August 9, 2022 Tuesday

സഖാവ് എസ് കുമാരൻ, അനന്യസാധാരണമായ നേതൃത്വ പാടവമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ്

Janayugom Webdesk
December 24, 2019 10:42 am

കാനം രാജേന്ദ്രൻ

എസ് കുമാരന്റെ 28-ാം ചരമവാർഷികദിനമാണ് ഇന്ന്. ‘എസ്’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ജനകീയ നേതാവായിരുന്നു അദ്ദേഹം. സാധാരണ തൊഴിലാളികൾക്കിടയിൽ നിന്നും വളർന്നുവന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ നേതൃനിരയിൽ വരെ എത്തിയ സഖാവ്. പാർട്ടി പ്രവർത്തകരുടെ ആകെ വിശ്വാസവും ബഹുമാനവും നേടിയ നേതാവായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധിയെയും അചഞ്ചലമായി നേരിടാനുള്ള കഴിവായിരുന്നു മറ്റൊരു ഗുണവിശേഷം. സഹിഷ്ണുതയ്ക്കും വിനയത്തിനും എസ് ഒരു മാതൃകയായിരുന്നു. കൂടിയാലോചനകളിലും ചർച്ചകളിലും അദ്ദേഹം കാണിച്ച ക്ഷമയും നിശ്ചയദാർഢ്യവും അനന്യസാധാരണമായിരുന്നു. ഐക്യമുന്നണി രാഷ്ട്രീയത്തിൽ കൂടിയാലോചനകൾക്ക് പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്.

ഇത്തരം കൂടിയാലോചനകളിൽ അക്ഷോഭ്യനായി എത്രനേരം വേണമെങ്കിലും ഇരിക്കും. തന്റെ നിലപാട് സൗമ്യമായി മറ്റുള്ളവരെ ബോധ്യപ്പെടുത്തിയ ശേഷമേ എസ് എഴുന്നേൽക്കൂ. സംഘപരിവാർ ശക്തികൾ ഭരണഘടനയെയും മതേതരത്വകെട്ടുറപ്പിനെയും നാമാവിശേഷമാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കെ രാജ്യത്തിന്റെ അതിജീവനത്തിനായി ഐക്യനിര കെട്ടിപ്പടുക്കേണ്ട ഈ സന്ദർഭത്തിൽ തീർച്ചയായും എസ് കുമാരനെപ്പോലെയുള്ള നേതാക്കളുടെ അഭാവം നിഴലിച്ചുനിൽക്കുകയാണ്. മുന്നിൽ വന്നുനിൽക്കുന്ന ഗുരുതര രാഷ്ട്രീയ പ്രതിസന്ധിക്കുമുന്നിൽ യോജിച്ച മുന്നേറ്റം തന്നെയാണ് അഭികാമ്യമെന്ന് നമ്മെ പഠിപ്പിച്ച നേതാവാണ് എസ്. അത് കേവലം കമ്മ്യൂണിസ്റ്റ് പാർട്ടി ദിനചര്യയായി മാത്രം ചെയ്തുപോരേണ്ട ഒന്നല്ല. എസ്സിന്റെ ഓർമ്മപ്പെടുത്തലുകളും പ്രവർത്തനങ്ങളും രാഷ്ട്രീയമണ്ഡലത്തിനാകെ മാതൃകയാണ്. ഇന്ന് ഇടതുമുന്നണി സർക്കാർ സംഘടിപ്പിക്കുന്ന ജനകീയ മുന്നേറ്റത്തിൽ കൈകോർക്കാൻ സർവ്വരും സന്നദ്ധരാണ്. കാരണം അവരുടെകൂടി നിലനിൽപ്പിന്റെ പ്രശ്നമാണ് രാജ്യത്ത് അലയടിക്കുന്നത്. കേരളത്തിനൊപ്പം ചേർന്നുനിന്ന് മുഷ്ടിചുരുട്ടി മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷത്തെ മാറിനിന്ന് വിമർശിക്കുന്ന ഐക്യമുന്നണിയുടെയും ഒരുകാലത്ത് ദേശീയ പ്രസ്ഥാനമായിരുന്ന കോൺഗ്രസിന്റെയും നേതാക്കൾ വഴിമരുന്നിട്ടുകൊടുക്കുന്നത് ആർഎസ്എസിനും സംഘപരിവാറിനുമാണ്. ജനങ്ങളുടെ പ്രതിയോഗികളെയും ജനങ്ങളഭിമുഖീകരിക്കുന്ന പ്രതിസന്ധികളെയും ജനകീയമായി നേരിടാനാണ് ഇവിടെ എസ് കുമാരന്റെ ഓർമ്മകൾ നമ്മെ പ്രേരിപ്പിക്കുന്നത്. ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും സന്ദേശമാണ് എസ്സിന്റെ സ്മരണകൾ. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ എസ് കുമാരൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് ഉയർന്നത് ഒരു ജനതയെ ആകെ നയിക്കാനുള്ള ശേഷിയും കരുത്തും കാട്ടിയാണ്. കൊച്ചു കുമാരൻ എന്ന് ബന്ധുക്കളും അയൽക്കാരും എസ്സിനെ വിളിച്ചുപോന്നത് അങ്ങേയറ്റം ബഹമാനം നിലിനിർത്തിക്കൊണ്ടും വാൽസല്യപൂർവവുമാണ്.

പി കൃഷ്ണപിള്ള മുൻകൈയെടുത്ത് ആലപ്പുഴയിൽ രൂപീകരിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിലെ അംഗമായിരുന്നു എസ് കുമാരൻ. ടി വി തോമസ്, സുഗതൻ സാർ, സി കെ കുമാരപ്പണിക്കർ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ച എസ്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. കമ്മ്യൂണിസ്റ്റ് പാർട്ടിയും ബഹുജന സംഘടനകളും കെട്ടിപ്പടുക്കുന്നതിൽ സമർത്ഥമായ നേതൃത്വം നൽകി. ഐതിഹാസികമായ പുന്നപ്ര‑വയലാർ സമരത്തിന്റെ സംഘാടകരിൽ പ്രധാനി ആയിരുന്നു എസ്. ദീർഘനാൾ സഖാവ് ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. ലോക്കപ്പ് ജീവിതവും നിഷ്ഠൂരമായ പൊലീസ് മർദ്ദനവും അനുഭവിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മേലുള്ള നിരോധനം നീക്കിയതിനെ തുടർന്ന് 1952‑ൽ എസ് കുമാരൻ പ്രവർത്തന കേന്ദ്രം തിരുവനന്തപുരത്തേക്ക് മാറ്റി. എം എൻ സെക്രട്ടറിയായ സംസ്ഥാന കമ്മിറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി എസ് കുമാരൻ പ്രവർത്തിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസിന്റെയും സംഘടനാ കാര്യങ്ങളുടെയും ചുമതല എസ് കുമാരന് ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം, നിയമസഭാംഗം, രാജ്യസഭാംഗം തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം പ്രവർത്തിച്ചു. വിപ്ലവബോധവും പാർട്ടി കൂറും നിശ്ചയ ദാർഢ്യവും സംഘടനാ സാമർത്ഥ്യവും ആകർഷകമായ വ്യക്തിത്വവും കൊണ്ട് എസ് എല്ലാവർക്കും പ്രിയങ്കരനായി. സഖാവ് എസ് കുമാരനെപോലുള്ള നേതാക്കൾ ജനകീയ പ്രശ്നങ്ങളിൽ സാധാരണ ജനങ്ങളോട് തോളോട് തോൾ ചേർന്ന് നടത്തിയ പ്രവർത്തനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ജനസ്വാധീനത്തിന് ആസ്പദമായത്. ഇന്ന് ഇന്ത്യയിൽ ജനാധിപത്യവും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ തത്വങ്ങളും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളി നേരിടുമ്പോൾ സഖാവ് എസ്സിന്റെ ദീപ്തസ്മരണ നമുക്ക് വഴികാട്ടിയാവണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.