സമാസമം

Web Desk
Posted on December 17, 2017, 1:21 am

ബാലകഥ

നന്ദകുമാര്‍ പയ്യന്നൂര്‍

മഹാദേവഗ്രാമത്തിലെ കള്ളന്മാരായിരുന്നു അനന്തനും അപ്പുക്കുട്ടനും.
ഒരുമിച്ച് കളവ് നടത്തി കളവ് മുതല്‍ തുല്യമായി വീതിച്ചെടുക്കുകയായിരുന്നു അവ
രുടെ പതിവ്.
അനന്തനും അപ്പുക്കുട്ടനും ഒരുമിച്ചതിന് പിന്നില്‍ അധികമാര്‍ക്കുമറിയാത്ത ഒരു
രഹസ്യമുണ്ട്.
ഗ്രാമത്തിലെ ധനികനായ ശേഖരപൊതുവാളുടെ വീട്ടില്‍ പരസ്പരം അറിയാതെ
രണ്ടുപേരും കളവിന് കയറി.
മുറ്റത്ത് പടര്‍ന്നു പന്തലിച്ച ഒട്ടുമാവിന്റെ ചുവട്ടില്‍ ഒളിച്ചുനിന്നിരുന്ന അനന്തനെ കണ്ട
കാവല്‍ നായ കുരച്ചുതുടങ്ങി.…
പെട്ടെന്ന് ശേഖരപൊതുവാള്‍ മുറ്റത്തെ ലൈറ്റിട്ടു.
ഈസമയം ഒട്ടുമാവിന്റെ മുകളില്‍ഒളിച്ചിരുന്ന അപ്പുക്കുട്ടന്‍ താഴേക്ക് ചാടി ഓടി.….
തന്റെ മുന്നില്‍ എന്തോ കറുത്തരൂപം വീണത് കണ്ട അനന്തനും ഓടി.……
ഓടി ഓടി രണ്ടുപേരും ഒരേസ്ഥലത്ത് നിന്നു. പരസ്പരം തിരിച്ചറിഞ്ഞു, ഒന്നിച്ചു.…..
അന്നുമുതല്‍ തുടങ്ങിയതാണ് അവരുടെ യാത്ര.…
വീടുകള്‍.…കടകള്‍.…അമ്പലങ്ങള്‍.….കിട്ടുന്നതെന്തും മോഷ്ടിച്ച് അവര്‍ തുല്യമായി
പങ്കിട്ടെടുത്തു.
ഒരുദിവസം മോഷ്ടിക്കപ്പെട്ട മാലയുടെ പേരില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തു.
അനന്തന്‍, അപ്പുക്കുട്ടനാണ് മാലയെടുത്തതെന്ന് സംശയിച്ചു. അപ്പുക്കുട്ടന്‍ തിരിച്ചും.
അതോടെ അവര്‍ പിണങ്ങി.
പിന്നീട് ഒരുമിച്ച് കളവിന് പോകാതായി.
പലരാത്രികളിലും വഴിയില്‍വെച്ച് അന്യോന്യം കാണുമെങ്കിലും സംസാരിക്കാറില്ല.
രണ്ടാളും മനസ്സില്‍ എന്തോ ഉറപ്പിച്ചപോലെ കടന്ന്‌പോകും.
പ്രതികാര ദാഹിയായ അനന്തന്‍ അപ്പുക്കുട്ടന്റെ വീട്ടില്‍ കളവ് നടത്തുവാന്‍ ഒരുനാള്‍
തീരുമാനിച്ചു.
രാത്രി.….….….……
അനന്തന്‍ അപ്പുക്കുട്ടന്റെ വീടിന്റെ വാതിലില്‍ മുട്ടി.
‘നിങ്ങളെന്തേ ഇത്ര വേഗം മടങ്ങ്യത്, ആരെങ്കിലും നിങ്ങള കണ്ട്വോ ?’
വാതില്‍ തുറന്ന് അപ്പുക്കുട്ടന്റെഭാര്യ ചോദിച്ചു.
‘ഇല്ലെടി‘അപ്പുക്കുട്ടന്റെ ശബ്ദം അനുകരിച്ച് മുഖം മറച്ച് അനന്തന്‍ അപ്പുക്കുട്ടന്റെ വീടിനുള്ളിലേക്ക് കയറി.
‘ഇന്നൊന്നും കിട്ടിയില്ലെ?’ ആകാംക്ഷയോടെ അപ്പുക്കുട്ടന്റെ ഭാര്യ ചോദിച്ചു.
‘കിട്ടാതെ ഞാന്‍ മടങ്ങി വര്വോ. നീ വേഗം വെള്ളമെടുക്ക്, എനിക്ക് വിസ്തരിച്ചൊന്ന് കുളിക്കണം.’ അന്തന്‍ വീണ്ടും അപ്പുക്കുട്ടന്റെ ശബ്ദം അനുകരിച്ചു.
അപ്പുക്കുട്ടന്റെഭാര്യ വെള്ളമെടുക്കുവാന്‍ കിണറ്റിന്‍കരയിലേക്ക് പോയി.
ആ സമയം അപ്പുക്കുട്ടന്‍ സൂക്ഷിച്ചുവെച്ച ആഭരണങ്ങളും, പണവും തപ്പിയെടുത്ത് പിറകുവശത്തെ വാതില്‍ തുറന്ന് അനന്തന്‍ സ്ഥലം വിട്ടു.
അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ പിറകുവശത്തെ മതില്‍കെട്ട്‌വഴി അപ്പുക്കുട്ടന്‍ വീടിന്റെ പിന്നിലെത്തി ഭാര്യയെ വിളിച്ചു.
‘കിണറ്റിന്‍ കരയില്‍ വെള്ളം കോരിവെച്ചിട്ടുണ്ട് പോയി കരികളഞ്ഞ് കുളിക്ക്.’
ഭാര്യയുടെ പെട്ടെന്നുള്ള ഉത്തരം കേട്ടപ്പോള്‍ അപ്പുക്കുട്ടന് പന്തികേട് തോന്നി.
ഓടി വീടിനകത്ത് കയറിയപ്പോള്‍ ആഭരണങ്ങളും,പണവും അനന്തന്‍ കൊണ്ടുപോയെന്ന് മനസ്സിലായി.
അപ്പുക്കുട്ടന്‍ ഞെട്ടിയില്ല. അയാളുടെ മുഖത്ത് മിന്നിയചിരി പൊട്ടിച്ചിരിക്ക് വഴിമാറി.
അയാള്‍ പൊട്ടിപ്പൊട്ടി ചിരിച്ചു.….……ചിരി തുടര്‍ന്ന് കൊണ്ടേയിരുന്നു.….….….…
കാരണം അനന്തന്റെവീട്ടിലെ സകലതും മോഷ്ടിച്ചായിരുന്നു അയാളുടെ വരവ്.

നന്ദകുമാര്‍പയ്യന്നൂര്‍
ചേരിക്കല്‍മുക്ക്
പയ്യന്നൂര്‍-670307
മൊബൈല്‍.9446168550