20 April 2024, Saturday

കിടക്കപ്പായിലെ സ്വപ്നാടനങ്ങൾ

-ഡോ: തോട്ടം ഭുവനേന്ദ്രൻ നായർ
September 26, 2021 3:58 pm

കാവ്യ ചിത്രങ്ങള്‍ക്ക് സമാനമായ കഥാകല്പനകള്‍ കോര്‍ത്തിണക്കിയ സമാഹാരമാണ് രാജുകൃഷ്ണന്റെ കിടക്കപ്പായ. ഇരുപത് കഥകളുടെ ഈ സമാഹാരം ഒരു നല്ല വായനക്കാരന് എന്നും മുതല്‍ക്കൂട്ടാണ്. കഥാകൃത്ത് കവികൂടിയായതിന്റെ ഗുണം കഥകളിലുണ്ട്. എഴുത്തുകാരന്‍ തന്റെ രചനകളില്‍ പുലര്‍ത്തേണ്ട സാഹിതീയ മര്യാദകള്‍ കണ്ടറിഞ്ഞ എഴുത്തുകാരനാണ് രാജുകൃഷ്ണന്‍. കഥാപാത്രങ്ങള്‍ കഥയില്‍ നിന്നിറങ്ങി വായനക്കാരന്റെ അനുഭവലോകവുമായി സല്ലപിക്കുന്ന രീതി ഇതിലെ പല കഥകളിലുമുണ്ട്. കഥയില്‍ കാവ്യചിത്രങ്ങളുണ്ടാകുന്നതിന് ഇത് വഴിതെളിക്കും.
മനുഷ്യന്‍ പരാജയപ്പെടുന്നിടത്ത് അതിജീവിച്ചു മുന്നേറുന്ന കാക്കയും തവളയുമെല്ലാം നമ്മെ അതിജീവനത്തിന്റെ പാഠങ്ങളാണ് പഠിപ്പിക്കുന്നതെന്ന് ക്രാ… ക്രാ… ക്രോ… ക്രോ… ഓര്‍മ്മിപ്പിക്കുന്നു. ജാതിയുടെ വാല് തള്ളിക്കളയാവുന്ന ഒന്നല്ല. നമ്മുടെ രാജ്യത്ത് ജാതി അരക്കിട്ടുറപ്പിക്കാനുള്ള സംഭവങ്ങളാണ് അനുനിമിഷം അരങ്ങേറുന്നത്.

കിടക്കപ്പായ- ഒരു വസ്തുതയുടെ അനാവരണമാണ്. കിടക്കുമ്പോള്‍ ലഭിക്കുന്ന സുഖമൊഴിച്ചാല്‍ പിന്നത് അനാവശ്യവസ്തുമാത്രം! നമ്മുടെ ജീവിതമനോഭാവമാണിത്. പിന്നെ തിരിഞ്ഞു നോക്കുന്നത് വീണ്ടും ഉറങ്ങാന്‍ മാത്രം! ‘തുന്നല്‍ക്കാരന്‍’ മാത്രമല്ല, നാമെല്ലാം നിരന്തര സാഹചര്യങ്ങളുടെ അടിമകളാണ്. നിരവധി ഘടകങ്ങളുടെ പിന്തുണയോടെ കാലം നമ്മെ അങ്ങനെയാക്കിത്തീര്‍ക്കുന്നു. തുന്നല്‍ക്കാരന്‍ തന്നിലേക്കുതന്നെ ഒതുങ്ങുകയാണ്. ചിലര്‍ക്ക് അതിജീവന തന്ത്രങ്ങള്‍ അറിയില്ല. ചുറ്റും നോക്കി തന്നിലൊളിക്കാനെ അവര്‍ക്കുകഴിയൂ. ‘നൂറ് നൂറ് ജന്മങ്ങള്‍ നൂറുനൂറു രീതിയില്‍ തുന്നിചേര്‍ത്ത ഒരു ലോകമാണ് നമുക്ക് മുന്നില്‍. ആരോ പറഞ്ഞ കഥപോലെ, ആരൊക്കെയോ ബാക്കിവച്ചതിന്റെ തുടര്‍ച്ച… ഞങ്ങള്‍ ഇരുവരും തങ്ങളില്‍ എന്താണ് വ്യത്യാസം? വാസ്തവത്തില്‍ ഞാനാണോ അവന്‍, അവന്‍തന്നെയാണോ ഞാന്‍ എന്ന് സംശയിച്ചു പോകുംവിധം സാമ്യതകള്‍… ’ എഴുത്ത് പരകായ പ്രവേശനമാകുന്നതിങ്ങനെയാണ്. കഥയിലെ വൃദ്ധനും തയ്യല്‍ക്കാരനും വ്യത്യസ്തരല്ല… ഇനിയുള്ള യാത്രയില്‍ എവിടെയോവച്ച് ഓര്‍മ്മകള്‍പോലും നഷ്ടമായേക്കാം. എത്രകാലം എനിക്കിതിനാകുമെന്നറിയില്ല. എങ്കിലും ചോര്‍ന്നുപോകാതെ ഓര്‍മ്മകള്‍ ചേര്‍ത്തുപിടിച്ച് ഞാന്‍ യാത്ര തുടരുന്നു’.
സ്‌നേഹപ്രണയങ്ങള്‍ എഴുത്തുകാര്‍ക്ക് എഴുതി രമിക്കാന്‍ പറ്റിയ വിഷയമാണ്. പക്ഷേ ഇന്നതിനര്‍ത്ഥം ‘താത്പര്യ സംരക്ഷണം’ എന്നുമാത്രമാണ്. പരോള്‍ എന്ന കഥ ഇതിന്റെ സൂചനയാണ്. നീര്‍ക്കുടങ്ങള്‍ പാരമ്പര്യത്തിന്റെ തിരുശേഷിപ്പുകളാണ്. ബാദ്ധ്യതയാകുന്നവര്‍ക്ക് അത് ഭാരമാകും (മായ കൊണ്ട്) ഒരു പ്രവാസിയുടെ ജീവിത ദുരന്തമാണ് ‘ചാവുകടല്‍’ ബന്ധങ്ങളുടെ നിരര്‍ത്ഥകത ഇവിടെയും കഥാകൃത്ത് വരച്ചിടുന്നുണ്ട്. ‘കൊടുക്കലും വാങ്ങലും പരസ്പരപൂരകങ്ങളായ രണ്ടുകാര്യങ്ങളാണ്. കൊടുക്കുവാന്‍ ഒന്നും ഇല്ലാതാവുകയും വാങ്ങിക്കുവാന്‍ ഒരുപാട് ഉണ്ടാവുകയും ചെയ്യുമ്പോള്‍ ഉള്ളില്‍ കലഹം പൊട്ടിപുറപ്പെടും. ജീവിതം ക്രൂരമായിത്തീരും. തന്റേതായി ഒന്നും ഇല്ലാതായ അവസ്ഥയില്‍ പിന്നെ മരിച്ചു ജീവിക്കുവാനേ കഴിയൂ. ജീവിച്ചു മരിക്കുവാനാകില്ല…’
പ്രണയത്തിനു വേണ്ടി മരിക്കുന്നതിലും ഒരു സുഖമുണ്ടെന്ന് ‘മറ്റൊരാള്‍’ തെളിയിക്കുന്നു. മരണത്തെക്കാളും തീവ്രമായ മറ്റൊരു തിരിച്ചറിവും വേറെയില്ല. സ്‌നേഹപ്രണയങ്ങളുടെ ആഴം തിരിച്ചറിയാനുള്ള കഥയാണ് ‘അയാള്‍/അവള്‍.’ പ്രണയം പലപ്പോഴും ഒരു തെറ്റിദ്ധാരണയുടെ ഫലമാണെന്ന് ‘ക്രിസ്റ്റഫര്‍ മാര്‍ലോ’ പറയുന്നുണ്ട്. ‘പതിയെ തിരിയുന്നലോകം’ ജീവിതത്തിന്റെ അര്‍ത്ഥാന്തരങ്ങള്‍ പരിചയപ്പെടുത്തുന്ന കഥയാണ്. ‘പൂവും കായും’ ജീവിതത്തെ സംബന്ധിച്ച താത്ത്വിക വിചാരങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.
ഒരുപാടുകാലം വെറുതേ ജീവിച്ച് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതിനേക്കാള്‍ എത്രയോ അഭികാമ്യമാണ് ജീവിതം കത്തിനില്‍ക്കെ മായുക. പ്രണയപ്രേരണ നല്‍കുന്ന ട്വിസ്റ്റ് ശ്രദ്ധേയമാക്കുന്ന കഥയാണ് ‘കള്ളനും പോലീസും.’ ‘വീട് ’ എഴുത്തുകാര്‍ക്കെന്നും ഗൃഹാതുരത്വമാണ്. എത്രയോ ഓര്‍മ്മച്ചെപ്പുകള്‍ സൂക്ഷിച്ചയിടം. പക്ഷേ ഇന്ന് അതൊക്കെ കേവലം എടുപ്പുകള്‍ മാത്രം. ‘ഒരു വാട്‌സാപ്പ് പ്രണയകഥ’ മനോഹരമായൊരു പ്രണയകവിതയായി വായിക്കാം. ”പ്രണയിക്കുമ്പോള്‍ നഷ്ടപ്പെടുന്നതാണ് പ്രണയം” എന്നു പറയാറുണ്ട്. ‘ഒരാകാശം മുഴുവന്‍ സ്വന്തമായുണ്ടായിരുന്നിട്ടും ചിറകുകള്‍ നഷ്ടപ്പെട്ട പക്ഷിയുടെ ദൈന്യം മീനാക്ഷിയുടെ കണ്ണുകളില്‍ കലങ്ങിപ്പിടയുന്നത് വായനക്കാര്‍ക്കും നന്നായി കാണാം. ‘പരല്‍മീന്‍ പിടയുന്ന പാടം’ ഓര്‍മ്മകളിലൂടുള്ള ഒരു പിന്‍നടത്തമാണ് stream of con­scious എന്നു പറയാം. നാടകത്തിലാണെങ്കില്‍ ഇത് ഫ്‌ളാഷ് ബാക്ക് ആണ്. കഥാസന്ദര്‍ഭങ്ങളെ നാടകീയമായി അവതരിപ്പിക്കാന്‍ ഈ രീതി സമര്‍ത്ഥമാണ്.
ഒരു ഫാന്റസിയുടെ ഭ്രാമാത്മക തലത്തിലൂടെ നമ്മെ സഞ്ചരിപ്പിക്കുന്ന കഥയാണ് ‘ദൗത്യം.’ ഓരോ ജന്മത്തിനും കര്‍മ്മബന്ധമായി ചില ദൗത്യങ്ങളുണ്ടാകും. നാമതു തിരിച്ചറിയില്ലെന്നുമാത്രം! ’ ഓരോ വായനയും ഒരു തിരിച്ചറിവാണ്. ആ തിരിച്ചറിവില്‍ രാജൂകൃഷ്ണനും ഓര്‍ക്കപ്പെടും.

കിടക്കപ്പായ
രാജുകൃഷ്ണന്‍
സുജിലി പബ്ലിക്കേഷന്‍സ്
വില: 125 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.