വസ്ത്രാലങ്കാരം മുരുകൻസ്

കെ കെ ജയേഷ്
Posted on September 20, 2020, 4:00 am

കെ കെ ജയേഷ്

ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തിൽ സിനിമയിലെത്തിയതാണ് മുരുകൻ. പുതിയറയിലെ തയ്യൽക്കടയിൽ നിന്ന് അപ്രതീക്ഷിതമായി സിനിമയുടെ ലോകത്തേക്ക്. തയ്യൽക്കാരനിൽ നിന്ന് വസ്ത്രാലങ്കാര പ്രതിഭയിലേക്കുള്ള യാത്രയായിരുന്നു അത്. സ്വതന്ത്രമായി പ്രവർത്തിച്ച ആദ്യ സിനിമ പുറത്തിറങ്ങിയില്ലെങ്കിലും രണ്ടാമത്തെ സിനിമയിലൂടെ മുരുകന്റെ പേര് സിനിമാ ലോകത്ത് അടയാളപ്പെടുത്തപ്പെട്ടു. സിനിമയിൽ മുരുകൻമാർ കുറേപ്പേർ ഉണ്ടായിരുന്നതുകൊണ്ട് സുഹൃത്ത് പേരിൽ ചെറിയൊരു മാറ്റം വരുത്തി മുരുകൻസ് ആക്കി. സാങ്കേതിക പ്രവർത്തകരുടെ പേരുകൾ ഇന്നത്തേതുപോലെ ചർച്ച ചെയ്യപ്പെടാത്ത കാലം മുതൽ വസ്ത്രാലങ്കാരം മുരുകൻസ് എന്ന ടൈറ്റിൽ മലയാളി മനപാഠമാക്കി. ഭരതൻ, വിനയൻ, എ ടി അബു, ജോസ് തോമസ് തുടങ്ങി മലയാളത്തിലെ പ്രശസ്ത സംവിധായകരുടെ സിനിമകളിലെല്ലാം മുരുകൻസ് വസ്ത്രാലങ്കാരം നിർവ്വഹിച്ചു. ഒരു വർഷത്തോളം നടൻ കമൽഹാസന്റെ പേഴ്സണൽ കോസ്റ്റ്യൂമറായും മുരുകൻസ് പ്രവർത്തിച്ചു. എൻ ശങ്കരൻ നായരുടെ സത്രത്തിൽ ഒരു രാത്രി എന്ന സിനിമയിൽ തുടങ്ങിയ സിനിമാ യാത്ര മുരുകൻസ് ജനയുഗം വാരാന്തവുമായി പങ്കുവെക്കുന്നു.

തുന്നിയെടുത്ത ജീവിതം

കുട്ടിക്കാലത്ത് കോഴിക്കോട് പുതിയറയിലായിരുന്നു ഞങ്ങളുടെ താമസം. അച്ഛൻ ചിന്നപ്പൻ തൃശ്ശൂർ ചേലക്കര സ്വദേശിയായിരുന്നു. അമ്മ വേലമ്മാൾ തമിഴ്‌നാട്ടിലെ സേലം സ്വദേശിനിയും. ജോലി തേടിയാണ് അച്ഛനും അമ്മയും കോഴിക്കോട്ടെത്തുന്നത്. നഗരത്തിൽ കടല വിൽപ്പനയായിരുന്നു അച്ഛന് ജോലി. അങ്ങനെ ഞങ്ങൾ കോഴിക്കോട്ട് സ്ഥിരതാമസമായി. പുതിയറയിൽ താമസിക്കുമ്പോഴായിരുന്നു വലിയൊരു വെള്ളപ്പൊക്കമുണ്ടായത്. വീട്ടിൽ താമസിക്കാൻ കഴിയാത്ത അവസ്ഥ. അപ്പോൾ ഞങ്ങൾ തമിഴ്‌നാട്ടിലെ അമ്മയുടെ നാട്ടിലേക്ക് പോയി. പിന്നീട് എനിക്ക് പത്തുവയസ്സുള്ളപ്പോഴാണ് കോഴിക്കോട്ടേക്ക് തിരിച്ചുവരുന്നത്. പഠനമൊക്കെ കഴിഞ്ഞ ശേഷം പുതിയറയിൽ ഒരു തയ്യൽക്കട ആരംഭിച്ചു. പന്ത്രണ്ടാമത്തെ വയസ്സിലാണ് ടൈലറിംഗ് ജോലിയിലേക്ക് ഞാൻ എത്തിപ്പെടുന്നത്. തയ്യൽക്കാരനെന്ന നിലയിൽ തരക്കേടില്ലാത്ത പേര് സമ്പാദിച്ചു നിൽക്കുന്ന കാലം.

കടയുടെ അടുത്താണ് പ്രശസ്തമായ മഹാറാണി ഹോട്ടൽ. അക്കാലത്ത് കോഴിക്കോട്ട് ഷൂട്ടിംഗ് നടന്നാൽ സിനിമാക്കാരെല്ലാം താമസിക്കുന്നത് മഹാറാണി ഹോട്ടലിലായിരുന്നു. താരങ്ങളെയെല്ലാം കാണാൻ ആളുകൾ ഹോട്ടലിന് മുന്നിൽ വന്നു നിൽക്കുന്നത് ഞാൻ കാണാറുണ്ട്. ഒരിക്കൽ സിനിമയുടെ കോസ്റ്റ്യൂം മേഖലയിൽ ജോലി ചെയ്യുന്ന ദൊരൈ എന്നയാൾ കടയിൽ വന്ന് കുറച്ചു തുണികൾ തയ്പ്പിച്ചു കൊണ്ടുപോയി. അദ്ദേഹമാണ് എന്നോട് സിനിമയിൽ താത്പര്യമുണ്ടോ എന്ന് ചോദിക്കുന്നത്. സിനിമയെക്കുറിച്ചൊന്നും കാര്യമായ അറിവുണ്ടായിരുന്നിന്നില്ല. എങ്കിലും ഷൂട്ടിംഗ് സ്ഥലത്തുപോയി അവർ പറഞ്ഞ കോസ്റ്റ്യൂംസ് എല്ലാം ചെയ്തുകൊടുത്തു. പിന്നീട് കുറേ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളിൽ വസ്ത്രാലങ്കാര സഹായിയായി ജോലി ചെയ്തു. എൻ ശങ്കരൻ നായരുടെ സത്രത്തിൽ ഒരു രാത്രി ഉൾപ്പെടെ പ്രശസ്തമായ പല ചിത്രങ്ങളിലും വർക്കു ചെയ്തു.

മുരുകൻ മുരുകൻസ് ആകുന്നു

ശരിക്കും മുരുകൻ എന്നായിരുന്നു എന്റെ പേര്. സിനിമയിൽ കുറേ മുരുകൻമാർ ഉള്ളതുകൊണ്ട് യൂസഫ് എന്നൊരു പരസ്യ സംവിധായകനാണ് പേരിന് കൂടെ എസ് ചേർത്തു തന്നത്. സ്വന്തമായി വസ്ത്രാലങ്കാരം ചെയ്യുമ്പോൾ മുരുകൻസ് എന്ന് പേര് നൽകിയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. അങ്ങിനെയാണ് വാൽക്കണ്ണാടി എന്ന സിനിമ സ്വതന്ത്രമായി ചെയ്യുമ്പോൾ പേര് മുരുകൻസ് എന്നാക്കുന്നത്.

പുറത്തിറങ്ങാതെ പോയ വാൽക്കണ്ണാടി

ജയൻ അടിയാട്ട് സംവിധാനം ചെയ്ത സിനിമയായിരുന്നു വാൽക്കണ്ണാടി. ഇന്നസെന്റ്, രവികുമാർ, ഫിലോമിന, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ. എന്നാൽ എന്തൊക്കെയോ സാങ്കേതിക പ്രശ്നങ്ങൾ കാരണം ഞാൻ ആദ്യമായി വസ്ത്രാലങ്കാരം നിർവ്വഹിച്ച വാൽക്കണ്ണാടി എന്ന ചിത്രം പുറത്തിറങ്ങിയില്ല.

ധ്വനിയിലൂടെ മികച്ച തുടക്കം

മലയാളത്തിലെ ശ്രദ്ധേയമായ സിനിമകളിലൊന്നാണ് മാക് അലി നിർമ്മിച്ച് എ ടി അബു സംവിധാനം ചെയ്ത ധ്വനി. പ്രേംനസീറിന്റെ അവസാന ചിത്രമായ ധ്വനി നൗഷാദ്- യൂസഫലി കേച്ചേരിയുടെ മനോഹര ഗാനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. ജയറാം, ശോഭന, ജയഭാരതി തുടങ്ങി പ്രശസ്തരായ നിരവധി നടീനടൻമാർ വേഷമിട്ട് 1988 ൽ പുറത്തിറങ്ങിയ ധ്വനിയാണ് എന്നെ മലയാള സിനിമയിൽ ചേർത്തു നിർത്തിയതെന്ന് പറയാം. മറ്റൊരാളെയായിരുന്നു ശരിക്കും ചിത്രത്തിൽ വസ്ത്രാലങ്കാരം നിർവ്വഹിക്കാൻ ഏൽപ്പിച്ചിരുന്നത്. എന്നാൽ എന്തോ ചില കാരണങ്ങളാൽ അദ്ദേഹത്തിന് വരാൻ സാധിച്ചില്ല. അങ്ങനെയാണ് ആ സിനിമയുടെ വസ്ത്രാലങ്കാര ചുമതല എന്നിലേക്കെത്തുന്നത്. ചിത്രം ജനപ്രിയമായതോടെ എനിക്കും സിനിമകൾ കിട്ടിത്തുടങ്ങി.

കമൽഹാസനൊപ്പം

സുഹൃത്ത് മേയ്ക്കപ്പ്മാൻ സലിം കടയ്ക്കൽ നടൻ കമൽഹാസന്റെ പേഴ്സണൽ മേയ്ക്കപ്പ്മാനായിരുന്നു. കോസ്റ്റ്യൂം അസിസ്റ്റന്റായി വിശ്വസിക്കാവുന്ന ഒരാൾ വേണമെന്ന് കമൽഹാസൻ സലീമിനോട് പറഞ്ഞു. അങ്ങിനെ സലീം പറഞ്ഞിട്ടാണ് ഞാൻ മദ്രാസിൽ കമൽഹാസനെ കാണാൻ പോകുന്നത്. ഭരതൻ സംവിധാനം ചെയ്യുന്ന ‘തേവർമകൻ’ എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ അവസാനഘട്ടം നടക്കുമ്പോഴാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. 1992 ൽ. പിന്നീട് ഒരു വർഷത്തോളം കമൽഹാസന്റെ അസിസ്റ്റന്റായി ജോലി ചെയ്തു. 93 ൽ പുറത്തിറങ്ങിയ ജി ബി വിജയ് സംവിധാനം ചെയ്ത കലൈഞ്ജൻ, ജി എൻ രംഗരാജൻ സംവിധാനം ചെയ്ത മഹാരാസൻ തുടങ്ങിയ സിനിമകളിലെല്ലാം കമൽസാറിന്റെ കൂടെ സഹായിയായി ഞാനുമുണ്ടായിരുന്നു. എം വിനീഷ്, എം പ്രബീഷ് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത തീ കുളിക്കും പച്ചൈമരം ഉൾപ്പെടെ നാലോളം തമിഴ് സിനിമകളും ധർമ്മേന്ദ്ര, ആദിത്യ പഞ്ചോലി തുടങ്ങിയവർ മുഖ്യവേഷത്തിലെത്തിയ മാഫിയ എന്ന ഹിന്ദി സിനിമയിലും ഞാൻ വസ്ത്രാലങ്കാരം നിർവ്വഹിച്ചു.

ഭരതന്റെ ദേവരാഗവും മറ്റു സിനിമകളും

വസ്ത്രാലങ്കാര കലാകാരനെന്ന നിലയിൽ ഏറെ സംതൃപ്തി നൽകിയ ചിത്രമാണ് ഭരതൻ സംവിധാനം ചെയ്ത ‘ദേവരാഗം.’ അധികം പരിചിതമല്ലാത്ത കഥാപരിസരമായിരുന്നു ഈ സിനിമയുടേത്. അതുകൊണ്ട് തന്നെ വെല്ലുവിളിയുയർത്തിയ സിനിമയുമായിരുന്നു ഇത്. അരവിന്ദ് സ്വാമിയും ശ്രീദേവിയും അഭിനയിച്ച് 1996 ൽ പുറത്തുവന്ന ഈ ചിത്രം വലിയ അഭിനന്ദനങ്ങളും നേടിത്തന്നു. ഹരിദാസിന്റെ ജയറാം, സുനിത, തിലകൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ജോർജ്ജൂട്ടി c/o ജോർജ്ജൂട്ടിയാണ് മറ്റൊരു ശ്രദ്ധേയ ചിത്രം. 1991 ൽ പുറത്തിറങ്ങിയ സിനിമയുടെ തിരക്കഥ നിർവ്വഹിച്ചത് രഞ്ജിത്തായിരുന്നു. ഹരിദാസിന്റെ 94 ൽ പുറത്തിറങ്ങിയ കിന്നരിപ്പുഴയോരം, 95 ൽ ഇറങ്ങിയ കാട്ടിലെ തടി തേവരുടെ ആന, 96 ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ ഇന്ദ്രപ്രസ്ഥം, 97 ൽ ഇറങ്ങിയ കണ്ണൂർ തുടങ്ങിയ സിനിമകളിലും ഞാൻ വസ്ത്രാലങ്കാരം നിർവ്വഹിച്ചു.

1997 ൽ പുറത്തിറങ്ങിയ ജോസ് തോമസ് സംവിധാനം ചെയ്ത അടിവാരം ഗ്രാമീണപശ്ചാത്തലത്തിലുള്ള പ്രതികാര കഥയായിരുന്നു. കെ കെ ഹരിദാസിനൊപ്പം കല്ല്യാണപ്പിറ്റേന്ന്, ഇക്കരെയാണെന്റെ മാനസം, സി ഐ മഹാദേവൻ അഞ്ചടി നാലിഞ്ച് തുടങ്ങിയ സിനിമകൾ ചെയ്തു. ജയൻ അടിയാട്ടിന്റെ ചൈതന്യം, വിനയൻ സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയ, കണ്ണൻ താമരക്കുളത്തിന്റെ ആടുപുലിയാട്ടം തുടങ്ങിയ സിനിമകളും ശ്രദ്ധിക്കപ്പെട്ടു. ഇതുകൂടാതെ ചാർലി ചാപ്ലിൻ, ചെറിയ കള്ളനും വലിയ പോലീസും, കഥ സംവിധാനം കുഞ്ചാക്കോ, വലത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട്, മിഴി, ലയം, ദി ജഡ്ജ്മെന്റ്, ചേനപ്പറമ്പിലെ ആനക്കാര്യം, കല്ലായി എഫ് എം, തീരുമാനം, ഒരു ഓർഡിനറി പ്രണയം, ബോബി, ആകസ്മികം തുടങ്ങി നിരവധി ചിത്രങ്ങളിൽ വസ്ത്രാലങ്കാരം നിർവ്വഹിച്ചു. ഗോകുല കണ്ണൻ സംവിധാനം ചെയ്ത തമിഴ് ചിത്രമായ അതിരും പുതിരും റഫീഖ് സംവിധാനം ചെയ്ത പുലർകാലം തുടങ്ങിയവയാണ് പുറത്തിറങ്ങാനുള്ള സിനിമകൾ.

സിനിമയും വസ്ത്രാലങ്കാരവും

അഭിനേതാക്കൾക്ക് യോജിക്കുന്ന വസ്ത്രം തയ്ച്ചുകൊടുക്കുന്നതാണ് വസ്ത്രാലങ്കാരം എന്നു മാത്രമായിരുന്നു മുമ്പൊക്കെ ആളുകൾ ചിന്തിച്ചിരുന്നത്. എന്നാൽ അതിനപ്പുറം പ്രാധാന്യമുണ്ട് വസ്ത്രാലങ്കാരത്തിെനെന്ന് ഇന്ന് എല്ലാവരും മനസ്സിലാക്കുന്നുണ്ട്. സിനിമയുടെ മുഴുവൻ കാര്യങ്ങളും ശ്രദ്ധിച്ചുകൊണ്ട് മാത്രമെ വസ്ത്രാലങ്കാരം നിർവ്വഹിക്കുവാൻ കഴിയുകയുള്ളു. സിനിമയുടെ കഥയും കഥാപാത്രങ്ങളെയും ശരിക്കും പഠിക്കണം. കഥ നടക്കുന്ന കാലത്തെക്കുറിച്ച് ബോധ്യമുണ്ടാവണം. ക്യാമറാമാന്റെയും സംവിധായകന്റെയും രീതികൾ മനസ്സിലാക്കുകയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും വേണം.

ആഴത്തിൽ കഥാപാത്രങ്ങളെ മനസ്സിലാക്കിയാൽ മാത്രമെ മികച്ച രീതിയിൽ ജോലി പൂർത്തിയാക്കാൻ സാധിക്കുകയുള്ളു. ഇന്ന് അഭിനേതാക്കളെ കഥാപാത്രങ്ങളാക്കുന്നതിൽ നിർണ്ണായക ഘടകമാണ് കോസ്റ്റ്യൂം ഡിസൈനർമാർ. ഒരു സിനിമയ്ക്ക് വേണ്ടി വസ്ത്രങ്ങളൊരുക്കുമ്പോൾ നടന്റെ ശരീരം, നിറം, പൊക്കം, സ്കിൻ ടോൺ എന്നിവയെല്ലാം നോക്കും. നിർമ്മാതാവിന്റെ പരിമിതികൾ മനസ്സിലാക്കി അതിനനുസരിച്ച് മാത്രമെ ഇന്നുവരെ ജോലി ചെയ്തിട്ടുള്ളു. ആർഭാടങ്ങൾ കുറച്ച് ഏറ്റവും മനോഹരമായി ജോലി പൂർത്തിയാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. വർക്കു ചെയ്ത പല സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഒരു വടക്കൻ സഖ്യം, ജോർജ്ജൂട്ടി c/o ജോർജ്ജൂട്ടി, കിന്നരിപ്പുഴയോരം തുടങ്ങിയ സിനിമകളിലെല്ലാം ചെറു കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ടു.

കോവിഡ് കാലം

കോവിഡ് വ്യാപിച്ചതോടെ സിനിമാ മേഖല വലിയ പ്രതിസന്ധിയിലാണ്. മാസങ്ങളായി വീട്ടിൽ തന്നെ ഇരിപ്പാണ്. ചില പടങ്ങൾ ആരംഭിക്കാനൊരുങ്ങുന്നുണ്ട്. പഴയ കാലത്തിലേക്ക് മടങ്ങിപ്പോകും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

കുടുംബം

മാങ്കാവ് കച്ചേരിക്കുന്നിലാണ് ഇപ്പോൾ താമസം. ഭാര്യ: ശിവനമ്മാൾ. മക്കൾ: സീമ, ദീപ, ദിവ്യ, മണികണ്ഠൻ. എല്ലാവരുടെയും വിവാഹം കഴിഞ്ഞു.