ഹൂസ്റ്റണില്‍ മോഡിയുടെ റാലിയില്‍ ട്രംപ് പങ്കെടുക്കും

Web Desk
Posted on September 15, 2019, 12:36 pm

വാഷിങ്ടണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റാലിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. മോഡിയുടെ റാലിക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

ഇന്തോ-അമേരിക്കന്‍ വാണിജ്യ കരാറിന്റെ പ്രഖ്യാപനവും ഈ വേളയിലുണ്ടാകുമെന്നാണ് കരുതുന്നത്. ഈ മാസം 22നാണ് ഹൂസ്റ്റണിലെ ഇന്ത്യന്‍ സമൂഹത്തെ മോഡി അഭിസംബോധന ചെയ്യുന്നത്. പരിപാടിയില്‍ ട്രംപ് പങ്കെടുക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ചിലപ്പോള്‍ അവസാന നിമിഷം ഇതിന് ചില മാറ്റങ്ങളുണ്ടായേക്കാമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം 26ന് നടന്ന ജി7 ഉച്ചകോടി മുതല്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. അമേരിക്കയില്‍ നിന്ന് കൂടുതല്‍ എണ്ണയും ആയുധങ്ങളും വാങ്ങാമെന്ന് മോഡി സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ട്രംപിനെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്.

ഇരുനേതാക്കള്‍ക്കും ഇത് തികച്ചും രാഷ്ട്രീയമായ ലക്ഷ്യത്തോടെയുള്ള പരിപാടിയാണ്. അന്‍പതിനായിരത്തോളം വരുന്ന ഇന്ത്യാക്കാരുടെ വോട്ട് അടുത്ത തെരഞ്ഞെടുപ്പില്‍ സമാഹരിക്കുക എന്നാണ് ട്രംപിന്റെ ലക്ഷ്യം. സ്വതന്ത്ര ലോകത്തിന്റെ അധിപനൊപ്പം കൈകോര്‍ക്കുക എന്നതാണ് മോഡിയുടെ ഉദ്ദേശ്യം. കാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ രണ്ടുപേര്‍ക്കും സന്തോഷമാകും. ഏവരും ഏറെ ആകാംക്ഷയോടെയാണ് ഇരുവരുടെയും വേദി പങ്കിടലിനെ കാത്തിരിക്കുന്നത്.