വികസനപ്രവര്‍ത്തനങ്ങളില്‍ ദുരന്ത പ്രതിരോധവും കണക്കാക്കണം വാണിമേല്‍ പഞ്ചായത്തില്‍ സ്ഥിരം ഷെല്‍ട്ടര്‍ നിര്‍മിക്കണം: ഇ കെ വിജയന്‍ എം എല്‍ എ

Web Desk
Posted on August 31, 2019, 9:01 pm
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം

കോഴിക്കോട്: ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുമ്പോള്‍ ദുരന്ത പ്രതിരോധവും ലഘൂകരണവും ദുരന്ത നിവാരണവും കണക്കിലെടുക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ കനാലുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാനായി ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. മണ്ണും ചെളിയും നീക്കം ചെയ്യേണ്ട കനാലുകളുടെ പട്ടിക ഇറിഗേഷന്‍ വകുപ്പ് നല്കിയിട്ടുണ്ട്. ഇവ നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ദുരന്ത പ്രതിരോധത്തിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഉപദേശക സമിതി രൂപികരി ച്ചിട്ടുണ്ട്. എം എല്‍ എ മാരെ ഉള്‍പ്പെടുത്തി സമിതിയുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ വാണിമേല്‍ പഞ്ചായത്തില്‍ സ്ഥിരം ഷെല്‍ട്ടര്‍ നിര്‍മിക്കണമെന്ന് ഇ കെ വിജയന്‍ എംഎല്‍എ പറഞ്ഞു. പ്രളയത്തില്‍ നശിച്ച നരിപ്പറ്റ പഞ്ചായത്തിലെ ഒലിപ്പില്‍ റോഡ്, നരിപ്പറ്റ, വാണിമേല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം എന്നിവ ഉടന്‍ പുനര്‍ നിര്‍മ്മിക്കണമെന്നും എംഎല്‍എ പറഞ്ഞു. കുറ്റിയാടി പക്രംതളം റോഡിന്റെ പുനരുദ്ധാരണവും വേഗത്തിലാക്കണമെന്ന് എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. ദുരിതാശ്വാസ സഹായ വിതരണത്തില്‍ അനര്‍ഹര്‍ കയറിപ്പറ്റുന്നില്ലെന്ന് ഉറപ്പാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ധനസഹായം ലഭിച്ചിട്ടും ചിലര്‍ ധനസഹായം കിട്ടിയില്ലെന്നാരോപിക്കുന്നുണ്ട്. ഇത്തരക്കാരെയും ശ്രദ്ധിക്കണമെന്ന് ജോര്‍ജ് എം തോമസ് എംഎല്‍എ പറഞ്ഞു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പു വരുത്തുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വില്ലേജ്,താലൂക്ക്, പഞ്ചായത്ത് ഓഫീസുകളിലും ജില്ലാ കലക്ടറുടെ വെബ്‌സൈറ്റിലും ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തവണ പ്രളയാനന്തര ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതായിരുന്നുവെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു. 25 പേരില്‍ മാത്രമാണ് എലിപ്പനി സ്ഥിരീകരിച്ചത്. രണ്ട് പേരാണ് മരണമടഞ്ഞത്. ഇവര്‍ക്ക് ഡോക്‌സി സൈക്ലിന്‍ വിതരണം ചെയ്തിട്ടും അവ കഴിക്കാഞ്ഞതു മൂലമാണ് മരണം സംഭവിച്ചത്. പേരാമ്പ്ര, ബാലുശേരി, തിരുവള്ളൂര്‍ ഭാഗങ്ങളില്‍ ഡെങ്കി റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്ന് ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  ഊര്‍ജ്വസ്വലമാക്കിയിട്ടുണ്ടെന്നും യോഗത്തില്‍ അറിയിച്ചു. കഴിഞ്ഞ പ്രളയത്തില്‍ നശിച്ചുപോയ കാക്കേരി പാലം ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് പി ടി എ റഹീം എം എല്‍ എ ആവശ്യപ്പെട്ടു. നിലമ്പൂരില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ചാലിയാറില്‍ മണലും മണ്ണും വന്നടിഞ്ഞു നീരൊഴുക്ക് തടസ്സപ്പെട്ടിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. ഇവ നീക്കം ചെയ്യുന്നതിന് നിശ്ചിത സമയത്തേക്ക് പുഴയില്‍ നിന്ന് മണല്‍ വാരാന്‍ അനുവദിക്കണമെന്നും എംഎല്‍എ പ്രമേയം അവതരിപ്പിച്ചു.

അപകടകരമായ നിലയില്‍ നില്‍ക്കുന്ന കരിഞ്ചോല മലയിലെ പാറ പൊട്ടിക്കുന്നത് സംബന്ധിച്ച പ്രശ്‌നവും യോഗം ചര്‍ച്ച ചെയ്തു. പാറകള്‍ ചെങ്കുത്തായ സ്ഥലത്ത് ചെരിഞ്ഞ് നില്‍ക്കുന്നതിനാല്‍ ബ്‌ളാസ്റ്റിങിലൂടെ പാറ നീക്കം ചെയ്യുമ്പോള്‍ കൂടുതല്‍ മണ്ണിട്ടിഞ്ഞ് വന്‍ നാശനഷ്ടങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. കൂടുതല്‍ മനുഷ്യാധ്വാനവും ആവുന്നത്ര യന്ത്രോപകരണങ്ങളുടെ സഹായത്തോടെയും പാറ പൊട്ടിക്കാന്‍ ശ്രമിക്കണമെന്ന് എല്‍ എസ് ജി.ഡി. എക്‌സി. എഞ്ചിനിയര്‍ യോഗത്തില്‍ അറിയിച്ചു. ഇതിനാവശ്യമായ ഫണ്ടിനെക്കുറിച്ച് സംസ്ഥാന ദുരന്തനിവാരണ വകുപ്പിനെ അറിയിക്കാനും കട്ടിപ്പാറ പഞ്ചായത്ത് പാറ പൊട്ടിക്കുന്ന പ്രവൃത്തി തുടങ്ങാനും യോഗത്തില്‍ ധാരണയായി.സര്‍ക്കാര്‍ ഓഫീസുകളിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍, വില്ലേജ് ഓഫീസറും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയും നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുറിച്ച് മാറ്റാമെന്ന് യോഗം വ്യക്തമാക്കി. കൊയിലാണ്ടി സബ്ട്രഷറി ഓഫീസിന്റെ മുന്‍വശത്ത് അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന വിഷയത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. താമരശ്ശേരി ചുരത്തില്‍ എട്ടാം വളവിനടുത്ത് സംരക്ഷണഭിത്തി അടിയന്തിരമായി നിര്‍മിക്കാനുള്ള നടപടികള്‍ എടുക്കാനും യോഗം തീരുമാനിച്ചു.  ഗോതീശ്വരം കടല്‍ക്ഷോഭം അനുഭവിക്കുന്ന 16 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉള്ള നടപടികളെടുക്കണമെന്ന് വികെസി മമ്മദ് കോയ എംഎല്‍എ ആവശ്യപ്പെട്ടു. ഫറോക്ക് പഴയ പാലം പൊളിഞ്ഞ കമാനം അറ്റകുറ്റപ്പണി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളില്‍ ആയിരത്തിലധികം പേര്‍ പ്രളയത്തെ തുടര്‍ന്ന് ബന്ധുവീടുകളില്‍ താമസിച്ചിരുന്നു. ഇവരെക്കൂടി ദുരിതാശ്വാസത്തിനായുള്ള ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ജോര്‍ജ് എം തോമസ് എംഎല്‍എ പറഞ്ഞു. ദുരന്ത മേഖലകളില്‍ ഉദ്യോഗസ്ഥരുടെ നാലംഗ ടീം പരിശോധന നടത്തുന്നുണ്ടെന്നും ഇവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. തിരുവമ്പാടി, നാദാപുരം മേഖലകളില്‍ ഉരുള്‍പൊട്ടി വന്ന വലിയ പാറക്കല്ലുകള്‍ കൂടിക്കിടക്കുന്നുണ്ട്. ഇവ പൊട്ടിച്ച് മാറ്റാന്‍ അടിയന്തര നടപടി വേണമെന്നും ബന്ധപ്പെട്ട എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിന് പ്രത്യേക പരിഗണന നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. തോണിക്കടവ് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികള്‍ സെപ്തംബര്‍ 30 — നകം തുടങ്ങാനും ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്കി.

കോടഞ്ചേരിയില്‍ കാട്ടാന ശല്യം മൂലം കൃഷിക്കാര്‍ വെല്ലുവിളി നേരിടുന്നുണ്ടെന്ന് ജോര്‍ജ് തോമസ് പറഞ്ഞു. ഇവിടത്തെ വാഴ കൃഷിക്കാര്‍ക്ക് തങ്ങളുടെ വിള ഇന്‍ഷൂര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതിയുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് യോഗത്തില്‍ കൃഷി വകുപ്പിലെ അധികൃതരോട് നിര്‍ദേശിച്ചു.
കുറ്റിയാടി പുഴയ്ക്ക് സംരക്ഷണഭിത്തി ഇല്ലാത്തതിനാല്‍ പ്രദേശത്തെ വീടുകള്‍ക്ക് ഭീഷണിയാണെന്ന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് റിവര്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
കൊടുവള്ളി ജോയിന്റ് ആര്‍ടിഒ ഓഫീസ്, താമരശ്ശേരി ഡി ഇ ഒ ഓഫീസ് എന്നിവിടങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇല്ലെന്നും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായും കാണിച്ച് കാരാട്ട് റസാഖ് എംഎല്‍എ യോഗത്തില്‍ വിഷയം ഉന്നയിച്ചു.

ലൈഫ് പദ്ധതി അവലോകനവും ജില്ലാ വികസന സമിതി യോഗത്തില്‍ നടന്നു. പദ്ധതിയുടെ യുടെ മൂന്നാം ഘട്ടമായ ഭൂരഹിത- ഭവന രഹിതര്‍ക്കായുള്ള ഭവന നിര്‍മ്മാണത്തിനുള്ള പരിശോധന നടന്നുവരികയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. 17,500 പേരുടെ പട്ടികയാണ് ഉള്ളത്.  ജില്ലയിലെ തരിശുഭൂമി നെല്‍കൃഷിക്ക് ഉപയുക്തമാകുന്നതിന്റെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തില്‍ തരിശായ നിലങ്ങള്‍ ഏറ്റെടുത്ത് നെല്‍കൃഷി ചെയ്യാന്‍ തീരുമാനിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഹരിതധാര പദ്ധതിയുമായി സംയോജിപ്പിച്ച് പുതുപ്പാടി കോടഞ്ചേരി പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അംബേദ്കര്‍ പദ്ധതി പ്രവര്‍ത്തനത്തിലുള്‍പ്പെട 42 വീടുകളുടെ അറ്റകുറ്റപ്പണി പ്രവൃത്തിയില്‍ 40 എണ്ണം പൂര്‍ത്തിയായതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. യോഗത്തില്‍ സബ് കലക്ടര്‍ വി വിഘ്‌നേശ്വരി, പ്ലാനിംഗ് ഓഫീസര്‍ എം പി അനില്‍കുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, അസിസ്റ്റന്റ് കലക്ടര്‍ മേഘശ്രീ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.