതിഫലനമാണ്. എന്നാൽ ജീവനക്കാർ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ നടപ്പിലാക്കാതിരിക്കുവാൻ ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സർക്കാരിലെ ചില ഉന്നതരുടെ ഇടപെടലും ഗൂഢശ്രമവും അവസാനിപ്പിക്കുന്നതിന് വേണ്ടി ഫെബ്രുവരി 19ന് പണിമുടക്ക് നടത്താന്‍ കെആര്‍ഡിഎസ്എ നിര്‍ബന്ധിതമായിരിക്കുകയാണ്.

പണിമുടക്കിനാധാരമായ വിഷയങ്ങൾ

1. 8,9,10 ശമ്പളപരിഷ്ക്കരണ കമ്മീഷനുകൾ റവന്യൂ വകുപ്പിന്റെ ഉന്നമനത്തിനും സേവനവേതന വ്യവസ്ഥകളിൽമാറ്റം വരുത്തുന്നതിനും ശു­പാർശകൾ സമർപ്പിച്ചെങ്കിലും, സർക്കാരുകൾ അനുകൂല നടപടികൾ സ്വീകരിച്ചിട്ടില്ല.

2. വില്ലേജ് ഓഫീസർമാരുടെ ജോലിഭാരം, ഉത്തരവാദിത്വം എന്നിവ പരിഗണിച്ചു വില്ലേജ് ഓഫീസർ പദവി ഡെപ്യൂട്ടി തഹസിൽദാർമാരുടേതിന് തുല്യമാക്കണമെന്ന് 10-ാം ശമ്പളകമ്മീഷൻ ശുപാർശ നൽകിയിരുന്നു. എന്നാൽ ഇത് തള്ളിക്കളഞ്ഞ യുഡിഎഫ് സർക്കാർ 29200–62400/- എന്ന പുതിയ ശമ്പളസ്കെയിൽ അനുവദിച്ചു ഉത്തരവിറക്കി. പക്ഷേ ഈ സ്കെയിലിൽ ശമ്പളം നൽകില്ലെന്ന നിഷേധാത്മക നിലപാടാണ് ധനകാര്യ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ജീവനക്കാർ അനുകൂല വിധി സമ്പാദിച്ചുവെങ്കിലും അപ്പീൽ ഫയൽ ചെ­യ്യാൻ ധനകാര്യവകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. ഫലത്തിൽ സർക്കാ­ർ ഉത്തരവിനെതിരെ സർക്കാർ തന്നെ അപ്പീൽ പോകുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമതലത്തിൽ സേവനമനുഷ്ഠിക്കുന്ന മറ്റ് സമാന ജീവനക്കാരുടെ ശമ്പളസ്കെയിൽ പരിശോധിച്ചാൽ വില്ലേജ്ഓഫീസർ തസ്തികയുടെ ദയനീയസ്ഥിതി മനസിലാകും.

1. പഞ്ചായത്ത് സെക്രട്ടറി-36,600–79,200/-

2. അസി. പഞ്ചായത്ത് സെക്രട്ടറി-30,700 65,400/-

3. കൃഷി ഓഫീസർ-39,500–83,000/-

4. കൃഷി ഫീൽഡ് ഓഫീസർ-35,700–75,600/-

5. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്-32,300 68,700/-

6. ആയൂർവേദ/ഹോമിയോ/അലോപ്പതി ഡോക്ടർ-39,500–83,000/-

7. ഹെൽത്ത് ഇൻസ്പെക്ടർ-29,200–62,400/- മേൽപ്പറഞ്ഞ ഉദ്യോഗസ്ഥരുടേതിനേക്കാൾ ഉത്തരവാദിത്വവും ജോലിഭാരവും കൂടുതലുള്ള വില്ലേജ് ഓഫീസർക്ക് 27,800–59,400/- എന്ന സ്കെയിലിലാണ് വേതനം നൽകിയിരുന്നത്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള 29, 200–62,­400/- എന്ന സ്കെയിലിൽ ശമ്പളം അനുവദിക്കണമെന്ന് സംഘടന കഴിഞ്ഞ ആറ് വർഷങ്ങളായി സർക്കാരിനോട് ആവശ്യപ്പെട്ടുവരികയാണ്.

3. വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന വിഭാഗം ജീവനക്കാരാണ് വില്ലേജ് ഫീൽഡ് അസിസ്റ്റ­­ന്റു­മാർ. പിഎസ്‌സി വഴിനിയമനം നേടുന്ന ഇവർക്ക് 20 വർഷം കഴി‍ഞ്ഞാലും സ്ഥാന­ക്ക­യ­റ്റം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാന സിവിൽ സർവ്വീസിൽ ഈ വിഭാ­ഗം ജീവനക്കാ‍ർ ക്ലാസ് ‑3ലോ, ക്ലാസ് ‑4ലോ ഉൾപ്പെടുന്നില്ല. എല്ലാ വില്ലേജുകളിലും നിലവിലുള്ള രണ്ട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരിൽനിന്നും ഒരു തസ്തിക അപ്ഗ്രേഡ് ചെയ്തു, വില്ലേജ് അസിസ്റ്റന്റ് ആക്കിയാൽ ഒൻപതാം ശമ്പളകമ്മീഷൻ റിപ്പോർട്ടിലെ ശുപാർശ സാമ്പത്തിക ബാധ്യത ഇല്ലാതെ തന്നെ നടപ്പിലാക്കാൻ കഴിയും. ഇതിലൂടെ 10 വർഷം കഴിഞ്ഞ വിഎഫ്എ മാർക്ക് വില്ലേജ് അസിസ്റ്റന്റായി മാറാൻ കഴിയുമെന്ന സ്ഥിതിയും ഉണ്ടാകും. ഈ ആവശ്യം പൊതുഭരണം, റവന്യൂ, ധനവകുപ്പുകൾ അംഗീകരിച്ചെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല. ഇതിന്റെ കാരണം നിഗൂഢമായിരിക്കുന്നു.

4. മറ്റ് വകുപ്പുകളിൽ നടപ്പാക്കിയ ഫ്രണ്ട് ഓഫീസ് സംവിധാനം എല്ലാ വില്ലേജ് ഓഫീസുകളിലും നടപ്പിലാക്കി പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തണമെന്ന സംഘടനയുടെ ആവശ്യം സർക്കാർ നിരാകരിച്ചിരിക്കുകയാണ്.

5. വികസനപ്രവർത്തനങ്ങളെ പിന്നോട്ടടിപ്പിക്കുന്ന വിധത്തിൽ, വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 32 ഭൂമി ഏറ്റെടുക്കൽ ഓഫീസുകൾ ഇപ്പോൾ നിർത്തലാക്കാനുള്ള നീക്കം നടക്കുകയാണ്. ഇതിലൂടെ 463 തസ്തികകൾ ഇല്ലാതാകുന്ന സ്ഥിതി സംജാതമാകും. ഈ ഓഫീസുകളിലെ ജീവനക്കാരുടെ ശമ്പളം നൽകുന്നതിന് ധനവകുപ്പ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയുമാണ്.

6. സംസ്ഥാനത്ത് 1665 വില്ലേജുകൾ ഉണ്ടെങ്കിലും 1532 ഓഫീസുകൾ മാത്രമാണ് നിലവിലുള്ളത്. 133 വില്ലേജുകളിൽ ജീവനക്കാർക്ക് പ്രത്യേക ചുമതല നൽകിയാണ് ജോലികൾ നിർവ്വഹിക്കുന്നത്. ഈ 133 വില്ലേജ് ഓഫീസുകൾ സ്വതന്ത്രമായി പ്രവർത്തിക്കാൻ ആവശ്യമായ തസ്തികകൾ അനുവദിക്കണം.

7. റവന്യൂ ഓഫീസുകളിൽ രാത്രികാല ഡ്യൂട്ടിക്ക് നൈറ്റ് വാച്ച്മാൻമാരെ നിയമിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ല. പകൽ സമയം ഡ്യൂട്ടി നോക്കുന്ന ജീവനക്കാർതന്നെ രാത്രികാല ഡ്യൂട്ടിയും ചെയ്യുന്ന സ്ഥിതി മനുഷ്യാവകാശ ലംഘനമാണ്.

8. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി റവന്യൂ വകുപ്പിൽ പുതിയ തസ്തികകൾ അനുവദിക്കണമെന്ന ആവശ്യം തത്വത്തിൽ ഗവൺമെന്റ് അംഗീകരിച്ചതാണെങ്കിലും ഇപ്പോൾ റവന്യൂ വകുപ്പിനെ മറികടന്ന് മറ്റുചില വകുപ്പുകളിലൂടെ ഇത്തരം പ്രവർത്തനങ്ങൾ നടപ്പാക്കാൻ സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്. ദുരന്തനിവാരണ പ്രവർത്തികൾക്കാവശ്യമായ കേന്ദ്ര ഫണ്ട് പൂർണമായും ലഭ്യമാകുന്നത് റവന്യൂ വകുപ്പിനാണ്. 2018, 2019 വർഷങ്ങളിലുണ്ടായ മഹാപ്രളയമുൾപ്പെടെ സംസ്ഥാനത്ത് ഉണ്ടാകുന്ന എല്ലാ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെയും ഏകോപനവും വകുപ്പ് മുഖേനയാണ് നടത്തുന്നത്.

ഈ ആവശ്യങ്ങളിൽ സർക്കാരിൽനിന്നും അനുകൂല നടപടി സ്വീകരിക്കുന്നതിന് നിരവധി പ്ര­ക്ഷോഭങ്ങൾ കെആർഡിഎസ്എയുടെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. 2017 ലെ ‘പെൻഡൗൺസ്ട്രൈക്ക്’, 2018 ഏപ്രിൽ മാസത്തിൽ നടത്തിയ ‘റവന്യൂ സംരക്ഷണ സംഗമം’, മേയ് മാസത്തിൽ നടത്തിയ ജീവനക്കാരുടെ ‘രാപ്പകൽ സമരം’, ജൂലൈയിൽ ലാന്റ് റവന്യൂ കമ്മീഷണറേറ്റിലേക്കും കളക്ടറേറ്റിലേയ്ക്കും നടത്തിയ മാർച്ചും ധർണയും ഡിസംബറിൽ സെക്രട്ടറിയേറ്റിനു മുമ്പിൽ നടത്തിയ സത്യാഗ്രഹ സമരം, 2019 ഓഗസ്റ്റിൽ വീണ്ടും ജില്ലാ കളക്ടറേറ്റുകളിലേയ്ക്ക് നടത്തിയ മാർച്ചും ധർണയും എന്നിങ്ങനെ വ്യത്യസ്തമായ നിരവധി പരിപാടികൾ സംഘടന സംഘടിപ്പിച്ചിരുന്നു. എന്നിട്ടും അനുകൂല നടപടികൾ ഉണ്ടാകാത്തതിനാലാണ് സംഘടന പണിമുടക്ക് സമരത്തിലേയ്ക്ക് പോകേണ്ടി വന്നത്. ഈ ആവശ്യങ്ങൾ ഉന്നയിച്ചു കെആർഡിഎസ്എ പണിമുടക്ക് സമരം പ്രഖ്യാപിച്ചപ്പോൾ ഭരണപ്രതിപക്ഷ സംഘടനകളെല്ലാം പ്രക്ഷോഭ രംഗത്തേയ്ക്ക് വന്നത് തന്നെ സംഘടന ഉയർത്തുന്ന ആവശ്യങ്ങളുടെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ജീവനക്കാരുടെ നിലനില്പിനും ആത്മാഭിമാനത്തിനും തുല്യ നീതിക്കും വേണ്ടി കെആർഡിഎസ്എയുടെ നേതൃത്വത്തിൽ ഫെബ്രുവരി 19 ന് നടത്തുന്ന ഈ പണിമുടക്ക് സമരം വിജയിപ്പിക്കേണ്ടത് ജീവനക്കാരുടെ മാത്രമല്ല പൊതുസമൂഹത്തിന്റെയും ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.