Web Desk

കേരളം മുന്നോട്ട്

November 22, 2020, 4:03 pm

ശുദ്ധവായു ശ്വസിക്കാനൊരിടമായി പച്ചത്തുരുത്തുകൾ

Janayugom Online

എല്ലാം ഒരു വിരൽത്തുമ്പിനപ്പുറത്ത് നേടാനാകുന്ന ആധുനികസൗകര്യങ്ങളുള്ള നഗരങ്ങൾ വികസനത്തിന്റെ അടയാളമാണ്. കേരളത്തിലെ നാട്ടിൻപുറങ്ങൾ പോലും അതിവേഗ വികസനത്തിന്റെ പാതയിൽ നഗരവത്ക്കരണത്തിന് വഴിമാറുകയുമാണ്. നഗരവൽക്കരണത്തിലമർന്ന് നാടിന്റെ തനത് പ്രകൃതി ചവിട്ടിയരക്കപ്പെട്ടപ്പോൾ നല്ലൊരു നിശ്വാസത്തിനു പോലും നമുക്കിടമില്ലാതായി. ജനസംഖ്യാ വർധനവും അണുകുടുംബ സംവിധാനവും നഗരവൽക്കരണവും കാരണം ഗ്രാമങ്ങളിലേതുൾപ്പെടെ വിശാലമായ സുന്ദര പ്രകൃതിയും ശുദ്ധവായുവും അന്യമായി. ഒരു പ്രദേശത്തെ ജീവികൾക്കും ചെടികൾക്കും ആ പ്രദേശത്തിന്റെ പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും ഇണങ്ങുന്ന പ്രത്യേകതകളുണ്ടാവും.

എന്നാൽ നഗരങ്ങൾ വളരുന്നതിനൊപ്പം പരിചയമില്ലാത്തവർ കടന്നുവരുന്നതു പോലെ ആ നാട്ടിലെ പ്രകൃതിയോട് തനതായി ചേർന്നു വളർന്നിരുന്ന സസ്യങ്ങളും വൃക്ഷങ്ങളും മൺമറഞ്ഞ് പകരം പ്രദേശത്തിനിണങ്ങാത്ത പുതിയ കുറേ ഇനം സസ്യങ്ങൾ ആ ഇടം കയ്യേറുകയാണ്. തനത് ജൈ വ വ്യവസ്ഥ ഇല്ലാതാവുന്നതോടെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉടലെടുക്കുന്നു. ഈ വിപരീത പ്രവർത്തനങ്ങളെ മാറ്റി നിർത്തി പുതുതലമുറയിൽ ജൈവ വൈവിധ്യ ചിന്ത സൃഷ്ടിച്ച് തുടർപ്രവർത്തനങ്ങൾക്ക് വഴിയൊരുക്കി പ്രകൃതിയെ തനിമയോടെ നിലനിർത്താൻ ഹരിതകേരളം മിഷൻ ആരംഭിച്ച നൂതന പദ്ധതിയാണ് പച്ചത്തുരുത്ത്.

നഗരങ്ങളിലും ഗ്രാമങ്ങളിലും ശുദ്ധവായു ശ്വസിക്കാനൊരിടമായി പച്ചത്തുരുത്തുകൾ വളരുകയാണ്. പൊതുസ്ഥലങ്ങളിലുൾപ്പെടെ തരിശ് സ്ഥലങ്ങൾ കണ്ടെത്തി ആ പ്രദേശത്ത് നേരത്തേ ഉണ്ടായിരുന്ന വൃക്ഷങ്ങളും ചെടികളും നട്ടുപിടിപ്പിച്ച് സ്വാഭാവിക ജൈവ വൈവിധ്യ തുരുത്തുകൾ ഉണ്ടാക്കിയെടുത്ത് സംരക്ഷിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങൾ കണ്ടെത്തുന്നത്. അരസെന്റോ അതിൽ കൂടുതലോ വിസ്തൃതിയുള്ള പ്രദേശത്ത് പച്ചത്തുരുത്തുകൾ സ്ഥാപിക്കാം. സർക്കാർ സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകൾ, നഗരഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പച്ചത്തുരുത്തിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തിയിട്ടൂണ്ട്.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, സംസ്ഥാന സാമൂഹ്യ വനവൽക്കരണ വകുപ്പ്, പൊതുമേഖലാ സർക്കാർ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വകയിരുത്തുന്നു. തുടർപരിപാലനം തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉറപ്പ് വരുത്തുന്നുമുണ്ട്. പോത്തൻകോട് വെങ്ങോടിലാണ് കേരളത്തിലെ ആദ്യ പച്ചത്തുരുത്ത്. ഇവിടെ ഔഷധ സസ്യങ്ങൾ വരെ നട്ടുവളർത്തുന്നുണ്ട്.സംസ്ഥാനത്ത് ഇന്ന് 590 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 1261 പച്ചത്തുരുത്തുകൾ ഉണ്ട്. എല്ലാ പച്ചത്തുരുത്തുകളുടേയും വിസ്തൃതി കൂട്ടിവെച്ചാൽ 453.685 ഏക്കറായി. ഇതിൽ ആകെ 1,69,552 വൃക്ഷത്തൈകൾ വളരുന്നുണ്ട്.

ഇതിനു പുറമെ വള്ളിച്ചെടികളും കുറ്റിച്ചെടികളും ജൈവവേലിയും മറ്റ് ചെടികളും എണ്ണിയാലൊടുങ്ങാത്ത വിധം പടരുന്നു. ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ ഉണ്ടാക്കിയത് തിരുവനന്തപുരം ജില്ലയിലാണ്. ജില്ലയിലെ 79 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 253 പച്ചത്തുരുത്തുകളാണ് ഇവിടെ സൃഷ്ടിച്ചത്. ഓരോ പ്രദേശത്തും മുമ്പ് സമൃദ്ധമായിരുന്നതും പിന്നീട് അന്യം നിന്നു പോയതുമായ വൃക്ഷങ്ങളെയും ചെടികളെയും കണ്ടെത്തി പച്ചത്തുരുത്തുകളിൽ നട്ട് വളർത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ നമ്മുടെ നാടിനെ പച്ചപ്പിന്റെ സ്വർഗമാക്കും.

ENGLISH SUMMARY: ‍ldf thritha­lakalam Greenery

YOU MAY ALSO LIKE THIS VIDEO