Janayugom Online
vote janayugom

വോട്ടിങ് യന്ത്രങ്ങളില്‍ വന്‍ ക്രമക്കേട്

Web Desk
Posted on November 28, 2018, 11:04 pm

നിരവധി ഇവിഎമ്മുകള്‍ തകരാറിലായി
മധ്യപ്രദേശില്‍ 75 ശതമാനം പോളിങ്
മിസോറാമില്‍ 74.6 ശതമാനം പോളിങ്

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ അട്ടിമറി സൂചന നല്‍കി ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ കൂട്ടത്തോടെ തകരാറിലായി. 2126 വിവിപാറ്റ് യന്ത്രങ്ങളും 881 കണ്‍ട്രോള്‍ യൂണിറ്റുകളും 883 ബാലറ്റ് യൂണിറ്റുകളുമാണ് മാറ്റിസ്ഥാപിക്കേണ്ടിവന്നത്. ഇവിഎമ്മുകള്‍ കൂട്ടത്തോടെ കേടായ സംഭവത്തില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.
മധ്യപ്രദേശില്‍ ആദ്യ രണ്ട് മണിക്കൂറിനിടെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.യന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ചാണ് പിന്നീട് വോട്ടിങ് പുരോഗമിച്ചത്. ഷുജാല്‍പൂരില്‍ വോട്ടിങ് യന്ത്രങ്ങളുമായി ഹോട്ടലില്‍ നിന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.
അലിരാജ്പൂര്‍ മണ്ഡലത്തില്‍ മാത്രം 11 വിവിപാറ്റ് മെഷീനുകള്‍ മാറ്റിവച്ചു. ബുര്‍ഹാന്‍പൂരിലും ഉജ്ജയിനിയിലും വ്യാപകമായി വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ നേരിട്ടു. ബിന്ധ് ജില്ലയിലെ മെഹ്ഗൗണില്‍ കോണ്‍ഗ്രസിന്റെ പോളിങ് ഏജന്റിനുനേരെ വെടിവെപ്പുണ്ടായി. ഗുരുതരമായി പരുക്കേറ്റ പ്രദീപ് സിങ് ബധൗരിയയെ ഗ്വാളിയര്‍ ആശുപതിയില്‍ പ്രവേശിപ്പിച്ചു.
ഗുണ, ഇന്‍ഡോര്‍ എന്നിവിടങ്ങളിലായി മൂന്ന് തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥര്‍ വോട്ടിങ് പുരോഗമിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. മരണപ്പെട്ട ഓരോ ഉദ്യോഗസ്ഥരുടെ കുടുംബത്തിനും പത്തുലക്ഷം വീതം നഷ്ടപരിഹാരമായി നല്‍കുമെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ പ്രഖ്യാപിച്ചു. ഭോപ്പാലില്‍ പോളിങ് ബൂത്ത് പരിസരത്ത് പ്രചരണം നടത്തിയ ബിജെപി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.
കോണ്‍ഗ്രസിന്റെ പല ശക്തികേന്ദ്രങ്ങളിലും ഇവിഎമ്മില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും ഇവിടെ വീണ്ടും പോളിങ് നടത്തണമെന്നും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. ഇവിഎം തകരാറുകള്‍ സംഭവിച്ച സാഹചര്യത്തില്‍ പോളിങ് സമയം നീട്ടിനല്‍കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ചിലയിടങ്ങളില്‍ ആറുമണി വരെ സമയം നീട്ടിനല്‍കി.
തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന പോളിങാണ് ഉണ്ടായത്. മധ്യപ്രദേശില്‍ 230 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 75 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 2013 ല്‍ 72.69 ശതമാനമായിരുന്നു ഇവിടെ രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സ്വന്തം മണ്ഡലമായ ബുധ്‌നിയിലെ ജൈത് വില്ലേജില്‍ വോട്ട് രേഖപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ് ഛിന്ദ്‌വാരയിലും ജ്യോതിരാദിത്യ സിന്ധ്യ ഗ്വാളിയോറിലും വോട്ട് ചെയ്തു. വോട്ടര്‍മാര്‍ക്ക് നേരെ കൈപ്പത്തി ഉയര്‍ത്തിക്കാട്ടിയ കമല്‍നാഥിനെതിരെ തെരഞ്ഞെടുപ്പ് ചട്ട ലംഘനം ആരോപിച്ച് ബിജെപി പരാതി നല്‍കിയിട്ടുണ്ട്,
മാവോയിസ്റ്റ് ഭീഷണിയുള്ള ലാന്‍ജി, പരശ്വത, ബായിഹര്‍ എന്നീ മണ്ഡലങ്ങളില്‍ രാവിലെ ഏഴുമുതല്‍ മൂന്നുവരെയും മറ്റ് 227 മണ്ഡലങ്ങളില്‍ എട്ടുമുതല്‍ അഞ്ചുവരെയുമായിരുന്നു പോളിങ്. ലാന്‍ജിയില്‍ 64 ശതമാനവും ബൈഹറില്‍ 66 ശതമാനവും പരശ്വതയില്‍ 68 ശതമാനവും പോളിങ് രേഖപ്പെടുത്തി.
മിസോറാമില്‍ 74.6 ശതമാനം പോളിങ് രേഖപ്പെടുത്തി. അന്തിമകണക്കുകള്‍ എത്തുമ്പോള്‍ ഇത് വീണ്ടും ഉയര്‍ന്നേക്കും. നിലവിലെ മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല മത്സരിക്കുന്ന സെര്‍ചിപ് മണ്ഡലത്തില്‍ ഏറ്റവും ഉയര്‍ന്ന പോളിങായ 81 ശതമാനം രേഖപ്പെടുത്തി. ബ്രൂ അഭയാര്‍ഥി വോട്ടുകളില്‍ 52 ശതമാനം പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു.