Thursday
23 May 2019

ജീവന് വിലയിട്ട് കേന്ദ്രം:രക്ഷാപ്രവര്‍ത്തനം നടത്തിയതിന്റെ പേരിൽ പണം ആവശ്യപ്പെട്ടു

By: Web Desk | Thursday 29 November 2018 11:12 PM IST


മനോജ് മാധവന്‍
തിരുവനന്തപുരം: കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന്റെ പേരിലും സംസ്ഥാനത്തിനുമേല്‍ അധികബാധ്യത അടിച്ചേല്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ അന്നം നല്‍കിയതിനായി വിലയിട്ടതിനു പിന്നാലെയാണിത്.
പ്രളയകാലത്ത് ഒറ്റപ്പെട്ടുപോയ ജീവന്‍രക്ഷാദൗത്യത്തിലേര്‍പ്പെട്ട വ്യോമസേനയുടെ ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച വകയില്‍ 34 കോടി (33,77,77,250) രൂപ കേരളം നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രളയാനന്തര കേരളത്തിന് കരകയറാന്‍ ആദ്യഘട്ടമെന്ന നിലയില്‍ കേന്ദ്രത്തോട് രണ്ടു നിവേദനങ്ങളിലൂടെ 5,616 കോടി രൂപയാണ് സഹായധനമായി ആവശ്യപ്പെട്ടത്. ദേശീയ ദുരന്തപ്രതികരണ നിധിയില്‍ പ്രത്യേക പാക്കേജ് ഇനത്തില്‍ 5,000 കോടി രൂപ അടിയന്തര സഹായവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 600 കോടി രൂപ മാത്രമാണ് എന്‍ഡിആര്‍എഫില്‍ നിന്ന് ആകെ അനുവദിച്ചത്. ഇതില്‍ നിന്നാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ റേഷനരിയും മണ്ണെണ്ണയും അനുവദിച്ചതിനും വിമാന ചെലവുകള്‍ക്കായി 290.74 കോടി രുപ തിരിച്ചു നല്‍കണമെന്നു കേന്ദ്രം ആവശ്യപ്പെട്ടത്. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും റിപ്പോര്‍ട്ട് പ്രകാരം നിലവിലെ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ 31,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ഈ ഗുരുതര സാഹചര്യത്തില്‍ കേരളത്തിന് അര്‍ഹതപ്പെട്ട കേന്ദ്ര സഹായം ഉടന്‍ ലഭ്യമാക്കുന്നതിന് പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതിയോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചു.
ഓഗസ്റ്റിലുണ്ടായ മഹാപ്രളയം കേരളത്തില്‍ വിവരണാതീതമായ നഷ്ടമാണുണ്ടാക്കിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന് അയച്ച കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനം രണ്ടു നിവേദനങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. നഷ്ടം വിലയിരുത്തുന്നതിന് രണ്ടു കേന്ദ്ര സംഘങ്ങള്‍ സംസ്ഥാനം സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ഉന്നതതല സമിതി യോഗം ചേര്‍ന്ന് കേന്ദ്ര സംഘങ്ങളുടെ റിപ്പോര്‍ട്ട് പരിഗണിച്ചിട്ടില്ലെന്നും കത്തില്‍ വ്യക്തമാക്കി. ഉന്നതതല സമതിയാണ് കേന്ദ്രസഹായം നല്‍കാന്‍ അന്തിമ അനുമതി നല്‍കേണ്ടത്.
പ്രളയവുമായി ബന്ധപ്പെട്ട കണക്കുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. സാലറി ചലഞ്ച് മുഖേന സമാഹരിച്ച തുക ഉള്‍പ്പടെ നവംബര്‍ 27 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് (സിഎംഡിആര്‍എഫ്) 2,688.48 കോടി രൂപ ലഭിച്ചു. അതില്‍ നിന്നും 688.48 കോടി രൂപ ഇതുവരെ ചെലവഴിച്ചു. ഇതിനു പുറമെ തകര്‍ന്ന വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് സിഎംഡിആര്‍എഫില്‍ നിന്ന് 1,357.78 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ ദുരന്തനിവാരണ നിയമപ്രകാരം രൂപീകരിച്ച സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ 987.73കോടി രൂപയാണ് ലഭ്യമായിട്ടുള്ളത്. ഇതില്‍ 586.04 കോടി രൂപ നാളിതുവരെ ചെലവായിട്ടുണ്ട്. നിലവില്‍ 706.74 കോടി രൂപ കൂടി ലഭ്യമായാലേ നാളിതുവരെയുള്ള ബാധ്യത തീര്‍ക്കാനാവുകയുള്ളൂ. എസ്ഡിആര്‍എഫിലുള്ള തുക മുഴുവന്‍ വിനിയോഗിച്ചാലും ബാധ്യതപ്പെട്ട തുക മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ നിലവിലുള്ള ഫണ്ട് പര്യാപ്തമല്ലെന്നതും വസ്തുതയാണ്.
വീടുകളുടെ പുനര്‍നിര്‍മ്മാണം, ജീവനോപാധികളുടെ വീണ്ടെടുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് പുനര്‍നിര്‍മ്മാണം തുടങ്ങിയവയ്ക്കാണ് പ്രാധാന്യം നല്‍കുക. പാരിസ്ഥിതിക ദുര്‍ബല മേഖലകള്‍, കടലാക്രമണ മേഖല തുടങ്ങിയ സ്ഥലങ്ങളുടെ സവിശേഷത കണക്കിലെടുത്ത് മാത്രമേ പുനര്‍നിര്‍മ്മാണം നടത്തൂ. തിരുവനന്തപുരം,കോഴിക്കോട് ജില്ലകളുടെ പശ്ചാത്തല സൗകര്യ വികസനം,14 ജില്ലകളുടെയും സമഗ്ര വികസനം തുടങ്ങിയവ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രളയദുരന്തത്തില്‍ നിന്ന് കേരളത്തിന് കരകയറാന്‍ സഹായകമായിരുന്ന ഭീമമായ തുക, യുഎഇ അടക്കമുള്ള വിവിധ വിദേശരാജ്യങ്ങള്‍ കേരളത്തിനായി വാഗ്ദാനം ചെയ്തിരുന്നു. ഇത് സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ല. ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കുന്നതിനായി മന്ത്രിമാര്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയും കേരളത്തിന് തിരിച്ചടിയായി.

Related News