29 March 2024, Friday

കയ്യേറ്റവും കുടിയേറ്റവും ഒരു പോലെ കാണാനാവില്ല: റവന്യുമന്ത്രി കെ.രാജന്‍

സ്വന്തം ലേഖകൻ
തൊടുപുഴ
September 30, 2021 2:42 pm

തൊടുപുഴ: ഇടുക്കി പോലെയുള്ള ജില്ലകളില്‍ കയ്യേറ്റവും കുടിയേറ്റവും ഒരു പോലെ കാണുക എന്നത് സര്‍ക്കാര്‍ നയമല്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ഇരട്ടയാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം. കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു കൊണ്ട് ഭൂരഹിതരെ മണ്ണിന്റെ ഉടമകളാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ജില്ലയില്‍ സങ്കീര്‍ണമായ ഭൂമി പ്രശ്നങ്ങളുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പരിഹരിക്കാന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും തീര്‍പ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ഭൂമി സംബന്ധമായ ചട്ടങ്ങളിലും നിയമങ്ങളിലും ഭേദഗതി വരുത്തേണ്ടതുണ്ടെങ്കില്‍ അത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നേതൃത്വപരമായ പങ്കു വഹിക്കും. ഇടുക്കിയിലെ സാധാരണക്കാരായ ജനങ്ങളെ മണ്ണിന്റെ ഉടമകളാക്കുക എന്നത് സര്‍ക്കാരിന്റെ നിര്‍ബന്ധിത ലക്ഷ്യങ്ങളില്‍ ഒന്നാണ്. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്.
ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഓരോ വില്ലേജ് ഓഫീസും സ്മാര്‍ട്ട് ആക്കുന്നതിനായി 807 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 4 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഉദ്യോഗസ്ഥരും സര്‍ക്കാരിനൊപ്പം ഉയര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. തണ്ടപ്പേര് ആധാറുമായി ബന്ധിപ്പിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. വില്ലേജ് ഓഫീസ് സേവനങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ കഴിഞ്ഞ സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ആക്കാന്‍ ശ്രദ്ധയോടെ ശ്രമിക്കുന്നുണ്ട്. 87 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കി. കോര്‍സ് എന്ന സാങ്കേതിക വിദ്യയിലൂടെ കേരളത്തിലെ മുഴുവന്‍ വില്ലേജുകളിലും ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കും. ഇടുക്കിയില്‍ പട്ടയ വിതരണവുമായി ബന്ധപ്പെട്ട ഒരു ഓഫീസും നിര്‍ത്തലാക്കില്ലെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ എംഎം മണി എംഎല്‍എ അധ്യക്ഷത വഹിച്ചു. ലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ യോഗത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. പരിപാടിയില്‍ ഡീന്‍ കുര്യാക്കോസ് എം പി മുഖ്യ അതിഥിയായിരുന്നു. വാഴൂര്‍ സോമന്‍ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് കുട്ടി കണ്ണമുണ്ടയില്‍, ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി, ജില്ലാപഞ്ചായത്ത് മെമ്പര്‍ വി എന്‍ മോഹനന്‍, സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, എഡിഎം ഷൈജു പി ജേക്കബ്, തഹസീല്‍ദാര്‍ നിജു കുര്യന്‍, രാഷ്ട്രീയകക്ഷി നേതാക്കളായ കെകെ ശിവരാമന്‍, ലാലിച്ചന്‍ വെള്ളക്കട, തങ്കച്ചന്‍ നടയ്ക്കല്‍, ജോബി കണ്ണമുണ്ടയില്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.